TopTop

തൃശൂരില്‍ പമ്പുടമയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മൂന്ന് പേര്‍ കസ്റ്റഡിയിൽ

തൃശൂരില്‍ പമ്പുടമയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മൂന്ന് പേര്‍ കസ്റ്റഡിയിൽ

തൃശൂരില്‍ കാണാതാവുകയും ഗുരുവായൂരിൽ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പെട്രോൾ പമ്പുടമ മനോഹരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുഖം പൊത്തിപ്പിടിച്ചാണ് മനോഹരനെ ശ്വാസം മുട്ടിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പമ്പിലെ പണം തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് വിവരം. കസ്റ്റഡിയിലുള്ളവെരെ ചോദ്യം ചെയ്ത് വരികയാണ്,

അതിനിടെ, മനോഹരന്റെ കാര്‍ മലപ്പുറം അങ്ങാടിപ്പുറത്ത് കണ്ടെത്തി. മനോഹരനെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയത്. മൃതദേഹം ഗുരുവായൂരില്‍ വഴിയരികില്‍ തള്ളിയ ശേഷം കൊലയാളികള്‍ കാറുമായി രക്ഷപ്പെടുകയായിരുന്നെന്നാണ് സൂചന.
കഴിഞ്ഞ ദിവസം രാത്രിയാണ് മനോഹരൻ പമ്പിൽ നിന്ന് പുറപ്പെട്ടത്. ഇന്ന് രാവിലെയാണ് ഗുരുവായൂര്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജിന്റെ മുന്‍വശത്ത് മൃതദേഹം കണ്ടെത്തിയത്. അജ്ഞാത മൃതദേഹമെന്ന നിലയില്‍ ഗുരുവായൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കയ്പ്പമംഗലം സ്വദേശി മനോഹരന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചത്. മൃതദേഹത്തിന്റെ കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രാത്രി മനോഹരനെ മകൾ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തയാൾ അച്ഛൻ ഉറങ്ങുകയാണെന്ന് പറഞ്ഞ് ഫോൺ കട്ടാക്കുകയായിരുന്നു. ഇതിനെത്തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാത്രി 12.50ന് പെട്രോള്‍ പമ്പിലെ ജോലികള്‍ തീര്‍ത്ത് മനോഹരന്‍ കാറില്‍ പോകുന്നത് പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.


Next Story

Related Stories