TopTop
Begin typing your search above and press return to search.

ചരിഞ്ഞ ആനകള്‍ക്ക് കണക്കുണ്ട്, കൊമ്പിന് കണക്കില്ല; 'ക്രോഢീകരിച്ചി'ട്ടില്ലെന്ന് വനംവകുപ്പ്; മറിച്ചു വില്‍ക്കുന്നെന്നും ആരോപണം

ചരിഞ്ഞ ആനകള്‍ക്ക് കണക്കുണ്ട്, കൊമ്പിന് കണക്കില്ല; ക്രോഢീകരിച്ചിട്ടില്ലെന്ന് വനംവകുപ്പ്; മറിച്ചു വില്‍ക്കുന്നെന്നും ആരോപണം

ചരിഞ്ഞ ആനകളുടെ കണക്കുണ്ട്. എന്നാല്‍ കൊമ്പുകളുടെ ക്രോഢീകരിച്ച കണക്കില്ല. സംസ്ഥാനത്ത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 849 ആനകള്‍ ചരിഞ്ഞു എന്ന് വനം വകുപ്പ്. എന്നാല്‍ എത്ര ആനക്കൊമ്പുകള്‍ വനം വകുപ്പിന്റെ കൈവശം ഉണ്ടെന്നത് സംബന്ധിച്ച ക്രോഢീകരിച്ച വിവരം ഇല്ലെന്ന് വിവരാവകാശ രേഖ. ആനക്കൊമ്പ് കടത്ത് വ്യാപകമാണെന്ന ആരോപണം ആനപ്രേമികള്‍ ഉന്നയിക്കുന്നതിനിടെ എത്ര ആനക്കമ്പുകള്‍ ഉണ്ടെന്നത് സംബന്ധിച്ച ക്രോഢീകരിച്ച കണക്കില്ലാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. ആനക്കൊമ്പ് മറിച്ച് വില്‍ക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുണ്ടെന്നും ആരോപണം. എന്നാല്‍ ക്രോഢീകരിച്ച കണക്കുകള്‍ മാത്രമാണ് ലഭ്യമല്ലാത്തതെന്നും കൊമ്പുകള്‍ സുരക്ഷിതമാണെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു.

ആനപ്രേമി സംഘം പാലക്കാട് ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങലിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് ക്രോഢീകരിച്ച കണക്കുകള്‍ ലഭ്യമല്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസര്‍ മറുപടി നല്‍കിയത്. 2017ല്‍ നടന്ന കാട്ടാനകളുടെ ദേശീയ കണക്കെുപ്പ് പ്രകാരം 5706 കാട്ടാനകള്‍ ഉണ്ട്. 2009-10 മുതല്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 849 കാട്ടാനകള്‍ ചരിഞ്ഞതായി വനംവകുപ്പ് പറയുന്നു. ഇതില്‍ എണ്‍പത് ശതമാനവും സ്വാഭാവിക മരണവും ബാക്കി വൈദ്യുതിയേറ്റും ആനകള്‍ തമ്മിലുള്ള സംഘര്‍ഷത്തിലും കൃഷി സംരക്ഷണത്തിനായുള്ള വേട്ടയാടലിലുമാണ് ചരിഞ്ഞത്. കേരളത്തില്‍ 2020 ജൂണ്‍ മാസത്തിലെ കണക്കുകള്‍ അനുസരിച്ച് 489 നാട്ടാനകളാണുള്ളത്. ഇതില്‍ 376 കൊമ്പനാനകളും 95 പിടിയാനകളും 18 മക്കന ആനകളുമാണ്. 2019 ജനുവരി മുതല്‍ ഡിസംബര്‍ 2019 വരെ 19 നാട്ടാനകള്‍ ചരിഞ്ഞു എന്നാണ് കണക്ക്. "എന്നാല്‍ ഇത്രയും കണക്കുകള്‍ ലഭ്യമാവുമ്പോഴും കൊമ്പനാനകളില്‍ നിന്ന് എടുക്കുന്ന കൊമ്പ് സംബന്ധിച്ച് വനം മേധാവിയുടെ പക്കല്‍ കണക്കില്ല. ഏകദേശം മുന്നൂറോളം നാട്ടാനകള്‍ പത്ത് വര്‍ഷത്തിനിടയില്‍ ചരിഞ്ഞിട്ടുണ്ടാവും. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ മാസം വരെ മാത്രം 16 നാട്ടാനകള്‍ ചരിഞ്ഞു. ജൂണ്‍ മാസത്തില്‍ മാത്രം 10 ആനകളും ഒക്ടോബര്‍ അവസാന ആഴ്ച മാത്രം അഞ്ച് ആനകളും ചരിഞ്ഞു. എന്നാല്‍ ഇവയുടെ കൊമ്പുകള്‍ എവിടെ പോയി?", ഹരിദാസ് മച്ചിങ്ങല്‍ ആരോപിക്കുന്നു.

1985 ലെ നാട്ടാന പരിപാലന നിയമം വന്നതിന് ശേഷം നാട്ടാനകള്‍ മരണപ്പെട്ടാല്‍ ദഹിപ്പിക്കുന്നതിന് മുമ്പായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആനകളുടെ കൊമ്പും പല്ലും എടുത്ത് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കും. ഉടമസ്ഥര്‍ക്ക് കൊമ്പ് വിട്ടു നല്‍കാറില്ല. ഇത്തരത്തില്‍ ശേഖരിച്ചിരുന്ന ആനക്കൊമ്പ് തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്തെ ലോക്കറിലായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാല്‍ ലോക്കര്‍ നിറഞ്ഞതോടെ ഡിവിഷന്‍ ഓഫീസുകളിലും റേഞ്ച് ഓഫീസുകളിലും ജില്ലാ ട്രഷറികളിലുമുള്‍പ്പെടെയാണ് കൊമ്പുകള്‍ സൂക്ഷിക്കുന്നതെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. ഇത് സംബന്ധിച്ച ക്രോഢീകരിച്ച വിവരം ഇതേവരെ തയ്യാറാക്കാനായിട്ടില്ല. അതത് ഓഫീസുകളിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്നതെന്നും വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

എന്നാല്‍, "മോഹന്‍ലാലിന്റെ കൈവശം ആനക്കൊമ്പുണ്ട്. അദ്ദേഹത്തിന് ആനയുണ്ടായിരുന്നില്ല. അതാണ് സംശയം ജനിപ്പിച്ചത്. അതിനാലാണ് കൊമ്പുകളുടെ കണക്ക് വനം വകുപ്പില്‍ ചോദിച്ചത്. എത്ര ആനകള്‍ ചരിഞ്ഞോ അതിനനുസരിച്ച് കൊമ്പുകളുടെ എണ്ണവും വനംവകുപ്പില്‍ കാണണം. എന്നാല്‍ അതില്ലാത്തതാണ് ഇതില്‍ ക്രമക്കേട് നടക്കുന്നെണ്ടെന്ന സംശയമുണ്ടാക്കുന്നത്. വലിയ വ്യാപാരികള്‍ക്കോ ഉന്നതര്‍ക്കോ വനംവകുപ്പ് കൊമ്പുകള്‍ മറിച്ചു നല്‍കുന്നോ എന്ന സംശയവുമുണ്ട്" ഹരിദാസ് സംശയമുന്നയിക്കുന്നു.

ഇതിനൊപ്പം കേരളത്തിലെ നാല് ആനത്താവളങ്ങളില്‍ എത്ര ആനകള്‍ ഉണ്ടെന്ന് സംബന്ധിച്ചും വനം വകുപ്പ് ആസ്ഥാനത്ത് വിവരങ്ങളില്ല എന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കോന്നി, കോട്ടൂര്‍, കോടനാട്, മുത്തങ്ങ എന്നിവയാണ് സംസ്ഥാനത്തെ നാല് ആനത്താവളങ്ങള്‍. കാട്ടില്‍ നിന്ന് വഴി തെറ്റിയോ അപകടം സംഭവിച്ചോ എത്തുന്ന ആനകളെ സംരക്ഷിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളില്‍ എത്ര ആനകള്‍ ഉണ്ടെന്നതിന്റെ ക്രോഢീകരിച്ച കണക്കില്ലാത്തതും വനം വകുപ്പിന്റെ ഉദാസീനതയാണെന്നാണ് ആരോപണം.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories