TopTop

മൂന്ന് ദിവസം, ഹൃദയം നിറയെ കരുതലുള്ള നിരവധി മനുഷ്യരെ കണ്ടു, ഇറ്റലിയിലും നാട്ടിലും-കോവിഡ് ആഞ്ഞടിക്കുന്ന ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം പറയുന്നു

മൂന്ന് ദിവസം, ഹൃദയം നിറയെ കരുതലുള്ള നിരവധി മനുഷ്യരെ കണ്ടു, ഇറ്റലിയിലും നാട്ടിലും-കോവിഡ് ആഞ്ഞടിക്കുന്ന ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം പറയുന്നു

ആരോടെല്ലാമോ നന്ദി പറയേണ്ടതുണ്ട്! ഇതുവരെ നേരില്‍ കണ്ടിട്ടുപോലുമില്ലാത്ത മനുഷ്യര്‍ വരെ ആ കൂട്ടത്തിലുണ്ട്... എത്രവട്ടം പറഞ്ഞാലാണ്, എങ്ങനെ പറഞ്ഞാലാണ് അവരോടെല്ലാം ഞങ്ങളുടെ മനസിലെ സനേഹവും കടപ്പാടും വ്യക്തമാക്കാന്‍ കഴിയുകയെന്നറിയില്ല...നന്ദി പറയാന്‍ വാക്കുകളില്ലാത്ത അവസ്ഥയിലാണിപ്പോള്‍!

ഫിജോയുടെ ഉള്ളില്‍ ഇപ്പോള്‍ നിറയുന്ന ആശ്വാസത്തിനും സമാധാനത്തിനും ആഴമേറെയുണ്ടെന്ന് ഈ വാചകങ്ങളിലൂടെ മനസിലാക്കാം. ജന്മനാടിന്റെ കരുതലില്‍, സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലാണ് ഈ ചെറുപ്പക്കാരനിപ്പോഴുള്ളത്. ഒരു പിഞ്ചു കുഞ്ഞിനെയും കൈയില്‍ പിടിച്ച് ഭാര്യയുമൊത്തു ദിവസങ്ങളോളം അനുഭവിച്ച അനിശ്ചിത്വത്തിനും ഭയത്തിനും ഒടുവിലാണ് തൃശൂര്‍ മാളയിലെ സ്വന്തം വീട്ടില്‍ ഫിജോ എത്തിച്ചേര്‍ന്നത്.

ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി പടരുന്ന കോവിഡ് 19 ന്റെ(കൊറോണ) പിടിയിലകപ്പെടാതെ രക്ഷപ്പെട്ടവരില്‍ ഒരാളാണ് ഫിജോ. ആറു വര്‍ഷമായി ഇറ്റലിയില്‍ താമസിക്കുന്ന ഫിജോയും കുടുംബവും ശനിയാഴ്ച്ച ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതുവരെ അനുഭവിച്ച ആശങ്കകളും ഉത്കണ്ഠകളും അത്രയേറെ വലുതായിരുന്നു. അവനവനെയെന്നപോലെ അപരനെയും കണ്ട, മനുഷ്യത്വത്തിന്റെ പ്രതീകങ്ങളായ കുറച്ച് മനുഷ്യരുടെ ഇടപെടലുകളാണ് ഇന്ന് ഫിജോയെ ആശ്വാസത്തിന്റെ തീരത്തണച്ചിരിക്കുന്നത്. 14 ദിവസത്തെ നിരീക്ഷണത്തില്‍ സ്വന്തം വീട്ടില്‍ കഴിയുമ്പോള്‍, കഴിഞ്ഞുപോയ ദിവസങ്ങളിലെ ഓര്‍മകളില്‍, ഒപ്പം നിന്നവരെപ്പോലെ, ഒറ്റപ്പെടുത്താന്‍ നോക്കിയവരുമുണ്ടായിരുന്നു എന്ന സങ്കടം പോലും അയാള്‍ വെറുപ്പോടെയല്ല പങ്കുവയ്ക്കുന്നത്.

ഫിജോയ്ക്കും ഭാര്യയ്ക്കും കുഞ്ഞിനും കോവിഡ് 19 പരിശോധന ഫലം നെഗറ്റീവ് ആണ്. ഭയപ്പെടാനൊന്നുമില്ല. അവരിപ്പോള്‍ വീട്ടിലുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി 14 ദിവസം വീടിനുള്ളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണം. വീടിന്റെ മുകളിലത്തെ നിലയില്‍ ഫിജോയും കുടുംബവും. താഴെ മറ്റ് കുടുംബാംഗങ്ങള്‍. ഒരുതരത്തിലും അന്യതാബോധം തോന്നാത്തവിധം ഫിജോ കഴിയുന്നു.

'വിമാനത്താനവളത്തില്‍ ഇറങ്ങിയതു മുതല്‍ വീട്ടില്‍ എത്തുന്നതുവരെ കൂടെ നിന്നവരോടെല്ലാം നന്ദി, ഒരാളും അകറ്റി നിര്‍ത്തിയില്ല, അകന്നും നിന്നില്ല, എയര്‍പോര്‍ട്ട് ജീവനക്കാരായാലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായാലും പൊലീസുകാരായാലും ആംബുലന്‍സ് ഡ്രൈവര്‍മാരായാലും സ്വന്തം കൂടപ്പിറപ്പുകളോടെന്നപോലെ പെരുമാറി. നമ്മളിതെല്ലാം അതിജീവിക്കും എന്ന ഉറപ്പായിരുന്നു എല്ലാവരുടെയും മുഖത്തും മനസിലും പെരുമാറ്റത്തിലും. അതേ ഉറപ്പാണ് ഇപ്പോള്‍ ഞങ്ങള്‍ക്കും. അത് ഞങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, ഈ നാടിന്റെ കാര്യത്തില്‍, ലോകത്തിന്റെ കാര്യത്തില്‍...ഈ മഹാരോഗത്തെ അതിജീവിക്കുക തന്നെ ചെയ്യും'.
റോമിലെ മഗല്യാനയില്‍(Magliana) ഒരു പാസ്റ്റിചേരിയ (pasticceria- കേക്ക് ഷോപ്പ്) ജോലി നോക്കിയിരുന്ന ഫിജോ ആറു വര്‍ഷമായി ഇവിടെയാണ്. ഭാര്യ ഗ്ലോറിയ ഫിജോയും രണ്ടു മാസം പ്രായമായ കുഞ്ഞും കൂടെയുണ്ട്. കൊറോണ ഇറ്റലിയില്‍ ഭീതി വിതച്ചു തുടങ്ങിയപ്പോള്‍ ഫിജോയെ ആശങ്കയിലാഴ്ത്തിയതും കുഞ്ഞിന്റെ കാര്യമായിരുന്നു. കൊറോണയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതോടെ ഈ രോഗം തങ്ങളുടെ പട്ടണത്തിലേക്കും ബാധിച്ചാല്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ എത്രത്തോളമായിരിക്കുമെന്നു ഫിജോയ്ക്കും ഗ്ലോറിക്കും മനസിലായി. കുഞ്ഞിന്റെ കാര്യം കൊണ്ട് തന്നെ നാട്ടിലേക്ക് മടങ്ങുന്നതാണെന്നു സുഹൃത്തുക്കളും ഉപദേശിച്ചു. മാര്‍ച്ച് ഒമ്പതോടെ കൊറോണ മഗല്യാനയിലും റിപ്പോര്‍ട്ട് ചെയ്തു. ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജര്‍ക്കായിരുന്നു കൊറോണ ആദ്യം സ്ഥിരീകരിക്കുന്നത്. അതോടെ പട്ടണം അതീവ ജാഗ്രതയിലായി. ഭരണകൂടം കര്‍ശന നിര്‍ദേശങ്ങള്‍ ഇറക്കി. മെഡിക്കല്‍ സ്റ്റോറുകളും അത്യാവശ്യം ചില മിനി സൂപ്പര്‍മാര്‍ക്കറ്റുകളും മാത്രം തുറന്നു പ്രവര്‍ത്തിച്ചു. ആളുകളോട് പുറത്തിറങ്ങരുതെന്ന് കര്‍ശനമായി പറഞ്ഞു. ഏതെങ്കിലും ഷോപ്പില്‍ സാധനം വാങ്ങുമ്പോഴോ നിരത്തില്‍ സഞ്ചരിക്കുമ്പോഴോ പരമാവധി നാലു പേര്‍ മാത്രമേ കൂട്ടമായി നില്‍ക്കാവൂ എന്നായിരുന്നു ഉത്തരവ്. പുറത്തേക്ക് ഇറങ്ങുകയാണെങ്കില്‍ തന്നെ കര്‍ശനമായ പരിശോധനകള്‍ ആവശ്യം. എവിടെ പോകുന്നു, എവിടെ നിന്നു വരുന്നു, എന്തിനായി പോകുന്നു, രോഗമോ രോഗലക്ഷണങ്ങളോ ഉണ്ടോ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടോ എന്നീ ചോദ്യങ്ങളും പരിശോധനകളും നിര്‍ബന്ധം. 'ശരിക്കും പറഞ്ഞാല്‍ പട്ടണം ഒരു പൂട്ടിയിട്ട മുറിപോലെയായി. ജനങ്ങളെല്ലാം ആകെ പരിഭ്രാന്തരായി'. ഭീതിജനകമായ ആ ദിവസങ്ങള്‍ ജീവിതത്തില്‍ ആദ്യത്തെ അനുഭവമായിരുന്നുവെന്നാണ് ഫിജോ പറയുന്നത്.

സാഹചര്യങ്ങള്‍ ദിവസം കഴിയുംതോറും ദുഷ്‌കരമായി വന്നതോടെ കുഞ്ഞുമായി ഇനിയുമിവിടെ നില്‍ക്കുന്നത് ആപത്താണെന്നു ഫിജോ ഉറപ്പിച്ചു. എത്രയും വേഗം നാട്ടിലെത്തണം. പക്ഷേ, ഒരു കടമ്പ കടക്കേണ്ടതുണ്ടായിരുന്നു. ജോലി. പെട്ടെന്നു ചെന്നു പറഞ്ഞാല്‍ അവധി കിട്ടില്ലെന്നു മാത്രമല്ല, രാജി വയ്ക്കാന്‍ പോലും കഴിയില്ല. ഏറ്റവും കുറഞ്ഞത് രണ്ടു മാസമെങ്കിലും മുന്നേ ജോലിയില്‍ നിന്നും പിരിഞ്ഞുപോവുകയാണെന്ന കാര്യം അറിയിക്കണം. ഷോപ്പ് ഉടമയുടെ കടുംപിടുത്തമല്ല, അതൊരു പോളിസിയാണ്. ഒരാള്‍ പോകുന്ന പോസ്റ്റിലേക്ക് പകരമൊരാള്‍ വരുമ്പോള്‍, ജോലി പഠിച്ചെടുക്കാന്‍ അയാള്‍ക്ക് സമയം വേണം. അതിനുവേണ്ടിയാണ് രണ്ടു മാസമെങ്കിലും മുന്നേ പിരിഞ്ഞുപോകുന്ന കാര്യം അറിയിക്കണമെന്നു പറയുന്നത്. പകരം വരുന്നയാളെ ജോലി പഠിപ്പിച്ചെടുക്കണമല്ലോ! നാട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ ഫിജോയുടെ തൊഴിലുടമ ചൂണ്ടിക്കാണിച്ച ബുദ്ധിമുട്ടുകള്‍ ഇവയൊക്കെ തന്നെയായിരുന്നു. ഇവിടെ നിന്നാല്‍ കാര്യങ്ങളൊട്ടും സുരക്ഷിതമാകില്ലെന്നറിയാവുന്നതു
കൊണ്ട് എങ്ങനെയെങ്കിലും നാട്ടില്‍ പോയേ മതിയാകൂ എന്ന നിലപാടിലായിരുന്നു ഫിജോ. രണ്ടു മാസത്തെ അവധി അനുവദിച്ചെങ്കിലും സഹായിക്കണമെന്ന് അപേക്ഷിച്ചു. 'നീ വീട്ടില്‍ പോയിട്ട് ഒന്നുകൂടി ആലോചിക്കൂ' എന്നായിരുന്നു കടയുടമയുടെ മറുപടി.

ഒന്നല്ല, എത്രവട്ടം ആലോചിച്ചാലും ഉത്തരം ഒന്നേയുള്ളൂ, നാട്ടിലേക്ക് മടങ്ങുക. ഈ പിഞ്ചുകുഞ്ഞിനെയും വച്ച് ജീവിതത്തില്‍ ഇത്രവലിയൊരു റിസ്‌ക് എടുക്കാന്‍ തനിക്ക് ആകില്ലെന്നു ഫിജോ മനസിലാക്കിയിരുന്നു. 'എങ്ങനെയെങ്കിലും മടങ്ങിയേ തീരൂ.ഈ കൊറോണ കാലത്ത് ' മനുഷ്യന്‍ എത്ര നല്ല പദമാണെന്നു പറയുന്നതിന്റെ അര്‍ത്ഥം ആദ്യം എനിക്ക് മനസിലാക്കി തന്നത് എന്റെ ഷോപ്പ് ഉടമ തന്നെയായിരുന്നു. സാഹചര്യങ്ങള്‍ മനസിലാക്കിയതുകൊണ്ടാകാം, നാട്ടില്‍ പോകൂ എന്നു അദ്ദേഹവും എന്നോട് പറഞ്ഞു. ഫോണില്‍ കൂടിയാണ് ഞാന്‍ പിന്നീട് അദ്ദേഹത്തോട് സംസാരിച്ചത്. എന്റെ അവസ്ഥ അദ്ദേഹത്തിന് മനസിലായി. നാട്ടില്‍ എത്തിയിട്ട് വിളിക്കൂ, എന്നാശ്വസിപ്പിച്ച് അദ്ദേഹമെനിക്ക് ശുഭയാത്ര നേര്‍ന്നു'.

പിന്നെ കാര്യങ്ങളെല്ലാം വേഗത്തിലായിരുന്നു. എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന മനു എന്ന മലയാളിയുടെ സഹായത്തോടെ ഓണ്‍ലൈന്‍ ആയി ടിക്കറ്റ് ബുക്ക് ചെയ്തു. ടിക്കറ്റിനുള്ള പണം ചെക്കായി അയച്ചുകൊടുക്കുകയായിരുന്നു. ടിക്കറ്റ് ശരിയായതോടെ എത്രയും വേഗം നാട്ടിലെത്താനുള്ള തിടുക്കമായിരുന്നു ഫിജോയ്ക്ക്. പക്ഷേ, അവരെ കാത്തിരുന്നത് പിന്നെയും ഭയത്തിന്റെ നിമിഷങ്ങളായിരുന്നു.

രാവിലെ പത്തു മണിയോടെ ഞങ്ങള്‍ ഫ്ളുമിസിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഞങ്ങളെക്കൂടാതെ പത്തുമുപ്പത്തിയഞ്ചോളം മലയാളികള്‍ വേറെയുമുണ്ടായിരുന്നു. പഞ്ചാബില്‍ നിന്നുള്ള വേറെ ചിലരും. ബോര്‍ഡിംഗ് പാസിനായുള്ള ക്യൂവിലായിരുന്നു ഞങ്ങള്‍. ചിലര്‍ക്കൊക്കെ പാസ് കിട്ടി. ഞങ്ങളുടെ ഊഴത്തിനായി കാത്തു നില്‍ക്കുമ്പോഴാണ് ആ മോശം വാര്‍ത്ത വരുന്നത്. കൊച്ചിയിലേക്കുള്ളവരുടെ യാത്ര തത്കാലം തടഞ്ഞിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വന്നു പറഞ്ഞു. കാര്യമെന്തെന്നറിയാതെ പകച്ചുപോയി. രണ്ടു നവജാത ശിശുക്കള്‍, രണ്ടു മാസം പ്രായമുള്ള എന്റെ കുഞ്ഞ്, ഗര്‍ഭിണിയായ ഒരു യുവതി, സര്‍ജറിക്ക് തയ്യാറായി നാട്ടിലേക്ക് പോകാന്‍ വന്നിരിക്കുന്ന മറ്റൊരു സ്ത്രീ...യാത്രക്കാരായ ഞങ്ങളുടെ കൂട്ടത്തില്‍ ഇത്തരത്തില്‍ പലവിധത്തിലുള്ളവരുണ്ട്. ആര്‍ക്കും പോകന്‍ കഴിയില്ലെന്ന വിവരം എല്ലാവരെയും തളര്‍ത്തി കളഞ്ഞു. ഞങ്ങളുടെ ഉത്കണ്ഠകള്‍ക്ക് കാര്യമുണ്ടായില്ല. എല്ലാവരോടും മാറി നില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. അതിനുശേഷമാണ് യാത്ര മുടങ്ങിയതിന്റെ കാരണം പറയുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ അറിയിപ്പ് ഉണ്ടത്രേ, ഇറ്റലിയില്‍ നിന്നുള്ള യാത്രക്കാരെ തത്കാലം ഇന്ത്യയിലേക്ക് കൊണ്ടു വരേണ്ടതില്ലെന്ന്. യാത്ര വിലക്കാണ്. തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ വിലക്ക് നീക്കി കൊണ്ട് പുതിയ ലെറ്റര്‍ അയച്ചാല്‍ മാത്രമെ നിങ്ങളെ പോകാന്‍ അനുവദിക്കാന്‍ കഴിയൂ എന്നാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മാത്രമല്ല, രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമെ ഇന്ത്യയിലേക്ക് സ്വീകരിക്കൂ എന്നും സര്‍ക്കാരില്‍ നിന്നും അറിയിപ്പ് വന്നിട്ടുണ്ടത്രേ! ഞങ്ങള്‍ എന്ത് ചെയ്യാനാണ്? എങ്ങനെയെങ്കിലും ഇവിടെ നിന്നും നാട്ടിലേക്ക് വരാന്‍ നോക്കുന്ന ഞങ്ങളോട് വരേണ്ടെന്നു നാട്ടില്‍ നിന്നും പറഞ്ഞിരിക്കുന്നു. രോഗം ഇല്ലെന്നുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 28 ദിവസമെങ്കിലും കഴിയണം. അത്രയും നാള്‍ ഇവിടെ ഞങ്ങള്‍ കഴിയണോ? രോഗം പടരുന്ന സാഹചര്യത്തിലേക്ക് വീണ്ടും കഴിയേണ്ടി വരുന്നത് എത്ര ക്രൂരമായ അവസ്ഥയാണ്. ബോഡിംഗ് പാസ് എടുക്കാന്‍ നില്‍ക്കുമ്പോഴാണോ നിയമവും മുന്‍കരുതലുകളുമൊക്കെ പറഞ്ഞ് വരുന്നത്? ഇന്ത്യ ഞങ്ങളുടെ രാജ്യമല്ലേ.. സ്വന്തം രാജ്യമാണോ ഇങ്ങനെ അന്യരാക്കി ഞങ്ങളെ അകറ്റി നിര്‍ത്തുന്നത്?

അറിയാവുന്ന എല്ലാവരേയും വിളിച്ചു. ഓരോരുത്തരും തങ്ങള്‍ക്കറിയാവുന്ന ബന്ധങ്ങളെല്ലാം ഉപയോഗപ്പെടുത്തി. മന്ത്രിമാരെ, പൊലീസ് ഉദ്യോഗസ്ഥരെ, സിയാല്‍ അധികൃതരെ എല്ലാം ബന്ധപ്പെട്ടു. നാട്ടിലുള്ള മാധ്യമങ്ങളെ വിവരം അറിയിച്ചു.

മൂന്നു ദിവസമാണ് അനിശ്ചിത്വത്തിനു നടുവില്‍ കഴിയേണ്ടി വന്നത്. നാട്ടിലേക്ക് പോരുന്നതിനായി താമസിച്ചിരുന്ന വാടക വീട് ഒഴിഞ്ഞിരുന്നു. താക്കോല്‍ ഉടമയെ ഏല്‍പ്പിക്കുകയും ചെയ്തു. തിരിച്ചങ്ങോട്ട് പോകാന്‍ കഴിയില്ല. ഞങ്ങളുടെ മാത്രം അവസ്ഥയായിരുന്നില്ല അത്. ഒട്ടുമിക്ക പേരും അതേ സാഹചര്യത്തിലായിരുന്നു. എങ്ങോട്ട് പോകുമെന്നും എവിടെ താമസിക്കുമെന്നുമറിയാത്ത അവസ്ഥ. വിദ്യാര്‍ത്ഥികളായിരുന്നവരുടെ കാര്യമായിരുന്നു കൂടുതല്‍ കഷ്ടം. അവരെല്ലാവരും നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ ഹോസ്റ്റല്‍ റൂം വെക്കേറ്റ് ചെയ്തിരുന്നു. അവര്‍ പഠിക്കാന്‍ വന്നവരാണ്. കൈയില്‍ അത്യാവശ്യത്തിനല്ലാതെ പണമില്ല. നാട്ടിലേക്ക് മടങ്ങാനുള്ളതില്‍ കവിഞ്ഞ് അവരുടെ കൈയില്‍ ഒന്നുമില്ല. വിമാനത്താവളത്തില്‍ തടഞ്ഞതോടെ അവരുടെ കാര്യം കൂടുതല്‍ പരുങ്ങലിലായി. താമസിക്കാനിടമില്ല, ഭക്ഷണം കഴിക്കാന്‍ വഴിയില്ല. കൈയില്‍ പണമില്ല. ന്നോര്‍ത്തു നോക്കൂ, അന്യനാട്ടില്‍ ഇങ്ങനെയൊരു അവസ്ഥയില്‍ പെട്ടുപോയാല്‍!

അവിടെയും മനുഷ്യത്വമുള്ള ചിലര്‍ തങ്ങള്‍ക്കു മുന്നില്‍ എത്തിയെന്നതാണ് ഫിജോ ആശ്വാസത്തോടെ പറയുന്നത്. കോട്ടയത്തുകാരന്‍ ഒരു ജോമോന്‍ മത്തായി ഉണ്ട്. അദ്ദേഹം താമസിച്ചിരുന്നതും വാടക വീട്ടിലായിരുന്നു. അന്നാട്ടുകാരനായ ഒരു പൊലീസുകാരന്റെതായിരുന്നു വീട്. ജോമോന്‍ ചേട്ടനും വീടൊഴൊഞ്ഞിരുന്നെങ്കില്‍ പോലും ഞങ്ങളുടെ അവസ്ഥ മനസിലാക്കി വീട്ടുടമയെ വിളിച്ചു കാര്യം പറഞ്ഞു. എത്രപേര്‍ വേണമെങ്കിലും വന്നു താമസിച്ചോളൂ എന്നായിരുന്നു ആ നല്ല മനുഷ്യന്റെ മറുപടി. അദ്ദേഹത്തിന് മറിച്ചായിരുന്നു പറയാന്‍ ഉണ്ടായിരുന്നതെങ്കിലോ? രണ്ടു മാസം പ്രായമുള്ള ഈ കുഞ്ഞുമായി ഞങ്ങളെന്തു ചെയ്യുമായിരുന്നു! പിന്നെയും കണ്ടു ഹൃദയത്തില്‍ സ്‌നേഹവും അപരനോടുള്ള കരുതലമുള്ള മനുഷ്യരെ.

താമസത്തിനിടം കിട്ടിയ വീട്ടില്‍ നിന്നും ഞങ്ങള്‍ എന്നും എയര്‍പോര്‍ട്ടിലേക്ക് പോകും. ഇന്നെങ്കിലും പോകാന്‍ കഴിയുമെന്ന വിശ്വാസമാണ്. പക്ഷേ നിരാശരായി മടങ്ങിപ്പോരും. ഇതിനിടയില്‍ വേറെയും പ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നും ഞങ്ങള്‍ ഒരേ റൂട്ടില്‍ തന്നെ പോകുന്നത് കണ്ട് പൊലീസ് തടയും. ഇന്നലെ നമ്മള്‍ എയര്‍പോര്‍ട്ടിലേക്ക് പോയതാണ്. ഇന്നു വീണ്ടും...അങ്ങനെ വരുമ്പോള്‍ പൊലീസിന്റ അന്വേഷണം ഉണ്ടാകും. നമ്മുടെ റൂട്ടും യാത്രയുമൊക്കെ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതാണ്. ഒരേ റൂട്ടില്‍ തന്നെ വീണ്ടും വീണ്ടും സഞ്ചരിക്കുന്നത് സംശയമുണ്ടാക്കും. എന്തുകൊണ്ട് രണ്ടു ദിവസമായിട്ടും നിങ്ങള്‍ക്ക് വിമാന യാത്ര സാധ്യമാകുന്നില്ലെന്നതൊക്കെ അവര്‍ക്ക് സംശയിക്കാന്‍ ശക്തമായ കാരണങ്ങളാണ്. പക്ഷേ, പൊലീസിന് സാഹചര്യങ്ങള്‍ മനസിലായതുകൊണ്ട് മാത്രമാണ് അവര്‍ ഞങ്ങളെ കസ്റ്റഡിയില്‍ എടുക്കാതെ വിട്ടത്.

നഗരം ഏതാണ്ട് പൂര്‍ണമായി നിശ്ചലമായിരുന്നു. ഭക്ഷണ സാധനങ്ങള്‍ പോലും കിട്ടാന്‍ വഴിയില്ലാത്ത അവസ്ഥ. ഷോപ്പുകള്‍ തുറക്കുന്നില്ലല്ലോ. പുറത്തേക്ക് ഇറങ്ങാനും പറ്റില്ല. അവിടെയും ഞങ്ങള്‍ക്ക് സഹായമായി മലയാളികളെത്തി. ടാക്‌സി ഡ്രൈവറായി ജോലി നോക്കുന്ന ജോഷി ചേട്ടന്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ എന്തെങ്കിലും കിട്ടുമോയെന്നു നോക്കാന്‍ കിലോമീറ്ററുകളോളം വണ്ടിയോടിച്ചു. അങ്ങനെയെത്രയെത്ര പേര്‍... അവരോടൊക്കെ നന്ദി പറയാന്‍ വാക്കുകളില്ല.

മൂന്നുനാലു ദിവസത്തെ ദുരിതങ്ങളില്‍ നിന്നും മോചിതരായി ഒടുവില്‍ ഞങ്ങള്‍ ഇന്ത്യയിലേക്ക് വിമാനം കയറി. ആശ്വാസത്തിന്റെ ആകാശത്തുകൂടി പറന്ന് ശനിയാഴ്ച്ച ഞങ്ങള്‍ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങി. ഇവിടെ ഞങ്ങള്‍ക്ക് കിട്ടിയത് സ്‌നേഹവും കരുതലും നിറഞ്ഞ പരിചരണമായിരുന്നു. ഹെല്‍ത്ത് ചെക്ക് അപ്പിനു വേണ്ടി രണ്ടര മണിക്കൂളോളം കാത്തിരിക്കണമെന്ന് പറഞ്ഞു. രോഗലക്ഷണമുണ്ടെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നും അല്ലാത്തവര്‍ക്ക് ചെക്ക് അപ്പിനുശേഷം വീട്ടിലേക്ക് പോകാമെന്നും എന്നാല്‍ 14 ദിവസം ഹോം ക്വാറന്റയിനു വിധേയമാകണമെന്നും പറഞ്ഞു. അവര്‍ പറഞ്ഞതെല്ലാം അനുസരിക്കാന്‍ ഞങ്ങള്‍ക്ക് സ്വമനസ്സാലെ തയ്യാറായിരുന്നു. വീട്ടിലെത്തുന്നതുവരെ ഞങ്ങള്‍ക്ക് ഇടപഴകേണ്ടി വന്നവരില്‍ ഒരാളുപോലും അകറ്റി നിര്‍ത്തുകയോ ഭയപ്പാടോടെ കാണുകയോ ചെയ്തില്ല... അവരുടെ സ്വന്തമായവരോടെന്നപോലെയായിരുന്നു പെരുമാറിയത്. പൊലീസുകാരും ആംബുലന്‍സ് ഡ്രൈവറുമെല്ലാം സഹോദര സ്‌നോഹമാണ് കാണിച്ചത്.

ഒരു കാര്യം കൂടി ഇക്കൂട്ടത്തില്‍ പറയുകയാണ്. മനസില്‍ ഒട്ടും കാലൂഷ്യമോ വൈരാഗ്യമോ വച്ചുകൊണ്ടല്ല പറയുന്നത്. ഞങ്ങള്‍ നാട്ടിലേക്ക് വരാനാകാതെ തീ തിന്നുകൊണ്ട് ഇറ്റലിയില്‍ കഴിയുമ്പോള്‍, നാട്ടില്‍ നിന്നും ചിലര്‍ സോഷ്യല്‍ മീഡിയ വഴി ഞങ്ങളെ ചീത്ത വിളിക്കുന്നുണ്ടായിരുന്നു. ഇങ്ങോട്ട് വന്നുപോകരുതെന്ന് ഭീഷണിയായും മുന്നറിയിപ്പായുമൊക്കെ അവര്‍ പറഞ്ഞു. ഈ നാട് പ്രളയത്തില്‍ മുങ്ങിയപ്പോള്‍, ഞങ്ങള്‍ക്കൊന്നുമില്ലല്ലോ അവിടെയുള്ളവര്‍ക്കല്ലേ പ്രശ്‌നം അവര്‍ അനുഭവിക്കട്ടേയെന്ന് അന്യനാട്ടില്‍ കിടന്ന് ഞങ്ങളാരും ചിന്തിച്ചില്ല. സ്വന്തം കൂടപ്പിറപ്പുകള്‍ക്കൊരു ദുരിതം വരുമ്പോള്‍ നമ്മുക്കെല്ലാം എത്രത്തോളം വേദനിക്കുമോ അതേ വേദനയായിരുന്നു ഞങ്ങള്‍ക്കും. വ്യക്തിപരമായും സംഘടനകള്‍ വഴിയുമെല്ലാം ചെയ്യാവുന്ന സഹായങ്ങളെല്ലാം ചെയ്തതാണ്. എന്നിട്ടും ഞങ്ങള്‍ക്കിങ്ങനെ വന്നപ്പോള്‍ ചിലരെങ്കിലും അന്യരാക്കി കളഞ്ഞല്ലോ! ശരിക്കും മനസിനെ വേദനിപ്പിച്ച കാര്യങ്ങളാണ്. പക്ഷേ, ഇപ്പോള്‍ അതൊന്നും അലട്ടുന്നില്ല. ഏതാനും പേര്‍ എന്തൊക്കെയോ പറഞ്ഞു. അത്രേയുള്ളൂ. ഈ നാടും ഇവിടെയുള്ള ബാക്കി മനുഷ്യരും ഞങ്ങളെ കൈവിട്ടില്ലല്ലോ...മാധ്യമങ്ങള്‍ ഞങ്ങളെ കൈവിട്ടിട്ടില്ലല്ലോ.....ഭരണകൂടവും പൊലീസും കൈവിട്ടിട്ടില്ലല്ലോ...

കുറച്ച് ദിവസങ്ങള്‍ അനുഭവിച്ച ഭയവും ആശങ്കയുമെല്ലാം ഞങ്ങളെയിപ്പോള്‍ വിട്ടൊഴിഞ്ഞു. സമാധാനത്തോടെയും സുരക്ഷിത്വത്തോടെയുമാണ് ഇപ്പോഴുള്ളത്. ഈ നാടിന്റെ, വീടിന്റെ കരുതല്‍ ഞങ്ങള്‍ക്കിപ്പോള്‍ ഉണ്ടല്ലോ! ഫിജോ പറഞ്ഞു നിര്‍ത്തുന്നു.


Next Story

Related Stories