TopTop
Begin typing your search above and press return to search.

'വീട്ടിലേക്ക് വരട്ടെയെന്നു ചോദിച്ചു, കേസിന്റെ കാര്യത്തിനാണെങ്കില്‍ വേണ്ടെന്നു പറഞ്ഞു'; ആത്മഹത്യ ഒതുക്കി തീര്‍ക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി വിളിച്ചെന്ന ആരോപണവുമായി കെ.കെ മഹേശന്റെ കുടുംബം

എസ് എന്‍ ഡി പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് സംസ്ഥാന ചീഫ് കോഓര്‍ഡിനേറ്ററുമായിരുന്ന കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവം ഒതുക്കി തീര്‍ക്കാന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിച്ചതായി മഹേശന്റെ കുടുംബം. ഇതിന്റെ ഭാഗമായി തുഷാര്‍ വെള്ളാപ്പള്ളി വിളിച്ചിരുന്നുവെന്നും വീട്ടില്‍ വന്ന് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും മഹേശന്റെ സഹോദരിപുത്രന്‍ എം.എസ് അനില്‍ കുമാര്‍ അഴിമുഖത്തോട് പറഞ്ഞു. കെ.കെ മഹേശനെതിരേ തുഷാര്‍ വെള്ളാപ്പള്ളി ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയതിനു പിന്നാലെയാണ് കുടുംബം വെളിപ്പെടുത്തലുമായി രംഗത്തു വന്നത്.

"കെ കെ മഹേശന്റെ മരണം നടന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നെ ഫോണില്‍ വിളിച്ചിരുന്നു. ഞാനും മഹേശനും തമ്മില്‍ നല്ല ബന്ധമായിരുന്നു, എനിക്കൊന്നു വീട്ടിലേക്ക് വരണമെന്നുണ്ട് എന്നായിരുന്നു തുഷാര്‍ പറഞ്ഞത്. നിങ്ങളുമായി നല്ല ബന്ധമായിരുന്നുവെന്ന് മാമന്‍ ഞങ്ങളോടും പറഞ്ഞിട്ടുണ്ടെന്നും മാമന്‍ എഴുതിയ കത്തിലും തുഷാറിനെക്കുറിച്ച് മോശമായി ഒന്നും പരാമര്‍ശിച്ചിട്ടില്ലെന്നുമാണ് ഞാനും തിരിച്ചു പറഞ്ഞത്. എന്നാല്‍ ഒരു കാര്യം വ്യക്തമായി തന്നെ തുഷാറിനെ അറിയിച്ചിരുന്നു, വീട്ടില്‍ വരുന്നതിന് ഞങ്ങള്‍ക്കാര്‍ക്കും യാതൊരു എതിര്‍പ്പും ഇല്ലെങ്കിലും കേസിന്റെ കാര്യത്തില്‍ ഒരു ചര്‍ച്ചയും പാടില്ല, ഞങ്ങളതിന് തയ്യാറല്ല, കേസുമായി ഞങ്ങള്‍ മുന്നോട്ടു പോവുക തന്നെ ചെയ്യും. അവരൊരു അഡ്‌ജെസ്റ്റ്‌മെന്റിനായിരുന്നു ശ്രമം നടത്തിയത്. മഹേശനുണ്ടായ നഷ്ടങ്ങളും ബാധ്യതകളുമൊക്കെ പരിഹരിച്ച് എല്ലാം ഒതുക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. പലയിടത്തും അവരിത്തരം കോംപ്രമൈസ് നടത്തിയിട്ടുണ്ട്. അതിവിടെ നടക്കില്ലെന്ന് ബോധ്യമായതുകൊണ്ടാണ് ഇപ്പോള്‍ മഹേശനെ തോജോവധം ചെയ്യുന്നത്", എം എസ് അനില്‍ കുമാര്‍ പറയുന്നു.

കെ.കെ മഹേശന്‍ 15 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ കണ്ടു പിടിച്ചതോടെയാണ് വെള്ളാപ്പള്ളി നടേശനെ കുടുക്കാന്‍ വേണ്ടിയുള്ള കഥ മെനഞ്ഞുകൊണ്ട് ഒരു കത്ത് എഴുതിവച്ചിട്ട് ആത്മഹത്യ ചെയ്തതെന്നായിരുന്നു തുഷാറിന്റെ ആരോപണം. 23 വ്യാജസംഘങ്ങള്‍ ഉണ്ടാക്കി മൈക്രോ ഫിനാന്‍സ് വഴി ഒരു കോടിയോളം രൂപ മഹേശന്‍ തട്ടിയെടുത്തെന്നും കണിച്ചുകുളങ്ങര ദേവസ്വവും യൂണിയനുമായി ബന്ധപ്പെട്ട് 15 കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കാര്യം മഹേശന്‍ തന്നോട് സമ്മതിച്ചിരുന്നെന്നുമാണ് തുഷാർ ആരോപിക്കുന്നത്.

തുഷാറിന്റെ ആരോപണങ്ങള്‍ കേസ് വഴിതിരിച്ചു വിടാനുള്ള തന്ത്രങ്ങളാണെന്നാണ് കെ കെ മഹേശന്റെ കുടുംബം പറയുന്നത്. പതിനഞ്ച് കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെങ്കില്‍ ആ പണം എവിടെയാണെന്നാണ് മഹേശന്റെ കുടുംബാംഗങ്ങളുടെ ചോദ്യം. വിശദമായ അന്വേഷണം നടത്തണം. സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ ആ പണം എവിടെയെന്ന് കണ്ടെത്തണം. അങ്ങനെ കണ്ടെത്താനായാല്‍ തുഷാറിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കാം. തങ്ങള്‍ക്ക് ഇക്കാര്യത്തിലൊന്നും യാതൊരു ആശങ്കയുമില്ലെന്നും കെ കെ മഹേശന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. "മഹേശന്‍ ആത്മഹത്യ ചെയ്തതിന്റെ പിറ്റേദിവസം വെള്ളാപ്പള്ളി മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞ ചില കാര്യങ്ങളുണ്ട്. മഹേശന്‍ യാതൊരു കേസിലും പ്രതിയായിരുന്നില്ലെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. പിന്നെ പറഞ്ഞത്, മറ്റുള്ളവരെ തഴഞ്ഞ് മഹേശനെ പൊതുരംഗത്തേക്ക് കൊണ്ടുവന്നതില്‍ പലര്‍ക്കും വൈരാഗ്യം ഉണ്ടായിരുന്നുവെന്ന്. മറ്റാരോ കൊടുത്ത പരാതിയുടെ പേരിലാണ് മഹേശന്‍ ആത്മഹത്യ ചെയ്തതെന്നും പറഞ്ഞുവച്ചു. ഇതൊന്നും ഏശാതെ വന്നതോടെയാണ് എല്ലാം ഒതുക്കി തീര്‍ക്കാന്‍ മകന്‍ വഴി ശ്രമം നടത്തിയത്. അതും നടക്കാതെ വന്നതോടെ അപമാനിച്ചും അവഹേളിച്ചും മഹേശനെ മോശക്കാരനാക്കി തങ്ങള്‍ക്ക് രക്ഷപ്പെടാന്‍ നോക്കുകയാണ്.

പണം കിട്ടാനും അഴിമതി നടത്താനുമായിരുന്നുവെങ്കില്‍ കെ കെ മഹേശന് വെള്ളാപ്പള്ളിയുടെ കൂടെ തന്നെ നിന്നാല്‍ മതിയായിരുന്നു. അയാള്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ ഒന്നും മിണ്ടാതിരുന്നാല്‍ മതിയായിരുന്നു. എങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിയും വരില്ലായിരുന്നു. എന്നാല്‍, ഇവര്‍ ചെയ്യുന്ന നെറികേടുകള്‍ കണ്ടും കേട്ടും മടുത്ത് സഹികെട്ടിട്ടാണ് തിരിച്ചു നിന്നു ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. അതോടെയാണ് അവര്‍ക്ക് അദ്ദേഹം ശത്രുവായതും", എം എസ് അനില്‍ കുമാര്‍ പറയുന്നു.

"കായികമായോ സാമ്പത്തികമായോ മഹേശന്റെ കുടുംബത്തെ വരുതിയിലാക്കാന്‍ കഴിയില്ലെന്ന് അന്നത്തെ ഫോണ്‍ വിളിയോടെ തുഷാറിന് മനസിലായി. ഞങ്ങള്‍ ശക്തമായി മുന്നോട്ടു പോയാല്‍ വെള്ളാപ്പള്ളി കുടുങ്ങുമെന്നറിയാം. അതുകൊണ്ടാണ് അച്ഛനെ രക്ഷിക്കാന്‍ വേണ്ടി മകന്‍ രംഗത്തിറങ്ങിയത്. അത് മകന് അച്ഛനോടുള്ള സ്‌നേഹം കൊണ്ടല്ല, അച്ഛന്‍ കുടുങ്ങിയാല്‍ താനും പിന്നാലെ കുടുങ്ങുമെന്ന് മകനറിയാവുന്നതുകൊണ്ടാണ്. ഒരുകാര്യം ഉറപ്പാണ്. മഹേശന്റെ രക്തസാക്ഷിത്വം വെള്ളാപ്പള്ളി നടേശന്റെ നാശത്തിനുവേണ്ടിയുള്ളതാണ്", അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കെ കെ മഹേശന്‍ വെറും 14 വര്‍ഷം മാത്രമാണ് വെള്ളാപ്പള്ളിയുമായി അടുത്ത് പ്രവര്‍ത്തിച്ചതെന്ന തുഷാറിന്റെ വാദം ആരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും തള്ളിപ്പറയാന്‍ മടിയില്ലാത്തവരാണ് വെള്ളാപ്പള്ളി നടേശനും മകനും എന്നതിന്റെ തെളിവാണെന്നാണ് മഹേശന്റെ കുടുംബം പറയുന്നു. "മഹേശന്‍ എത്ര വര്‍ഷമായി വെള്ളാപ്പള്ളിയുടെ കൂടെയുണ്ടെന്നതിന് രേഖകള്‍ തെളിവായുണ്ട്. കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ കീഴിലുള്ള സ്‌കൂളിലെ കമ്മിറ്റി മെംബറായാണ് കെ കെ മഹേശന്‍ ആദ്യം വരുന്നത്. കണിച്ചുകുളങ്ങര യൂണിയന്‍ ആരംഭിച്ചതു മുതല്‍ കഴിഞ്ഞ 17 വര്‍ഷമായി അതിന്റെ സെക്രട്ടറിയായിരുന്നു. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. വായില്‍ തോന്നിയതൊക്കെ പറഞ്ഞ് അവര്‍ തന്നെ അവരുടെ കുഴിതോണ്ടിക്കൊണ്ടിരിക്കുകയാണ്"; അനില്‍ കുമാര്‍ പറയുന്നു.

കെ.കെ മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശനെതിരേ വലിയ ജനരോഷം ഉയര്‍ന്നിട്ടുണ്ടെന്നും എസ്എന്‍ഡിപിഅംഗങ്ങളും അല്ലാത്തവരുമായ നിരവധി പേരാണ് തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്നും കുടുംബം പറയുന്നു. "എസ്എന്‍ഡിപിക്കാരായ ആയിരത്തോളം പേര്‍ വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തയ്യാറായി വന്നതാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ടാണ് മാറ്റിവച്ചത്. ആളുകള്‍ അത്രത്തോളം പ്രതിഷേധത്തിലും രോഷത്തിലുമാണ്. ഇതൊക്കെ മനസിലാക്കിയാണ് വെള്ളാപ്പള്ളിയും മകനും ഇല്ലാക്കഥകളുമായി വരുന്നത്. മഹേശന് നീതി കിട്ടണം, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം എന്നാണ് ജനങ്ങളുടെ ആവശ്യം. കണിച്ചുകുളങ്ങര എന്‍ എച്ച് ജംഗ്ഷന്‍ മുതല്‍ മഹേശന്റെ വീട് വരെ സഞ്ചയന ദിവസം (ബുധന്‍) വിളക്ക് തെളിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ആയിരക്കണക്കിനു പേര്‍ തയ്യാറെടുത്തിരിക്കുകയാണ്. ആരുടെയെങ്കിലും ആഹ്വാന പ്രകാരമോ, ഏതെങ്കിലും സമിതി രൂപീകരിച്ചുകൊണ്ടോ അല്ല ഇത്തരമൊരു പരിപാടി നടത്തുന്നത്. ആളുകളുടെ സ്വന്തം തീരുമാനമാണ്. അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ ഉറപ്പിച്ചു പറയുന്നത്, കെ കെ മഹേശന്റെ രക്തസാക്ഷിത്വം വെള്ളാപ്പള്ളി നടേശന്റെ നാശത്തിനു വേണ്ടിയാണെന്ന്", അനില്‍ കുമാര്‍ പറയുന്നു.

അതേസമയം, 23 സംഘങ്ങളുണ്ടാക്കി ഒരു കോടി രൂപയുടെ ക്രമക്കേട് മൈക്രോഫിനാന്‍സില്‍ മഹേശന്‍ നടത്തിയെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോപണം. ഇതിനെല്ലാം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കരുവാക്കുകയാണ് ചെയ്തത്. ചേര്‍ത്തല, കണിച്ചുകുളങ്ങര യൂണിയനുകളില്‍ മഹേശന്‍ ക്രമക്കട് നടത്തിയിട്ടുണ്ട്. പണം എടുത്ത കാര്യം മഹേശന്‍ എന്നോട് സമ്മതിച്ചിരുന്നു. 15 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ട്. എന്നാല്‍ ഐശ്വര്യ ട്രസ്റ്റില്‍ ക്രമക്കേടില്ല. 42 ശതമാനം പലിശയ്ക്ക് പണം നല്‍കിയിട്ടുമില്ല. കണിച്ചുകുളങ്ങര ദേവസ്വത്തിലെ ക്രമക്കേടുകളെക്കുറിച്ച് വെള്ളാപ്പള്ളി ചോദിച്ച് തുടങ്ങിയപ്പോഴാണ് മഹേശന്‍ എതിരായത്. കണിച്ചുകുളങ്ങര ദേവസ്വത്തിലെ ക്രമക്കേട് അന്വേഷിക്കണം. 14 വര്‍ഷം മാത്രമാണ് മഹേശന്‍ വെള്ളാപ്പള്ളിയുമായി അടുത്ത് പ്രവര്‍ത്തിച്ചത്. വെള്ളാപ്പള്ളിക്കു വേണ്ടി മഹേശന്‍ കള്ളഷാപ്പ് നടത്തിയെന്ന ആരോപണം തെറ്റാണ്. കള്ളുഷാപ്പുകള്‍ എല്ലാം നടത്തിയിരുന്നത് മറ്റുള്ളവരുമായി ചേര്‍ന്നായിരുന്നു. മഹേശന്‍ മരണക്കുറിപ്പില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഏത് ഏജന്‍സി അന്വേഷിക്കുന്നതിനോടും വിരോധമില്ല. പണം മോഷ്ടിച്ച് പിടിക്കപ്പെടുമെയാപ്പോള്‍ ആണ് മഹേശന്‍ ആത്മഹത്യ ചെയ്തത്. ഇതെല്ലാം മറച്ചുവച്ച് കഥയുണ്ടാക്കി ആത്മഹത്യക്കുറിപ്പ് എഴുതിവച്ചു. ഇതിലൂടെ ജനറല്‍ സെക്രട്ടറിയെ കുടുക്കാനായിരുന്നു മഹേശന്റെ നീക്കം, തുഷാര്‍ ആരോപിക്കുന്നു.


രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories