TopTop
Begin typing your search above and press return to search.

അസംബന്ധമെന്ന് വി.ഡി സതീശന്‍, അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുമെന്ന് സെബാസ്റ്റ്യന്‍ പോള്‍; വ്യാജവാര്‍ത്ത പരിശോധിക്കാന്‍ പോലീസിനെ നിയോഗിച്ച നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം

അസംബന്ധമെന്ന് വി.ഡി സതീശന്‍, അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുമെന്ന് സെബാസ്റ്റ്യന്‍ പോള്‍; വ്യാജവാര്‍ത്ത പരിശോധിക്കാന്‍ പോലീസിനെ നിയോഗിച്ച നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം

വ്യാജവാര്‍ത്തകളെക്കുറിച്ച് അന്വേഷിക്കാന്‍ കേരള പോലീസിന്റെ പ്രത്യേക വിഭാഗത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിനെതിരെ ഏറ്റവുമധികം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇത്തരമൊരു നീക്കം മാധ്യമങ്ങള്‍ക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള ശ്രമമാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് റെജി കെ.പി ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിന്റെ നീക്കം മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നടപടിയാണെന്ന് ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ് രാഷ്ട്രീയ, സാമൂഹിക, മാധ്യമ രംഗത്തുള്ളവര്‍.

സര്‍ക്കാരിന്റെ തീരുമാനം ഏകാധിപതികളുടേതാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ ആരോപിച്ചു. "ഒറ്റവാക്കില്‍ പറഞ്ഞാല്‍ തികഞ്ഞ അസംബന്ധമാണ് ഇത്. ഭരണഘടനാ വിരുദ്ധമായ ഒരു കാര്യമാണ് ഇത്. വ്യാജവാര്‍ത്തയെന്ന് പറഞ്ഞ് നമുക്ക് അഭിപ്രായ പ്രകടനം നടത്താനുള്ള സ്വാതന്ത്ര്യത്തിന് മേല്‍ കൈവയ്ക്കുകയാണ്. വാര്‍ത്ത വ്യാജമാണോ ശരിയാണോയെന്ന് ആരാണ് തീരുമാനിക്കുന്നത്? പോലീസാണോ അത് തീരുമാനിക്കേണ്ടത് എന്നാണ് എന്റെ ചോദ്യം. ഐടി നിയമം അനുസരിച്ച് സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയാലോ രാജ്യദ്രോഹകരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാലോ കേസെടുക്കാന്‍ വകുപ്പുണ്ട്. അതൊക്കെ നമുക്ക് മനസ്സിലാക്കാം. പക്ഷെ വാര്‍ത്തകള്‍ വ്യാജമാണോയെന്ന് അന്വേഷിക്കേണ്ട കാര്യം പോലീസിന് ഇല്ലല്ലോ. അത്തരം കാര്യങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള നിയമം ഇപ്പോള്‍ തന്നെ നമ്മുടെ നാട്ടിലുണ്ട്. വാര്‍ത്തകള്‍ സത്യമോ വ്യാജനോ എന്ന് സര്‍ക്കാരിന്റെ ഒരു ഏജന്‍സി തീരുമാനിക്കാന്‍ പോയാല്‍ എവിടെയാണ് സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം നടപ്പാകുക?", വിഡി സതീശന്‍ ചോദിക്കുന്നു.

"ഏകാധിപതികളായ ഭരണാധികാരികള്‍ വരുമ്പോള്‍ അവര്‍ സ്ഥിരമായി ചെയ്യുന്നതാണ് ഇത്തരം കാര്യങ്ങള്‍. അവര്‍ മാത്രമാണ് മാധ്യമങ്ങളെ നിയന്ത്രിക്കാനും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനും ശ്രമിക്കാറുള്ളത്. എന്താണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ച് വ്യാജവാര്‍ത്തയെന്ന ആരോപണത്തിലേക്ക് എത്തിച്ചേര്‍ന്നത്?", സതീശന്‍ പറയുന്നു. മാധ്യമങ്ങളില്‍ ഒരു വ്യാജവാര്‍ത്ത വന്നാല്‍ അത് നിഷേധിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. "എന്നെക്കുറിച്ച് ഒരു വ്യാജവാര്‍ത്ത വന്നാല്‍ എനിക്ക് അത് നിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മുഖ്യമന്ത്രിയെല്ലാം അത് ഉപയോഗപ്പെടുത്തുന്നുണ്ടല്ലോ. ഒരു മാധ്യമം എല്ലാ ദിവസവും തെറ്റായ വാര്‍ത്ത കൊടുത്താല്‍ അവരുടെ വിശ്വാസ്യത തന്നെ തകരില്ലേയെന്നും അതിനാല്‍ ആര്‍ക്കും അങ്ങനെ ചെയ്യാനാകില്ല", അദ്ദേഹം പറയുന്നു.

വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാനെന്ന പേരില്‍ മാധ്യമസ്വാതന്ത്ര്യത്തിന് മേല്‍ പോലീസ് ഇടപെടുന്നതിനോട് വിയോജിപ്പാണ് ഉള്ളതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജി പ്രതികരിച്ചു. "ഒരുമാസം മുമ്പ് പിആര്‍ഡി ഫാക്ട് ചെക്കിംഗ് എന്ന് പറഞ്ഞ് വാര്‍ത്തകള്‍ക്ക് മേല്‍ ഇടപെടാന്‍ ശ്രമിച്ചതിനോട് തന്നെ യോജിക്കാനാകില്ല. കേള്‍ക്കുന്നവര്‍ക്ക് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് ശരിയല്ലല്ലോ, അത് എതിര്‍ക്കപ്പെടേണ്ടത് അല്ലേയെന്നൊക്കെ തോന്നും. എന്നാല്‍ മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും പോലീസിന്റെ പലവിധത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ട സാഹചര്യമാകും ഇതുകൊണ്ട് ഉണ്ടാകുക. പിആര്‍ഡിയുടെ കാര്യത്തില്‍ അന്ന് പറഞ്ഞത് ഡയറക്ടര്‍ പറഞ്ഞതിനാല്‍ വ്യാജവാര്‍ത്തയാണെന്ന് തങ്ങള്‍ തീരുമാനിച്ചുവെന്നാണ്. ഏത് ഭരണകൂടം വന്നാലും പോലീസ് സ്വാഭാവികമായും അവര്‍ക്കൊപ്പമായിരിക്കും നിലകൊള്ളുക. വസ്തുതകള്‍ ഉള്ള വാര്‍ത്തയാണെങ്കിലും സര്‍ക്കാരിനെതിരായ വാര്‍ത്തയാണെങ്കില്‍ വ്യാജവാര്‍ത്തയെന്ന് മുദ്രകുത്താന്‍ ഇവിടെ പോലീസിന് സാധിക്കും. വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന സമ്മര്‍ദ്ദങ്ങളെല്ലാം ഇതിലൂടെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ പോലീസ് സംവിധാനത്തെ ഉപയോഗിക്കുന്നതിനോട് വിയോജിപ്പാണ്", അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൂടിയാലോചിച്ച് ചെയ്യേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി

വാര്‍ത്തയുടെ കാര്യത്തില്‍ പോലീസിന്റെ ഇടപെടല്‍ ഏത് രൂപത്തിലുണ്ടായാലും അതിനെ തനിക്ക് ഒരു വിധത്തിലും ന്യായീകരിക്കാനാകില്ലെന്നും സ്വാഗതം ചെയ്യാനാകില്ലെന്നുമാണ് മാധ്യമ നിരീക്ഷകനായ സെബാസ്റ്റ്യന്‍ പോള്‍ അഴിമുഖത്തോട് പ്രതികരിച്ചത്.

"ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സജീവമായതോടെ ഫോര്‍വേഡ് ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ക്കെതിരെ പോലീസിന് പരാതി നല്‍കുകയും പോലീസ് അതില്‍ നടപടിയെടുക്കുകയും ചെയ്യുന്ന പ്രവണത കാണുന്നുണ്ട്. അത് നമ്മുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും സംസാര സ്വാതന്ത്ര്യത്തിനും നിരക്കുന്ന കാര്യമല്ലെന്ന് സുപ്രിംകോടതി തന്നെ ഒരു കേസില്‍ വ്യക്തമാക്കിയട്ടുണ്ട്. അങ്ങനെയാണ് ഐടി ആക്ടിലെ ഒരു വകുപ്പ് തന്നെ എടുത്തു കളഞ്ഞത്. വ്യാജവാര്‍ത്തകളുടെ പ്രചരണം സജീവമായി പൊതുമണ്ഡലം ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. വ്യാജവാര്‍ത്തകള്‍ നല്ല നിലയില്‍ പ്രചരിക്കുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല. പക്ഷെ ഒരു വാര്‍ത്ത വ്യാജമാണോ അല്ലയോ എന്ന് പരിശോധിക്കാനുള്ള അധികാരം പോലീസിന് നല്‍കുന്നതിനോട് എനിക്ക് യോജിക്കാനാകില്ല", അദ്ദേഹം പറയുന്നു.

"അത് വലിയ തോതിലുള്ള അപകടത്തിന് കാരണമാകും. വാര്‍ത്ത വ്യാജമാണോയെന്ന് പരിശോധിക്കുന്നതിനുള്ള ഒരു സമിതിയെ സര്‍ക്കാര്‍ നിയമിക്കട്ടെ. സംസ്ഥാനതലത്തില്‍ പ്രസ് കൗണ്‍സില്‍ പോലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും സര്‍ക്കാരിന് അങ്ങനെയൊരു സമിതിയെ വ്യാജവാര്‍ത്തകള്‍ പരിശോധിക്കാന്‍ നിയോഗിക്കാവുന്നതേയുള്ളൂ. ആ പരിശോധനകള്‍ക്ക് ശേഷം നിയമനടപടി സ്വീകരിക്കേണ്ടതാണെങ്കില്‍ അതാകാം. പക്ഷെ പോലീസിനെ ആ ജോലി ഏല്‍പ്പിക്കുമ്പോള്‍ നമുക്ക് അടിയന്തരാവസ്ഥയെ ഓര്‍മ്മ വരും", സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. അടിയന്തരാവസ്ഥയുടെ കാലത്ത് ഫ്രീ സെന്‍സര്‍ഷിപ്പിന് വിധേയനായി പത്രപ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന ഒരാളാണ് താനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് ഈ വിഷയത്തില്‍ തനിക്ക് തീവ്രമായ ഒരു നിലപാട് സ്വീകരിക്കേണ്ടി വരുന്നതെന്നും മുന്‍ എംപി കൂടിയായ സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി.

അതേസമയം, മനോരമയില്‍ ഇതേക്കുറിച്ച് വന്ന മുഖപ്രസംഗം താന്‍ വായിച്ചുവെന്നും അത്രയും അവര്‍ക്ക് എഴുതാന്‍ കഴിഞ്ഞുവെന്ന് ഓര്‍ക്കുമ്പോള്‍ തനിക്ക് സംതൃപ്തി തോന്നുന്നുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. "കാരണം 1975ല്‍ അടിയന്തരവാസ്ഥക്കാലത്ത് പോലീസ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ താന്‍ സ്വതന്ത്രമായ പത്രപ്രവര്‍ത്തനം അവസാനിപ്പിച്ച ദിവസം രാജസ്ഥാനിലെ വെട്ടുക്കിളി ശല്യത്തെക്കുറിച്ച് മുഖപ്രസംഗമെഴുതിയ പത്രമാണ് മനോരമ. അന്ന് ഇന്ദിരാ ഗാന്ധിയ്ക്ക് മുന്നില്‍ സമ്പൂര്‍ണ്ണമായും വഴങ്ങിക്കൊടുത്തു. അന്ന് മടങ്ങിയ മുട്ട് ഇന്ന് ഉയര്‍ന്നു കാണുന്നതില്‍ സന്തോഷമുണ്ട്", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ പ്രാണവായുവാണ്. അതില്ലെങ്കില്‍ ജനാധിപത്യമില്ല. അതില്ലെങ്കില്‍ പിന്നെ പത്രവുമില്ല, പത്രസ്വാതന്ത്ര്യവുമില്ല. ഭരണഘടനയില്‍ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നില്ലല്ലോ, പകരം അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പറയുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് എവിടെ നിന്ന് വെല്ലുവിളിയുണ്ടായാലും അതിനെതിരെ ശബ്ദിക്കാനുള്ള ഉള്‍ക്കരുത്ത് മാധ്യമങ്ങള്‍ക്കുണ്ടാകണം. അത് രാഷ്ട്രീയമായി അങ്ങോട്ടുമിങ്ങോട്ടും പഴിചാരാനുള്ള അവസരമായിരിക്കരുത്. അതിനാല്‍ തന്നെ മനോരമയുടെ മുഖപ്രസംഗത്തിന് ആര്‍ജ്ജവമില്ലെ"ന്ന് താന്‍ പറയുമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഈ വിഷയത്തില്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി. രാജീവിന്റെ പ്രതികരണം തേടിയെങ്കിലും ലഭ്യമായില്ല. ലഭിക്കുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Next Story

Related Stories