വിവാദ പോലീസ് നിയമ ഭേദഗതി റദ്ദാക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ടു ദിവസം മുമ്പ് അനുമതി നല്കിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാനും അല്‍പ്പം മുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇന്നോ നാളെയോ ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് മുമ്പാകെ ഫയല്‍ എത്തിക്കും.
രണ്ടു ദിവസം മുമ്പ് ഗവര്‍ണര്‍ ഒപ്പു വച്ച വിവാദ ഭേദഗതിയില്‍ വ്യാപകമായ എതിര്‍പ്പാണുയര്‍ന്നത്. സിപിഎം കേന്ദ്ര നേതൃത്വത്തിനും പാര്‍ട്ടി സംസ്ഥാന ഘടകത്തിലും വരെ എതിര്‍പ്പുയര്‍ന്ന ഭേദഗതിയെ ദേശീയ തലത്തിലും ചോദ്യം ചെയ്യപ്പെട്ടു. പ്രതിപക്ഷവും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് ആദ്യം ഓര്‍ഡിനന്‍സിനെ അനുകൂലിച്ച് രംഗത്തെത്തിയ മുഖ്യമന്ത്രി തന്നെ നിയമം നടപ്പാക്കില്ല എന്നു വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് റദ്ദാക്കുന്ന ഉത്തരവില്‍ ഗവര്‍ണറില്‍ നിന്ന് അനുമതി വാങ്ങാന്‍ തീരുമാനിച്ചത്.
സോഷ്യല്‍ മീഡിയയിലെ അപകീര്‍ത്തികരമായ പ്രവണതകള്‍ ചെറുക്കുക എന്ന ഉദ്ദേശത്തോടെ പോലീസ് നിയമത്തില്‍ 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്തുള്ള ഭേദഗതി പക്ഷേ, മാധ്യമ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണെന്ന വിമര്‍ശനമാണ് തുടക്കം മുതല്‍ ഉയര്‍ന്നത്. ഏതെങ്കിലും വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുകയോ അപമാനിക്കുകയോ ദ്രോഹിക്കുകയോ ചെയ്യുന്ന വിധത്തില്‍ ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവോ 10,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വ്യവസ്ഥ ചെയ്യുന്നതായിരുന്നു വിവാദ നിയമം.
നേരത്തെ, കേരള പോലീസ് നിയമ ഭേദഗതി ഹൈക്കോടതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ നടപടിയൊന്നും പാടില്ല എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. 118 എ വകുപ്പിന്റെ അടിസ്ഥാനത്തിൽ എഫ്ഐആറിടാനോ സ്വമേധയാ കേസെടുക്കാനോ പാടില്ലെന്ന് ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകി.