TopTop
Begin typing your search above and press return to search.

വട്ടവടയില്‍ മേല്‍ജാതിക്കാര്‍ക്കൊപ്പം മുടി വെട്ടാന്‍ ചക്ലിയ സമുദായത്തിന് അയിത്തം; ചോദ്യം ചെയ്തപ്പോള്‍ കടകള്‍ അടച്ചുപൂട്ടി പൂട്ടി പഞ്ചായത്ത്; ഇനി പൊതു ബാര്‍ബര്‍ ഷോപ്പ്

വട്ടവടയില്‍ മേല്‍ജാതിക്കാര്‍ക്കൊപ്പം മുടി വെട്ടാന്‍ ചക്ലിയ സമുദായത്തിന് അയിത്തം; ചോദ്യം ചെയ്തപ്പോള്‍ കടകള്‍ അടച്ചുപൂട്ടി പൂട്ടി പഞ്ചായത്ത്; ഇനി പൊതു ബാര്‍ബര്‍ ഷോപ്പ്

ഇടുക്കിയിലെ ഉള്‍ഗ്രാമമായ വട്ടവടയില്‍ ഇപ്പോള്‍ ബാര്‍ബര്‍ ഷോപ്പില്ല. രണ്ട് ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന വട്ടവട പഞ്ചായത്തില്‍ രണ്ടും ദിവസങ്ങള്‍ക്ക് മുന്നെ പൂട്ടി. പതിറ്റാണ്ടുകളായി തങ്ങള്‍ നേരിടുന്ന അയിത്തം ചക്ലിയ സമുദായാംഗങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ പഞ്ചായത്തിന്റെ 'പരിഹാരം' അതായിരുന്നു. ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ബാര്‍ബര്‍ഷോപ്പുകള്‍ അടച്ച് പൂട്ടി പഞ്ചായത്ത് വക പൊതുവായ ഒരു ബാര്‍ബര്‍ ഷോപ്പ് നിര്‍മ്മിക്കുക. അതില്‍ ആര്‍ക്കും വന്ന് മുടി വെട്ടാം. പഞ്ചായത്ത് പ്രശ്‌ന പരിഹാരാര്‍ഥം മുന്നോട്ട് വച്ച ഈ തീരുമാനത്തോടെ 'എല്ലാം ശരിയായി' എന്ന് ചക്ലിയരില്‍ ഒരു കൂട്ടര്‍ പറയുന്നു. എന്നാല്‍ 'ഒന്നും ശരിയായിട്ടില്ല' എന്ന് മറ്റൊരു കൂട്ടരും. പഞ്ചായത്ത് നിര്‍മ്മിക്കുന്ന പൊതു ബാര്‍ബര്‍ഷോപ്പില്‍ 'ചക്ലിയരോടൊപ്പം സഹകരിക്കാനാണ് തീരുമാനം' എന്ന് മേല്‍ജാതിക്കാരില്‍ ചിലര്‍ പറയുമ്പോള്‍ മറ്റൊരു കൂട്ടര്‍ 'ബാര്‍ബര്‍മാരെ വീട്ടിലെത്തിച്ച് മുടി വെട്ടിച്ചാലും പൊതു ബാര്‍ബര്‍ഷോപ്പില്‍ പോവില്ല' എന്ന നിലപാടിലും ഉറച്ച് നില്‍ക്കുന്നു. അയിത്തം നിയമപരമായി ക്രിമിനല്‍ കുറ്റമായിരിക്കെ ചക്ലിയരെ കേറ്റാത്ത ബാര്‍ബര്‍ഷോപ്പുകള്‍ നാട്ടില്‍ വേണ്ട, പകരം മറ്റൊന്ന് എന്ന പരിഹാര നടപടിയോടെ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിക്കുമെന്നാണ് പഞ്ചായത്ത് അധികാരികളുടെ പ്രതീക്ഷ. എന്നാല്‍ അപ്പോഴും കാലങ്ങളായി നേരിടുന്ന അയിത്തം ഇല്ലാതാവുന്നില്ലെന്ന് ചക്ലിയ സമുദായാംഗങ്ങള്‍.

ജാതിയ വിവേചനങ്ങള്‍ പ്രകടമായി തന്നെ നിലനില്‍ക്കുന്ന സ്ഥലമാണ് ഇടുക്കി ജില്ലയിലുള്ള തമിഴ്നാട് അതിര്‍ത്തിയിലെ വട്ടവട പ്രദേശം. വട്ടവട പഞ്ചായത്തില്‍ മാത്രം ചക്ലിയ സമുദായത്തില്‍ പെട്ട 270 കുടുംബങ്ങളാണുള്ളത്. മുടിവെട്ടുന്ന സ്ഥലങ്ങളില്‍ കീഴ് ജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതാണ് ഇവിടുത്തെ ജാതി വിവേചനത്തിന്റെ പ്രത്യക്ഷ രീതികളിലൊന്ന്. സവര്‍ണ ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുടിവെട്ടിക്കൊടുക്കുന്ന സ്ഥലങ്ങളില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ചക്ലിയ വിഭാഗത്തിന് പ്രവേശനമില്ല. ഇതിനെതിരെ കാലങ്ങളായി ചക്ലിയ സമുദായത്തിലെ യുവതലമുറ ശബ്ദമുയര്‍ത്തുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. ഒന്നുകില്‍ സ്വയം മുടി വെട്ടുക. അല്ലെങ്കില്‍ 12 കിലോ മീറ്റര്‍ അപ്പുറമുള്ള ഏലപ്പെട്ടിയിലെ ബാര്‍ബര്‍ ഷോപ്പില്‍ പോയി മുടി വെട്ടും. അതുമല്ലെങ്കില്‍ 42 കിലോമീറ്റര്‍ അപ്പുറമുള്ള മൂന്നാറില്‍ എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി പോവുമ്പോള്‍ മുടിയും വെട്ടി തിരിച്ച് വരിക. ഇതാണ് ചക്ലിയ സമുദായാംഗങ്ങളുടെ അവസ്ഥ. തങ്ങളെ ബാര്‍ബര്‍ഷോപ്പുകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് പലപ്പോഴും ചക്ലിയ സമുദായാംഗങ്ങള്‍ ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലേക്കും സംഘര്‍ഷത്തിലേക്കും വരെ പോവുന്നത് പതിവായിരുന്നു. കഴിഞ്ഞയിടെ സമുദായാംഗങ്ങള്‍ തങ്ങള്‍ക്ക് നേരിടുന്ന വിവേചനം തുറന്ന് കാട്ടി പഞ്ചായത്തിന് പരാതി നല്‍കി. പ്രശ്‌നപരിഹാരത്തിനായി പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ചര്‍ച്ച വിളിച്ചു. പഞ്ചായത്ത് പൊതു ബാര്‍ബര്‍ഷോപ്പ് തുറക്കുമെന്നും അതില്‍ എല്ലാ സമുദായാംഗങ്ങള്‍ക്കും മുടിവെട്ടാം എന്നും തീരുമാനമായി. ചര്‍ച്ചയില്‍ പങ്കെടുത്ത സമുദായാംഗങ്ങളില്‍ ഭൂരിഭാഗം പേരും തീരുമാനത്തോട് യോജിച്ചു. "പഞ്ചായത്ത് എല്ലാം ശരിയാക്കി. പുതിയ ബാര്‍ബര്‍ഷോപ്പ് ഉടനെ തുറക്കുമെന്നും അവിടെ ഞങ്ങള്‍ക്കും മുടിവെട്ടാം എന്നും അവര്‍ പറയുന്നു. അതോടെ പ്രശ്‌നങ്ങള്‍ എല്ലാം തീരും എന്നാണ് കരുതുന്നത്" ചക്ലിയ സമുദായാംഗമായ ആര്‍ ബാലന്‍ പ്രതീക്ഷ പങ്കുവച്ചു.

പഞ്ചായത്ത് നിര്‍മ്മിക്കുന്ന ബാര്‍ബര്‍ഷോപ്പിന്റെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജു പറയുന്നു. പൂട്ടിയ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും അവ ഇനി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് വട്ടവട. പി രാമരാജുവിന്റെ വാക്കുകള്‍, "ഏറെക്കാലമായി തുടരുന്ന പ്രശ്‌നമാണിത്. മുമ്പും പല തവണ മേല്‍ജാതിക്കാരോട് ഇക്കാര്യം സംസാരിച്ചിരുന്നു. അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു. പക്ഷെ ഒന്നിലും മാറ്റമുണ്ടായില്ല. അപ്പോഴാണ് പഞ്ചായത്ത് ഫണ്ടില്‍ ബാര്‍ബര്‍ഷോപ്പ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇനി ടൈല്‍ വര്‍ക്ക് കൂടി ബാക്കിയുണ്ട്. അതുകഴിഞ്ഞാല്‍ ചക്ലിയ സമുദായക്കാര്‍ക്കുള്‍പ്പെടെ അവിടെ വന്ന് മുടിവെട്ടാം. ചക്ലിയ സമുദായക്കാരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് ബാര്‍ബര്‍ഷോപ്പുകളും പൂട്ടിച്ചു. ഇനി അത് തുറക്കില്ല".

എന്നാല്‍ മറ്റൊരു ബാര്‍ബര്‍ഷോപ്പ് തുറക്കുന്നത് കൊണ്ട് മാത്രം വട്ടവടയിലെ അയിത്തം അവസാനിക്കുന്നില്ലെന്ന് ചക്ലിയ സമുദായാംഗങ്ങള്‍ പറയുന്നു. പഞ്ചായത്തിന്റെ തീരുമാനത്തില്‍ ബാലനെ പോലെയുള്ള മുതിര്‍ന്ന സമുദായാംഗങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ യുവാക്കളായ ചിലര്‍ അതില്‍ പ്രതിഷേധവും അറിയിക്കുന്നു. "ഇവിടെയുണ്ടായിരുന്ന ബാര്‍ബര്‍ ഷോപ്പ് തന്നെ തുറക്കണം. അവിടെ തന്നെ ഞങ്ങള്‍ക്കും മുടിവെട്ടണം. അതാണ് പഞ്ചായത്ത് ചെയ്യണ്ടത്. പഞ്ചായത്ത് ഉണ്ടാക്കുന്ന ബാര്‍ബര്‍ ഷോപ്പുകൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ല. ഞങ്ങളുടെ സമുദായത്തിലെ മുതിര്‍ന്നവരെ ഇതൊരു പ്രശ്‌നമാക്കരുതെന്ന് പറഞ്ഞ് രാഷ്ട്രീയക്കാരും എല്ലാം അടക്കി നിര്‍ത്തിയിരിക്കുന്നതുകൊണ്ടാണ് പ്രതികരിക്കാത്തത്. ഞങ്ങള്‍ക്കും പേടിയുണ്ട്", പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ചക്ലിയ സമുദായാംഗമായ യുവാവ് പ്രതികരിച്ചു. സമാധാന ചര്‍ച്ചയിലും യുവാക്കള്‍ ഇത്തരത്തില്‍ പ്രതികരണമറിയിച്ചു എന്നും എന്നാല്‍ പ്രദേശത്തെ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കാതിരിക്കാനുള്ള ഉചിതമായ തീരുമാനമാണ് പഞ്ചായത്ത് എടുത്തതെന്നും പ്രസിഡന്റ് രാമരാജു പറയുന്നു. "ചക്ലിയ സമുദായാംഗങ്ങളില്‍ ചെറുപ്പക്കാരായ ചിലരുണ്ട്. വാട്‌സആപ്പും ഫേസ്ബുക്കും അല്ലാതെ പ്രാക്റ്റിക്കല്‍ ജീവിതത്തെ കുറിച്ച് ഒരറിവും ഇല്ലാത്ത പിള്ളേര്‍. എണ്‍പത് ശതമാനം പേരും യോഗ തീരുമാനത്തെ അംഗീകരിച്ചപ്പോള്‍ 20 ശതമാനം വരുന്ന അവര്‍ക്ക് ഇവിടെയുണ്ടായിരുന്ന ബാര്‍ബര്‍ ഷോപ്പ് തന്നെ തുറന്ന് അതില്‍ തന്നെ മുടി വെട്ടണം. ലൈസന്‍സ് ഇല്ലാത്തത് കൊണ്ടാണ് അത് പൂട്ടിയതെന്നും ഇനി അത് തുറക്കില്ല എന്നും ഞാന്‍ പറഞ്ഞു. പഞ്ചാത്ത് ഉണ്ടാക്കുന്ന പൊതു ബാര്‍ബര്‍ഷോപ്പില്‍ അവര്‍ക്കും വന്ന് വെട്ടാം. അതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കും. അല്ലെങ്കില്‍ പിന്നെയും ഇവിടെ സംഘര്‍ഷം തന്നെയുണ്ടാവും".

പ്രദേശത്തെ ബാര്‍ബര്‍മാരെ മറ്റ് സമുദായാംഗങ്ങള്‍ ഭയപ്പെടുത്തിയിരിക്കുന്നതിനാല്‍ അവര്‍ ചക്ലിയ സമുദായാംഗങ്ങളുടെ മുടി വെട്ടിക്കൊടുക്കില്ല എന്ന് ഒരു പഞ്ചായത്ത് അംഗം പ്രതികരിച്ചു. പൊതു ബാര്‍ബര്‍ഷോപ്പിലേക്ക് പുറത്ത് നിന്ന് ഒരു ബാര്‍ബറെ എത്തിക്കാനും ബാര്‍ബര്‍ഷോപ്പിന്റെ മുഴുവന്‍ ചെലവും പഞ്ചായത്ത് വഹിക്കാനുമാണ് തീരുമാനം.

അതേസമയം പൊതു ബാര്‍ബര്‍ഷോപ്പില്‍ വന്ന് മുടിവെട്ടില്ല എന്ന് തീരുമാനമെടുത്തിരിക്കുന്ന മറ്റ് സമുദായാംഗങ്ങളുമുണ്ട്. തങ്ങള്‍ മുടിവെട്ടിക്കൊണ്ടിരുന്ന ബാര്‍ബര്‍ഷോപ്പ് പഞ്ചായത്ത് പൂട്ടി സീല്‍ വച്ചതിന്റെ പ്രതിഷേധം അവരും അറിയിക്കുന്നു. എന്നാല്‍ ആ സമീപനം കാലങ്ങളെടുത്ത് മാത്രമേ മാറൂ എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് രാമരാജു ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. "ബാര്‍ബര്‍ ഷോപ്പ് പൂട്ടുന്നെങ്കില്‍ പൂട്ട്. ഞങ്ങള്‍ക്ക് ബാര്‍ബര്‍മാര്‍ വീട്ടിലെത്തി മുടിവെട്ടിത്തരും എന്നാണ് മേല്‍ സമുദായക്കാരില്‍ ചിലര്‍ കടുംപിടുത്തം പിടിക്കുന്നത്. പക്ഷെ ഞാനുള്‍പ്പെടെയുള്ള ഒബിസി സമുദായാംഗങ്ങള്‍ പൊതു ബാര്‍ബര്‍ഷോപ്പില്‍ ചക്ലിയര്‍ക്കൊപ്പം മുടിവെട്ടി അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കും", രാമരാജു കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് തരം ഗ്ലാസ്സുകളില്‍ ചായകൊടുക്കുന്ന 'ഇരട്ട ഗ്ലാസ്' സമ്പ്രദായം വട്ടവടയിലുണ്ടായിരുന്നു. എന്നാല്‍ ഇത് 90-കളുടെ ആദ്യത്തില്‍ നിരന്തരമായ ബോധവല്‍ക്കരണത്തിലൂടെയും മുന്നേറ്റങ്ങളിലൂടെയും മാറി. അതുപോലെ നിലനില്‍ക്കുന്ന വിവേചനങ്ങളും മാറും എന്നതാണ് പഞ്ചായത്ത് ഭരണ സമിതിയുടെ വാദം. എന്നാല്‍ നിയമ ലംഘനത്തെ നിയമപരമായാണ് നേരിടേണ്ടതെന്നാണ് ചക്ലിയ സമുദായാംഗങ്ങളില്‍ ചിലരുടെ അഭിപ്രായം.

#Representational Image


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories