തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെയാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് കരുതുന്ന അന്‍സര്‍, ഉണ്ണി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പ്രഥമവിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കേസിലെ പ്രതികളെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും എഫ്ഐആർ ചുണ്ടിക്കാട്ടുന്നു. പ്രതികൾ കൊല്ലപ്പെട്ട മിഥ് രാജ്, ഹഖ് മുഹമ്മദ് എന്നിവരെ തടഞ്ഞുവച്ച് മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തുതയായിരുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരുടെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. പിടിയിലുള്ള മറ്റുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യമാണെന്നും ഹക്ക് മുഹമ്മദിനെ പ്രതികൾ നേരത്തെ തന്നെ ലക്ഷ്യമിട്ടിരുന്നു എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
അതിനിടെ, കൊലപാതവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ എംപി അടൂർ പ്രകാശിനെതിരെ മന്ത്രി ഇ പി ജയരാജൻ രംഗത്തെത്തി. വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധമുണ്ടെന്ന് ആരോപിച്ച മന്ത്രി കൊലപാതകത്തിന് ശേഷം പ്രകാശിനെ പ്രതികൾ ഫോണിൽ വിളിച്ചുവെന്നും, ഗൂഢാലോചനയിൽ അദ്ദേഹത്തിൻ്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഹക്ക് മുഹമ്മദിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കൊലപാതകം ആസൂത്രിതമാണെന്ന് മന്ത്രി ഇ പി ജയരാജൻ ആരോപിച്ചു. കൊലയാളി സംഘങ്ങൾക്ക് കോൺഗ്രസ് നേതൃത്വം രൂപം നൽകിയിരിക്കുന്നു. മറ്റു ജില്ലകളിലും കൊലപാതകങ്ങൾക്ക് കോൺഗ്രസ് പദ്ധതിയിട്ടിട്ടുണ്ട്. തിരുവോണ നാളിൽ കോൺഗ്രസ് രക്ത പൂക്കളമുണ്ടാക്കിയെന്നും മന്ത്രി ആരോപിച്ചു.