TopTop
Begin typing your search above and press return to search.

AZHIMUKHAM INTERVIEW: ഇത് അധമ മനഃസ്ഥിതി, നല്കിയത് 1518 കോടി സ്ഥിരനിക്ഷേപത്തിന്റെ 15 ദിവസത്തെ പലിശ മാത്രം-ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സംഭാവന വിവാദത്തില്‍ കടകംപള്ളി സുരേന്ദ്രന്‍

AZHIMUKHAM INTERVIEW: ഇത് അധമ മനഃസ്ഥിതി, നല്കിയത് 1518 കോടി സ്ഥിരനിക്ഷേപത്തിന്റെ 15 ദിവസത്തെ പലിശ മാത്രം-ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സംഭാവന വിവാദത്തില്‍ കടകംപള്ളി സുരേന്ദ്രന്‍

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചു കോടി രൂപ സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ഉയര്‍ത്തുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികള്‍ അടക്കമുള്ള ജനങ്ങളുടെ ദുരിതം മാറ്റന്‍ വേണ്ടി ചെയ്ത പ്രവര്‍ത്തിയെ പ്രകീര്‍ത്തിക്കേണ്ടതിനു പകരം മതവിദ്വേഷം പ്രചരിപ്പിക്കുന്നത് അധമ മനസ്ഥിതിയുള്ളവരാണെന്നും മന്ത്രി അഴിമുഖത്തോട് പ്രതികരിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ബിജെപിയും കോണ്‍ഗ്രസും സംഘപരിവാര്‍ സംഘടനകളും പറയുന്നത്. ക്ഷേത്രത്തിന്റെ വരുമാനം ക്ഷേത്രാവശ്യങ്ങള്‍ക്കാണെന്നും മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ദേവസ്വം ഭരണഘടനയുടെ ലംഘനമാണെന്നും കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ കുറ്റപ്പെടുത്തുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എംപി, തൃശൂര്‍ ഡിസിസിയുടെ ചാര്‍ജ് വഹിക്കുന്ന പത്മജ വേണുഗോപാല്‍ എന്നിവരടക്കം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെതിരേ രംഗത്തു വന്നിരുന്നു. ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപം പിന്‍വലിച്ചാണ് സര്‍ക്കാരിലേക്ക് അഞ്ചുകോടി നല്‍കിയതെന്നാണ് ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലുള്ള, സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്ന ക്ഷേത്രങ്ങളെ സഹായിക്കേണ്ട പണമാണ് രാഷ്ട്രീയക്കളിയുടെ ഭാഗമായി സിഎംഡിആര്‍ ഫണ്ടിലേക്ക് ചെയര്‍മാന്‍ നല്‍കിയതെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനമില്ലെന്നും സ്ഥിര നിക്ഷേപത്തിന്റെ പലിശയാണ് സംഭാവനയായി നല്‍കിയതെന്നും ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ് വ്യക്തമാക്കിയിരുന്നു. ദേവസ്വം മന്ത്രിയും ഇതേ കാര്യം തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. സ്ഥിരനിക്ഷേപത്തിന്റെ 15 ദിവസത്തെ പലിശയില്‍ നിന്നാണ് അഞ്ചു കോടി നല്‍കിയതെന്നാണ് മന്ത്രിയും പറയുന്നത്. 1518 കോടി രൂപ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ പേരില്‍ ബാങ്കില്‍ സ്ഥിരനിക്ഷേപമായിട്ടുണ്ട്. ഇതിന്റെ പലിശയിനത്തില്‍ പ്രതിമാസം 10 കോടി രൂപ ബോര്‍ഡിന് കിട്ടും. ഇതിന്റെ പകുതി തുകയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സിഎംഡിആര്‍എഫിലേക്ക് നല്‍കിയത്. ജീര്‍ണാവസ്ഥയിലുള്ള ക്ഷേത്രങ്ങള്‍ക്കുള്‍പ്പെടെ സര്‍ക്കാര്‍ പലവിധ സഹായങ്ങളും നല്‍കി വരുന്നുണ്ടെന്നും അക്കാര്യമെല്ലാം മറച്ചുവച്ചാണ് വര്‍ഗീയ മുതലെടുപ്പിനുവേണ്ടി വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്.

'അനാവശ്യ വിവാദമുണ്ടാക്കാനുള്ള ശ്രമാണ് നടക്കുന്നത്. രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളെല്ലാം അതാത് സംസ്ഥാന സര്‍ക്കാരിന് വലിയ തോതിലുള്ള സഹായം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ മാത്രമാണ് ഈ കാര്യത്തില്‍ വിവാദം ഉണ്ടാക്കുന്നത്. ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും സമുദായ സംഘടനകളുമൊക്കെ ജനങ്ങളെ സഹായിക്കാന്‍ വേണ്ടി സര്‍ക്കാരിലേക്ക് ധനസഹായം നല്‍കുന്നുണ്ട്. മാനവികതയും ഹൈന്ദവ ധര്‍മവും പാലിച്ചാണ് വിശ്വാസികള്‍ അടക്കമുള്ള സമൂഹത്തിലെ ജനങ്ങളുടെ ദുരിതം അകറ്റാന്‍ ഒരു തുക ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സ്വമേധയാ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. സര്‍ക്കാര്‍ സംഭാവന ചോദിച്ചതല്ല, ആ തുക സര്‍ക്കാരിന് നല്‍കിയതുമല്ല, ജനങ്ങളെ സഹായിക്കുന്നതിനാണ്. ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ അതിനെ പ്രകീര്‍ത്തിക്കുകയാണ് വേണ്ടത്. അതിനു പകരം വിദ്വേഷപ്രചാരണം നടത്തുകയല്ല ചെയ്യേണ്ടത്.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപത്തിന്റെ 15 ദിവസത്തെ പലിശയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കാണിക്ക പണമോ സ്ഥിര നിക്ഷേപം പിന്‍വവലിച്ചതോ അല്ല. അക്കാര്യം ദേവസ്വം ബോര്‍ഡ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അല്ലാതെയുള്ള പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. കഴിഞ്ഞ ബഡ്ജറ്റില്‍ നൂറു കോടി രൂപയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനായി നീക്കി വച്ചത്. അതില്‍ അമ്പത് കോടി രൂപ കൊടുത്തു. ഈ കോവിഡ് കാലത്തും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ 10 കോടി രൂപയാണ് ഈ സര്‍ക്കാര്‍ നല്‍കിയത്. അഞ്ചുകോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെ വിമര്‍ശിക്കുന്നവര്‍ സര്‍ക്കാര്‍ അങ്ങോട്ട് നല്‍കിയ 10 കോടിയൂടെ കാര്യം എന്താണ് മിണ്ടാത്തത്? ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയാല്‍ ജനനങ്ങള്‍ക്കാണ് അതിന്റെ ഗുണം കിട്ടുന്നത്. അതിന്റെ നന്മ ഉള്‍ക്കൊള്ളാതെ വ്യാജപ്രചാരണം നടത്തി സമൂഹത്തില്‍ മതവിദ്വേഷം പരുത്തുന്നത് അധമ മനസ്ഥിതിയാണ്'.

ഗുരുവായൂര്‍ ദേവസ്വവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരണവുമായി രംഗത്തു വന്നിരുന്നു. ദുരന്ത സമയത്തും ചിലര്‍ മതവിദ്വേഷം വളര്‍ത്താന്‍ തുനിഞ്ഞിരിക്കുകയാണ് എന്നും ചോര തന്നെ കൊതുകിന് കൗതുകമെന്നമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. 'ചിലയാളുകള്‍ ക്ഷേത്രങ്ങളുടെ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ എടുത്തു കൊണ്ടുപോകുന്നു എന്ന പ്രചരണം നടത്തുന്നുണ്ട്. ക്ഷേത്രങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ എടുക്കുന്ന സമീപനം ഇവിടെയില്ല എന്ന് എല്ലാവര്‍ക്കും അറിയാം. സര്‍ക്കാര്‍ കൊടുക്കുകയാണോ കൊണ്ടുപോവുകയാണോ എന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 'സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ 100 കോടി രൂപയാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന് നല്‍കിയത്. മലബാര്‍-കൊച്ചി ദേവസ്വങ്ങള്‍ക്ക് 36 കോടി രൂപയും. ശബരിമലയുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍, പമ്പ ഇടത്താളവത്തിന് വേണ്ടി കിഫ്ബിയിലൂടെ 142 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. ശബരിമല തീര്‍ത്ഥാടനത്തിന് മാത്രം 30 കോടി രൂപയുടെ പ്രത്യേക ധനസഹായം അനുവദിച്ചു. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രമടക്കം തകര്‍ച്ച നേരിടുന്ന പുരാതന ക്ഷേത്രങ്ങളുടെ പരിരക്ഷണനത്തിനായി പ്രത്യേക പ്രോജക്ട് സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. അഞ്ചു കോടി രൂപയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. തത്വമസി എന്ന പേരില്‍ തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് ആവിഷ്‌കരിച്ചിട്ടുണ്ട്. ട്രാവന്‍കൂര്‍ ഹെറിറ്റേജ് സ്‌കീം പ്രകാരം 10 കോടി രൂപ നീക്കിവച്ചിരിക്കുന്നു. ഇതെല്ലാം നാടിന്റെ മുന്നിലുള്ള കണക്കാണ്. ബജറ്റ് പരിശോധിച്ചാല്‍ സര്‍ക്കാര്‍ കൊടുക്കുകയാണോ കൊണ്ടുപോവുകയാണോ എന്നു വ്യക്തമാകും. ഇതൊക്കെയാണ് സത്യമെന്നിരിക്കെ സമൂഹത്തില്‍ മതവിദ്വേഷം വളര്‍ത്താന്‍ ചിലര്‍ എന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. ഈ മഹാദുരന്തത്തിന്റെ സമയത്ത് പോലും ചോര തന്നെ കൊതുകിന് കൗതുകം എന്ന രീതിയില്‍ പെരുമാറരുത് എന്നു മാത്രമേ അവരോട് പറയാനുളളൂ' എന്നായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.Also Read :എന്തുകൊണ്ടാവും മതേതര കോണ്‍ഗ്രസിനെ മൃദു ഹിന്ദുത്വം കോരിത്തരിപ്പിക്കുന്നത്? ശബരിമലയില്‍ നിന്നും ഗുരുവായൂരിലേക്ക്

അതേസമയം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെ വിവാദേകേന്ദ്രമാക്കി വ്യാപക പ്രചാരണമാണ് ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്നത്. ബോര്‍ഡിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിനെ ചോദ്യം ചെയ്തും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെതിരേ ഹൈന്ദവ സംഘടനകള്‍ രംഗത്തു വരികയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ബിജെപിക്ക് പുറമെ കോണ്‍ഗ്രസും ഈ വിഷയത്തില്‍ സജീവമാകുന്നുണ്ട്. ഭക്തരുടെ പ്രശ്‌നമാണെന്നാണ് കോണ്‍ഗ്രസ് ഇതിനു നല്‍കുനന്ന ന്യായീകരണം. കേരളത്തിനു പുറത്തേക്കും ഈ വിഷയം വ്യാപിച്ചിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയാണെന്ന പ്രചാരണമാണ് ഉത്തരേന്ത്യന്‍ സമൂഹത്തിനിടയില്‍ നടക്കുന്നത്. #LeftistLootKeralaTemples എന്ന ഹാഷ്ടാഗ് വച്ചാണ് പ്രചാരണം നടക്കുന്നത്. ള്‍ദൈവങ്ങളും സന്യാസിമാരും പ്രഭാഷകരുമെല്ലാം ഈ പ്രചാരണത്തിന്റെ ഭാഗമായിട്ടുണ്ട്.

ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപം പിന്‍വലിച്ചാണ് പണം നല്‍കിയതെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആരോപണം. ലോക് ഡൗണ്‍ മൂലം നിത്യവരുമാനം നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ ദേവസ്വത്തിന്റെ സ്ഥിര നിക്ഷേപം പിന്‍വലിച്ച് ഇത്രയും തുക വകമാറ്റി ഉപയോഗിച്ചത് ദേവസ്വം ഭരണഘടന ലംഘനമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. കൊറോണ പ്രതിരോധത്തിനായി ഗുരുവായൂര്‍ ദേവസ്വം 5 കോടി രൂപ സംഭാവന നല്‍കിയതിനെതിരെ ഭക്തജനങ്ങള്‍ രംഗത്തു വരണമെന്നായിരുന്നു കുമ്മനം രാജശേഖരന്റെ ആഹ്വാനം. ഗുരുവായൂര്‍ ദേവസ്വം ഹിന്ദു ജനതയുടെ മാത്രം കേന്ദ്രമാണെന്നും അതിനെ മതേതര കേന്ദ്രമാക്കരുതെന്നും കുമ്മനം രാജശേഖരന്‍ അവകാശപ്പെട്ടിരുന്നു. വരുമാനമില്ലാണ്ടുണ്ടായ കുറവു മൂലം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും ക്ഷേത്ര ചടങ്ങുകള്‍ മുന്നോട്ടുകൊണ്ടു പോകാനും ബുദ്ധിമുട്ട് നേരിടുകയാണ്. ഈ സമയത്ത് ഉള്ള വരുമാനം ക്ഷേത്രകാര്യങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടതെന്ന ഹിന്ദുത്വ സംഘടനകളുടെ ആവശ്യം. കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപലും ദേവസ്വം ബോര്‍ഡ് ചെയ്തത് ശരിയായില്ലെന്ന പരാതിയാണ് ഉയര്‍ത്തിയത്. 'ജീര്‍ണിച്ച ക്ഷേത്രങ്ങളെ സഹായിക്കാനായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഫണ്ട് നല്‍കുന്നുണ്ട്. ആ സഹായം കൊണ്ടാണ് പൂജാരിമാര്‍, കഴകക്കാര്‍, അടിച്ചു തളിക്കാര്‍ തുടങ്ങിയ ക്ഷേത്ര ജീവനക്കാരായ കുറെ പാവങ്ങള്‍ ജീവിക്കുന്നത്. അവരെല്ലാം ദാരിദ്ര്യത്തില്‍ കഴിയുന്നവരാണ്. അവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരിയാണ് ചെയര്‍മാന്‍, തനിക്ക് പേരുണ്ടാക്കാന്‍ വേണ്ടി ഇത്രയും തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത്.നല്ല കാര്യത്തിന് കൊടുക്കുന്നതില്‍ കുഴപ്പമില്ല, ഇതങ്ങനെയല്ല. പാവപ്പെട്ട ക്ഷേത്ര ജീവനക്കാര്‍ പട്ടിണിയിലാണ്. അവരുടെ ഒരു നേരത്തെ വക പോലും ഇല്ലാതാക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്യുന്നത്. അമ്പലത്തിലേക്ക് കൊടുക്കുന്നത് അമ്പലത്തിനുവേണ്ടിയാണ്. അതെടുത്ത് വേറെ ചെലവാക്കുന്നത് ഭക്തരോട് കാണിക്കുന്ന അവഹേളനമാണ്. ഇനിയിപ്പോള്‍ ആരും ഒന്നും ക്ഷേത്രത്തിലേക്ക് കൊടുക്കാതെയാകും' എന്നായിരുന്നു പത്മജയുടെ പ്രതികരണം. തൃശൂര്‍ ഡിസിസിയുടെ അനുവാദത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ ധര്‍ണയും നടത്തിയിരുന്നു. കെ മുരളീധരന്‍ എംപിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പണം നല്‍കിയത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ്.

തിരുപ്പതി ട്രസ്റ്റ് 19 കോടി, സോമനാഥ ക്ഷേത്രം ഒരു കോടി, ഷിര്‍ദി 51 കോടി, സ്വാമിനാരായണ്‍ ട്രസ്റ്റ് 1.88 കോടി എന്നിങ്ങനെ രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളെല്ലാം അതാത് സംസ്ഥന സര്‍ക്കാരുകളിലേക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായമായി പണം നല്‍കിയിട്ടുണ്ട്. ഇനിയും ക്ഷേത്രങ്ങള്‍ രാജ്യത്തിനായി സംഭാവന നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനിടയിലാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെതിരേ കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് സമരങ്ങളും പ്രതിഷേധങ്ങളും കേസുകളായി രംഗത്തു നില്‍ക്കുന്നത്.


Next Story

Related Stories