TopTop
Begin typing your search above and press return to search.

'ഒന്നര വയസ്സുുള്ള കുഞ്ഞുങ്ങളെ ഉറക്കത്തീന്ന് എണീപ്പിച്ച് വണ്ടിയിലാക്കി, വീട് അടിച്ചു നിരത്തി' ആറ്റിപ്രയിൽ പൊലീസ് ദളിത് കുടുംബങ്ങൾക്കെതിരായ കോടതി വിധി നടപ്പിലാക്കിയത് ഇങ്ങനെ

'ഉടുതുണി പോലും എടുക്കാന്‍ സമ്മതിച്ചില്ല. ഉറങ്ങി കിടന്നിരുന്ന കുഞ്ഞുങ്ങളെ അവിടെ നിന്നെടുത്തോണ്ടാണ് അവര് പോയത്. ഒന്നര വയസ്സും മൂന്ന് വയസ്സും ഒക്കെയുള്ള കുഞ്ഞുങ്ങളെ ഉറക്കത്തീന്ന് എണീപ്പിച്ച് എടുത്തോണ്ട് വണ്ടിയിലാക്കി. എണ്‍പത് വയസ്സുള്ള അമ്മയെ വലിച്ചിഴച്ച് ഇട്ടിരുന്ന ബോഡി വരെ കീറിപ്പോയി. കിടക്കാന്‍ നേരത്ത് കൈലി മുണ്ടും ബ്ലൗസും മാത്രം ഇട്ടിരുന്നതിന് മുകളില്‍ ഒരു തോര്‍ത്തിട്ടോട്ടെ എന്ന് ഒരമ്മ കെഞ്ചി. അത് പോലും അവര് സമ്മതിച്ചില്ല. അടിപ്പാവാടയുടുത്തോട്ടേ എന്ന് ചോദിച്ച എന്നോട് 'നീ പാവാടയൊന്നും ഉടുക്കണ്ടടീ' എന്ന് അലറി. കുളിക്കാന്‍ വേണ്ടി തോര്‍ത്ത് ഉടുത്ത് നിന്നവനെ ആ വേഷത്തില്‍ തന്നെ വലിച്ച് കയറ്റി. പോലീസ് സ്‌റ്റേഷനില്‍ ഒരു മുറിയില്‍ പച്ചവെള്ളം പോലും തരാതെ പത്ത് മണിക്കൂറ്. പൊടിക്കുഞ്ഞുങ്ങളടക്കം വിശന്ന് നെലവിളീം ബഹളോം ആയിട്ടും അതിങ്ങക്ക് പോലും വെശപ്പ് മാറ്റാന്‍ ഒന്നും തന്നില്ല. അവസാനം വെളുപ്പിന് പോലീസ് സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ട് വന്ന ഞങ്ങക്ക് കുടിക്കാന്‍ ഒരു തരി വെള്ളം കിട്ടണത് വൈകിട്ട് മൂന്ന് മണി കഴിഞ്ഞപ്പോ. അതിനെടക്ക് ഞങ്ങടെ പെരയെല്ലാം അവര് ഇടിച്ച് നെരത്തി...' കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തില്‍ ചെങ്കോടിക്കാട് കോളനിയിലെ ആറ് ദളിത് കുടുംബങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളാണ് അതിന് ഇരയായ ശോഭ വിവരിച്ചത്. ശോഭയുള്‍പ്പെടെയുള്ളവരെ ജൂലൈ 29ന് പുലര്‍ച്ചെ അഞ്ച് മണിയോടെ പോലീസെത്തി കുടിയൊഴിപ്പിക്കുകയായിരുന്നു. വര്‍ഷങ്ങളായി തുടരുന്ന വസ്തു തര്‍ക്കത്തിനൊടുവില്‍ കോടതി ആറ് കുടുംബങ്ങളേയും ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.

വീട്ടില്‍ നിന്ന് ഇറക്കുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളല്ലാതെ മറ്റൊന്നും ഇന്ന് ഇവരുടെ കയ്യിലില്ല. ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍, കുട്ടികളുടെ പാഠപുസ്തകങ്ങളും അടുക്കള പാത്രങ്ങളും വരെ മണ്ണിനടിയിലായി. കയ്യില്‍ കരുതിയിരുന്ന തുച്ഛമായ പൈസയും ആകെയുണ്ടായിരുന്ന കുറച്ച് സ്വര്‍ണവും മൊബൈല്‍ഫോണുകളും വസ്ത്രങ്ങളും എല്ലാം ജെസിബിയുടെ ഇടിച്ച് നിരത്തലില്‍ ഉണ്ടായ മണ്‍കൂനകള്‍ക്കുള്ളിലായി. പകല്‍ മുഴുവന്‍ വില്ലേജ് ഓഫീസിന് മുന്നില്‍. രാത്രി വില്ലേജ് ഓഫീസില്‍ തന്നെ കഞ്ഞിവച്ച് കുടിച്ച് വാടക കെട്ടിടത്തിലേക്ക് മടങ്ങും. ചെറിയ രണ്ട് വാടക കെട്ടിടങ്ങളിലായി 28 പേരടങ്ങുന്ന ആറ് കുടുംബങ്ങള്‍. ആറ്റിപ്രയില്‍ നിന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ ജീവിതം ഇന്ന് ഇങ്ങനെയാണ്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മണ്‍വിള ആറ്റിപ്രം വാര്‍ഡിലാണ് പതിറ്റാണ്ടുകളായി കുടുംബങ്ങള്‍ താമസിച്ചിരുന്നത്. 98 വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃപ്പാപ്പൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പള്ളിവേട്ടയ്ക്ക് ചൂട്ടുകറ്റ കെട്ടി വെളിച്ചം നല്‍കുന്ന കുടുംബത്തിന് തിരുവിതാംകൂര്‍ രാജാവ് ക്ഷേത്ര സേവനത്തിന് ' ഒറ്റി ഭൂമി' ആയി പതിച്ച് നല്‍കിയതാണ് ചെങ്കോിക്കാട്ടിലെ ഭൂമിയെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. അനന്തകാളി എന്നയാള്‍ക്ക് ഒറ്റിയായി പതിച്ച് നല്‍കിയ ഭൂമിയിലാണ് പിന്‍ഗാമികളായ കുടുംബങ്ങളെല്ലാം താമസിച്ചിരുന്നത്. ഇത്തരത്തില്‍ നല്‍കുന്ന ഭൂമി 10 വര്‍ഷം കഴിഞ്ഞാല്‍ പതിച്ച് നല്‍കുന്നയാള്‍ക്ക് സ്വന്തമാവും. ' എന്നാല്‍ പട്ടയത്തിന് അപേക്ഷിക്കണമെന്ന അറിവൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. കാലാകാലങ്ങളായി ഞങ്ങള്‍ താമസിച്ച് വന്നിരുന്ന ഭൂമിയില്‍ നിന്ന് ഇറക്കി വിടുമെന്ന് കരുതിയിരുന്നില്ല. പക്ഷെ ഇത് തന്റെ ഭൂമിയാണെന്ന് പറഞ്ഞ് ഒരാള്‍ കോടതിയില്‍ പോയി. ഞങ്ങള്‍ക്ക് വന്ന വക്കീലന്‍മാരെയൊക്കെ അവര്‍ കാശ്‌കൊടുത്ത് ഒതുക്കി. ഞങ്ങള്‍ക്ക് ഇതൊന്നും ഒരു ധാരണയുമില്ല. ഹൈക്കോടതിയില്‍ ഞങ്ങള്‍ അപ്പീല്‍ പോയിട്ടുണ്ട്. പക്ഷെ അപ്പഴേക്കും ഞങ്ങളെ അവിടെ നിന്നിറക്കി വീടുകളും തകര്‍ത്ത് സ്ഥലം അവര്‍ സ്വന്തമാക്കി.' കുടുംബാംഗങ്ങളിലൊരാളായ ബിജു പറഞ്ഞു.

മുന്നറിയിപ്പില്ലാതെയാണ് തങ്ങളെ ഒഴിപ്പിച്ചതെന്ന് ഇവര്‍ പറയുന്നു. ' ഏഴും എട്ടും നില സിമന്റും കല്ലും ചുമന്ന് അധ്വാനിച്ച് ഉണ്ടാക്കിയതാണ് ഒരു സ്വര്‍ണമാല. അത് പോലും ഇനി കിട്ടില്ല. എന്റെ മകള്‍ ഡിഗ്രി കഴിഞ്ഞു. മകന്‍ പ്ലസ്ടു വരെ പഠിച്ചു. അവരുടെ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ പോലുമുള്ള സമയം ഞങ്ങള്‍ക്ക് തന്നില്ല. വെളുപ്പാന്‍ കാലത്ത് ഞങ്ങള്‍ കുറച്ച് പേര്‍ ഉണര്‍ന്നിരുന്നു. കുത്തിക്കേറി പെയ്യുന്ന മഴയായരുന്നു. അപ്പഴാണ് അവര്‍ വന്ന വാതിലില്‍ മുട്ടിയത്. വാതില്‍ തുറന്നതും കയ്യില്‍ കയറിപ്പിടിച്ച് പുറത്തേക്കിറക്കുകയായിരുന്നു. കോവിഡ് ആയിട്ട് ഒരു മാസ്‌ക്ക് എടുക്കാന്‍ പോലും സമയം തരാതെ ഞങ്ങളെ വണ്ടികളില്‍ കയറ്റി കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. ഇറക്കുമെന്ന് പറഞ്ഞിരുന്നെങ്കില്‍ എല്ലാം പെറുക്കി മാറ്റുകയെങ്കിലും ചെയ്യാമായിരുന്നു. ഒന്നുമില്ലാത്തവരാക്കി ഞങ്ങളെ. വീടും പോയി ഉണ്ടായിരുന്നതെല്ലാം പോയി. ഇത്രയും ക്രൂരത കാണിക്കാന്‍ ഞങ്ങളെന്ത് ചെയ്ത്.'

എന്നാല്‍ സര്‍വേ നമ്പറുകള്‍ മാറ്റി തങ്ങളെ ഉദ്യോഗസ്ഥരും റിയല്‍എസ്‌റ്റേറ്റ് മാഫിയയും ചേര്‍ന്ന് ചതിച്ചതാണെന്നാണ് ഇവരുടെ ആരോപണം. 'ഈ ഭൂമിയോട് ചേര്‍ന്നുള്ള നാലരയേക്കര്‍ ഭൂമി ഒരു ബില്‍ഡേഴ്‌സ് ഗ്രൂപ്പ് വാങ്ങിയിട്ടുണ്ട്. ഞങ്ങളുടെ ഭൂമി കിട്ടിയാല്‍ അവര്‍ക്ക് നല്ല ഫ്രണ്ടേജ് ആവും. കേസ് വന്നപ്പോള്‍ തങ്ങള്‍ കേസ് നടത്തിക്കോളാമെന്നും സെന്റിന് ഒരു ലക്ഷം രൂപയ്ക്ക് സ്ഥലം നല്‍കിയാല്‍ മതിയെന്നും ഇവര്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് ഞങ്ങളാരും അംഗീകരിച്ചില്ല. ഇപ്പോഴത്തെ ഈ നടപടിയില്‍ അവരുടെ ഉള്‍പ്പെടെ കളി നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്.' ബിജു ആരോപിച്ചു.

പൊതുപ്രവര്‍ത്തകനായ സി മോഹനകുമാറും വാര്‍ഡ് കൗണ്‍സിലര്‍ സുനില്‍ ചന്ദ്രയും ചേര്‍ന്ന് 29ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സ്‌റ്റേഷനിലെത്തി കുടുംബങ്ങളെ ജാമ്യത്തിലിറക്കിയത്. ' കൈക്കുഞ്ഞുങ്ങളുമായി പെരുമഴയത്ത് റോഡിലിറങ്ങി എങ്ങോട്ട് പോവും എന്നറിയാതെ നില്‍ക്കുകയായിരുന്നു അവര്‍. തല്‍ക്കാലം മോഹന്‍കുമാറിന്റെ വീട്ടില്‍ തന്നെ അവരെ താമസിപ്പിച്ചു.' വാര്‍ഡ് കൗണ്‍സിലറായ സുനില്‍ ചന്ദ്ര പറഞ്ഞു. എന്നാല്‍ തങ്ങള്‍ വില്ലേജ് ഓഫീസില്‍ കഴിയുമെന്ന നിലപാടിലായിരുന്നു കുടുംബങ്ങള്‍. 30ന് രാവിലെ മുതല്‍ ആറ്റിപ്ര വില്ലേജ് ഓഫീസിന് മുന്നില്‍ കുഞ്ഞുങ്ങളടക്കമുള്ളവര്‍ സമരത്തിലാണ്. രണ്ട് വാടക മുറികള്‍ ഇവര്‍ക്ക് എടുത്ത് നല്‍കിയിട്ടുണ്ട്. ഈ രണ്ട് മുറികളിലായാണ് 28 പേര്‍ കഴിയുന്നത്. കോടതി ഉത്തരവുണ്ടെങ്കില്‍ കൂടി പോലീസ് അതിക്രമത്തിന് നീതീകരണമില്ലെന്ന് കൗണ്‍സിലര്‍ പറയുന്നു. ' പോലീസ് കോടതി ഉത്തരവ് നടപ്പാക്കിയതാണെന്ന് കരുതാം. എന്നാല്‍ അവരുടെ വസ്തുവിനെക്കുറിച്ച് പോലും ഒന്നും അറിവില്ലാത്ത കൂലിപ്പണിയും മറ്റ് വീടുകളില്‍ പണിയെടുത്തും കഴിയുന്ന പാവങ്ങളോട് ഇങ്ങനെ ചെയ്തത് ന്യായീകരിക്കാനാവില്ല. 4.30 ആയപ്പോള്‍ അവരെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ വിട്ടു. അതിനിടക്ക് അവരുടെ വീട്ടിലുള്ള സാധനങ്ങള്‍ പോലും എടുക്കാന്‍ സമ്മതിക്കാതെ മുഴുവനും ജെസിബി കൊണ്ട് വന്ന് തകര്‍ത്തു. വാര്‍ഡ് കൗണ്‍സിലറായ എന്നെപ്പോലും ആ സ്ഥലത്തേക്ക് പോലീസ് കയറ്റിവിട്ടില്ല. കയറിക്കിടക്കാന്‍ സ്ഥലമില്ലാത്ത അവര്‍ക്ക് സ്ഥലം ഉണ്ടാക്കി നല്‍കല്‍ ആയിരുന്നു വലിയ പാട്. കൊറോണയായിട്ട് ആരും പുറത്ത് നിന്നുള്ളവരെ വീട്ടില്‍ താമസിപ്പിക്കാന്‍ സമ്മതിക്കുമായിരുന്നില്ല. തുണി പോലും മാറി ഉടുക്കാന്‍ ഇല്ലാതിരുന്നിട്ട് പലരുടേയും സഹായത്തോടെയാണ് കുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ രണ്ട് ജോഡി ഡ്രസ് എങ്കിലും വാങ്ങിക്കൊടുത്തത്. പോലീസിന്റെ അഴിഞ്ഞാട്ടമാണ് അവിടെ നടന്നത്. ഇറക്കി വിടുമ്പോള്‍ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള സംവിധാനം കൂടി സര്‍ക്കാര്‍ ആലോചിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീര്‍ത്തും മനുഷ്യാവകാശ ലംഘനമാണുണ്ടായത്.'

എന്നാല്‍ കോടതി വിധി നടപ്പാക്കുക മാത്രമാണ് പോലീസ് ചെയ്തതെന്ന് കഴക്കൂട്ടം സി ഐ ജെ എസ് പ്രവീണ്‍ പ്രതികരിച്ചു. 'ആറ് മാസത്തിലധികം സമയം സ്വയം ഒഴിയാനായി ലഭിച്ചിരുന്നു. എന്നാല്‍ അവര്‍ ഒഴിയാന്‍ തയ്യാറായിരുന്നില്ല. കോടതി വിധി ജൂലൈ 30തിനുള്ളില്‍ നടപ്പാക്കണമെന്ന് പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിധി നടപ്പാക്കാത്തതില്‍ കോടതിയലക്ഷ്യ നടപടിയും പോലീസിനെതിരെ വന്നിരുന്നു. വനിതാ പോലീസ് എത്തിയാണ് കുട്ടികളേയും സ്ത്രീകളേയും അറസ്റ്റ് ചെയ്തത്. മുമ്പ് ഒഴിപ്പിക്കല്‍ നടപടിക്കായി ചെന്നപ്പോള്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ ആളുകളാണ് അവിടെയുണ്ടായിരുന്നത്. അതുകൊണ്ടാണ് മുന്നറിയിപ്പില്ലാതെ രാവിലെ ചെന്നത്. മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കാനുള്ള സമയം അവര്‍ക്ക് കിട്ടിക്കാണില്ല. അല്ലാതെ തുണിയുടുക്കാനുള്ള സമയം ഒക്കെ വേണ്ടവര്‍ക്ക് കിട്ടിയിട്ടുണ്ട്.' എന്നാല്‍ പോലീസ് തങ്ങളോട് കാണിച്ച അതിക്രമത്തിനെതിരെ ദളിത് സംഘടനകള്‍ വഴി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബങ്ങള്‍. തങ്ങള്‍ക്ക് സ്വന്തമായി ഭൂമിയോ താമസ സൗകര്യമോ ലഭിക്കുന്നത് വരെ വില്ലേജ് ഓഫീസില്‍ സമരം തുടരാനാണ് ഇവരുടെ തീരുമാനം.


കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories