Top

ഡല്‍ഹിയില്‍ മലയാളികളായ അമ്മയുടെയും മകന്റെയും ആത്മഹത്യ; രണ്ടാം ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടെന്ന് ആക്ഷേപം

ഡല്‍ഹിയില്‍ മലയാളികളായ അമ്മയുടെയും മകന്റെയും ആത്മഹത്യ; രണ്ടാം ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടെന്ന് ആക്ഷേപം

ഡല്‍ഹിയില്‍ മലയാളികളായ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കൊലപാതക കേസുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകളെന്ന് ആരോപണം. ഡല്‍ഹി ഐഐടിയിലെ ഫിലോസഫി വിഭാഗം അധ്യാപകന്‍ അലന്‍ സ്റ്റാന്‍ലി(27), അമ്മയും പാമ്പാടി സ്വദേശിയുമായ ലിസിയുമാണ് മരിച്ചത്. ഡല്‍ഹി പിതംപുരയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് ലിസിയുടെ മൃതദേഹം കണ്ടെത്തിയത്. സരായ് കലൈഖാനില്‍ റെയില്‍വേ പാളത്തില്‍ നിന്നാണ് അലന്റെ ശരീരം കണ്ടെത്തിയത്. തൊടുപുഴ നെയ്യാശ്ശേരി സ്വദേശി കുളങ്ങരത്തൊട്ടിയില്‍ കെ ജോണ്‍ വില്‍സന്റെ (65) ദുരൂഹമരണം സംബന്ധിച്ച് ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

ജോണിന്റെ രണ്ടാം ഭാര്യയായ ലിസി കോടികളുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ നടത്തിയ കടുത്ത സമ്മര്‍ദ്ദമാണ് ജോണിന്റെ മരണത്തിന് പിന്നിലെന്നാണ് ആദ്യഭാര്യയിലെ മക്കള്‍ ആരോപിച്ചത്. ഇത് സംബന്ധിച്ച് വന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ് തങ്ങളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ഇവരില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചതായി അലന്റെ ഐഐടിയിലെ സുഹൃത്തുക്കള്‍ അഴിമുഖത്തോട് പറഞ്ഞു. 2018 ഡിസംബര്‍ 31ന് വൈകിട്ടാണ് ജോണിനെ വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം നടക്കുമ്പോള്‍ വീട്ടില്‍ ആരുമില്ലായിരുന്നു. ജോണിന്റെ ആദ്യഭാര്യയിലെ മക്കള്‍ക്കൊപ്പം കോട്ടയത്തുള്ള ദേവാലയത്തില്‍ പോയിരിക്കുകയായിരുന്നു ലിസി.

ജോണിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ ആദ്യം തൊടുപുഴ പോലീസിനെ സമീപിച്ചു. തൊടുപുഴ പോലീസിന്റെ അന്വേഷണത്തില്‍ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ആത്മഹത്യയ്ക്ക് കാരണം സ്വത്തിനായി ലിസി നടത്തിയ സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ആരോപണവുമായി മക്കള്‍ വീണ്ടും രംഗത്തെത്തിയതോടെ ഹൈക്കോടതി സമഗ്ര അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. രണ്ടാഴ്ച മുമ്പാണ് ഇടുക്കി ഡിവൈ എസ് പി ടി എ ആന്റണിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഒക്ടോബര്‍ 15ന് മനോരമ ന്യൂസില്‍ 'അക്കൗണ്ടിലേക്ക് 2 കോടി; അജ്ഞാത സുഹൃത്ത് ആര്? മരണത്തിന് പിന്നില്‍ രണ്ടാം ഭാര്യയോ?' എന്ന തലക്കെട്ടില്‍ വാര്‍ത്ത വന്നിരുന്നു.

ഖത്തറില്‍ ക്യൂട്ടെല്‍ കമ്പനിയുടെ ട്രഷറി ഓഫീസറായിരുന്ന ജോണിന്റെ ഭാര്യ വല്‍സമ്മ 11 വര്‍ഷം രോഗബാധിതയായി മരിച്ചുവെന്നും ഖത്തറില്‍ നിന്നും മടങ്ങിയെത്തിയ ഇയാള്‍ ലിസിയെ വിവാഹം കഴിച്ചുവെന്നുമാണ് മനോരമ വാര്‍ത്തയില്‍ പറയുന്നത്. 2014ല്‍ ലിസിയുടെ ആദ്യഭര്‍ത്താവും റിട്ട. സൈനിക ഉദ്യോഗസ്ഥനുമായ സ്റ്റാന്‍ലി മരിച്ചിരുന്നു. ലിസിക്ക് ഈ ബന്ധത്തില്‍ അലനെ കൂടാതെ മറ്റൊരു മകന്‍ കൂടിയുണ്ട്. അലന്‍ ഇടക്കിടെ മങ്ങാട്ടുകവലയിലെ വീട്ടില്‍ എത്തിയിരുന്നതായും മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. ജോണിന്റെ ഒരു മകനെ ലിസിയുടെ നേതൃത്വത്തില്‍ വീട്ടില്‍ നിന്നും പുറത്താക്കിയതായും മക്കളുടെ പരാതിയില്‍ ആരോപിക്കുന്നതായും മനോരമ പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി അഴിമുഖം പ്രതിനിധിയോട് പറഞ്ഞത് മറ്റൊന്നാണ്. ജോലിയ്‌ക്കൊന്നും പോകാതിരുന്ന ജോണിന്റെ ഒരു മകനോട് ലിസി ജോലിക്ക് പോകണമെന്ന് ഉപദേശിച്ചിരുന്നു. ഇയാള്‍ ഇതനുസരിച്ച് കുറച്ചുകാലം എറണാകുളത്തുള്ള ബന്ധുവീട്ടിലായിരുന്നുവെന്നാണ് പരാതിക്കാര്‍ തങ്ങളോട് പറഞ്ഞതെന്നാണ് ആന്റണി പറഞ്ഞത്. രണ്ടാം ഭാര്യയുടെ വരവോടെ ജോണുമായി അടുപ്പമുള്ള ജോലിക്കാരെയും സുഹൃത്തുക്കളെയും അകറ്റി നിര്‍ത്തിയെന്നും 565 ദിവസത്തെ ദാമ്പത്യത്തിനിടയില്‍ ജോണിന്റെ കയ്യിലുള്ള 2 കോടി രൂപ രണ്ടാം ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയെന്നും മക്കളുടെ പരാതിയില്‍ പറയുന്നതായും മനോരമ ന്യൂസില്‍ പറയുന്നു. ഇത് സ്ഥിരീകരിച്ച ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ഇത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരോട് ആവശ്യപ്പെട്ടിരുന്നെന്നും അതുമായി ഈയാഴ്ച അവര്‍ സ്റ്റേഷനിലെത്താമെന്നാണ് അറിയിച്ചിരുന്നതെന്നും വ്യക്തമാക്കി.

ലിസിയുടെ സുഹൃത്തെന്ന പേരില്‍ ഒരാള്‍ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നതായാണ് മനോരമ ന്യൂസില്‍ പറയുന്നത്. ജോണിന്റെ മരണത്തോടെ സ്വത്ത് ഭൂരിഭാഗവും കൈവശപ്പെടുത്താന്‍ പാമ്പാടി സ്വദേശി ശ്രമം തുടങ്ങിയെന്നും നിക്ഷേപങ്ങളുടെയും സ്ഥലങ്ങളുടെയും ഉള്‍പ്പെടെയുള്ള രേഖകളുമായാണ് പാമ്പാടി ലിസി ഇവിടെ നിന്നും പോയതെന്നും മക്കളുടെ പരാതിയില്‍ ആരോപിക്കുന്നുണ്ടെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. അതേസമയം രണ്ടാഴ്ച മുമ്പ് മാത്രം ആരംഭിച്ച കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലായിരുന്നുവെന്നും പരാതിക്കാരില്‍ നിന്നുള്ള മൊഴി എടുക്കല്‍ മാത്രമാണ് ഇതുവരെ നടന്നതെന്നും ക്രൈംബ്രാഞ്ച് ഡിവൈ എസ് പി അഴിമുഖം പ്രതിനിധിയോട് പറഞ്ഞു. അക്കൗണ്ടില്‍ നിന്നും പണം മാറ്റിയതിന്റെയും വിഷാദരോഗിയായിരുന്ന ജോണിന്റെ ചികിത്സയുടെയും രേഖകളും ഡോക്ടറുടെ മൊഴിയും ശേഖരിക്കേണ്ടതായുണ്ടായിരുന്നു. അതിനാല്‍ തന്നെ ലിസിയെയും മകനെയും ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിച്ചിരുന്നില്ല. ആത്മഹത്യയ്ക്ക് കാരണം കണ്ടെത്തലായിരുന്നു ക്രൈംബ്രാഞ്ചിന്റെ ചുമതല. ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കി മാത്രമേ ലിസിയെയും മകനെയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുമായിരുന്നുള്ളുവെന്നും ആന്റണി വ്യക്തമാക്കി. എന്നാല്‍ അതേക്കുറിച്ചൊന്നും ക്രൈംബ്രാഞ്ച് ആലോചിച്ചിട്ടേയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അലന്റെയും ലിസിയുടെയും ആത്മഹത്യയിലേക്ക് നയിച്ചത് പോലീസിന്റെ പീഡനമല്ല മാധ്യമ പീഡനമാണെന്ന് തെളിയിക്കുന്നതാണ് ആത്മഹത്യാക്കുറിപ്പെന്ന് സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നത്.


Next Story

Related Stories