TopTop
Begin typing your search above and press return to search.

ഇപ്പോള്‍ത്തന്നെ വൈകി, മറ്റുള്ളവരെക്കാള്‍ മുന്‍പേ നാട്ടിലെത്തിക്കേണ്ടവരായിരുന്നു വിദ്യാര്‍ത്ഥികള്‍; സര്‍ക്കാരിന് മുന്നറിയിപ്പുമായി എഐഎസ്എഫും

ഇപ്പോള്‍ത്തന്നെ വൈകി, മറ്റുള്ളവരെക്കാള്‍ മുന്‍പേ നാട്ടിലെത്തിക്കേണ്ടവരായിരുന്നു വിദ്യാര്‍ത്ഥികള്‍;   സര്‍ക്കാരിന് മുന്നറിയിപ്പുമായി എഐഎസ്എഫും

ലോക്ക്ഡൗണ്‍ മൂലം ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കുന്നതു സംബന്ധിച്ചുള്ള വിവാദം രൂക്ഷമാവുകയാണ്. വിദ്യാര്‍ഥികളെ കൊണ്ടുവരാമെന്ന് പറയുകയും പിന്നീട് അതില്‍ നിന്ന് പിന്നോക്കം പോവുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഒടുവില്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് തങ്ങള്‍ നടന്നു തുടങ്ങുമെന്ന് വിദ്യാര്‍ഥികള്‍ ഭീഷണി മുഴക്കിയാതോടെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഡല്‍ഹി ഉള്‍പ്പെടെ കേരളത്തിന് പുറത്തുള്ള ഏത് നഗരത്തില്‍ തുടര്‍ന്നതും അപകടകരമാണെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഹോസ്റ്റലുകള്‍ വരെ അടയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ തങ്ങള്‍ എന്ത് ചെയ്യണം എന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. ഈ വിഷയത്തില്‍ അലംഭാവം തുടരുതെന്നും എത്രയും വേഗം നടപടികളുണ്ടാകണമെന്നും ഇല്ലെങ്കില്‍ പ്രക്ഷോഭം നടത്താന്‍ നിര്‍ബന്ധിതരാകുമെന്നും നേരത്തെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തും മുന്നറിയിപ്പ് നല്‍കിയിരുന്നു.

മറ്റാരെക്കായിലും മുന്‍പേ നാട്ടില്‍ എത്തിക്കേണ്ടവരായിരുന്നു വിദ്യാര്‍ത്ഥികളെന്നാണ് ഈ വിഷയത്തില്‍ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ ബാബു പറയുന്നത്. വിദ്യാര്‍ത്ഥികളുടെ പൂര്‍ണ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഇനിയിക്കാര്യത്തില്‍ വീഴ്ച്ചയുണ്ടാകരുതെന്നാണ് എഐഎസ്എഫ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്നും അരുണ്‍ ബാബു പറയുന്നു.

ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെയെല്ലാം അടിയന്തര പ്രാധാന്യം നല്‍കി നാട്ടിലെത്തിക്കേണ്ടതുണ്ട്. നേരത്തെ തന്നെ ഇടപെടല്‍ നടത്തേണ്ടിയിരുന്ന വിഷയമായിരുന്നു ഇത്. പല സംസ്ഥാനങ്ങളും ഹോസ്റ്റലുകള്‍ ഒഴിപ്പിച്ച് ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കുകയാണ്. വിദ്യാര്‍ത്ഥികളോട് ഹോസ്റ്റലുകള്‍ ഒഴിയാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. ഈയൊരു സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ തങ്ങാന്‍ സാധ്യമല്ല. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമെന്നുള്ളതുകൊണ്ടാണ് മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കണമെന്ന് എഐഎസ്എഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

വിദ്യാര്‍ത്ഥികളെ കൊണ്ടു വരുന്നത് സര്‍ക്കാര്‍ ചെലവിലായിരിക്കണം. വിദ്യാര്‍ത്ഥികളുടെ കൈയില്‍ നിന്നും പണം വാങ്ങരുത്. കാരണം, ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സാമ്പത്തിക പ്രശ്‌നം നേരിടുന്നവരാണ്, സാധാരണക്കാരാണ്. ലോണെടുത്ത് പഠിക്കുന്നവരാണ്. നാട്ടില്‍ നിന്നും അയയ്ക്കുന്ന പണം കൊണ്ടാണ് അവരുടെ ചെലവ് നടന്നു പോകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ മാര്‍ഗവും അവര്‍ക്ക് മുന്നില്‍ അടഞ്ഞിരിക്കുകയാണ്. അതുകൊണ്ട്, പൂര്‍ണ ചെലവും സര്‍ക്കാര്‍ വഹിച്ചുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളെ എത്തിക്കണം. ഡല്‍ഹിയിലെ കാര്യം മാത്രമല്ല, എവിടെയുള്ള വിദ്യാര്‍ത്ഥികളായാലും സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്വം ഏറ്റെടക്കണം.

ഒരു വിദ്യാര്‍ത്ഥിക്കും പോലും നടന്നു വരേണ്ട അവസ്ഥയുണ്ടാകരുത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ വാര്‍ത്ത സമ്മേളനത്തില്‍ ട്രെയിന്‍ ഏര്‍പ്പാടാക്കാമെന്നും വിദ്യാര്‍ത്ഥികള്‍ നടന്നു വരേണ്ട അവസ്ഥയുണ്ടാകില്ലെന്നും പറഞ്ഞിട്ടുണ്ട്. അതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം. ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിക്കണം. എല്ലാം വേഗത്തില്‍ വേണം. ഇതുവരെ ഉണ്ടായ കാലതാമസം തന്നെ വലിയ വീഴ്ച്ചയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം ഏകോപിപ്പിച്ച് നടപ്പാക്കിയ ഒരു സംസ്ഥാനമാണ് കേരളം. മറ്റിടങ്ങളെക്കാള്‍ മികച്ച രീതിയിലാണ് നാം മുന്നേറുന്നത്. അതിനിടയില്‍ ചെറിയ വീഴ്ച്ചകള്‍ സംഭവിച്ചിരിക്കാം. പക്ഷേ, അത്തരം വീഴ്ച്ചകള്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഉണ്ടാകരുത്. ആശയക്കുഴപ്പങ്ങളുടെയൊന്നും കാര്യമില്ല. ഇക്കാര്യത്തിലുള്ള ഇടപെടലുകള്‍ ശക്തിപ്പെടുത്തിയാല്‍ മതി. നമുക്ക് സാധ്യമായ വഴികളെല്ലാം നോക്കണം. കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ബസ് മാര്‍ഗം വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്ന മാര്‍ഗങ്ങള്‍ നോക്കണം. കെഎസ്ആര്‍ടിസി സര്‍വീസ് ഉപയോഗിച്ച് കര്‍ണാടകയില്‍ നിന്നും തമഴ്‌നാട്ടില്‍ നിന്നും വിദ്യാര്‍ത്ഥികളെ കൊണ്ടു വരാവുന്നതാണ്. നിയന്ത്രണങ്ങളും സാമൂഹിക അകലവും പാലിച്ച് ഇതൊക്കെ നടപ്പാക്കാം.

മേയ് നാലിനു മുമ്പേ വിദ്യാര്‍ത്ഥികളെ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് എഐഎസ്എഫ് മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നതാണ്. ലോക്ഡൗണ്‍ കാലത്ത് തന്നെ അവരെ കൊണ്ടുവരേണ്ടതുമായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടിരിക്കുന്നത് എഐഎസ്എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ്. ഇനിയിക്കാര്യത്തില്‍ കാലതാമസം ഉണ്ടാകരുത്. ഈയൊരു മഹാവിപത്തിന്റെ കാലത്ത് വിവാദങ്ങളും രാഷ്ട്രീയാരോപണങ്ങളുമല്ല വേണ്ടത്. പക്ഷേ, മറ്റാരെക്കാളും മുമ്പ് നാട്ടില്‍ എത്തിക്കേണ്ടിയിരുന്നവരുടെ കാര്യത്തില്‍ ഇനിയും കാലതാമസം ഉണ്ടായാല്‍ ശക്തമായ പ്രതികരണങ്ങളുമായി മുന്നോട്ടു വരേണ്ടി വരും.


രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories