TopTop
Begin typing your search above and press return to search.

ഈ കൂട്ടായ്മ അടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസിന്റേതാകാന്‍ വേണ്ടി; ഞങ്ങള്‍ക്ക് പാര്‍ട്ടിയിലൊരു താക്കോല്‍ സ്ഥാനവും വേണ്ട, താക്കോലോക്കെ അവരവരുടെ പോക്കറ്റില്‍ കിടന്നോട്ടെ: വി.ഡി സതീശന്‍

ഈ കൂട്ടായ്മ അടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസിന്റേതാകാന്‍ വേണ്ടി; ഞങ്ങള്‍ക്ക് പാര്‍ട്ടിയിലൊരു താക്കോല്‍ സ്ഥാനവും വേണ്ട, താക്കോലോക്കെ അവരവരുടെ പോക്കറ്റില്‍ കിടന്നോട്ടെ: വി.ഡി സതീശന്‍

കൊറോണ പ്രതിരോധമടക്കം പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ അരയും തലയും മുറുക്കി രംഗത്ത്‌ വന്നിട്ടുള്ളത് കോണ്‍ഗ്രസില്‍ പുതുതായി രൂപം കൊണ്ടിട്ടുള്ള വി ഗ്രൂപ്പാണെന്ന് റിപ്പോര്‍ട്ടുകള്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഗ്രൂപ്പുകള്‍ക്കതീതമായി എല്ലാ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സഹകരണത്തില്‍ നിന്നുണ്ടായിട്ടുള്ള കൂട്ടായ്മയാണ് ഇപ്പോഴുള്ളത് എന്നാണ് വി.ഡി സതീശന്‍ എംഎല്‍എ പറയുന്നത്. കോണ്‍ഗ്രസിനെ കൂടുതല്‍ 'വൈബ്രന്‍റ്' ആക്കുക, 'ആക്ടീവ്' ആക്കുക, അതുവഴി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുക എന്നതാണ് ലക്ഷ്യമെന്ന് സതീശന്‍ പറയുന്നു. അഴിമുഖത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ക്ക് ഒരു സ്ഥാനവും വേണ്ടെന്നും "നേതാക്കളെ മാറ്റാനോ, സ്ഥാനം നേടാനോ, ഏതെങ്കിലും താക്കോല്‍ സ്ഥാനം പിടിച്ചെടുക്കാനോ ഒന്നും ഞങ്ങളില്ല; താക്കോലൊക്കെ അവരവരുടെ പോക്കറ്റില്‍ തന്നെ കിടന്നോട്ടെ; ഒന്നും ആരില്‍ നിന്നും പിടിച്ചെടുക്കില്ല" എന്നുമാണ് സതീശന്‍ പറയുന്നത്. (അഭിമുഖത്തിന്റെ പൂര്‍ണ രൂപം ഇവിടെ വായിക്കാം: വി.ഡി സതീശന്‍/അഭിമുഖം; എ.കെ ആന്റണിയുടെ ഉദ്ദേശശുദ്ധി വളരെ വ്യക്തമാണ്; 1957 മുതലാണ് എല്ലാം ഉണ്ടായതെന്നൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണ്?)

കോണ്‍ഗ്രസില്‍ വി ഗ്രൂപ്പ് എന്ന പേരില്‍ താങ്കള്‍ കൂടി ഉള്‍പ്പെടുന്ന പുതിയൊരു ഗ്രൂപ്പ് ഉടലെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചു കൊണ്ട് സതീശന്‍ പറഞ്ഞത് ഇങ്ങനെയാണ്: "കോണ്‍ഗ്രസിലെ അടുത്ത തലമുറയെന്നു വിളിക്കാവുന്ന ഞങ്ങള്‍ക്കിടയില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി ഉപരി വലിയൊരു സൗഹൃദമുണ്ട്. ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന പേരുകളെക്കാള്‍ വലുതാണ് ആ സൗഹൃദ വലയം. നല്ല രീതിയില്‍ ഞങ്ങള്‍ക്കിടയില്‍ ആശയവിനിമയം നടക്കുന്നുണ്ട്. പാര്‍ട്ടി കൂറെക്കൂടി വൈബ്രന്റ് ആകണം, കുറേക്കൂടി ആക്ടീവ് ആകണം, കേറി വരണം, അടുത്ത സര്‍ക്കാര്‍ നമ്മുടെതായിരിക്കണം ഇതിനെക്കുറിച്ചൊക്കെ ഞങ്ങള്‍ എപ്പോഴും സംസാരിക്കുകയും കൂട്ടായൊരു തീരുമാനത്തില്‍ എത്തിയിട്ടുമുണ്ട്. നിര്‍ണായകമായൊരു സമയത്ത് ഞങ്ങള്‍ പരസ്പരം ആലോചിച്ചെടുത്ത തീരുമാനങ്ങളാണിത്".

വിവിധ ഗ്രൂപ്പുകളുടെയും ഗ്രൂപ്പുകളില്‍ ഇല്ലാത്തവരുടെയും ഒക്കെ കൂട്ടായ്മയാണ് പുതിയ വി ഗ്രൂപ്പ്. സതീശന് പുറമേ പി.സി വിഷ്ണുനാഥ്, വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥന്‍, രമ്യ ഹരിദാസ്, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്‌, റോജി എം ജോണ്‍, അനില്‍ അക്കര, ടി. സിദ്ദിഖ് തുടങ്ങി പാര്‍ട്ടിയിലെ ഒട്ടുമിക്ക യുവനേതാക്കളും ഈ കൂട്ടായ്മയുടെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാരിനെ കിട്ടുന്ന അവസ്രങ്ങളിലെല്ലാം ഇവര്‍ പ്രതിരോധത്തിലാക്കാനും ശ്രമിക്കുന്നുണ്ട്. അതേ സമയം, ഈ പുതിയ ഗ്രൂപ്പിനെതിരെ പാര്‍ട്ടിയില്‍ തന്നെ മുറുമുറുപ്പുകള്‍ ഉയരുന്നുണ്ട് എന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. പാര്‍ട്ടി ഒറ്റക്കെട്ടായി ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് ഈ പുതിയ കൂട്ടായ്മ തട്ടിയെടുക്കുന്നു എന്നാണു പരാതി.

സതീശന്റെ പ്രതികരണം ഇങ്ങനെയാണ്: "ഗ്രൂപ്പുകളൊക്കെ മനസില്‍ നിന്നോട്ടെ, എങ്കിലും ഞങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കും. ഞങ്ങള്‍ക്കൊരു സ്ഥാനവും വേണ്ട. നേതാക്കളെ മാറ്റാനോ, സ്ഥാനം നേടാനോ, ഏതെങ്കിലും താക്കോല്‍ സ്ഥാനം പിടിച്ചെടുക്കാനോ ഒന്നും ഞങ്ങളില്ല. താക്കോലൊക്കെ അവരവരുടെ പോക്കറ്റില്‍ തന്നെ കിടന്നോട്ടെ. ഒന്നും ആരില്‍ നിന്നും പിടിച്ചെടുക്കില്ല. ഞങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ വൈബ്രന്റ് ആക്കണം. അതിന് ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ പറ്റുമോ അത് പരമാവധി ചെയ്യും. ഗ്രൂപ്പുകള്‍ക്ക് അതീതമായി തന്നെ ചെയ്യും. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പറ്റുന്ന ഏതെല്ലാം പ്ലാറ്റ്‌ഫോം ഞങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ പറ്റുമോ അതെല്ലാം ഉപയോഗപ്പെടുത്തും.

ഒരു വലിയ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും കൂട്ടായ്മയാണിത്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പുതിയ ഗ്രൂപ്പ് ഒന്നുമല്ല. ഇതൊരു വികാരമാണ്. കോണ്‍ഗ്രസ് എന്ന വികാരം. ഇത് വച്ച് ഞങ്ങള്‍ വിലപേശലിനോ സ്ഥാനം മേടിച്ചെടുക്കാനോ നില്‍ക്കില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക മാത്രമാണ് ലക്ഷ്യം. അതിന് സഹായിക്കാന്‍ കഴിയുന്നവര്‍ പാര്‍ട്ടിയിലുണ്ട്. അവരെയൊക്കെ ഉപയോഗപ്പെടുത്തും. പ്രായമൊന്നും തടസമല്ല. പ്രായം എന്നാല്‍ അനുഭവ സമ്പത്താണ്. ആ നിലയ്ക്ക് പ്രായം എന്ന ഘടകത്തെ പിന്തുണയ്ക്കുന്നു. പക്ഷേ, പ്രായം മാത്രം പോരാ. പാര്‍ട്ടി ഇങ്ങനെ പോയാല്‍ പോരാ. ഇതിനെക്കാള്‍ നന്നായി പോണം. ആ ആഗ്രഹത്തില്‍ നിന്നുണ്ടായ കൂട്ടായ്മയാണ് ഞങ്ങളുടേത്".

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന ആരോപണവും സതീശന്‍ നിഷേധിച്ചു. "ഞങ്ങള്‍ എന്ത് വിവാദം ഉണ്ടാക്കിയെന്നാണ് പറയുന്നത്? കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും അനുസരിക്കാനാണ് ഞങ്ങളും എല്ലാവരോടും പറയുന്നത്. കോണ്‍ഗ്രസിന്റെ ലോക്‌സഭ-രാജ്യസഭ എംപിമാര്‍ എല്ലാവരും ചേര്‍ന്ന് ഏകദേശം 30 കോടി രൂപയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. എല്ലാം എംഎല്‍എമാരും നല്‍കി. 40 ശതമാനത്തോളം വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും അതിന്റെ ഭാഗമായിട്ടുണ്ട്. ഞങ്ങളും ഈ പ്രവര്‍ത്തനങ്ങളില്‍ രാപ്പകല്‍ ഇടപെട്ടു കൊണ്ടിരിക്കുന്നവര്‍ തന്നെയാണ്. ഞങ്ങള്‍ എന്തു വിവാദമാണ് ഉണ്ടാക്കിയത്? ബാര്‍ അടയ്ക്കാനും ബിവറേജ് അടയ്ക്കാനും പറഞ്ഞതാണോ വിവാദം? സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ സുതാര്യതയില്ലെന്നു ചൂണ്ടിക്കാട്ടിയതാണോ വിവാദം? പറയേണ്ട കാര്യങ്ങള്‍ പറയേണ്ടേ? അതൊക്കെ പ്രതിപക്ഷത്തിന്റെ ചുമതലയല്ലേ! എല്ലാം ശരിയാണെന്നു പറയുന്നതല്ല പ്രതിപക്ഷത്തിന്റെ ജോലി. വളരെ പോസിറ്റീവ് ആയാണ് പ്രതിപക്ഷം ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഇവിടെ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കൂടെത്തന്നെയാണ് പ്രതിപക്ഷം നില്‍ക്കുന്നത്. നല്ല കാര്യം ചെയ്യുമ്പോള്‍ അതിനെ പിന്തുണയ്ക്കുന്നുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ അതിനര്‍ത്ഥം എല്ലാക്കാര്യത്തിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്നുവെന്നല്ല.

രോഗികളുടെ എണ്ണം നമ്മളെക്കാള്‍ താഴെയുള്ള പതിനെട്ട്, പത്തൊമ്പത് സംസ്ഥാനങ്ങളുണ്ട്. ഇന്ത്യയിലെ വലിയ സംസ്ഥനങ്ങള്‍ ഉള്‍പ്പെടെ അതിലുണ്ട്. അവിടങ്ങളില്ലൊം ഈ മാനേജ്‌മെന്റ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യരംഗത്ത് നമ്മുടെയത്ര സൗകര്യങ്ങളും ഇല്ല. ഛത്തീസ്ഗഢിലോ, ഉത്തരാഖണ്ഡിലോ ബിഹാറിലോ കേരളത്തിലേതുപോലെ ആരോഗ്യ രംഗത്ത് സൗകര്യങ്ങള്‍ ഇല്ല. പക്ഷേ, നമ്മളെക്കാള്‍ താഴെയാണ് അവിടങ്ങളിലെ രോഗികളുടെ എണ്ണം. ഏറ്റവും മികച്ച രീതിയില്‍ ഈ മഹാമാരിയെ നേരിട്ടിരിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. പഞ്ചാബില്‍ വളരെ നല്ല രീതിയില്‍ രോഗം നിയന്ത്രിച്ചിട്ടുണ്ട്. ഇത്രയധികം ടൂറിസ്റ്റുകള്‍ വരുന്ന ഗോവയില്‍ ആകെ ഏഴ് രോഗികളായിരുന്നു ഉണ്ടായിരുന്നത്. തബ്ലീഗ് സമ്മേളത്തില്‍ പങ്കെടുത്തവര്‍ വന്നില്ലായിരുന്നുവെങ്കില്‍ തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണം വളരെ കുറയുമായിരുന്നു. തമിഴ്‌നാട്ടില്‍ രണ്ടരലക്ഷത്തോളം ടെസ്റ്റുകള്‍ നടത്തി. നമ്മള്‍ നടത്തിയ ടെസ്റ്റ് എത്രയാണ്? നാലില്‍ ഒന്ന് നടത്തിയിട്ടില്ലല്ലോ. ഇതൊന്നും ഞങ്ങള്‍ വിവാദമാക്കിയിട്ടില്ല", സതീശന്‍ പറയുന്നു.

കൊറോണ പ്രതിരോധത്തെ അട്ടിമറിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന ആരോപണവും സതീശന്‍ നിഷേധിച്ചു. "പ്രതിപക്ഷം ഒരിക്കലും പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല. സര്‍ക്കാരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അതിന്റെ കൂടെ നിന്ന് പ്രവര്‍ത്തിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. അതിനിടയില്‍ വരുന്ന തെറ്റുകളും വീഴ്ച്ചകളും നമുക്കുള്ള നിര്‍ദേശങ്ങളും ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും മലയാളികളെ തിരിച്ചു കൊണ്ടു വരുന്നത് കുറച്ചു കൂടി എഫക്ടീവും കണ്‍സ്ട്രക്ടീവും ആയി ചെയ്യണമെന്നു പറഞ്ഞാല്‍, അത് ബഹളം വയ്ക്കലാണോ? ഇക്കാര്യത്തിലൊന്നും ഒരാനവശ്യ വിവാദവും ഞങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. വാളയാറില്‍ ഞങ്ങളുടെ എംപിമാരും എംഎല്‍എമാരും പോയത് സമരം ചെയ്യാനല്ല. പാസില്ലാതെ ആളുകളെ കടത്തി വിടാനുമല്ല. ഗര്‍ഭിണികളും സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം അതിര്‍ത്തിയില്‍ നരകയാതന അനുഭവിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ പോയതാണ്. അവരെ അന്വേഷിക്കേണ്ടേ? അറിഞ്ഞിട്ട് പോയില്ലെങ്കില്‍ അതല്ലെ തെറ്റ്. വിശക്കുന്നവന് ഭക്ഷണം എത്തിച്ചു കൊടുത്തതാണ് അപരാധമായത്? അതിനാണോ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കൂടി ഞങ്ങളെ മരണത്തിന്റെ വ്യാപാരികളെന്നു വിളിച്ചത്? മനുഷ്യജീവന്‍ അപകടത്തിലാക്കാന്‍ വേണ്ടിയാണ് ജനപ്രതിനിധികള്‍ പോയതെന്ന്. സ്വയം രോഗം പിടിപ്പിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ത്താനാണ് പോയതെന്നൊക്കെ പറയുന്നത് എന്ത് വിഡ്ഡിത്തമാണ്.

നാലര ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യാന്‍ സംസ്ഥാനം സജ്ജമാണ്, രണ്ടരലക്ഷത്തോളം കിടക്കള്‍ ഒരുക്കിയിട്ടുണ്ടെന്നൊക്കെ പറഞ്ഞത് സര്‍ക്കാരല്ലേ. ഇരുപതിനായിരത്തോളം പേര്‍ വന്നപ്പോഴേക്കും എല്ലാം പാളി. പറഞ്ഞത്രയൊന്നും ആളുകള്‍ വരില്ലെന്നാണ് സര്‍ക്കാര്‍ കരുതിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ വിദേശത്തു നിന്നും ആളെ കൊണ്ടു വരാന്‍ തുടങ്ങിയതോടെ, അതിനു പിന്നാലെ ഇതരസംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങുകയും ചെയ്തതോടെ മൊത്തം കണ്‍ഫ്യൂഷനായി. സര്‍ക്കാര്‍ സജ്ജമായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഇത്ര പെട്ടെന്ന് ആളുകളെ തിരിച്ചു കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതിയിരുന്നില്ല".

കേരളം ആരോഗ്യമേഖലയില്‍ ഒന്നാമതായതിന്റെ ആദ്യ ക്രെഡിറ്റ് തിരുവിതാംകൂര്‍ രാജകുടുബത്തിന് കൊടുക്കണമെന്നും കൊറോണയെ നേരിടുന്നതില്‍ കേരള മോഡല്‍ ഒന്നാം സ്ഥാനത്താണല്ലോ എന്നതിനോട്, കേരളം അത്ര അഹങ്കരിക്കേണ്ടതില്ല, രോഗം ഇപ്പോഴും പൂര്‍ണ നിയന്ത്രണത്തിലായിട്ടില്ല എന്ന് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റ്ണി അഴിമുഖം അഭിമുഖത്തില്‍ പരാമര്‍ശിച്ചത് വിവാദമായതിനെ കുറിച്ചും സതീശന്‍ പ്രതികരിച്ചു: ആന്റണി എന്താണോ ഉദ്ദേശിച്ചത്, അതല്ലല്ലോ പ്രചരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഇന്റന്‍ഷന്‍ വളരെ ക്ലിയര്‍ ആയിരുന്നു. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വളരെ വിശദമായി പറയുന്നുണ്ട്. അമിതാത്മവിശ്വാസം കാണിക്കരുതെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. അത് സര്‍ക്കാരിനെ വിമര്‍ശിച്ചതല്ല. കൂടുതല്‍ ജാഗ്രതയോടെ നില്‍ക്കണം, കരുതല്‍ തുടരണമെന്ന സന്ദേശമാണ് നല്‍കിയത്. അദ്ദേഹത്തെപ്പോലെ ഇത്രയും സീനിയര്‍ ആയിട്ടുള്ളയാള്‍ ഇങ്ങനെയല്ലേ നമുക്ക് പറഞ്ഞു തരേണ്ടത്. പിണറായി വിജയന്‍ അഹങ്കരിക്കേണ്ടെന്നോ കേരള സര്‍ക്കാര്‍ അഹങ്കരിക്കേണ്ടെന്നോ അല്ല അദ്ദേഹം പറഞ്ഞത്".

ആന്റണിയുമായുള്ള വിശദ അഭിമുഖം ഇവിടെ: എ.കെ ആന്റണി എക്സ്ക്ലൂസീവ്: വല്ലാതങ്ങ് അഹങ്കരിക്കുകയൊന്നും വേണ്ട; കേരളം ഇപ്പോഴും കൊറോണയില്‍ നിന്നും കരകയറിയിട്ടില്ല


രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories