TopTop
Begin typing your search above and press return to search.

ഇതുവരെ തീരത്ത് നിന്ന് നീക്കിയത് 44200 ടണ്‍ കരിമണല്‍, കടലാക്രമണ ഭീതിയില്‍ തോട്ടപ്പള്ളി, പുറക്കാട് നിവാസികള്‍

ഇതുവരെ തീരത്ത് നിന്ന് നീക്കിയത് 44200 ടണ്‍ കരിമണല്‍, കടലാക്രമണ ഭീതിയില്‍ തോട്ടപ്പള്ളി, പുറക്കാട് നിവാസികള്‍

പെരുമഴയും കടല്‍ കയറ്റവും അവഗണിച്ച് തോട്ടപ്പള്ളിയില്‍ കരിമണല്‍ നീക്കം തുടരുന്നു. ഇതുവരെ കടല്‍ത്തീരത്ത് നിന്ന് നീക്കിയത് 44200 ടണ്‍ കരിമണല്‍. വന്‍ തോതില് മണല്‍ നീക്കം തുടരുമ്പോള്‍ കടലാക്രമണ ഭീതിയിലാണ് തോട്ടപ്പള്ളി, പുറക്കാട് നിവാസികള്‍. തോട്ടപ്പള്ളിയില്‍ നിന്ന് കരിമണല്‍ വാരുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ പ്രതിഷേധം 35 ദിവസങ്ങള്‍ പിന്നിട്ടു. എതിര്‍പ്പ് രൂക്ഷമാവുമ്പോഴും മണലെടുപ്പ് തുടരും എന്നുറച്ച് സര്‍ക്കാര്‍.


റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം: മണലെടുപ്പും മരംവെട്ടും കുട്ടനാടിനെ രക്ഷിക്കാനെന്ന്; ഇനി സഹനമില്ല, പോരാട്ടം മാത്രമെന്ന് തീരത്തെ കടലിന് കൊടുക്കുന്നവർക്ക് ആറാട്ടുപുഴക്കാരുടെ മുന്നറിയിപ്പ്‌


തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, പുറക്കാട് മേഖലകള്‍ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളാണ്. കാലവര്‍ഷത്തിലുണ്ടാവുന്ന കടല്‍ കയറ്റത്തില്‍ വര്‍ഷം തോറും പതിനായിരക്കണക്കിനാളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കേണ്ടി വരുന്ന പ്രദേശങ്ങള്‍. ആയിരക്കണക്കിന് വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ കടലെടുത്ത് പോവുന്നതും ഇവിടെ പതിവാണ്. "എപ്പോള്‍ വേണമെങ്കിലും കടല് കയറി വരും എന്ന് കരുതി ജീവിക്കുന്നവരാണ് ഇവിടെയുള്ളവര്‍. തോട്ടപ്പള്ളിയിലെ ഈ മണ്ണ് ഇവിടെ ആവശ്യമില്ലാത്തതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അതിന്റെ ആവശ്യം എന്താണെന്ന് ഇവിടെ താമസിക്കുന്നവര്‍ക്ക് മാത്രമാണ് അറിയുക. കടലിപ്പോള്‍ തീരം എടുക്കുന്നതേയുള്ളൂ. മണ്ണ് കൊണ്ടുവക്കുന്നില്ല. ഇവിടെ വന്നടഞ്ഞിരിക്കുന്ന മണ്ണ് തൃക്കുന്നപ്പുഴയില്‍ നിന്നോ ആറാട്ടുപുഴയില്‍ നിന്നോ ഒക്കെ ഓരോ കാലാവസ്ഥ മാറുന്നതിനനുസരിച്ച് കടല് കൊണ്ടുവച്ചതാണ്. അതിനി ഒരു തിരിവിന് കടല്‍ തിരിച്ച് കൊണ്ടു പോയി ആ തീരത്തോ അല്ലെങ്കില്‍ മറ്റൊരു തീരത്തോ ഇടും. ഇത് കടലിനെ അറിയാവുന്നവര്‍ക്കറിയാവുന്ന കാര്യമാണ്. ഇപ്പോള്‍ ഇവര്‍ വാരിക്കൊണ്ട് പോവുന്ന കടല്‍ മണ്ണ് നാളെ വേറെ ഏതെങ്കിലും തീരത്ത് എത്തണ്ടതാണ്. അല്ലെങ്കില്‍ ഈ തീരത്തെ സംരക്ഷിക്കുന്നതാണ്. ഈ മണ്ണും കൂടി കൊണ്ട് പോയാല്‍ കടല് എളുപ്പത്തില്‍ ഇങ്ങോട്ട് കയറി വരും." പുറക്കാട് സ്വദേശിയായ ശ്രീവല്‍സന്‍ പറഞ്ഞു.

കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കടലാക്രമണം ഏറി വരുന്നതായും തീരം ക്രമാതീതമായി ശോഷിക്കുന്നതായും പഠനങ്ങള്‍ ഉണ്ട്. എന്നാല്‍ ആ സാഹചര്യത്തിലും യാതൊരു വിധ പഠനങ്ങളും ഇല്ലാതെയാണ് രണ്ട് ലക്ഷം ക്യുബിക് മീറ്റര്‍ മണല്‍ കടല്‍ തീരത്ത് നിന്ന് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ കെ എം എം എല്ലിനെ ചുമതലപ്പെടുത്തിയതെന്ന് ആരോപണമാണ് സമര സമിതി തുടക്കം മുതല്‍ ആരോപിക്കുന്നത്. തോട്ടപ്പള്ളി പൊഴിയുടെ ആഴവും വീതിയും കൂട്ടുന്നതിന്റെ ഭാഗമായാണ് കടല്‍ തീരത്ത് അടിഞ്ഞ് കൂടിയിരിക്കുന്ന കരിമണല്‍ ഖനനത്തിനായി കെ എം എം എല്‍ എടുക്കുന്നത്. ഇത്രയധികം മണല്‍ വാരുന്നത് പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് സമര സമിതി പ്രവര്‍ത്തകര്‍ പറയുന്നത്.

എന്നാല്‍ കുട്ടനാടിനെ പ്രളയത്തില്‍ നിന്ന് രക്ഷിക്കാന്‍ മണല്‍ വാരല്‍ ആവശ്യമാണെന്നാണ് സര്‍ക്കാര്‍ വാദം. തോട്ടപ്പള്ളി സ്പില്‍ വേ വഴി കുട്ടനാട്ടിലെ വെള്ളം അറബിക്കടലിലേക്ക് എത്തിയാല്‍ മാത്രമേ വെള്ളപ്പൊക്കം നിയന്ത്രിക്കാനാവൂ. എന്നാല്‍ ഒരു മാസത്തിലധികമായി മണലെടുപ്പ് നടക്കുന്നുണ്ടെങ്കിലും പൊഴി മുറിക്കലോ പൊഴിയിലേക്ക് കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലേയും വെള്ളം എത്തുന്ന ലീഡിങ് കനാല്‍ വീതിയും ആഴവും കൂട്ടുന്നതിനുള്ള നടപടികളോ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാരും നാട്ടുകാരും പറയുന്നു. 'പട്ടംതാണുപിള്ളയുടെ കാലത്ത് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയതാണ് തോട്ടപ്പള്ളി സ്പില്‍വേ. മഹാ പ്രളയങ്ങളും വെള്ളപ്പൊക്കങ്ങളും വന്നപ്പോള്‍ പോലും ഇതുപോലൊരു മണലെടുപ്പ് തീരത്തുണ്ടായിട്ടില്ല. 82 കുട്ടനാട്ടില്‍ വലിയ പ്രളയമുണ്ടായി. 2018ലെ മഹാ പ്രളയം വന്നപ്പോള്‍ പോലും തോട്ടപ്പള്ളി പൊഴി മുറിച്ചപ്പോള്‍ വെള്ളം ഒഴുകിപ്പോയി. പൊഴി കൃത്യമായി മുറിക്കണം, ആഴവും വീതിയും കൂട്ടണം. എന്നാല്‍ അതിന് കടല്‍ തീരത്തുള്ള കരിമണല്‍ വാരിക്കൊണ്ട് പോവുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്ക് ഒരു വിശദീകരണം എങ്കിലും സര്‍ക്കാര്‍ തരൂ. കര്‍ഷകരെ രക്ഷിക്കാനാണെന്ന് പറഞ്ഞ് ഇനി കണ്ണില്‍ പൊടിയിടരുത്.' നാട്ടുകാരനായി സുഹൈല്‍ ഷറഫ് പ്രതികരിച്ചു.

തോട്ടപ്പള്ളി, പുറക്കാട് പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ചും പ്രദേശത്ത് പ്രതിഷേധം ശക്തിപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസും സി പി ഐയും ബിജെപിയും ധീവരസഭയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും. അതേ സമയം കരിമണല്‍ എടുക്കുന്നതില്‍ നിന്ന് ഒരു കാരണവശാലും പിന്‍മാറില്ലെന്നായിരുന്നു വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ പ്രതികരണം. കോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തെ എതിര്‍ക്കുന്നവര്‍ക്ക് പിന്നില്‍ മാഫിയയാണ്. കെ എം എം എല്‍ ലാഭത്തിലാവുന്നതില്‍ പ്രതിപക്ഷത്തിന് അസൂയയാണ്. തോട്ടപ്പള്ളിയില്‍ നിന്ന് എടുക്കുന്ന കരിമണല്‍ ഉപയോഗിക്കുന്നതില്‍ എന്ത് തെറ്റാണ് ഉള്ളതെന്നും മന്ത്രി പ്രതികരിച്ചു. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനാണ് മണലെടുപ്പ്. ഇപ്പോള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ മണല്‍ കടത്തുകാര്‍ക്ക് വേണ്ടിയാണ്. സ്പില്‍വേയ്ക്ക് മണല്‍ തടസ്സമാണ്. ഈ അസംസ്‌കൃത വസ്തു ഉപയോഗിക്കരുതെന്ന് പറയുന്നതില്‍ എന്ത് ന്യായീകരണമാണുള്ളത്? മണല്‍ നീക്കം വെള്ളമൊഴുക്ക് തടസ്സപ്പെടാതിരിക്കാനാണ്. വാരിക്കൂട്ടിയ മണല്‍ മഴ വന്നാല്‍ ഒലിച്ച് പോവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ മന്ത്രി ജി സുധാകരനും സമരക്കാരെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.

രണ്ട് ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് കടല്‍ത്തീരത്ത് നിന്ന് നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ കെ എം എംഎല്ലിനെ ചുമതലപ്പെടുത്തിയത്. ഒരു ക്യുബിക് മീറ്റര്‍ മണ്ണിന് 465 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കോടികള്‍ വിലമതിക്കുന്ന കരിമണല്‍ വാരി ഖനനം ചെയ്ത് വിറ്റ് സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവും ശക്തമാണ്.


കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories