TopTop
Begin typing your search above and press return to search.

വി.ഡി സതീശന്‍/അഭിമുഖം; എ.കെ ആന്റണിയുടെ ഉദ്ദേശശുദ്ധി വളരെ വ്യക്തമാണ്; 1957 മുതലാണ് എല്ലാം ഉണ്ടായതെന്നൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണ്?

വി.ഡി സതീശന്‍/അഭിമുഖം; എ.കെ ആന്റണിയുടെ ഉദ്ദേശശുദ്ധി വളരെ വ്യക്തമാണ്; 1957 മുതലാണ് എല്ലാം ഉണ്ടായതെന്നൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണ്?

കേരളത്തിന്റെ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ടും, സംസ്ഥാനത്തിൻ്റ ആരോഗ്യ മേഖലയുടെ ചരിത്രവുമായി ബന്ധപ്പെട്ടും അഴിമുഖം തുടങ്ങിവെച്ച ചർച്ചയോട് കൂടുതൽ നേതാക്കൾ പ്രതികരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി എ.കെ ആൻറണി തിരുവിതാംകൂർ രാജകുടുംബത്തിൻ്റെ സംഭാവനകളെക്കുറിച്ചും സംസ്ഥാനം ഇപ്പോൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞത് വലിയ വിവാദമാണ് ഉണ്ടാക്കിയത്. ഇതിനു പിന്നാലെ സംസ്ഥാന രൂപീകരണത്തിനു ശേഷം, പ്രത്യേകിച്ച് 1957-ലെ സര്‍ക്കാര്‍ മുതല്‍, നടപ്പാക്കിയ കാര്യങ്ങളാണ് കേരളത്തിന്റെ ആരോഗ്യമേഖലയെ മികച്ചതാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. ആന്റണി
നിലപാടുകളെ പിന്തുണച്ചും സംസ്ഥാന സർക്കാറിനെ വിമർശിച്ചും സംസാരിക്കുകയാണ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശൻ എംഎല്‍എ. ഒപ്പം കോൺഗ്രസിൽ ഉയർന്നുവരുന്ന പുതിയ സമവാക്യത്തെക്കുറിച്ചും അദ്ദേഹം പറയുന്നു.
?- സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുമ്പോള്‍ പ്രതിപക്ഷം ഒപ്പം നില്‍ക്കാതെ കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും മാത്രം നടത്തുന്നു എന്ന ആരോപണം ഉയരുന്നുണ്ട്. അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ എ കെ ആന്റണി പറഞ്ഞത് 'വല്ലാതങ്ങ് അഹങ്കരിക്കുകയൊന്നും വേണ്ട' എന്നാണ്. പ്രതിപക്ഷം എന്തുകൊണ്ടാണ് ഇത്തരത്തില്‍ പെരുമാറുന്നത്?

ആന്റണി എന്താണോ ഉദ്ദേശിച്ചത്, അതല്ലല്ലോ പ്രചരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഇന്റന്‍ഷന്‍ വളരെ ക്ലിയര്‍ ആയിരുന്നു. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വളരെ വിശദമായി പറയുന്നുണ്ട്. അമിതാത്മവിശ്വാസം കാണിക്കരുതെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. അത് സര്‍ക്കാരിനെ വിമര്‍ശിച്ചതല്ല. കൂടുതല്‍ ജാഗ്രതയോടെ നില്‍ക്കണം, കരുതല്‍ തുടരണമെന്ന സന്ദേശമാണ് നല്‍കിയത്. അദ്ദേഹത്തെപ്പോലെ ഇത്രയും സീനിയര്‍ ആയിട്ടുള്ളയാള്‍ ഇങ്ങനെയല്ലേ നമുക്ക് പറഞ്ഞു തരേണ്ടത്. പിണറായി വിജയന്‍ അഹങ്കരിക്കേണ്ടെന്നോ കേരള സര്‍ക്കാര്‍ അഹങ്കരിക്കേണ്ടെന്നോ അല്ല അദ്ദേഹം പറഞ്ഞത്.
?- കേരളം ആരോഗ്യരംഗത്തിന് നമ്പര്‍ വണ്‍ ആയതിന്റെ ആദ്യ ക്രെഡിറ്റ് തിരുവിതാംകൂര്‍ രാജവംശത്തിന് കൊടുക്കണമെന്ന് എ.കെ ആന്റണി പറഞ്ഞതും നല്ല ഉദ്ദേശത്തോടെയാണെന്നാണോ?
കേരളത്തിലെ ആരോഗ്യരംഗം രാജഭരണകാലം മുതല്‍ ശ്രദ്ധിച്ചു തടങ്ങിയതാണ്. ജനാധിപത്യ സര്‍ക്കാരുകള്‍ വന്നശേഷം അതിന് കൂടുതല്‍ ശ്രദ്ധ കിട്ടി. കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെക്കുറിച്ച് പറയുമ്പോള്‍ രാജഭരണവും മിഷണറിമാരും നല്‍കിയ സംഭാവനകള്‍ നമുക്ക് വിസ്മരിക്കാന്‍ കഴിയില്ല. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തില്‍ കൊണ്ടുവരുന്നതില്‍ മിഷണറിമാരുടെ സംഭാവനകള്‍ നമുക്ക് പറയാതിരിക്കാന്‍ കഴിയുമോ? രാജഭരണകാലത്താണ് മിഷണറിമാര്‍ വരുന്നത്. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് പിന്നീട് ഉണ്ടായത്. കേരളത്തിന്റെ ചരിത്രമറിയുന്നവരെല്ലാം ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ രാജഭരണവും മിഷണറി പ്രവര്‍ത്തനങ്ങളും റഫര്‍ ചെയ്യും. അതൊന്നുമറിയാത്തവരാണ് എ കെ ആന്റണിയെ രാജഭക്തനാക്കാന്‍ നടക്കുന്നത്.
?-ആന്റണിയുടെ വാദം അംഗീകരിക്കുകയാണെങ്കില്‍ വി ഡി സതീശനും രജഭക്തനാണെന്ന് വിമര്‍ശനം വരും.
എന്തു പറഞ്ഞാലും വളച്ചൊടിക്കുന്നവര്‍ അങ്ങനെ പറയുമായിരിക്കും. അവരാദ്യം ചരിത്രം പഠിക്കട്ടെ. ആടിനെ പേപ്പട്ടിയാക്കാന്‍ നടക്കുന്നവര്‍ ആദ്യം പി ഗോവിന്ദപിള്ളയുടെ ലേഖനം വായിക്കൂ. കേരളത്തിന്റെ പശ്ചാത്തലം മനസിലാക്കണം. ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല കേരളത്തിന്റെ ആരോഗ്യരംഗം. 1957 മുതലാണ് എല്ലാം ഉണ്ടായതെന്നൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണ്. അതിനു മുന്നേ ആരോഗ്യരംഗം നേട്ടം കൈവരിച്ചിട്ടുണ്ട്. ഇല്ലെന്നു പറയുന്ന സിപിഎമ്മുകാര്‍ പി. ഗോവിന്ദപ്പിള്ളയുടെ ലേഖനം വായിച്ചാല്‍ മതി. അവരുടെ സൈദ്ധാന്തികനാണല്ലോ. രാജഭരണത്തിനും മിഷണിമാര്‍ക്കും കേരളത്തിന്റെ ആരോഗ്യരംഗം ഇത്ര മികച്ച രീതിയിലാക്കിയതില്‍ പങ്കുണ്ട്. അതോടൊപ്പം ജനകീയ സര്‍ക്കാരുകള്‍ക്കും.
?-ഇടതുപക്ഷം അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നതുപോലെ, യുഡിഎഫിന് കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളെക്കുറിച്ച് പറയാന്‍ ഒന്നുമില്ലേ?
കേരളം കൂടുതല്‍ കാലം ഭരിച്ചത് യുഡിഎഫ് അല്ലേ. ഞങ്ങള്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ ആരോഗ്യരംഗം മെച്ചപ്പെടുത്താന്‍ മാത്രമെ തയ്യാറായിട്ടുള്ളൂ. ഒന്നും വെട്ടിക്കുറച്ചിട്ടില്ല. ഓരോരോ പുതിയ പദ്ധതികള്‍ കൊണ്ടു വന്നു. സൗജന്യ ചികിത്സ ഏര്‍പ്പാടാക്കി, കാരുണ്യ, സുകൃതം പോലുള്ള പദ്ധതികളിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് സഹായമെത്തിച്ചത്. പുതിയ മെഡിക്കല്‍ കോളേജുകള്‍ ഉണ്ടാക്കി. ആരോഗ്യമേഖലയില്‍ എത്രയോ നിയമനങ്ങള്‍ നടത്തി... കണ്ണിലെ കൃഷ്ണ മണിപോലെയാണ് യുഡിഎഫ് എല്ലാക്കാലത്തും ആരോഗ്യവകുപ്പിനെ നോക്കിയിട്ടുള്ളത്. ഒരു ഉഴപ്പും ഒരുകാലത്തും ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. എംഎല്‍എ ഫണ്ട് കേരളത്തില്‍ കൊണ്ടുവന്നത് യുഡിഎഫ് ആണ്. എംഎല്‍എ ഫണ്ടിലെ എണ്‍പത് ശതമാനവും ചെലവഴിച്ചിരിക്കുന്നത് ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും വേണ്ടിയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ എന്‍ ആര്‍ എച്ച് എം പദ്ധതിയിലൂടെ കോടികളാണ് കേരളത്തിലെ ആരോഗ്യരംഗത്തിന് നല്‍കിയത്. അന്നത്തെ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി നേരിട്ടെത്തിയാണ് ഓരോ ജില്ലയിലെയും ആരോഗ്യരംഗം വികസിപ്പിക്കാന്‍ അഞ്ചും പത്തും കോടി നല്‍കിയത്. ഇതെല്ലാം പറയണം നമ്മുടെ ആരോഗ്യരംഗത്തെ നേട്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍.
?- പിന്നെന്തുകൊണ്ട് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കടന്നു വരുന്നില്ല?
ചെയ്തവര്‍ അത് പറഞ്ഞു നടക്കാന്‍ തയ്യാറാകാത്തതുകൊണ്ട്. നിപ കാലത്ത് ആരോഗ്യമന്ത്രി കോഴിക്കോട് പോയി അവിടെ നിന്നു കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നു. നല്ല കാര്യം. എന്നാല്‍, ഇങ്ങനെയൊരു ശ്രദ്ധ കേരളം ആദ്യം കണ്ടത് വി.എം സുധീരന്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു. ആലപ്പുഴയില്‍ ഒരു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട കാലത്ത് അദ്ദേഹം അവിടെ ക്യാമ്പ് ചെയ്തു പ്രവര്‍ത്തിച്ചു. അവസാന രോഗിയും ആശുപത്രിയില്‍ നിന്നും പോയതിനുശേഷമാണ് സുധീരന്‍ അവിടെ നിന്നും തിരിച്ചു പോരുന്നത്. ശൈലജ ടീച്ചര്‍ കോഴിക്കോട് പോയതും നിന്നതുമൊക്കെ അഭിനന്ദിക്കുമ്പോള്‍, അങ്ങനെയൊരു പ്രാക്ടീസ് കേരളത്തില്‍ കൊണ്ടുവന്നത് വി.എം സുധീരനാണെന്നു കൂടിയോര്‍ക്കണം.
?-ഈയൊരു സാഹചര്യത്തില്‍ വിവാദം ഉണ്ടാക്കുന്നതില്‍ പ്രതിപക്ഷം എന്തിനാണിത്ര താത്പര്യം കാണിക്കുന്നത്?
ഞങ്ങള്‍ എന്ത് വിവാദം ഉണ്ടാക്കിയെന്നാണ് പറയുന്നത്? കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും അനുസരിക്കാനാണ് ഞങ്ങളും എല്ലാവരോടും പറയുന്നത്. കോണ്‍ഗ്രസിന്റെ ലോക്‌സഭ-രാജ്യസഭ എംപിമാര്‍ എല്ലാവരും ചേര്‍ന്ന് ഏകദേശം 30 കോടി രൂപയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. എല്ലാം എംഎല്‍എമാരും നല്‍കി. 40 ശതമാനത്തോളം വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും അതിന്റെ ഭാഗമായിട്ടുണ്ട്. ഞങ്ങളും ഈ പ്രവര്‍ത്തനങ്ങളില്‍ രാപ്പകല്‍ ഇടപെട്ടു കൊണ്ടിരിക്കുന്നവര്‍ തന്നെയാണ്. ഞങ്ങള്‍ എന്തു വിവാദമാണ് ഉണ്ടാക്കിയത്? ബാര്‍ അടയ്ക്കാനും ബിവറേജ് അടയ്ക്കാനും പറഞ്ഞതാണോ വിവാദം? സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ സുതാര്യതയില്ലെന്നു ചൂണ്ടിക്കാട്ടിയതാണോ വിവാദം? പറയേണ്ട കാര്യങ്ങള്‍ പറയേണ്ടേ? അതൊക്കെ പ്രതിപക്ഷത്തിന്റെ ചുമതലയല്ലേ! എല്ലാം ശരിയാണെന്നു പറയുന്നതല്ല പ്രതിപക്ഷത്തിന്റെ ജോലി. വളരെ പോസിറ്റീവ് ആയാണ് പ്രതിപക്ഷം ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഇവിടെ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കൂടെത്തന്നെയാണ് പ്രതിപക്ഷം നില്‍ക്കുന്നത്. നല്ല കാര്യം ചെയ്യുമ്പോള്‍ അതിനെ പിന്തുണയ്ക്കുന്നുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ അതിനര്‍ത്ഥം എല്ലാക്കാര്യത്തിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്നുവെന്നല്ല.
രോഗികളുടെ എണ്ണം നമ്മളെക്കാള്‍ താഴെയുള്ള പതിനെട്ട്, പത്തൊമ്പത് സംസ്ഥാനങ്ങളുണ്ട്. ഇന്ത്യയിലെ വലിയ സംസ്ഥനങ്ങള്‍ ഉള്‍പ്പെടെ അതിലുണ്ട്. അവിടങ്ങളില്ലൊം ഈ മാനേജ്‌മെന്റ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യരംഗത്ത് നമ്മുടെയത്ര സൗകര്യങ്ങളും ഇല്ല. ഛത്തീസ്ഗഢിലോ, ഉത്തരാഖണ്ഡിലോ ബിഹാറിലോ കേരളത്തിലേതുപോലെ ആരോഗ്യ രംഗത്ത് സൗകര്യങ്ങള്‍ ഇല്ല. പക്ഷേ, നമ്മളെക്കാള്‍ താഴെയാണ് അവിടങ്ങളിലെ രോഗികളുടെ എണ്ണം. ഏറ്റവും മികച്ച രീതിയില്‍ ഈ മഹാമാരിയെ നേരിട്ടിരിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. പഞ്ചാബില്‍ വളരെ നല്ല രീതിയില്‍ രോഗം നിയന്ത്രിച്ചിട്ടുണ്ട്. ഇത്രയധികം ടൂറിസ്റ്റുകള്‍ വരുന്ന ഗോവയില്‍ ആകെ ഏഴ് രോഗികളായിരുന്നു ഉണ്ടായിരുന്നത്. തബ്ലീഗ് സമ്മേളത്തില്‍ പങ്കെടുത്തവര്‍ വന്നില്ലായിരുന്നുവെങ്കില്‍ തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണം വളരെ കുറയുമായിരുന്നു. തമിഴ്‌നാട്ടില്‍ രണ്ടരലക്ഷത്തോളം ടെസ്റ്റുകള്‍ നടത്തി. നമ്മള്‍ നടത്തിയ ടെസ്റ്റ് എത്രയാണ്? നാലില്‍ ഒന്ന് നടത്തിയിട്ടില്ലല്ലോ. ഇതൊന്നും ഞങ്ങള്‍ വിവാദമാക്കിയിട്ടില്ല.
?-ഓരോരോ ആരോപണങ്ങളുമായല്ലേ ഓരോ ദിവസവും പ്രതിപക്ഷം വരുന്നത്. ഈ പ്രതിസന്ധിഘട്ടത്തില്‍ ഇത്തരം ബഹളം വയ്ക്കലുകളുടെ ആവശ്യമുണ്ടോ? ഇവിടെ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നുവെന്നല്ലേ പറയൂ?
പ്രതിപക്ഷം ഒരിക്കലും പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല. സര്‍ക്കാരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അതിന്റെ കൂടെ നിന്ന് പ്രവര്‍ത്തിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. അതിനിടയില്‍ വരുന്ന തെറ്റുകളും വീഴ്ച്ചകളും നമുക്കുള്ള നിര്‍ദേശങ്ങളും ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും മലയാളികളെ തിരിച്ചു കൊണ്ടു വരുന്നത് കുറച്ചു കൂടി എഫക്ടീവും കണ്‍സ്ട്രക്ടീവും ആയി ചെയ്യണമെന്നു പറഞ്ഞാല്‍, അത് ബഹളം വയ്ക്കലാണോ? ഇക്കാര്യത്തിലൊന്നും ഒരാനവശ്യ വിവാദവും ഞങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. വാളയാറില്‍ ഞങ്ങളുടെ എംപിമാരും എംഎല്‍എമാരും പോയത് സമരം ചെയ്യാനല്ല. പാസില്ലാതെ ആളുകളെ കടത്തി വിടാനുമല്ല. ഗര്‍ഭിണികളും സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം അതിര്‍ത്തിയില്‍ നരകയാതന അനുഭവിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ പോയതാണ്. അവരെ അന്വേഷിക്കേണ്ടേ? അറിഞ്ഞിട്ട് പോയില്ലെങ്കില്‍ അതല്ലെ തെറ്റ്. വിശക്കുന്നവന് ഭക്ഷണം എത്തിച്ചു കൊടുത്തതാണ് അപരാധമായത്? അതിനാണോ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കൂടി ഞങ്ങളെ മരണത്തിന്റെ വ്യാപാരികളെന്നു വിളിച്ചത്? മനുഷ്യജീവന്‍ അപകടത്തിലാക്കാന്‍ വേണ്ടിയാണ് ജനപ്രതിനിധികള്‍ പോയതെന്ന്. സ്വയം രോഗം പിടിപ്പിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ത്താനാണ് പോയതെന്നൊക്കെ പറയുന്നത് എന്ത് വിഡ്ഡിത്തമാണ്.
നാലര ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യാന്‍ സംസ്ഥാനം സജ്ജമാണ്, രണ്ടരലക്ഷത്തോളം കിടക്കള്‍ ഒരുക്കിയിട്ടുണ്ടെന്നൊക്കെ പറഞ്ഞത് സര്‍ക്കാരല്ലേ. ഇരുപതിനായിരത്തോളം പേര്‍ വന്നപ്പോഴേക്കും എല്ലാം പാളി. പറഞ്ഞത്രയൊന്നും ആളുകള്‍ വരില്ലെന്നാണ് സര്‍ക്കാര്‍ കരുതിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ വിദേശത്തു നിന്നും ആളെ കൊണ്ടു വരാന്‍ തുടങ്ങിയതോടെ, അതിനു പിന്നാലെ ഇതരസംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങുകയും ചെയ്തതോടെ മൊത്തം കണ്‍ഫ്യൂഷനായി. സര്‍ക്കാര്‍ സജ്ജമായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഇത്ര പെട്ടെന്ന് ആളുകളെ തിരിച്ചു കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതിയിരുന്നില്ല.
?-സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ നിങ്ങളുടെ കൂടെയുള്ളവര്‍ അഭിനന്ദിക്കുന്നതുപോലും തടയുകയാണെന്നാണല്ലോ വാര്‍ത്തകള്‍ വരുന്നത്. ആരോഗ്യ മന്ത്രിയെ ശശി തരൂര്‍ എം പി പ്രശംസിച്ചതിലൊക്കെ പാര്‍ട്ടി അനിഷ്ടം പ്രകടിപ്പിച്ചതായി കേള്‍ക്കുന്നൂ.
അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി വിലയിരുത്തിയിട്ടുണ്ട്. തെറ്റ് ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്നാണ് പറഞ്ഞത്. സര്‍ക്കാര്‍ ഈ സാഹചര്യം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇമേജ് ബില്‍ഡിംഗിന് ശ്രമിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിന് ഈ പ്രതിസന്ധിയെ ഉപയോഗിക്കാനാണ് അവര്‍ നോക്കുന്നത്. അത് എതിര്‍ക്കണമല്ലോ. പൊള്ളയായ പ്രഖ്യാപനങ്ങള്‍ നടത്തിയാല്‍ കൈയടിക്കാന്‍ പറ്റില്ലല്ലോ. 20,000 കോടിയുടെ പാക്കേജ് എന്നൊക്കെ പറഞ്ഞിട്ട് 2000 കോടിപോലും ഇതുവരെ ചെലവഴിച്ചിട്ടില്ല. ഇതൊക്കെ ജനങ്ങളോട് പറയേണ്ടേ? എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് സര്‍ക്കാരിനെ പ്രശംസിക്കലല്ല പ്രതിപക്ഷത്തിന്റെ ജോലി. അതിനുവേണ്ടി സര്‍ക്കാര്‍ വേറെ ആളുകളെ വച്ചിട്ടുണ്ട്. അവര്‍ പ്രശംസിച്ചോട്ടെ.
?-വാളയാറില്‍ കോണ്‍ഗ്രസിന്റെ ജനപ്രതിനിധികള്‍ പോയതിലും പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.
അതൊക്കെ തെറ്റാണ്. വാളയാറില്‍ ജനപ്രതിനിധികള്‍ പോയതിനെ ആരും വിമര്‍ശിച്ചിട്ടില്ല. അവിടെ പോകണമായിരുന്നുവെന്നു തന്നെയാണ് എല്ലാവരും പറഞ്ഞത്. പോയത് ശരിയായ കാര്യം തന്നെയായിരുന്നു. അവരെ പിന്തുണയ്ക്കുന്നു. അവരെ ക്വാറന്റൈനില്‍ വിട്ടതിനു പിന്നില്‍ രാഷ്ട്രീയമുണ്ട്. ഇതെല്ലാം പൊതുവായി ഉണ്ടായ അഭിപ്രായമാണ്, അതിനിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളൊന്നും വന്നിട്ടല്ല.
?-കോണ്‍ഗ്രസില്‍ വി ഗ്രൂപ്പ് എന്ന പേരില്‍ താങ്കള്‍ കൂടി ഉള്‍പ്പെടുന്ന പുതിയൊരു ഗ്രൂപ്പും ഉടലെടുത്തോ?
കോണ്‍ഗ്രസിലെ അടുത്ത തലമുറയെന്നു വിളിക്കാവുന്ന ഞങ്ങള്‍ക്കിടയില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി ഉപരി വലിയൊരു സൗഹൃദമുണ്ട്. ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന പേരുകളെക്കാള്‍ വലുതാണ് ആ സൗഹൃദ വലയം. നല്ല രീതിയില്‍ ഞങ്ങള്‍ക്കിടയില്‍ ആശയവിനിമയം നടക്കുന്നുണ്ട്. പാര്‍ട്ടി കൂറെക്കൂടി വൈബ്രന്റ് ആകണം, കുറേക്കൂടി ആക്ടീവ് ആകണം, കേറി വരണം, അടുത്ത സര്‍ക്കാര്‍ നമ്മുടെതായിരിക്കണം ഇതിനെക്കുറിച്ചൊക്കെ ഞങ്ങള്‍ എപ്പോഴും സംസാരിക്കുകയും കൂട്ടായൊരു തീരുമാനത്തില്‍ എത്തിയിട്ടുമുണ്ട്. നിര്‍ണായകമായൊരു സമയത്ത് ഞങ്ങള്‍ പരസ്പരം ആലോചിച്ചെടുത്ത തീരുമാനങ്ങളാണിത്. ഗ്രൂപ്പുകളൊക്കെ മനസില്‍ നിന്നോട്ടെ, എങ്കിലും ഞങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കും. ഞങ്ങള്‍ക്കൊരു സ്ഥാനവും വേണ്ട. നേതാക്കളെ മാറ്റാനോ, സ്ഥാനം നേടാനോ, ഏതെങ്കിലും താക്കോല്‍ സ്ഥാനം പിടിച്ചെടുക്കാനോ ഒന്നും ഞങ്ങളില്ല. താക്കോലൊക്കെ അവരവരുടെ പോക്കറ്റില്‍ തന്നെ കിടന്നോട്ടെ. ഒന്നും ആരില്‍ നിന്നും പിടിച്ചെടുക്കില്ല. ഞങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ വൈബ്രന്റ് ആക്കണം. അതിന് ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ പറ്റുമോ അത് പരമാവധി ചെയ്യും. ഗ്രൂപ്പുകള്‍ക്ക് അതീതമായി തന്നെ ചെയ്യും. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പറ്റുന്ന ഏതെല്ലാം പ്ലാറ്റ്‌ഫോം ഞങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ പറ്റുമോ അതെല്ലാം ഉപയോഗപ്പെടുത്തും.
ഒരു വലിയ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും കൂട്ടായ്മയാണിത്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പുതിയ ഗ്രൂപ്പ് ഒന്നുമല്ല. ഇതൊരു വികാരമാണ്. കോണ്‍ഗ്രസ് എന്ന വികാരം. ഇത് വച്ച് ഞങ്ങള്‍ വിലപേശലിനോ സ്ഥാനം മേടിച്ചെടുക്കാനോ നില്‍ക്കില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക മാത്രമാണ് ലക്ഷ്യം. അതിന് സഹായിക്കാന്‍ കഴിയുന്നവര്‍ പാര്‍ട്ടിയിലുണ്ട്. അവരെയൊക്കെ ഉപയോഗപ്പെടുത്തും. പ്രായമൊന്നും തടസമല്ല. പ്രായം എന്നാല്‍ അനുഭവ സമ്പത്താണ്. ആ നിലയ്ക്ക് പ്രായം എന്ന ഘടകത്തെ പിന്തുണയ്ക്കുന്നു. പക്ഷേ, പ്രായം മാത്രം പോരാ. പാര്‍ട്ടി ഇങ്ങനെ പോയാല്‍ പോരാ. ഇതിനെക്കാള്‍ നന്നായി പോണം. ആ ആഗ്രഹത്തില്‍ നിന്നുണ്ടായ കൂട്ടായ്മയാണ് ഞങ്ങളുടേത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories