TopTop
Begin typing your search above and press return to search.

വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ്: സീനിയർ അക്കൗണ്ടന്റ് ഉപയോഗിച്ചത് ഓൺലൈൻ സംവിധാനത്തിലെ പിഴവ്, മുൻപും ഇടപാടുകൾ നടത്തിയുണ്ടെന്ന് വിലയിരുത്തൽ

വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ്:  സീനിയർ അക്കൗണ്ടന്റ് ഉപയോഗിച്ചത് ഓൺലൈൻ സംവിധാനത്തിലെ പിഴവ്, മുൻപും ഇടപാടുകൾ  നടത്തിയുണ്ടെന്ന് വിലയിരുത്തൽ

തിരുവനന്തപുരത്തെ വഞ്ചിയൂർ സബ് ട്രഷറിവഴി ജില്ലാ കളക്ടറുടെ പേരിലുള്ള അക്കൗണ്ടിൽനിന്ന് രണ്ട് കോടിയോളം രൂപ തട്ടിയ സംഭവത്തിന് തുണയായത് ഓൺലൈൻ സംവിധാനത്തിലെ പിഴവെന്ന് വിലയിരുത്തൽ. തിരുവനന്തപുരം അഡീഷനൽ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാൽ ജൂലൈ 27നാണ് പണം തിരിമറി നടത്തിയത്. മെയ് 31-ന് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർനെയിമും പാസ് വേഡും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സബ് ട്രഷറി ഓഫീസറും പരാതി നൽകിയതിന് പിന്നാലെ ട്രഷറി ജീവനക്കാരനെതിരേ അന്വേഷണം ആരംഭിച്ചു. പിന്നാലെ എം.ആര്‍. ബിജുലാലിനെയാണ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഭാര്യയുടെ അക്കൗണ്ടിലേക്ക് 2 കോടി കൈമാറ്റം ചെയ്യുന്നതിനു മുൻപും ബിജുലാൽ പരീക്ഷണ ഇടപാടുകൾ നടത്തിയിട്ടുണ്ടാകാമെന്നാണ് ട്രഷറി വിജിലൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ. സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് 62 ലക്ഷം രൂപ തിരിമറി നടത്തിയതായാണു ട്രഷറി ഡയറക്ടറുടെ കണ്ടെത്തെന്നാണ് റിപ്പോർട്ട്. ഇതുൾപ്പെട വിശദമായി അന്വേഷിക്കുന്നതിനായി ട്രഷറി ജോയിന്റ് ഡയറക്ടര്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം, സബ്ട്രഷറിയിലെ ജീവനക്കാരന്‍ നടത്തിയ പണം തിരിമറിയിൽ തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടമായിട്ടില്ലെന്നു ട്രഷറി ഡയറക്ടര്‍ അറിയിച്ചതായി കളക്ടര്‍ നവ്ജ്യോത് ഘോസ കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ചു ട്രഷറി ഡയറക്ടര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഓൺലൈൻ പണമിടപാട് പുർത്തിയാക്കിയ ശേഷം റദ്ദാക്കിയാൽ ഇരു അക്കൗണ്ടുകളിലും പണം അതേപടി തുടരുമെന്ന തിരിച്ചറിയാണ് സീനിയർ അക്കൗണ്ടന്റിനെ തട്ടിപ്പ് നടത്താൻ സഹായിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. കലക്ടറുടെ സ്പെഷൽ അക്കൗണ്ടിൽ 2 കോടി രൂപയാണ് ആകെ ഉണ്ടായിരുന്നത്. ഇതു മുഴുവൻ കൈമാറിയ ശേഷം ബിൽ റദ്ദാക്കിയാൽ പിടിക്കപ്പെടാൻ സാധ്യതയില്ലെന്ന പ്രതീക്ഷയാണ് തട്ടിപ്പിലേക്ക് നയിച്ചത്.

എന്നാൽ, അക്കൗണ്ടുകളിലെ ഇടപാടുകളെ കുറിച്ച് നടക്കുന്ന പതിന് പരിശോധനയിൽ സംശയകരമായ ഇടപാട് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന നടത്തിയ അന്വേഷണമാണ് തട്ടിപ്പിലേക്ക് വഴിതുറന്നത്. എം.ആര്‍. ബിജുലാല്‍ ആദ്യം പണം കൈമാറിയത് ഭാര്യയുടെ ആക്കൗണ്ടിലേക്കാണ്. പിന്നീട് ഇതിൽ പകുതി ബന്ധുവിന്റെ അക്കൗണ്ടിലേക്കും മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവരെല്ലാം കേസിൽ പ്രതിയായേക്കുമെന്നാണ് റിപ്പോർട്ട്. ഹയർ‌ സെക്കൻഡറി സ്കൂൾ അധ്യാപികയാണ് ബിജിലാലിന്റെ ഭാര്യ.

തന്റെയും ഭാര്യയുടേയും ട്രഷറി സേവിങ്സ് അക്കൗണ്ടുകളിലേയ്ക്കും പണം കൈമാറ്റം ചെയ്യാനാണ് തിരുവനന്തപുരം അഡിഷനൽ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാൽ ജൂലൈ 27ന് ഓൺലൈനായി ബിൽ സമർപ്പിച്ചു. സ്വന്തം യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ചായിരുന്നു 2 കോടി രൂപ കലക്ടറുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ബില്ല് സമർപ്പിച്ചത്.

ഫണ്ട് കൈമാറ്റത്തിന് അന്തിമാനുമതി നൽകാനാണ് അടുത്തിടെ വിരമിച്ച സബ് ട്രഷറി ഓഫിസറുടെ യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ചത്. ഇത് പ്രകാരം പണം കൈമാറ്റം അംഗീകരിച്ചു. എന്നാൽ താൻ യൂസർനെയിമും പാസ്‌വേഡും കൈമാറിയിട്ടില്ലെന്നാണ് വിരമിച്ച ഉദ്യോഗസ്ഥന്റെ മൊഴി. കംപ്യൂട്ടറിൽ സേവ് ചെയ്ത് വച്ച പാസ് വേഡ് ഉപയാഗിച്ചായിരിക്കാം ഇത് സാധ്യമാക്കിയതെന്നാണ് വിലയിരുത്തൽ.

പിന്നീടാണ് ട്രഷറി ബാങ്കിങ് സോഫ്റ്റ്‍വെയറിലെ പോരായ്മ ഉദ്യോഗസ്ഥൻ തട്ടിപ്പിന് ഉപയോഗപ്പെടുത്തുന്നത്. പണം കൈമാറിയതിന് പിന്നാലെ ബിൽ ഓൺലൈനായി റദ്ദാക്കി. ഇതോടെ ട്രാൻഫർ ചെയ്ത 2 കോടിയും തിരികെയെത്തിയതായി കണക്കിൽ രേഖപ്പെടുത്തപ്പെടുകയും ചെയ്തു.

പണം തിരികെ എത്തിയതായി കണക്കിലുണ്ടാകും. പക്ഷേ ആ തുക ബിജുലാലിന്റെയും ഭാര്യയുടെയും അക്കൗണ്ടിൽ തന്നെ തുടരുകയും ചെയ്യും. സോഫ്റ്റ്‌വെയറിലെ ഇൗ പോരായ്മ ബിജുലാൽ കണ്ടെത്തിയ സാഹചര്യത്തിൽ സമാനതട്ടിപ്പ് മുൻപും നടത്തിയിട്ടുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.

കളക്ടറുടെ അക്കൗണ്ടിൽ നിന്നും തങ്ങളുടെ അക്കൗണ്ടിലെത്തിയ 2 കോടിയിൽ നിന്നു 62 ലക്ഷം രൂപ ഇരുവരുടെയും അടുത്ത ബന്ധുവിന് ഉൾപ്പെടെ മറ്റ് അക്കൗണ്ടുകളിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതിന് ശേഷമുള്ള ഇടപാടുകൾ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുന്ന മുറയ്ക്ക് മാത്രമേ വ്യകതമാവുകയുള്ളു. സംഭവം പുറത്തറഞ്ഞിതിന് പിന്നാലെ ഇരുവരുടെയും ട്രഷറി അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. തട്ടിപ്പിന് കൂട്ടുനിന്നെന്ന് കണ്ടതോടെ ബിജുലാലിന്റെ ഭാര്യയ്ക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.


Next Story

Related Stories