'ഒരു ടി.വി കിട്ടുമോ?' ഞായറാഴ്ച രാത്രി ഏഴ് മണി കഴിഞ്ഞ സമയത്ത് കേരളത്തിന്റെ രണ്ട് വിദൂര ദിക്കുകളില്‍ താമസിക്കുന്ന രണ്ടാളുകള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം ആരംഭിച്ചത് ഈ ചോദ്യത്തിലൂടെയാണ്. ഒരറ്റത്ത് തിരുവനന്തപുരം സ്വദേശിയായ സാമൂഹ്യ പ്രവര്ത്തകന്. മറുതലയ്ക്കല്‍ ഇടുക്കി ഉടുമ്പന്‍ചോലയിലെ ഒരു ഉള്‍ഗ്രാമത്തിലെ പഞ്ചായത്ത് അംഗം. വിളിച്ച വിവരം പുറത്തറിയരുതെന്ന് പ്രത്യേകം പറഞ്ഞ പഞ്ചായത്തംഗത്തിന്റെ പേരോ, അദ്ദേഹത്തിന്റെ സ്വകാര്യതയ്ക്ക് തടസ്സം നില്ക്കുന്നതിനാല് സാമൂഹ്യ പ്രവര്‍ത്തകന്റെ പേരോ പുറത്ത് വിടാനാവില്ല. എന്നാല്‍ അവര്‍ സംസാരിച്ച കാര്യം കേരളത്തില്‍ ഇന്ന് ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നതാണ്. സ്കൂള്‍ വിദ്യാര്‍ഥികളുടെ പഠനം. പഞ്ചായത്ത് അംഗത്തിന്റെ വാര്‍ഡില്‍ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായോ, പ്രദേശത്തോ ടെലിവിഷന്‍ സൗകര്യമില്ല. ടെലിവിഷന്‍ വാങ്ങി നല്കാന് പഞ്ചായത്തിന്റെ കയ്യില്‍ പണവുമില്ല. ഒമ്പത് വിദ്യാര്‍ഥികള്‍ക്കായി ഒരു ടി.വി വാങ്ങി നല്കിയാലും പഠനം അപ്രായോഗികമാവും. ഒമ്പത് പേരും വിവിധ ആദിവാസി സെറ്റില്‍മെന്റുകളില്‍ നിന്നുള്ളവരാണ്. പൊതുവായ ഒരിടത്ത് ഒരു ടിവി സ്ഥാപിച്ചാലും ഒമ്പത് പേര്‍ക്കും ആയിടത്തിലേക്ക് എത്താന്‍ കഴിയുന്ന സാഹചര്യമില്ല. ക്ലാസ്സുകള്‍ ആരംഭിക്കുമ്പോള്‍ ടിവി ഇല്ലാത്തതിനാല്‍ ഈ വിദ്യാര്‍ഥികള്‍ പഠനത്തില്‍ നിന്ന് പുറത്താവും. അതിനാല്‍ ടിവികള്‍ വേണം. ഇതാണ് പഞ്ചായത്ത് അംഗത്തിന്റെ ആശങ്ക.
ട്രയല്‍ റണ്‍ കഴിഞ്ഞ് ക്ലാസ്സുകള്‍ ഇന്ന് ആരംഭിക്കാനിരിക്കെ അതിനുള്ള സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് അതൊരുക്കി നല്‍കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ഓരോ വാര്‍ഡിലും എത്ര പേര്‍ക്ക് പഠന സൗകര്യമില്ല എന്ന് കണ്ടെത്തി അത്രയും കുട്ടികള്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു പൊതു സ്ഥലത്തോ പഠന സൗകര്യം ലഭ്യമാക്കണം എന്നാണ് സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശം. എന്നാല്‍ അതിനായി കഠിന പരിശ്രമം നടത്തിയിട്ടും ഫോണ്‍ സംഭാഷണത്തിലെ പഞ്ചായത്ത് അംഗത്തിന് ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ലഭ്യമാക്കാനായില്ല. സാമൂഹ്യ പ്രവര്‍ത്തകന്റെ വാക്കുകളില്‍, 'മൂന്നാം മണിക്കൂറില്‍ ടി വി അന്വേഷിക്കുകയാണ്'. ക്ലാസ്സുകള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഉടുമ്പന്‍ ചോലയിലെ ഉള്‍ഗ്രാമത്തില്‍ താമസിക്കുന്ന ഒമ്പത് വിദ്യാര്‍ഥികള്‍ക്കും ആ സൗകര്യം ഇതേവരെ ലഭിച്ചിട്ടില്ല.
പഠനം ഇതുവരെ
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇതോടെ എല്ലാ വര്‍ഷവും ജൂണില്‍ ആരംഭിക്കുന്ന പഠനം തുടങ്ങാനാവുമോ എന്ന ആശങ്കയിലായിരുന്നു വിദ്യഭ്യാസ വകുപ്പും അധ്യാപകരും വിദ്യാര്‍ഥികളും. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി ഓരോ ക്ലാസ്സുകളിലേക്കുള്ള പാഠ്യ വിഷയങ്ങള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ട് പഠനം തുടരാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ജൂണ്‍ ഒന്ന് മുതല്‍ വിക്ടേഴ്സ ചാനല്‍ വഴിയുള്ള സംപ്രേക്ഷണം ആരംഭിച്ചു.
ഒരാഴ്ച ട്രയല്‍ റണ്‍ നടത്തി പിന്നീട് റഗുലര്‍ ക്ലാസ്സുകള്‍ ആരംഭിക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചത്. എന്നാല്‍ പിന്നീട് ട്രയല്‍ റണ്‍ രണ്ടാഴ്ചയായി നീട്ടി. ഇതുവരെ നടത്തിയ ട്രയല്‍ വിജയകരമെന്നാണ് അധികൃതരുടെ അവകാശവാദം. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ട്രയല്‍ റണ്ണിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജൂണ്‍ 15ന് തന്നെ ക്ലാസ്സുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും മികച്ച സ്വീകാര്യത ലഭിച്ചു. വിക്ടേഴ്സ് വെബില്‍ 27 ടെറാബൈറ്റ് ഡൗണ്‍ലോഡ് ഒരു ദിവസം നടന്നു. ഫേസ്ബുക്കില്‍ പത്ത് ലക്ഷത്തോളം പേര് വരിക്കാരായി. പ്ലേ സ്റ്റോറില്‍ നിന്ന് 16.5 ലക്ഷം പേര് വിക്ടേഴ്സ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ചില ക്ലാസുകള്‍ 40 ലക്ഷത്തിലധികം പേര് കണ്ടു. ഇന്ത്യക്ക് പുറത്ത് ഗള്‍ഫ് നാടുകളിലും അമേരിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളില്‍ നിന്നും ക്ലാസ്സുകള്‍ പലരും കണ്ടു... തുടങ്ങിയവയാണ് ഓണ്‍ലൈന്‍ വിദ്യഭ്യാസ പരിപാടിയുടെ ട്രയല്‍ റണ്ണുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തലുകള്‍.
ഇന്ന് മുതല്‍ ഇതര ഭാഷാ ക്ലാസ്സുകളും ആരംഭിക്കും. അറബി, ഉറുദു, സംസ്കൃതം തുടങ്ങിയ ഇതര ഭാഷകളുടെ ക്ലാസ്സുകളാണ് ഉണ്ടാവുക. ഇതര ഭാഷാ വിഷയങ്ങള്‍ക്ക് മലയാളം വിശദീകരണവും നല്കാന് തീരുമാനിച്ചതായും കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. "ഭാഷാ ക്ലാസ്സുകള്‍ പഠിപ്പിക്കുമ്പോള്‍ മലയാളം വിശദീകരണം നല്‍കരുതെന്നാണ്. എന്നാല്‍ ഫീഡ്ബാക്കുകളെ മാനിച്ച് അതുള്പ്പെടുത്താനുള്ള സംവിധാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്ക് കുറച്ച് കൂടി സഹായകമാവുന്ന വിധം ഇംഗ്ലീഷ് വാക്കുകള്‍ എഴുതിക്കാണിക്കാനും, വിഷ്വല്‍ പെര്ഫെക്ക്ഷനില് ശ്രദ്ധിക്കാനും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിഷയങ്ങളും ക്ലാസ്സില്‍ ഉള്‍പ്പെടുത്തും", അദ്ദേഹം അറിയിച്ചു.
വിക്ടേഴ്സ് ചാനലിന് പുറമെ ഫേസ്ബുക്കില്‍ ലൈവായും യൂട്യൂബ് വഴിയും ക്ലാസ്സുകള്‍ കാണാം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ പത്തും പന്ത്രണ്ടും ക്ലാസ്സുകളുടെ പുന:സംപ്രേക്ഷണവും ഉണ്ടാവും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം പുന:സംപ്രേക്ഷണം ചെയ്യും. പുന:സംപ്രേക്ഷണ സമയത്ത് കാണാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വെബില്‍ നിന്നും ഓഫ്ലൈനായി ഡൗണ്‍ലോഡ് ചെയ്തും ക്ലാസ്സുകള്‍ കാണാനുമുള്ള സൗകര്യങ്ങളാണ് പൊതു വിദ്യാഭ്യാസ വകുപ്പും വിക്ടേഴ്സ് ചാനലും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.
ഒഴിവാക്കപ്പെടുന്നവര്
ദേവികയുടെ മരണം കേരളത്തിന് ഞെട്ടലായിരുന്നു. അധ്യയന വര്‍ഷം ആരംഭിച്ചതിന്റെ അടുത്ത ദിവസമാണ് വളാഞ്ചേരി മാങ്കേരി സ്വദേശി ബാലകൃഷ്ണന്റെ മകള്‍ ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമത്തിലാണ് മകളുടെ ആത്മഹത്യയെന്ന് ദേവികയുടെ അച്ഛനും അമ്മയും പറഞ്ഞു. കോവിഡ് കാലത്ത് വിദ്യാഭ്യാസത്തിന് പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്ന സംസ്ഥാനത്തെ സര്‍ക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും രക്ഷിതാക്കളെയും പൊതുജനത്തെയും ആകെ ആശങ്കപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമായിരുന്നു ദേവികയുടെ മരണം. വീട്ടിലെ ടി വി പ്രവര്‍ത്തിക്കാത്തതും സ്മാര്‍ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. പഠനം തടസ്സപ്പെടുമോ എന്ന ആശങ്ക ദേവികയ്ക്ക് ഉണ്ടായിരുന്നതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു. മരണത്തില്‍ വിദ്യഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ സ്കൂളിലെ അധ്യാപകര്‍ക്കോ വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നു മലപ്പുറം ഡിഡിഇ വിദ്യഭ്യാസ മന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ട്. ക്ലാസ് അധ്യാപകന് പഠനത്തിന് സൗകര്യമുണ്ടോ എന്ന് ദേവികയെ വിളിച്ച് സംസാരിച്ചിരുന്നു. അഞ്ചാം തീയതിക്കകം സ്കൂളില്‍ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാര്‍ഥിനിയെ അറിയിച്ചിരുന്നെന്നും ഡിഡിഇ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എന്നാല്‍ ദേവികയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ ആലോചനകളും തീരുമാനങ്ങളുമുണ്ടായി. വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം നടന്നയുടന്‍ വിദ്യഭ്യാസ വകുപ്പ് അധികൃതര്‍ അടിയന്തിര യോഗങ്ങള്‍ ചേരുകയും പഠന സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് വീഴ്ചകളില്ലാതെ അത് ഉണ്ടാക്കാനുള്ള സംവിധാനം ഒരുക്കണമെന്നുമുള്ള തീരുമാനത്തില്‍ വിദ്യാഭ്യാസ വകുപ്പെത്തി. വിക്ടേഴ്സ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന ക്ലാസ്സുകള്‍ വിദ്യാര്‍ഥികള്‍ കാണുന്നുണ്ടെന്ന് അതത് സ്കൂളിലെ അധ്യാപകര്‍ ഉറപ്പാക്കണമെന്നും സൗകര്യങ്ങളില്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉള്‍പ്പെടെ അതിനുള്ള സൗകര്യമൊരുക്കി നല്‍കണമെന്നും സര്‍ക്കാര്‍ മുമ്പ് തന്നെ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ദേവികയുടെ മരണം സംഭവിക്കുകയും ടിവി, സ്മാര്‍ട്ഫോണ്‍ തുടങ്ങിയ സൗകര്യങ്ങളുടെ അഭാവം മൂലം എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് ലഭ്യമാവുന്നില്ലെന്ന വ്യാപകമായ പരാതി ലഭിക്കുകയും ചെയ്തതോടെ ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് എല്ലാ വിദ്യാര്‍ഥികള്‍ക്കും പനത്തിനുള്ള സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
ആസ്തി വികസന ഫണ്ടും പ്രത്യേക വികസന ഫണ്ടും വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതിന് ചെലവഴിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. തദ്ദേശ സ്ഥാപനങ്ങളോട് പദ്ധതി വിഹിതം ചെലവഴിക്കുന്നതിന് പകരം സന്നദ്ധസംഘടനകളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പിലൂടെയും ഇതിനുള്ള പണമോ സൗകര്യങ്ങളോ കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പിന്നീടുള്ള രണ്ടാഴ്ചകളില്‍ തദ്ദേശ സ്ഥാപനങ്ങളും മറ്റ് സംഘടനകളും സംവിധാനങ്ങളും ഒന്ന് ചേര്‍ന്ന് ഇതിനായി പ്രവര്‍ത്തിച്ചു. ഇന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങാനിരിക്കെ തദ്ദേശ സ്ഥാപനങ്ങളോ സര്‍ക്കാരോ ഇതില്‍ എത്രമാത്രം വിജയിച്ചു?
ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പറയുന്നത് ഇങ്ങനെ: മെയ് മാസം ആദ്യ ആഴ്ചയില്‍ സമഗ്ര ശിക്ഷ കേരള (എസ് എസ് കെ) നടത്തിയ സര്‍വേയില്‍ സംസ്ഥാനത്തെ 2.61 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍, ടി വിയോ സ്മാര്‍ട്ഫോണോ ലാപ്ടോപ്പോ ഇല്ലന്ന് കണ്ടെത്തി. എന്നാല്‍ ഈ പ്രശ്നം പരിഹരിക്കുന്നതിനായി നടപടികള്‍ നീക്കുകയും മെയ് 31ന് സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികളുടെ എണ്ണം 1.15 ലക്ഷമായി കുറഞ്ഞു. പിന്നീട് ട്രയല്‍ റണ്‍ ആരംഭിച്ച സമയം ജില്ലകളിലെ വിവിധ മേഖലകളിലെ പശ്ചാത്തല സൗകര്യങ്ങളുടെ കൃത്യമായ പരിശോധനയില്‍ കണക്കുകള്‍ ലഭ്യമാവുകയും അസൗകര്യങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് പര്യാപ്തമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, ഗവണ്മെന്റ് ഇതര സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ നിന്ന് ടിവി, ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, നെറ്റ് വര്‍ക്ക് കണക്ഷനുകള്‍, ടാബ്ലറ്റുകള് എന്നിവ പ്രാദേശികമായി പൊതു പഠന കേന്ദ്രങ്ങള്‍ക്കും ചിലയിടങ്ങളില്‍ കുട്ടികളുടെ വീടുകളിലും ലഭ്യമാക്കി. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ വീട്ടില്‍ ലഭ്യമല്ലാതിരുന്ന കുട്ടികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വായനശാലകള്‍, അക്ഷയ കേന്ദ്രം, കമ്മ്യൂണിറ്റി സെന്ററുകള്‍, എം ജി എല്‍ സികള്‍, അംഗന്‍വാടികള്‍, ബി ആര് സികള്‍, കുടുംബശ്രീ സംവിധാനം എന്നിവര്‍ ഒരുക്കിയ അയല്‍പ്പക്ക പഠന കേന്ദ്രങ്ങളില്‍ ക്ലാസ്സുകള്‍ നല്കാന് കഴിഞ്ഞു. ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളിലും മറ്റ് പാര്‍ശ്വവല്‍കൃതവിഭാഗങ്ങള്‍ ഉള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ഊരു വിദ്യാകേന്ദ്രങ്ങളിലും പഠന മുറികളിലും ഐടി അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കി. ഇതിന്റെയെല്ലാം ഫലമായി ജൂണ്‍ 11ന്റെ കണക്കുകള്‍ പ്രകാരം സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികളുടെ എണ്ണം സംസ്ഥാന തലത്തില്‍ 17,774 ആയി കുറഞ്ഞു. ഈ കുട്ടികള്‍ക്കും സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ നടന്ന് വരികയാണ്.
ഇതിനോടകം എല്ലാവരിലേക്കും സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഓണ്‍ലൈന്‍ റഗുലര്‍ ക്ലാസ്സുകള്‍ ആരംഭിക്കുമ്പോള്‍ എല്ലാ കുട്ടികള്‍ക്കും അത് ലഭ്യമാവുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതു ഇടങ്ങള്‍ ഉള്‍പ്പെടെ ഇതിനായി സജ്ജീകരിക്കപ്പെട്ടു കഴിഞ്ഞു എന്നും മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിവരം നല്കി. എന്നാല്‍ ഉടുമ്പന്‍ചോലയിലെ പോലെ പലയിടങ്ങള്‍ സംസ്ഥാനത്തൊട്ടാകെ ഉണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് റൈറ്റ്സ് ഡയറക്ടര്‍ അജയകുമാര്‍. ആദ്യത്തെ സര്‍വേ മുതല്‍ കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും ഇപ്പോഴും കേരളത്തിലെ പത്ത് ശതമാനമെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അന്യമാവാനുള്ള സാധ്യതയുമാണ് അജയകുമാര്‍ പറയുന്നത്. "യഥാര്‍ഥത്തില്‍ ഓണ്‍ലൈന്‍ അല്ല ടെലിവൈസ്ഡ് ക്ലാസ് ആണ് നടക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് എടുത്ത സര്‍വേയില്‍ സൗകര്യങ്ങളില്ലാത്തതായി കണ്ട 2.6 ലക്ഷം കുട്ടികള്‍ ടെലിവിഷന്‍ സൗകര്യം പോലുമില്ലാത്തവരാണ്. എന്നാല്‍ ആ കണക്കുകളിലും സര്‍വേയിലും പല പ്രശ്നങ്ങള്‍ ഉണ്ട്. വാട്സ്ആപ്പ് വഴിയോ ഫോണ്‍ വഴിയോ ആണ് കൂടുതലും സര്‍വേ നടന്നിരിക്കുന്നത്. പല ഏരിയകളും പല വിദ്യാര്‍ഥികളും ആ സര്‍വേയില്‍ പെട്ടിട്ടില്ല. പല ആദിവാസി മേഖലകളിലും ജൂണ്‍ ഒന്നിന് ശേഷമാണ് സര്‍വേ നടത്തിയിരിക്കുന്നത് പോലും. അപ്പോള്‍ തന്നെ കണക്കില്‍ അവ്യക്തതയുണ്ട്. 2.6 ലക്ഷത്തില്‍ നിന്ന് 1.5 ലക്ഷവും പിന്നീട് 17,774-ഉും ആയി സൗകര്യമില്ലാത്ത കുട്ടികളുടെ എണ്ണം കുറഞ്ഞു എന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനുള്ള തെളിവുകള്‍ ലഭ്യമല്ല. 11-ാം തീയതി 17,774 ആയിരുന്നു, ഇന്ന് ക്ലാസ്സുകള്‍ ആരംഭിക്കുമ്പോള്‍ എല്ലാ കുട്ടികളിലേക്കും സൗകര്യമെത്തി എന്ന് പറയുന്നതിലും വ്യക്തതയില്ല. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമായി ഈ സൗകര്യം എത്രത്തോളം ഒരുക്കാനായിട്ടുണ്ടെന്നത് സംശയമാണ്. ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ലഭിക്കുമ്പോള്‍ സാര്‍വ്വത്രിക ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കാനായി എന്ന് പറയുന്നത് ഇത്രയും കാലം പറഞ്ഞിരുന്ന ഒന്നാം നമ്പര്‍ കേരള മോഡലിന്റെ ഭാഗം തന്നെയാണ്. പത്തോ പതിനഞ്ചോ ശതമാനം വിദ്യാര്‍ഥികള്‍ അതിന് പുറത്ത് നില്‍ക്കുമ്പോഴും അത് സര്‍ക്കാരിന് പറയാന്‍ കഴിയുന്നുണ്ടെന്നതാണ്. കഴിവുള്ളവര്‍ മാത്രം ഈ സംവിധാനത്തിനുള്ളിലാവുകയും അല്ലാത്തവര്‍ക്ക് വന്‍ തോതില്‍ തിരിച്ചടിയാവുകയും ചെയ്യുകയാണ്. ഒരു പക്ഷേ ടിവികള്‍ എത്തിക്കാനായിട്ടുണ്ടെന്ന് കരുതിയാല്‍ പോലും എല്ലാ വിദ്യാര്‍ഥികളും ഈ സംവിധാനത്തിനുള്ളിലായി എന്ന് പറയാന്‍ കഴിയില്ല"
അജയകുമാര്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളോട് ചേര്‍ത്ത് വയ്ക്കാന്‍ പാകത്തിനുള്ളതാണ് നിലമ്പൂരിലെ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബ് പ്രമോട്ടറായ വനിതയുടെ അനുഭവം. കാട്ടുനായ്ക്കരും ചോലനായ്ക്കരും ഉള്‍പ്പെടെയുള്ള ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് വിദ്യാര്‍ഥികളെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് മാറ്റിയാണ് ഇത്രയും നാള് പഠനത്തിന് സൗകര്യമൊരുക്കിയത്. 30 ശതമാനവും ഈ മേഖലയില്‍ ആദിവാസി മേഖലയാണ്. ഇതില്‍ എഴുപത് ശതമാനം കുട്ടികള്‍ക്കും ടെലിവിഷന്‍ സൗകര്യങ്ങള്‍ പോലുമില്ല. ടെലിവിഷനുകള്‍ എത്തിച്ച് നല്കുന്ന സംരംഭത്തിന്റെ ഭാഗമായി അത്തന്കാപ്പ, മുട്ടിനി, നല്ലംതണ്ണി, ഇല്ലിക്കാട്, വെള്ളാരംകുന്ന് തുടങ്ങിയ ഊരുകളിലെല്ലാം ടെലിവിഷന്‍ എത്തിച്ചു. പട്ടികജാതിപട്ടികവര്‍ഗ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍ ട്രൈബല്‍ പ്രമോട്ടര്‍ പറയുന്നത് ഇങ്ങനെ: "ടിവി കൊണ്ടു പലയിടത്തും വച്ചു. ചെമ്പ്ര കോളനിയിലെ സ്ഥിതി പറഞ്ഞാല്‍ ദിവസത്തില്‍ പല സമയത്തും വൈദ്യുതിയില്ല. അവിടെയും മറ്റ് ഊരുകളിലും ടിവി വയ്ക്കാന്‍ മാത്രമെങ്കിലും സൗകര്യമുള്ള ഒരു വീട് കണ്ടെത്തി ടിവി വച്ചു. പക്ഷെ എത്ര കുട്ടികള്‍ ആ വീടുകളിലേക്ക് വന്ന് പഠനം നടത്തുമെന്നത് സംശയമാണ്. അത്തന്കാപ്പയില് 120 വീടുകളും അതില്‍ 99 വിദ്യാര്‍ഥികളുമാണ്. കമ്മ്യൂണിറ്റി ഹാളില്‍ ടെലിവിഷന്‍ എത്തിച്ചു. പ്രളയത്തില്‍ പാലം ഒലിച്ച് പോയതിനാല്‍ തോണി കടന്ന് വേണം വിദ്യാര്‍ഥികള്‍ക്ക് ഹാളില്‍ എത്താന്‍. ടി വി വയ്ക്കാനുള്ള സൗകര്യമുള്ള ഒരു വീട് പോലും പല ഊരുകളിലുമില്ല. ടി വി എത്തിയെങ്കിലും ഡിഷ് എങ്കിലും ഇല്ലാതെ കുട്ടികള്‍ക്ക് ഇത് കാണാന്‍ പറ്റില്ല. എല്ലാ സംവിധാനങ്ങളും തയ്യാറായാക്കിയാലും സ്കൂള്‍ ഡ്രോപ് ഔട്ട് കൂടുതല്‍ നടക്കുന്ന ഊരുകളില്‍ കുട്ടികളോട് ടിവി കണ്ട് പഠിക്കാന്‍ പറഞ്ഞാല്‍ അത് നടക്കുന്നതിനുള്ള സാധ്യത കുറവാണ്. ഇനിയും സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ഊരുകളും സ്ഥലങ്ങളും ഉണ്ട്. മിടുക്കന്മാരും മിടുക്കികളുമായ പലരുടേയും അവസരം തന്നെ ഇല്ലാതാവുമോ എന്ന പേടിയിലാണ് ഞാനുള്‍പ്പെടെയുള്ളവര്‍".
ട്രയല്‍ റണ്‍ നടത്തിയ പാഠഭാഗങ്ങള്‍ ആദ്യ ദിവസങ്ങളില്‍ പുന:സംപ്രേക്ഷണം ചെയ്യും. ഏതെങ്കിലും കുട്ടികള്‍ക്ക് ക്ലാസ് കാണാനുള്ള സൗകര്യം ലഭ്യമായില്ലെങ്കില്‍ ആ വിവരം ക്ലാസ് ടീച്ചറെയോ പ്രധാനാധ്യാപകനേയോ അറിയിക്കണം എന്നാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. ആ വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ലഭ്യമാവുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം ക്ലാസ് ടീച്ചര്‍ക്കോ പ്രധാനാധ്യാപകനോ ആയിരിക്കും. ഓരോ സ്കൂളിലും നിലവിലുള്ള ലാപ്ടോപ്പുകള്, ടെലിവിഷനുകള്‍, പ്രൊജക്ടറുകള്‍ എന്നിവയെല്ലാം കുട്ടികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ വിന്യസിക്കുവാനും ഉപയോഗിക്കുവാനും പ്രധാനാധ്യാപകര്‍ നടപടി സ്വീകരിക്കണം. വൈദ്യുതി, കേബിള്‍ കണക്ഷന്, നെറ്റ് വര്‍ക്ക് എന്നിവ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് വീഡിയോ പാഠങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ലാപ്ടോപ്പുകള് ഉപയോഗിച്ച് കാണുവാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കണം എന്നും നിര്‍ദ്ദേശം നല്‍കിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന് ബാബു അറിയിച്ചു.
*Representational Image