TopTop
Begin typing your search above and press return to search.

എം.എം മണിക്കും തടുക്കാനായില്ല; വാക്ക് പാലിച്ച് ഇ.എം അഗസ്തി

എം.എം മണിക്കും തടുക്കാനായില്ല; വാക്ക് പാലിച്ച് ഇ.എം അഗസ്തി

ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎം മണിയോട് 20,000 വോട്ടിന് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന വാക്ക് പാലിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഇ.എം അഗസ്തി. തല മൊട്ടയടിച്ച ചിത്രം അഗസ്തി ഫേസ്ബുക്കില്‍ പങ്കുവെച്ചു. വാക്കുകള്‍ പാലിക്കാനുള്ളതാണ് എന്നായിരുന്നു ചിത്രത്തിനൊപ്പം അഗസ്തി കുറിച്ചത്. നല്ല സുഹൃത്താണ് അഗസ്തിയെന്നും തല മൊട്ടയടിക്കുമെന്ന വാക്കില്‍നിന്ന് പിന്‍മാറണമെന്നും വോട്ടെണ്ണല്‍ ദിവസം മണി പറഞ്ഞിരുന്നു. എന്നാല്‍ അഗസ്തി തന്റെ വാക്ക് പാലിക്കുകയായിരുന്നു.


ഉടുമ്പന്‍ ചോലയില്‍ 20,000 വോട്ടിന് തോറ്റാല്‍ പിറ്റേ ദിവസം തല മൊട്ടയടിക്കുമെന്നായിരുന്നു അഗസ്തിയുടെ വെല്ലുവിളി. 38,305 വോട്ടിനാണ് എംഎം മണി ജയിച്ചത്. വോട്ടെണ്ണല്‍ എട്ട് റൗണ്ട് പിന്നിടുമ്പോള്‍ തന്നെ മണിയുടെ ലീഡ് 25,000 കടന്നിരുന്നു. അന്തിമഫലം വരുന്നതിനുമുമ്പേ പരാജയം അംഗീകരിച്ച അഗസ്തി തല മൊട്ടയടിക്കുമെന്ന് ഫേസ്ബുക്കില്‍ അറിയിച്ചിരുന്നു.

അതേസമയം, പരാജയത്തെ വ്യക്തിപരമായി കാണേണ്ടതില്ല എന്നായിരുന്നു മണി പ്രതികരിച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതിയാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്. നല്ല സുഹൃത്ത് കൂടിയായ അഗസ്തി നല്ല മത്സരമാണ് കാഴ്ചവെച്ചത്. മണ്ഡലത്തിന്റെ പൊതു വികസനത്തില്‍ ഒന്നിച്ചു മുന്നേറാമെന്നുമായിരുന്നു മണിയുടെ വാക്കുകള്‍. മണിയുടെ നല്ല മനസിന് നന്ദി അറിയിച്ച അഗസ്തി പക്ഷേ തീരുമാനത്തില്‍ ഉറച്ചുനിന്നു. 1996ലെ കന്നി നിയമസഭ പോരാട്ടത്തില്‍ അഗസ്തിയോടായിരുന്നു മണി പരാജയപ്പെട്ടത്.


Next Story

Related Stories