TopTop
Begin typing your search above and press return to search.

'ഇത് ഞങ്ങള്‍ക്കുള്ള ശവപ്പെട്ടിയാണെന്ന് ഏറെക്കുറെ അറിയാം'; കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമം കേരളത്തിന്റെ നെല്ലറയ്ക്കുള്ള മരണമണിയെന്ന് കര്‍ഷകര്‍

ഇത് ഞങ്ങള്‍ക്കുള്ള ശവപ്പെട്ടിയാണെന്ന് ഏറെക്കുറെ അറിയാം; കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമം കേരളത്തിന്റെ നെല്ലറയ്ക്കുള്ള മരണമണിയെന്ന് കര്‍ഷകര്‍

"കാര്‍ഷിക ബില്ലുകള്‍ നടപ്പാക്കിയാല്‍ കുട്ടനാട് തന്നെ ഇല്ലാതായേക്കും. കായല്‍ കേറി പാടങ്ങള്‍ പോലും കാണില്ല. ആ സ്ഥിതിയിലേക്കാണ് ഇത് പോവുക", കുട്ടനാട്ടിലെ പരമ്പരാഗത കര്‍ഷകരിലൊരാളായ ടിന്റോ കെ എടയാടി തന്റെ ആശങ്ക പങ്കു വച്ചു. ടിന്റോയെപ്പോലെ കുട്ടനാട്ടിലോ പാലക്കാടോ ഉള്ള ഭൂരിഭാഗം കര്‍ഷകര്‍ക്കും കാര്‍ഷിക ബില്ലുകളുടെ വ്യാപ്തിയെക്കുറിച്ച് കാര്യമായ ധാരണയില്ല. എന്നാല്‍ "ഇത് ഞങ്ങള്‍ക്കുള്ള ശവപ്പെട്ടിയാണെന്ന് ഏറെക്കുറെ അറിയാം", പാലക്കാട്ടെ കര്‍ഷകനായ സൂര്യദാസിന്റെ പ്രതികരണം. കൃഷി ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ പോന്നതെന്ന് വിലയിരുത്തപ്പെടുന്ന കാര്‍ഷിക ബില്ലുകള്‍ (അത് ഇന്നലെ രാഷ്ട്രപതി കൂടി ഒപ്പുവച്ചതോടെ നിയമമായി) കള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ തെരുവിലാണ്. കേരളത്തെ അത് നിലവിലെ അവസ്ഥയില്‍ പ്രതികൂലമായി ബാധിക്കുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. എന്നാല്‍ രാജ്യമൊട്ടാകെയുള്ള കര്‍ഷരെയും കാര്‍ഷിക മേഖലയേയും ബാധിക്കുന്ന ഈ നിയമം ഇന്നല്ലെങ്കില്‍ നാളെ തങ്ങളെയും ബാധിക്കും എന്നാണ് കേരളത്തിലെ കര്‍ഷകര്‍ പറയുന്നത്.

കേരളത്തിലെ പ്രധാനപ്പെട്ട കൃഷികളിലൊന്ന് നെല്‍കൃഷിയാണ്. കുട്ടനാട്ടിലും പാലക്കാട്ടുമാണ് ഇപ്പോഴും വ്യാപകമായി കൃഷി ചെയ്യുന്നത്. കുട്ടനാട്ടിലേയും പാലക്കാട്ടേയും നെല്‍കര്‍ഷകര്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമത്തെ അങ്ങേയറ്റം ആശങ്കയോടെയാണ് കാണുന്നത്. നിലവില്‍ കേരളത്തിലെ നെല്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് സര്‍ക്കാര്‍ സപ്ലൈകോ വഴിയാണ് സംഭരിക്കുന്നത്. ഈ സംഭരണം തന്നെയാണ് ഒരര്‍ത്ഥത്തില്‍ നെല്‍ കര്‍ഷകനെ താങ്ങി നിര്‍ത്തുന്നത്. സംഭരണ ശൃംഖല വളരെ ശക്തമായി തുടരുകയും സര്‍ക്കാര്‍ ഇടപെടല്‍ നല്ല രീതിയില്‍ തന്നെ ഉണ്ടാവുകയും ചെയ്യുന്നതിനാല്‍ സ്വകാര്യ മേഖലയ്ക്ക് നെല്‍കര്‍ഷകരിലേക്ക് നേരിട്ട് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ നിയമം കാര്യങ്ങള്‍ മാറ്റി മറിക്കും എന്നതാണ് കര്‍ഷകരുടെ അഭിപ്രായം. സംഭരണ ശൃംഖല തകര്‍ന്നാല്‍ അത് കര്‍ഷകര്‍ക്ക് ആപത്തായി വരുമെന്ന ആശങ്കയും ടിന്റോ പങ്കുവച്ചു, "സര്‍ക്കാരിന്റെ ഉറപ്പില്‍ നെല്ല് സ്വകാര്യ കമ്പനികളുടെ കയ്യിലേക്ക് പോവാതെ കര്‍ഷകര്‍ ശ്രദ്ധിക്കുന്നു. സര്‍ക്കാര്‍ സംഭരണ ശൃംഖല പൊട്ടിപ്പോവാതെ നില്‍ക്കുന്നത് കൊണ്ടാണ് കര്‍ഷകര്‍ പലരും ഇന്നും ഈ മേഖലയില്‍ തുടരുന്നതും. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ ഈ ശൃംഖല തന്നെ ഇല്ലാതാവുന്നതിലേക്ക് നയിക്കും. സംഭരണത്തില്‍ വരുന്ന കാലതാമസം സാധാരണ കര്‍ഷകരില്‍ ഉണ്ടാക്കിയിരിക്കുന്ന അസ്വസ്ഥത ചെറുതല്ല. സ്വകാര്യ കമ്പനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കര്‍ഷകരില്‍ നിന്ന് നേരിട്ട് വിളകള്‍ സംഭരിക്കാമെന്ന നിയമം വരുന്നതോടെ കൊയ്‌തെടുത്ത നെല്ല് എത്രയും പെട്ടെന്ന് വിറ്റ് കാശാക്കാനെ കര്‍ഷകര്‍ തയ്യാറാവൂ. പാടത്ത് നിന്ന് കൊയ്‌തെടുത്ത നെല്ലിന് വരമ്പത്ത് വച്ച് തന്നെ കാശ് കിട്ടിയാല്‍ കര്‍ഷകര്‍ ആ കാശ് തരുന്നവനേ നെല്ല് കൊടുക്കുകയുള്ളൂ. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ സംഭരണം എന്ന സംവിധാനം തന്നെ ഇല്ലാതായിപ്പോയേക്കും".

കേന്ദ്ര സര്‍ക്കാര്‍ ഒരു ക്വിന്റല്‍ നെല്ലിന് 1840 രൂപയാണ് താങ്ങുവിലയായി നിശ്ചയിച്ചിരിക്കുന്നത്. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് അത് 2750 രൂപയാണ്. മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാന സര്‍ക്കാരിന്റെ ബോണസ് തുകയും ഉള്‍പ്പെടെയാണ് കര്‍ഷകര്‍ക്ക് നെല്ലിന്റെ വിലയായി വിതരണം ചെയ്യുന്നത്. 26.20 രൂപയാണ് ഒരു കിലോ നെല്ലിന് കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. അടുത്ത കാലത്തായി ഇത് 27.90 രൂപയായി വര്‍ധിപ്പിച്ചു. "കേരളത്തിലെ ലേബര്‍ ചാര്‍ജും മറ്റ് ചിലവുകളും ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ ഇത് വലിയ തുകയല്ല. എന്നാല്‍ പോലും മിനിമം താങ്ങ് വില (എംഎസ്പി) ലഭിക്കുന്നതിനാലാണ് കര്‍ഷകര്‍ നിലനിന്ന് പോവുന്നത്. ഇപ്പോള്‍ തന്നെ പാലക്കാട് കൊയ്ത്ത് കഴിഞ്ഞ് സംഭരണം താമസിച്ചിരിക്കുന്നതിനാല്‍ കര്‍ഷകര്‍ പലരും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നെല്ല് കൊടുക്കുകയാണ്. 17 രൂപയ്ക്കാണ് നെല്ല് പുറത്ത് പോവുന്നത്. സര്‍ക്കാര്‍ സംഭരിക്കുന്ന തുകയില്‍ നിന്ന് 10 രൂപ താഴെ. സംഭരണത്തിന് സര്‍ക്കാര്‍ സംവിധാനം ഉള്ളപ്പോഴാണ് ഈ സ്ഥിതി. അങ്ങനെ വന്നാല്‍ സംഭരണം ഇല്ലാതായാല്‍ വില ഇനിയും താഴെ പോവും. അതോടെ കര്‍ഷകന് ലാഭം പോയിട്ട് ഉത്പാദന ചെലവ് പോലും ലഭിക്കില്ല. കൃഷി പൂര്‍ണമായും ഉപേക്ഷിക്കേണ്ട സാഹചര്യവും വരും", പാലക്കാട്ടെ കര്‍ഷകനായ മുതലംതോട് മണി പറയുന്നു. താങ്ങുവിലയും സംഭരണവും തുടരും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. എന്നാല്‍ നിയമത്തില്‍ അത്തരം ഉറപ്പ് നല്‍കുന്നില്ല എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കച്ചവടക്കാര്‍ക്ക് കര്‍ഷകനില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കാം എന്നാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.

കേരളത്തില്‍ നെല്ലു സംഭരണ തുക നല്‍കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം സ്വകാര്യ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് സാഹര്യങ്ങളെ മുതലെടുക്കാനുള്ള അവസരമൊരുക്കുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം. കുട്ടനാട്ടിലെ കര്‍ഷകനായ തങ്കച്ചന്‍ കറ്റത്തറയില്‍ പറയുന്നു, "കാര്യം സര്‍ക്കാര്‍ നല്ല വില നല്‍കുന്നുണ്ട്. എന്നാല്‍ കൃഷി കഴിഞ്ഞ് അടുത്ത കൃഷിയിറക്കണമെങ്കില്‍ കര്‍ഷകന് സമയത്ത് കാശ് കിട്ടണം. വായ്പാ തിരിച്ചടവ് പോലും സാധിക്കാതെ വിഷമിക്കുന്ന കര്‍ഷകന്‍ ഇപ്പോള്‍ തന്നെ സപ്ലൈകോയ്ക്ക് വേണ്ടി കാത്ത് നില്‍ക്കാതെ കിട്ടിയ വിലയ്ക്ക് തൂക്കി വില്‍ക്കുകയാണ്. ഒന്ന്, സംഭരണം വൈകും. മഴയായാല്‍ ഈര്‍പ്പം കൂടി നെല്ലിന് പറഞ്ഞ വില കിട്ടില്ല. രണ്ട്, സപ്ലൈകോയ്ക്ക് വേണ്ടി കാത്ത് നിന്നാല്‍ പലരുടേയും നെല്ല് പാടവരമ്പത്ത് കിടന്ന് കിളിര്‍ക്കും. അതുകൊണ്ട് പുറത്ത് ഇത്തിരി നഷ്ടത്തിലാണെങ്കിലും വില്‍ക്കുന്നു. മൂന്ന്, സംഭരിച്ചാല്‍ തന്നെയും കാശ് കിട്ടണമെങ്കില്‍ എന്തോരം മാസം കാത്ത് നില്‍ക്കണം. പിന്നെ സമരം, നിവേദനം ഒക്കെ കഴിഞ്ഞ് കര്‍ഷകന്‍ കടത്തിന് മുകളില്‍ കടവും വാങ്ങി അടുത്ത കൃഷിയിറക്കി കഴിയുമ്പോഴാവും കാശ് കിട്ടുന്നത്. അത് അപ്പഴത്തെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ കടം പിന്നെയും ബാക്കി. ഇപ്പോള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് ഇനി നാളെ വേറെ കമ്പനിക്കാരന്‍ വന്ന് ചോദിച്ചാലും ചെലപ്പോ കൊടുത്തെന്നിരിക്കും. കര്‍ഷകനും ജീവിക്കാന്‍ വേണ്ടിയാണ് ജോലി ചെയ്യുന്നത്"

കേന്ദ്ര സര്‍ക്കാര്‍ വിഹിതം ലഭിക്കാന്‍ താമസിക്കുന്നതാണ് സംഭരണ തുക നല്‍കാന്‍ പലപ്പോഴും കാലതാമസം വരുന്നതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ കേന്ദ്ര വിഹിതം വന്നാലും സംസ്ഥാന സര്‍ക്കാര്‍ സംഭരണ തുക വിതരണം ചെയ്യാന്‍ താമസം വരുത്താറുണ്ടെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. സംഭരണത്തിന് സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നത് വരെ കര്‍ഷകര്‍ നേരിട്ടിരുന്ന പ്രതിസന്ധിയിലേക്ക് തിരികെ പോവാനിടയുണ്ടെന്നാണ് പാലക്കാട്ടെ മറ്റൊരു കര്‍ഷകനായ സൂര്യദാസ് പറഞ്ഞത്. "മുമ്പ് കൊയ്‌തെടുത്താല്‍ അപ്പപ്പോള്‍ മാര്‍ക്കറ്റിലേക്ക് കൊടുക്കാതെ നല്ല വില വരുന്ന അവസരം നോക്കിയിരുന്ന് നെല്ല് കൊടുക്കുമായിരുന്നു. എന്നാല്‍ അന്നും ഇന്നും വന്‍കിട കര്‍ഷകര്‍ക്ക് മാത്രമേ അത്തരം സംഭരണ കേന്ദ്രങ്ങള്‍ ഉള്ളൂ. അങ്ങനെയല്ലാത്തവര്‍ നഷ്ടത്തിലായാലും ഉടനടി നെല്ല് കൊടുക്കുകയായിരുന്നു. ഇടനിലക്കാരും ഇനി പെരുകും".

അവശ്യവസ്തുക്കളില്‍ നിന്ന് നെല്ലിനെ നീക്കം ചെയ്തതോടെ നിയമ ഭേദഗതികള്‍ വരുമ്പോള്‍ സബ്‌സിഡികള്‍ വെട്ടിച്ചുരുക്കാനുള്ള സാധ്യതയും കുട്ടനാട്ടിലെ കര്‍ഷകര്‍ മുന്നില്‍ കാണുന്നു. മറ്റെല്ലായിടങ്ങളില്‍ നിന്നും വ്യത്യസ്തമായി സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികള്‍ കൊണ്ട് കൂടിയാണ് കുട്ടനാട്ടിലെ കൃഷി നടക്കുന്നത്. "വെള്ളംവറ്റിക്കല്‍, കല്‍ക്കെട്ട്, ബണ്ട്, മറ്റ് സംവിധാനങ്ങള്‍ എന്നിങ്ങനെ കര്‍ഷകന് ലഭിക്കുന്ന സബ്‌സിഡികള്‍ കൊണ്ടാണ് വലിയ നഷ്ടങ്ങളില്ലാതെ കൃഷി ചെയ്യുന്നത്. അത് നിര്‍ത്തിയാല്‍ കുട്ടനാട്ടിലെ കൃഷിയിടങ്ങളെല്ലാം വേമ്പനാട് കായലായി മാറും" ടിന്റോ കൂട്ടിച്ചേര്‍ത്തു.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories