TopTop
Begin typing your search above and press return to search.

ബാലഭാസ്‌കറിന്റെ മരണം: സിബിഐ അന്വേഷണം സ്വർണക്കടത്ത് സംഘത്തിലേക്ക് നീങ്ങുമെന്ന സൂചന

ബാലഭാസ്‌കറിന്റെ മരണം: സിബിഐ അന്വേഷണം സ്വർണക്കടത്ത് സംഘത്തിലേക്ക് നീങ്ങുമെന്ന സൂചന

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ സിബിഐ എത്തുന്നതോടെ കേരളം കേന്ദ്രീകരിച്ച് നടക്കുന്ന വന്‍തോതിലുള്ള സ്വര്‍ണക്കടത്തനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ സാധ്യത. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു നടന്ന വിവാദ സ്വര്‍ണക്കടത്ത് കേസും ബാലഭാസ്‌കറിന്റെ മരണത്തിലുള്ള അന്വേഷണവും ബന്ധപ്പെടുത്തേണ്ടി വരുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ കേരളത്തിലെ സ്വര്‍ണക്കടത്തിനെക്കുറിച്ച് എന്‍ ഐ എ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ എന്നിങ്ങനെ നാല് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഒരേ സമയം അന്വേഷണം നടത്തുന്നുവെന്ന പ്രത്യേക സാഹചര്യമാണ് ഉടലെടുക്കുക. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ സംഘത്തിലുള്ളവര്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തിലും ബന്ധമുണ്ടെന്ന സംശയങ്ങളാണ് സിബിഐ വരുന്നതിന് വഴിയൊരുക്കിയത്. ബാലഭാസ്‌കറിന്റെ പിതാവാണ് ഇങ്ങനെയൊരു സംശയം ചൂണ്ടിക്കാട്ടി സിബി ഐ ആന്വേഷണം ആവശ്യപ്പെടുന്നത്.

ലോക്കല്‍ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ അമിതവേഗം മൂലം സംഭവിച്ച അപകടമാണ് ബാലഭാസ്‌കറിന്റെ മരണത്തിനുള്ള കാരണമായി പറഞ്ഞിരുന്നത്. 2019 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും എട്ടു കോടി രൂപ വിലവരുന്ന 25 കിലോ സ്വര്‍ണം ഡിആര്‍ ഐ പിടികൂടുന്നതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടോയെന്ന സംശയം ഉയരുന്നത്. കസ്റ്റംസ് സൂപ്രണ്ടിന്റെ ഒത്താശ്ശയോടെ നടന്ന സ്വര്‍ണക്കടത്തില്‍ പ്രതികളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവര്‍ ബാലഭാസ്‌കറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരായിരുന്നു. ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശന്‍ തമ്പി, വിഷണു ബാലഭാസ്‌കറിന്റെ മാനേജരായും പ്രവര്‍ത്തിച്ചിരുന്നു. പ്രകാശന്‍ തമ്പിയും വിഷ്ണുവും സ്വര്‍ണക്കടത്ത് കേസിലെ അംഗങ്ങളാണെന്നു തിരിച്ചറിഞ്ഞതോടെയാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ സി കെ ഉണ്ണി തന്റെ മകന്റെ മരണം കൊലപാതകമാണെന്നും സ്വര്‍ണക്കടത്ത് സംഘമാണിതിന്റെ പിന്നിലെന്നും പരാതി ഉയര്‍ത്തി കേസ് സിബി ഐക്ക് വിടണമെന്ന ആവശ്യം പറയുന്നത്. സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയുകയും അതിനെ ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്തതോടെയാണ് തന്റെ മകനെ വകവരുത്തിയതെന്നാണ് ഉണ്ണിയുടെ ആരോപണം.വലിയൊരു അന്താരാഷ്ട്ര സംഘം തന്നെ ഇതിനെല്ലാം പിന്നിലുണ്ടെന്നും ഉണ്ണിക്ക് ആരോപണമുണ്ട്.

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് അപകടം നടന്ന് പത്തുമിനിട്ടിനുള്ളില്‍ എത്തിയ കലാഭവന്‍ സോബി ജോര്‍ജിന്റെ ചില സംശയങ്ങളും കേസില്‍ ദുരൂഹത ഉയര്‍ത്തി. തിരുനല്‍വേലിക്ക് പോകും വഴിയായിരുന്നു സോബി ജോര്‍ജ് അപകടം കാണുന്നത്. അന്ന് അവിടെ ഓടിക്കൂടിയവരില്‍ രണ്ടു പേരുടെ പെരുമാറ്റം തനിക്ക് സംശയം ഉയര്‍ത്തിയെന്നാണ് സോബി പറയുന്നത്. അവര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ തയ്യാറാകാതെയാണവിടെ നിന്നതെന്നാണ് സോബി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്. എന്നാല്‍ തന്റെ മൊഴി ക്രൈം ബ്രാഞ്ച് മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് സോബി പറഞ്ഞത്. പിന്നീട് സ്വര്‍ണക്കടത്ത് സംഘത്തിന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമുണ്ടെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ തന്റെ സംശയത്തിന്റെ പുറത്ത് ഡിആര്‍ഐ ഈ സംഘത്തില്‍പ്പെട്ട കുറെയാളുകളുടെ ചിത്രങ്ങള്‍ കാണിച്ചെങ്കിലും അക്കൂട്ടത്തില്‍ താന്‍ അപകടസ്ഥലത്ത് കണ്ടവര്‍ ഇല്ലായിരുന്നുവെന്ന് സോബി പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ സരിത്തിന്റെ ചിത്രം കണ്ടപ്പോഴാണ് അന്ന് അവിടെവച്ച് താന്‍ കണ്ടത് സരിത്തിനെ ആയിരുന്നുവെന്ന് സോബി ജോര്‍ജ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സിബിഐ തന്നെ സമീപിച്ചാല്‍ ഇക്കാര്യങ്ങളെല്ലാം പറയുമെന്നും സോബി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബാലഭാസ്‌കറിന്റെ അപകടമരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ സംഘത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പക്ഷേ,ക്രൈംബ്രാഞ്ച് അവസാനമായി എത്തിയ നിഗമനങ്ങളില്‍ പറഞ്ഞത് ബാലഭാസ്‌കറിന്റെ മരണത്തിനും സ്വര്‍ണക്കടത്തിനും തമ്മില്‍ ബന്ധമില്ലെന്നായിരുന്നു. ഇത് വിശ്വസിക്കാന്‍ ബാലഭാസ്‌കറിന്റെ പിതാവ് സന്നദ്ധനല്ല.

വിഷ്ണുവും പ്രകാശന്‍ തമ്പിയും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതു കൂടാതെ അപകടസമയത്ത് വണ്ടിയോടിച്ചിരുന്നുവെന്നു പറയുന്ന ഡ്രൈവര്‍ അര്‍ജ്ജുന്റെ മൊഴിമാറ്റവും ബാലഭാസ്‌കറിന്റെ കുടുംബത്തിന്റെ സംശയം ഇരട്ടിപ്പിച്ചു. വിഷ്ണുവിന്റെ സുഹൃത്തായിരുന്നു അര്‍ജുന്‍. വിഷ്ണുവിന്റെ മേല്‍വിലാസത്തിലായിരുന്നു അര്‍ജുന്‍ താമസിച്ചിരുന്നത്. വണ്ടിയോടിച്ചത് താനല്ലായിരുന്നുവെന്നും ബാലഭാസ്‌കറായിരുന്നുവെന്നും അമിതവേഗതയാണ് അപകടത്തിന് കാരണമെന്നുമായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍ അപകടസമയത്ത് വണ്ടിയില്‍ ഉണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും സംഭവസമയത്ത് ഓടിയെത്തിയ സാക്ഷികളും പറഞ്ഞത് അര്‍ജുന്‍ തന്നെയായിരുന്നു വാഹനം ഓടിച്ചെന്നതാണ്. പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും അര്‍ജുന്‍ തന്നെയാണ് വണ്ടിയോടിച്ചിരുന്നതെന്ന് ശാസ്ത്രീയ തെളിവുകളോടെ കണ്ടെത്തിയിരുന്നു. അര്‍ജുന്‍ സ്വര്‍ണക്കടത്ത് സംഘത്തിനുവേണ്ടി മനഃപപൂര്‍വം അപകടമുണ്ടാക്കി ബാലഭാസ്‌കറിന്റെ കൊന്നതാണെന്നാണ് സി കെ ഉണ്ണി ആവര്‍ത്തിച്ചു പറയുന്നത്.വാഹനാപകടത്തില്‍ നഷ്പരിഹാരം ആവശ്യപ്പെട്ട് അര്‍ജുന്‍ കേസ് കൊടുത്തിരിക്കുന്നതുപോലും സിബി ഐ അന്വേഷണം അട്ടിമറിക്കാനാണെന്നാണ് സികെ ഉണ്ണി പറയുന്നത്. അര്‍ജുന്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെയാളാണെന്നാണ് സി കെ ഉണ്ണി ആരോപിക്കുന്നത്. വ്യക്തമായ തെളിവുകളൊന്നും തന്റെ പക്കല്‍ ഇല്ലെങ്കിലും സിബിഐയ്ക്ക് ഇക്കാര്യങ്ങള്‍ തെളിയിക്കാനാകുമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ പറയുന്നുണ്ട്.


രാകേഷ് സനല്‍

രാകേഷ് സനല്‍

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories