TopTop
Begin typing your search above and press return to search.

'ഒരു ജീവിതം സ്വപ്‌നം കണ്ട് ഗള്‍ഫിലേക്ക് പോകാനിരുന്ന ചെറുപ്പക്കാരനായിരുന്നു, കരയാന്‍ പോലും കഴിയാതെ കിടക്കുന്ന ആ പെണ്ണിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും'

ഒരു ജീവിതം സ്വപ്‌നം കണ്ട് ഗള്‍ഫിലേക്ക് പോകാനിരുന്ന ചെറുപ്പക്കാരനായിരുന്നു, കരയാന്‍ പോലും കഴിയാതെ കിടക്കുന്ന ആ പെണ്ണിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും

വെഞ്ഞാറമൂട് തേമ്പാമൂടില്‍ വച്ച് കൊല ചെയ്യപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരില്‍ ഒരാളായ ഹഖ് മുഹമ്മദിന്റെ ജീവതം അവസാനിച്ചത് ഗള്‍ഫില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍. കൊല്ലപ്പെടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് ഹഖ് എറണാകുളത്ത് എത്തി പാസ്പോര്‍ട്ട് ശരിയാക്കിയത്. അടുത്ത നാളുകളില്‍ തന്നെ വിദേശത്തേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പാര്‍ട്ടി പ്രവര്‍ത്തനത്തിനൊപ്പം കുടുംബത്തിന്റെ ഉത്തരവാദിത്വവും ചുമലിലേറ്റിയിരുന്ന ഹഖ് തനിക്കും കുടുംബത്തിനും ഒരു നല്ല ജീവിതം സ്വപ്നം കണ്ടിരിക്കുകയായിരുന്നു. ബാപ്പയും ഉമ്മയും ഭാര്യയും ഒന്നേകാല്‍ വയസുള്ള മകളും അടങ്ങിയ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയും ഹഖില്‍ ആയിരുന്നു. സാമ്പാദ്യമെന്നു പറയാന്‍ താമസിക്കുന്ന വീട് മാത്രമായിരുന്നു ഹഖിന് ഉണ്ടായിരുന്നത്. വെഞ്ഞാറമൂട് മാര്‍ക്കറ്റില്‍ മീന്‍ കച്ചവടം നടത്തുകയായിരുന്നു ഹഖിന്റെ പിതാവ്. രണ്ട് സഹോദരിമാരുണ്ടായിരുന്നവരെ വിവാഹം ചെയ്തയച്ചു. ഡിവൈഎഫ്ഐ നേതാവെന്ന പൊതുപ്രവര്‍ത്തന തിരക്കുകള്‍ക്കിടയിലും കുടുംബത്തിന്റെ കാര്യത്തില്‍ ഏറെ കരുതലുള്ള ചെറുപ്പക്കാരനായിരുന്നു ഹഖ് എന്നാണ് സമീപവാസികള്‍ പറയുന്നത്. എപ്പോഴും ചിരിച്ച മുഖത്തോടു മാത്രം കണ്ടിരുന്ന ഹഖിന്റെ ചേതനയറ്റ ശരീരം കാണേണ്ടി വന്നതിന്റെ ഞെട്ടല്‍ ഇപ്പോഴും നാട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും മാറിയിട്ടില്ല.

21 ആം വയസില്‍ ആയിരുന്നു നജീലയെ ഹഖ് വിവാഹം കഴിക്കുന്നത്. ഒന്നേകാല്‍ വയസുള്ള ഒരു മോളുണ്ട്. നജീല ഇപ്പോള്‍ നാലര മാസം ഗര്‍ഭിണിയുമാണ്. വിവാഹശേഷമായിരുന്നു ഹഖ് തൊഴില്‍ തേടിയിറങ്ങുന്നത്. പ്ലബിംഗും വയറിംഗും ചെയ്യുന്ന നാട്ടിലെ ഒരു പരിചയക്കാരനൊപ്പം ചേര്‍ന്ന് പണിക്കു പോയി തുടങ്ങിയശേഷമാണ് ഡ്രൈവിംഗ് പഠിക്കുന്നത്. പിന്നീട് ലോഡിംഗ് വാഹനങ്ങള്‍ ഓടിക്കാന്‍ പോയി തുടങ്ങി. ഇടയ്ക്ക് ബാപ്പയെ സഹായിക്കാന്‍ മീന്‍ മാര്‍ക്കറ്റിലും പോകുമായിരുന്നു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എത്ര തിരക്കുണ്ടെങ്കിലും വീട്ടിലെ കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടു വരാതെ നോക്കുന്നയാളായിരുന്നു ഹഖ്.

"അവന്‍ പോകുന്നതിനു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പും നേരില്‍ കണ്ടപ്പോള്‍ ഗള്‍ഫില്‍ പോകുന്ന കാര്യം സംസാരിച്ചിരുന്നു. പാസ്പോര്‍ട്ട് ശരിയാക്കുന്നതിനായി എറണാകുളത്ത് പോയിരുന്നുവെന്നും പറഞ്ഞിരുന്നു. ഒരു നല്ല ജീവിതം അവന്‍ സ്വപ്നം കണ്ടിരുന്നു. എല്ലാവര്‍ക്കും ഉപകാരം മാത്രം ചെയ്യുന്നൊരു പയ്യന്‍, അവനും നല്ലത് തന്നെ വരൂ ജീവിതത്തില്‍ എന്നാണ് ഞങ്ങളെല്ലാവരും കരുതിയത്. പക്ഷേ, എങ്ങനെ തോന്നി അവനോട് ഇത് ചെയ്യാനെന്നാലോചിക്കുമ്പോള്‍ സങ്കടം സഹിക്കാന്‍ കഴിയുന്നില്ല" പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ തേമ്പാമൂട് വാര്‍ഡ് അംഗം റീജ എ.എസ്സിന്റെ വാക്കുകള്‍. വ്യക്തിപരമായി ഹഖിനെയും കുടുംബത്തെയും അടുത്തറിയുന്നവരില്‍ ഒരാള്‍ കൂടിയാണ് റീജ. അഴിമുഖത്തോട് സംസാരിക്കുമ്പോഴും റീജ ഹഖിന്റെ വീട്ടില്‍ ആയിരുന്നു. "ഇവിടുത്തെ അവസ്ഥ കണ്ടാല്‍ മനുഷ്യര്‍ക്കാര്‍ക്കും സഹിക്കാന്‍ കഴിയുന്നില്ല. ഹഖിന്റെ ഒന്നേകാല്‍ വയസുള്ള കുഞ്ഞ് ഉറങ്ങി കിടക്കുന്നത് കണ്ടിട്ടാണ് ഞാന്‍ വരുന്നത്. ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് നെഞ്ച് പൊട്ടിപ്പോവുകയാണ്. കരായാന്‍ പോലും ആവതില്ലാതിയിരിക്കുകയാണ് നജീല. നാലരമാസം ഗര്‍ഭിണിയായൊരു പെണ്ണാണത്. അതിനെങ്ങനെ ഇതെല്ലാം താങ്ങാന്‍ കഴിയുമെന്ന് അറിയില്ല. ഈ വീടിന്റെ നഷ്ടവും വേദനയും ഒരാള്‍ക്കും പറഞ്ഞു മനസിലാക്കി തരാന്‍ കഴിയില്ല. പൂര്‍ണമായി തകര്‍ന്നുപോയ മനുഷ്യരാണിവിടെയുള്ളത്", റീജ പറയുന്നു.

ലോക്ഡൗണ്‍ കാലത്ത് മാത്രം ഹഖ് നാട്ടില്‍ ചെയ്ത കാര്യങ്ങള്‍ മതി ആളുകള്‍ക്ക് അവനെ എന്നെന്നും ഓര്‍ത്തിരിക്കാനെന്നാണ് റീജ പറയുന്നത്. "എന്ത് ആവശ്യമുണ്ടായാലും ഒന്നു വിളിച്ചാല്‍ മതിയായിരുന്നു, ഓടിയെത്തും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാമൂഹിക അടുക്കള തയ്യാറാക്കിയിരുന്നു. ഭക്ഷണം കിട്ടാതെ വലയുന്ന മനുഷ്യര്‍ക്ക് അത് എത്തിച്ചു കൊടുക്കാന്‍ ഹഖ് ആയിരുന്നു മുന്നില്‍. വേണ്ടിടങ്ങളില്‍ അവനത് കൃത്യമായി എത്തിച്ചു കൊടുക്കും. നമ്മള്‍ ഒരു മിനിട്ട് താമസിച്ചതുകൊണ്ട് അത്ര നേരം കൂടി ഒരാള്‍ വിശന്നിരിക്കരുതെന്നായിരുന്നു അവന്‍ പറയുന്നത്. ലോക്ഡൗണ്‍ മൂലം ജോലിക്ക് പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങളും ഉണ്ടായിരുന്നു. അവര്‍ ആവശ്യം വേണ്ട സാധനങ്ങള്‍ മെംബര്‍ എന്ന നിലയില്‍ എന്നെ വിളിച്ചു പറയും, ഞാനത് ലിസ്റ്റ് ആക്കിയിട്ട് ഹഖിനെയാണ് വിളിക്കുന്നത്. സാധനങ്ങളും വാങ്ങിച്ച് ബൈക്കില്‍ എത്തിക്കേണ്ട സ്ഥലങ്ങളിലെല്ലാം അവന്‍ എത്തിച്ചു കൊടുക്കും. ഹഖിനെ ഒരു കാര്യം ഏല്‍പ്പിച്ചാല്‍ അതവന്‍ ചെയ്തിരിക്കും".

1956 ല്‍ ആണ് പുല്ലമ്പാറ പഞ്ചായത്ത് രൂപീകരിക്കുന്നത്. അന്നു തൊട്ട് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ തേമ്പാമൂട് കോണ്‍ഗ്രസ് കുത്തകയായിരുന്ന പ്രദേശമായിരുന്നു. ഇടതുപക്ഷ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച റീജ എ എസ് ആണ് ആ കുത്തക അവസാനിപ്പിച്ചത്. വലിയതോതില്‍ ചെറുപ്പക്കാര്‍ ഇടതുപക്ഷപ്രവര്‍ത്തകരായി എത്തിയതോടെയാണ് തേമ്പാമൂടിലെ രാഷ്ട്രീയം മാറുന്നത്. ഭരണം നഷ്ടപ്പെട്ടതു മുതല്‍ ചെറുപ്പക്കാര്‍ വന്‍തോതില്‍ ഇടതുപക്ഷത്തേക്ക് വരുന്നതും കോണ്‍ഗ്രസിനെ വല്ലാതെ ആശങ്കപ്പെടുത്തുകയും അവര്‍ക്കുള്ളില്‍ രാഷ്ട്രീയവൈര്യത്തിന് കാരണമാവുകയും ചെയ്തിരുന്നുവെന്നാണ് റീജ പറയുന്നത്. "ഇത്രയും നാള്‍ അവര്‍ക്കിവിടെ എംപി ഇല്ലായിരുന്നു.ഇത്തവണ എം പിയെ കൂടി കിട്ടിയതോടെ എന്തും ചെയ്യാനുള്ള ധൈര്യമായി. സമാധാനത്തോടെ പോയിക്കൊണ്ടിരുന്ന ഒരു പ്രദേശത്ത് മൊത്തം ഭീതി വിതച്ചിരിക്കുകയാണവര്‍. ലോക്സഭ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടുണ്ടായ ചെറിയൊരു തര്‍ക്കമാണ് ഇത്രയും വലിയൊരു ക്രൂരത ചെയ്യാന്‍ അവര്‍ കാരണാക്കിയത്. എല്ലാ നാട്ടിലും തെരഞ്ഞെടുപ്പ് കൊട്ടിക്കലാശങ്ങളുമായി ബന്ധപ്പെട്ട് ചെറിയ വഴക്കും ഉന്തും തള്ളുമൊക്കെ നടക്കാറുള്ളതാണ്. അതൊക്കെ അപ്പോള്‍ തന്നെ മറക്കുകയും ചെയ്യും.പക്ഷേ, ഇവിടെ കോണ്‍ഗ്രസുകാര്‍ പകയോടെ കാത്തിരിക്കുകയായിരുന്നു. ആദ്യമവര്‍ ഫൈസലിനെ ആക്രമിച്ചപ്പോഴും ഇടതുപക്ഷ പ്രവര്‍ത്തകര്‍ തിരിച്ചടിക്കാതിരുന്നത് മനഃപൂര്‍വം സംയമനം പാലിച്ചതുകൊണ്ടാണ്. ഒരു പ്രശ്നം ഉണ്ടാക്കരുതെന്നാണ് കരുതിയത്. പക്ഷേ, വീണ്ടുമവര്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയതേയില്ല. എല്ലാവര്‍ക്കും വേണ്ടപ്പെട്ടവരായിരുന്ന രണ്ടു ചെറുപ്പക്കാരെയാണ് ഇല്ലാതാക്കിയത്. അവരുടെ കുടുംബങ്ങളെയാണ് അനാഥമാക്കിയത്. ഒരു നല്ല ജീവിതം സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന ഹഖിന്റെ കുടുംബത്തെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കാന്‍ കഴിയുന്നത്?".


Next Story

Related Stories