"ങ്ങള് അറിയില്ലേ താമരശേരി ചൊരം? അയ്.., മ്മടെ താമരശേരി ചൊരംന്ന്. ഒരിക്കലാ ചൊരമെറങ്ങുമ്പോ ഇതിന്റെ ബ്രേക്ക് അങ്ങട്ട് പോയി. അപ്പറോം ഇപ്പറോം ഭയങ്കരമായ കുയിയല്ലേ കുയി. ഇറക്കല്ലേ? പണ്ടാരമടങ്ങാന്‍ ഇതുണ്ടോ പിടിച്ചാലും അമര്‍ത്തിയാലും നിക്കണ്? കടുകുംമണി വെത്യാസത്തില്‍ സ്റ്റീറിങ്ങ് ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാല്‍ മതി. ഞങ്ങളും എഞ്ചിനും തവിടുപൊടി. വിട്ടില്ലാ, ഇന്‍ശാ അള്ളാ പടച്ചോനെ ങ്ങള് കാത്തോളീന്‍ ന്നൊരൊറ്റ വിളിയാണ്. ഇഞ്ചിന് ഇങ്ങനെ ഇങ്ങനെ പറപറക്കുവാണ്. ഏത്? ഞമ്മലെ എയ്റോപ്ലെയിന്‍ ഇല്ലേ.. അഹഹ അഹഹ അഹഹ..താമരശ്ശേരീന്ന് കോയിക്കോട്ടേക്ക് അമ്പത് കിലോമീറ്ററാ. ഇത് അഞ്ച് മിനിറ്റ് കൊണ്ടത്തി.."
താമരശ്ശേരി ചുരത്തെക്കുറിച്ച് പറയുമ്പോള്‍ 1988ല്‍ പുറത്തിറങ്ങിയ 'വെള്ളാനകളുടെ നാട്' എന്ന ചിത്രത്തിലെ ഈ സംഭാഷണം മനസ്സിലേക്ക് വരാത്തവര്‍ ചുരുക്കമായിരിക്കും. കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശേരി ചുരം. ചുരം കയറിയല്ലാതെ വയനാടെത്തുക അസാധ്യം. മുടിപ്പിന് വളവുകളും കുത്തനെയുള്ള കയറ്റവും കയറി താമരശ്ശേരി ചുരം വഴിയാണ് വയനാട്ടിലെത്തുന്നത്. "അപ്പറോം ഇപ്പറോം ഭയങ്കരമായ കുയിയല്ലേ കുയി. കടുകുംമണി വെത്യാസത്തില്‍ സ്റ്റീറിങ്ങ് ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാല്‍ മതി. ഞങ്ങളും എഞ്ചിനും തവിടുപൊടി", ഇങ്ങനെയുള്ള ചുരം കയറാതെ വയനാട്ടിലെത്താനാവുമെങ്കിലോ? കോഴിക്കോട് നിന്ന് താമരശ്ശേരിയ്ക്ക് അഞ്ച് മിനിറ്റ് കൊണ്ട് എത്താനായില്ലെങ്കിലും വയനാട് നിന്ന് കോഴിക്കോട്ടേക്കുള്ള ദൂരത്തില്‍ ഒരു മണിക്കൂര്‍ കുറഞ്ഞ് കിട്ടിയാലോ? അത്തരത്തിലുള്ള ഒരു പദ്ധതിക്കാണ് വയനാട്ടില്‍ തുടക്കമായിരിക്കുന്നത്. ഇരുവശങ്ങളിലുമുള്ള കൊക്കകളെ ഭയക്കാതെ പാറകള്‍ക്കുള്ളിലൂടെ ഒരു യാത്ര! കോഴിക്കോട് നിന്നും വയനാട്ടിലേക്ക് കരിന്തണ്ടന് കാട്ടിയ ചുരം കയറാതെ വയനാട്ടിലെത്താന്‍ ഒരു പാത.
തുരങ്ക പാത
ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണം സാങ്കേതികമായി ആരംഭിച്ചു. നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയില്‍ നിന്നും 658 കോടി രൂപ ചെലവഴിച്ചാണ് തുരങ്ക പാത നിര്‍മ്മിക്കുന്നത്. കൊങ്കണ്‍ റയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. സാങ്കേതിക പഠനം മുതല്‍ നിര്‍മ്മാണം വരെയുള്ള എല്ലാ പ്രവര്‍ത്തികളും കൊങ്കണ്‍ റയില്‍വേ കോര്പ്പറേഷന് നിര്‍വ്വഹിക്കും. കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴയില്‍ ആരംഭിച്ച് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്ക് സമീപം തുരങ്കം അവസാനിക്കും.
16 കിലോ മീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. പദ്ധതി നടപ്പിലായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്ക പാതയാവും ആനക്കാംപൊയില്‍- കാളാടി- മേപ്പാടി പാത. രാജ്യത്തെ തന്നെ ഏറ്റവും വലിയ തുരങ്ക പാതകളില്‍ ഒന്നായി ഇത് മാറുകയും ചെയ്യും. മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് ഇങ്ങനെ, "രാജ്യത്തെ തന്നെ മൂന്നാമത്തെ ദൈര്‍ഘ്യമേറിയ തുരങ്ക പാതയാണിത്. വൈദഗ്ദ്ധ്യം ഉള്ള കൊങ്കണ്‍ റയില്‍വേ കോര്‍പ്പറേഷനെയാണ് പദ്ധതി ഏല്‍പ്പിച്ചത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ തുരങ്ക പാത പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നത്. ബംഗളൂരു, മൈസൂരു തുടങ്ങിയ വാണിജ്യ വ്യവസായ, ടൂറിസ്റ്റ് മേഖലകളെ കേരളവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡാണിത്. താമരശ്ശേരി ചുരത്തിലൂടെയായിരുന്നു ഇത്ര നാളെത്തെയും നമ്മുടെ യാത്ര. ഇത് വലിയ സമയ നഷ്ടമുണ്ടാക്കിയിരുന്നു. മണ്ണിടിച്ചില്‍, കാലവര്‍ഷക്കെടുതി എന്നിവ താമരശ്ശേരി ചുരത്തില്‍ പലപ്പോഴും ഗതാഗത സ്തംഭനത്തിനിടയാക്കി. വനമേഖയിലൂടെ റോഡ് പോകുന്നത് കൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പരിമിതി ഉണ്ടായിരുന്നു. ബദലായ സംവിധാനം ചര്‍ച്ച ചെയ്യപ്പെട്ടതിന്റെ ഭാഗമായാണ് തുരങ്ക പാത എന്ന ആശയം ഉടലെടുക്കുന്നത്. 900 കോടിയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. സര്‍വെ, സാങ്കേതിക പഠനം എന്നിവ കഴിഞ്ഞാലേ കൃത്യമായ ചിലവ് മനസ്സിലാവൂ". വ്യാവസായിക, വിനോദ സഞ്ചാര മേഖലകളില്‍ വന്‍ ഉത്തേജനം ഈ തുരങ്കത്തിലൂടെ സാധ്യമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകത്തില്‍ നിന്നുള്ള ചരക്ക് ഗതാഗതവും സുഗമമാവും. പരിസ്ഥിതി ദുര്‍ബല പ്രദേശമായ താമരശ്ശേരി ചുരത്തിന്റെ വാഹന ബാഹുല്യവും തുരങ്കം മൂലം കുറയും. അത്തരത്തില്‍ താമരശ്ശേരി ചുരത്തിന്റെ സംരക്ഷണം തുരങ്കം യാഥാര്‍ഥ്യമാവുന്നതോടെ ഉറപ്പ് വരുത്താനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് തുരങ്കപാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. 6.8 കിലോ മീറ്ററാണ് തുരങ്കത്തിന്റെ ദൈര്‍ഘ്യം. 750,200 മീറ്റര്‍ നീളത്തില്‍ തുരങ്കത്തിലേക്കുള്ള അപ്രോച്ച് റോഡുകളും ചേര്‍ത്ത് ഇത് 7.826 കിലോമീറ്റര്‍ വരും. ആനക്കാംപെയിലില് നിന്ന് മറിപ്പുഴ വരെ 6.6 കിലോ മീറ്റര്‍ റോഡും ഇതുകഴിഞ്ഞ് ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 70 മീറ്റര്‍ നീളത്തില്‍ രണ്ടുവരി പാതയുടെ സൗകര്യത്തോടെ പാലവും നിര്‍മ്മിക്കും. പാലം കഴിഞ്ഞ് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ സ്വര്‍ഗം കുന്ന് വരെയും റോഡ് നിര്‍മ്മിക്കും. സ്വര്‍ഗം കുന്ന് മുതല്‍ മല തുരന്ന് കള്ളാടി വരെ രണ്ട് വരി പാതയുടെ വീതിയിലാണ് തുരങ്കം നിര്‍മ്മിക്കുന്നത്. കള്ളാടിയില്‍ നിന്ന് മേപ്പാടിയിലേക്ക് ഒമ്പത് കിലോമീറ്റര്‍ നീളത്തില്‍ റോഡും നിര്‍മ്മിക്കും. തുരങ്ക നിര്‍മ്മാണത്തിന് മാത്രം 100 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്ന ജോലികള്‍ കൊങ്കണ്‍ റയില്‍വേ ആരംഭിച്ചു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കേണല്‍ രവിശങ്കര്‍ ഖൊഡ്കെയുടെ നേതൃത്വത്തില്‍ 12 അംഗങ്ങളാണ് സംഘത്തിലുള്ളത്.
പാത പ്രാവര്‍ത്തികമായാല്‍ വയനാട്ടിലേക്കുള്ള ദൂരം 30 കിലോ മീറ്ററിലധികം കുറയും എന്നാണ് അധികൃതരുടെ അവകാശ വാദം. നിലവില്‍ 85 കിലോ മീറ്ററാണ് കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള ദൂരം. എന്നാല്‍ തുരങ്ക പാത വരുന്നതോടെ ഇതി 54 കിലോ മീറ്റര്‍ ആയി ചുരുങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 34 മാസങ്ങള്‍ കൊണ്ട് പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകും എന്നാണ് കൊങ്കണ്‍ റയില്‍വേ കോര്‍പ്പറേഷന്റെ പ്രതീക്ഷ. വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ മൂന്ന് മാസത്തെ സമയമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇത് സര്‍ക്കാരിന് സമര്‍പ്പിക്കാനാകും എന്നാണ് കൊങ്കണ്‍ റയില്‍വേ കോര്പ്പറേഷന് അധികൃതര്‍ പറയുന്നത്. സെപ്തംബര്‍ മൂന്നാമത്തെ ആഴ്ചയില്‍ കൊങ്കണ്‍ റയില്‍വേ കോര്പ്പറേഷന് സംഘവും പൊതുമരാമത്ത് അധികൃതരും മറിപ്പുഴയിലും കള്ളാടിയിലും എത്തി സാധ്യതകള്‍ വിലയിരുത്തി. സര്‍വേ, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ എന്നിവ നടത്തി ഡിപിആര്‍ തയ്യാറാക്കും. സര്‍വേ അടക്കമുള്ള ജോലികള്‍ക്കായി ക്യൂമാക്സ് എന്ന കണ്‍സള്‍ട്ടന്‍സിയെയാണ് കൊങ്കണ്‍ റയില്‍വേ കോര്പ്പറേഷന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ബദല്‍ പാത എന്ന ആവശ്യം
ചുരത്തിന്റെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും മൂലം വയനാട്ടുകാരുടേയും കോഴിക്കോട്ടുകാരുടേയും പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ചുരത്തിന് ബദല്‍ ആയ ഒരു പാത. അഞ്ച് ചുരങ്ങളാണ് വയനാടിനേയും മറ്റ് പ്രദേശങ്ങളേയും ബന്ധിപ്പിക്കാന്‍ നിലവിലുള്ളത്. അതില്‍ പ്രധാനം താമരശേരി ചുരം. കണ്ണൂര്‍ കൊട്ടിയൂരില്‍ നിന്ന് വയനാട്ടിലെത്താനുള്ള പാല്‍ച്ചുരം, കൂത്തുപറമ്പില്‍ നിന്ന് വയനാടിനെ ബന്ധിപ്പിക്കുന്ന നെടുമ്പൊയില്‍ ചുരം. കോഴിക്കോട് കുറ്റ്യാടിയില്‍ നിന്നുള്ള പക്രംതള ചുരം. തമിഴ്നാട് വഴി നിലമ്പൂരിലേക്കും എത്താനാവുന്ന നാടുകാണി ചുരം. ഈ അഞ്ച് ചുരങ്ങളുടെ മുകളില്‍ നില്ക്കുന്ന വയനാടിന് പക്ഷെ യാത്രാ ദുരിതമൊഴിഞ്ഞ് നേരമില്ല. പ്രളയ കാലങ്ങളില്‍ ജില്ല ഒറ്റപ്പെട്ടു. ചുരത്തില്‍ മണ്ണിടിഞ്ഞാല്‍, വാഹനാപകടം ഉണ്ടായാല്‍, മരം വീണാല്‍, എന്തിന് ഒരു വാഹനം കേടായാല്‍ പോലും യാത്ര തടസ്സപ്പെടും. മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് ചുരത്തിലെ സ്ഥിരം കാഴ്ചയാണ്. മെഡിക്കല്‍ കോളേജോ അത്യാധുനിക ചികിത്സാ സംവിധാനങ്ങളോ ഇല്ലാത്ത വയനാട്ടില്‍ നിന്ന് ഒരു ദിവസം ചുരുങ്ങിയത് അമ്പത് ആംബുലന്‍സുകളെങ്കിലും ചുരമിറങ്ങുന്നു. ഗതാഗതക്കുരുക്കിലും മറ്റും പെട്ട് സമയത്തിന് ചികിത്സ ലഭിക്കാതെ ചുരത്തില്‍ ജീവന് പൊലിഞ്ഞവര്‍ നിരവധിയാണ്. കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാതയില്‍ രാത്രികാല ഗതാഗത നിരോധനം വന്നതോടെ പകല്‍ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വയനാട് ചുരം റോഡിലൂടെ ഓടുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ ചുരത്തിന്റെ അവസ്ഥ ശോചനീയമായി. ഇതിന് മാറ്റം വരുത്താന്‍ വയനാട്ടിലേക്ക് ചുരത്തിന് ബദലായി ഒരു പാത വേണമെന്ന ആവശ്യം പതിറ്റാണ്ടുകളായി ഉയരുന്നു.
അഞ്ച് ബദല്‍ പാതകളാണ് ഇതിനായി പരിഗണിച്ചിരുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരിന് കൈമാറിയിരുന്നു. പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ്, മേപ്പാടി--ആനക്കാംപൊയില്‍ റോഡ്, ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ റോഡ്, മേപ്പാടി - ചൂരല്‍മല- നിലമ്പൂര്‍ റോഡ്, തൊണ്ടര്‍നാട് - കുഞ്ഞോം - വിലങ്ങാട് റോഡ് എന്നിവയായിരുന്നു ബദല്‍ പാതകളായി നിര്‍ദേശിച്ചത്. എന്നാല്‍ ഒന്നുപോലും മുന്നോട്ട് നീങ്ങിയില്ല. പടിഞ്ഞാറത്തറ--പൂഴിത്തോട് റോഡിന്റെ 20 കിലോമീറ്റര്‍ പൂഴിത്തോട് ഭാഗത്തും ഏഴ് കിലോമീറ്റര്‍ പടിഞ്ഞാറത്തറയിലും പ്രവൃത്തി പൂര്‍ത്തിയായതാണ്. എന്നാല്‍ ബാക്കി വരുന്ന 15 കിലോമീറ്ററോളം വനഭൂമിയാണ്. വന ഭൂമി വിട്ട് നല്കാന് വനം വകുപ്പ് ഒരുക്കമായിരുന്നില്ല. ഇതോടെ പദ്ധതികളെല്ലാം പാതി വഴിയില്‍ നിലച്ചു. പകരം ഭൂമി വിട്ടു നല്‍കിയിട്ടും വനഭൂമി വിട്ടു നല്കാന് വനം, പരിസ്ഥിതി മന്ത്രാലയം തയ്യാറായില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ബദല്‍ പാത യാഥാര്‍ഥ്യമാക്കുന്നതിനായി 2014ല്‍ തിരുവമ്പാടി എംഎല്‍എ ആയിരുന്ന സി. മോയിന്കുട്ടിയുടേയും തിരുവമ്പാടി, കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകളുടേയും നേതൃത്വത്തില്‍ മറിപ്പുഴയില്‍ നിന്ന് കള്ളാടിയിലേക്ക് ജനകീയ യാത്ര നടത്തിയിരുന്നു. യാത്രയുടേയും ജനകീയ കൂട്ടായ്മയുടെ സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സര്‍വേ നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടണല്‍ സര്‍വേ ഏജന്‍സിയായ റൂബി സോഫ്റ്റ് ടെക് ആണ് സര്‍ക്കാര്‍ നല്കിയ ടെന്‍ഡറിന്റെ അടിസ്ഥാനത്തില്‍ സാധ്യതാ പഠനം പൂര്‍ത്തിയാക്കിയത്. തുരങ്കപാതയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് റൂബി സോഫ്റ്റ് ടെക് സര്‍ക്കാരിന് സമര്‍പ്പിച്ചത്. വനഭൂമി നഷ്ടപ്പെടുത്താതെയും ഒരു മരം പോലും മുറിക്കാതെയും ടണല്‍ റോഡ് യഥാര്ഥ്യമാക്കാനാവുമെന്നായിരുന്നു റിപ്പോര്‍ട്ട്. 2016ലാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. അപ്പോഴേക്കും യുഡിഎഫ് സര്‍ക്കാര്‍ കാലാവധി കഴിഞ്ഞു.
2016ല്‍ ജോര്‍ജ് എം തോമസ് എംഎല്‍എ യുടെ നേതൃത്വത്തില്‍ തുരങ്ക പാതയുടെ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ സമീപിച്ചു. കൊങ്കണ്‍ റയില്‍വേ കോര്പ്പറേഷന് മുഖ്യ ഉപദേശകന് ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യ ബജറ്റില്‍ തുരങ്ക പാതയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ അനുവദിച്ചു. പിന്നീട് സാധ്യതാ പഠനത്തിനായി സര്‍ക്കാര്‍ കൊങ്കണ്‍ റയില്‍വേ കോര്പ്പേറേഷനെ സമീപിച്ചു. ജോര്‍ജ് എം തോമസ് എംഎല്‍എ, ഇ ശ്രീധരന് പദ്ധതിയുടെ രൂപ രേഖ സമര്‍പ്പിച്ചിരുന്നു. പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കൊങ്കണ്‍ റയില്‍വേ കോര്പ്പറേഷന് അറിയിച്ചു. ചുരത്തിന് അടിവാരത്തുള്ള രണ്ട് വളവുകള്‍ നിലനിര്‍ത്തി ആനക്കാംപൊയില്‍ - കള്ളാടി വഴി മേപ്പാടിയിലെത്തും വിധം തുരങ്കപാത ഉള്‍പ്പെടുന്ന 35 കിലോ മീറ്റര്‍ പാതയുടെ സാധ്യതാ പഠന റിപ്പോര്‍ട്ട് കൊങ്കണ്‍ റയില്‍വേ സര്‍ക്കാരിന് കൈമാറി. കൊങ്കണ്‍ റയില്‍വേ പ്രാഥമിക പരിശോധന നടത്തി പാതയുടെ അലൈന്മെന്റ് തയ്യാറാക്കി. മേപ്പാടിയിലും ചൂരല്‍മലയിലും അവസാനിക്കുന്ന നാല് അലൈന്‍മെന്റുകളാണ് കോര്പ്പറേഷന് സര്‍ക്കാരിന് നല്‍കിയത്. ഇതില്‍ മേപ്പാടിയില്‍ അവസാനിച്ച് കള്ളാടിയിലേക്ക് നീളുന്ന അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്കി. പിന്നീട് 2019 ഫെബ്രുവരിയില്‍ തുരങ്ക പാതയുടെ ഡിപിആര്‍ തയ്യാറാക്കാനും നിര്‍മ്മാണത്തിനുമുള്ള ചുമതല കൊങ്കണ്‍ റയില്‍വേ കോര്‍പ്പറേഷനെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ അടിസ്ഥാനത്തിലാണ് കൊങ്കണ്‍ റയില്‍വേ പദ്ധതി ഏറ്റെടുത്തത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം പണം കൈമാറുന്ന തരത്തിലാണ് കരാര്‍.
2020 മേയില്‍ പദ്ധതിക്ക് കിഫ്ബിയില്‍ നിന്ന് 658 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ബദല്‍ പാതയുടെ നിര്‍ദ്ദേശം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വന്നിരുന്നെങ്കിലും വന ഭൂമി വിട്ട് കിട്ടുന്നതിലെ തടസ്സം മൂലം ശ്രമങ്ങള്‍ എവിടെയും എത്തിയിരുന്നില്ല. അതോടെ ഉയര്‍ന്ന് വന്ന തുരങ്ക പാത എന്ന ആശയം പിന്നീട് പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
പശ്ചിമഘട്ടം തുരക്കുമ്പോള്‍
അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസം സാധ്യകള്ക്കുമായി തുരങ്ക പാതയുടെ നിര്‍മ്മാണോദ്ഘാടനം പൂര്‍ത്തിയായി. മാര്‍ച്ച് മാസത്തില്‍ നിര്‍മ്മാണം തുടങ്ങുമെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം, പശ്ചിമഘട്ടത്തിന്റെ ഹൃദയം തുരന്ന് ഒരു പദ്ധതിക്ക് കൂടി ഒരുങ്ങുകയാണ് കേരളം. 2018ലെ പ്രളയം അവശേഷിപ്പിച്ച പാടുകള്‍ പോലും വയനാട്ടില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. 2018 മുതല്‍ ഇങ്ങോട്ട് തുടരുന്ന വെള്ളപ്പൊക്കവും പ്രളയവും ചെറുതും വലുതുമായ മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും പലരുടേയും ജീവനും സ്വത്തിനും ആപത്തായി. ആ സാഹചര്യത്തില്‍ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് പ്രഥമ പ്രാധാന്യം നല്‍കണമെന്ന ആവശ്യം നിലനില്‍ക്കെ പശ്ചിമഘട്ടം തുരന്നുകൊണ്ടുള്ള പദ്ധതിക്ക് തുടക്കമിടുന്നതില്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
അതീവ പരിസ്ഥിതി ദുര്‍ബലമായ ചെമ്പ്ര മലയുടേയും വെള്ളരിമലയുടേയും അടിയിലൂടെയാണ് നിര്‍ദ്ദിഷ്ട തുരങ്ക പാത കടന്ന് പോവുന്നത്. ഒട്ടകത്തിന്റെ മുഴകള്‍ പോലെയുള്ള വാവുള്‍ മലകളും (ക്യാമല്‍ ഹംപ് കോംപ്ലക്സ്), ചാലിയാറിന്റെ പ്രഭവ കേന്ദ്രമായ മലനിരകളും ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നത് ഈ ഭാഗത്താണ്. 'ഫ്ലഡ് ആന്‍ഡ് ഫ്യൂറി' എന്ന പുസ്തകത്തിന്റെ രചയിതാവായ വിജു ബി. പറയുന്നു, "പശ്ചിമഘട്ടത്തിലെ ഏറ്റവും ലോല പ്രദേശങ്ങളില്‍ ഒന്നാണ് ഇത്. വാവുള്‍ മല 7677അടി ഉയര്‍ന്ന് നില്‍ക്കുന്നത് ഇവിടെയാണ്. ഇതാണ് കോഴിക്കോട് ജില്ലയുടെ ഉച്ചി. മറ്റെവിടെയും കാണാത്ത തനത് ജന്തുവര്‍ഗങ്ങളും സസ്യങ്ങളും ഇവിടെ കാണുന്നു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ കവാടവുമാണ് ഈ പ്രദേശം. ഏറ്റവും മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്ന്". വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ ചെമ്പ്ര പീക്കിന് സമീപത്ത് കൂടിയാണ് നിര്‍ദ്ദിഷ്ട തുരങ്കപാതയുടെ അലൈന്മെന്റ്. ഒരിക്കലും വറ്റാത്ത ഹൃദയ തടാകം ഈ മലയുടെ മധ്യത്തിലാണ്.
2009ല്‍ സെസ് ഈ പ്രദേശത്ത് പഠനം നടത്തിയിരുന്നു. സിഡബ്ല്യുആര്‍ഡിഎം, കെഫ്ആര്ഐ വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന സമിതിയാണ് പഠനം നടത്തിയത്. വയനാട്, കോഴിക്കോട്, മലപ്പുറം അതിര്‍ത്തികള്‍ അതീവ പാരിസ്ഥിതിക ദുര്‍ബലമാണെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ വളരെ അധികം ആലോചിക്കണം എന്നുമായിരുന്നു സമിതിയുടെ നിര്‍ദ്ദേശം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സോണ്‍ ഒന്നിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നാച്ചുറല്‍ ലാന്‍ഡ്സ്കേപ്പിലും ഉള്‍പ്പെടുത്തിയിട്ടുള്ള പ്രദേശം കൂടിയാണിത്. 2018ലെ പ്രളയത്തിന് ശേഷം കേരളത്തിലെ മറ്റെവിടെയും എന്നത് പോലെ വയനാട്ടിലെ പരിസ്ഥിതിയിലും ഒട്ടേറെ മാറ്റങ്ങള്‍ ശ്രദ്ധേയമായി. തുടര്‍ന്ന് നടന്ന പഠനങ്ങളിലെല്ലാം ഒട്ടേറെ ശ്രദ്ധയോടെ സംരക്ഷിക്കേണ്ട പ്രദേശങ്ങളാണ് ഇടുക്കിയും വയനാടും എന്ന നിര്‍ദ്ദേശങ്ങള്‍ വന്നു. 2018ലെ പ്രളയത്തില്‍ വയനാട് വൈത്തിരിയിലാണ് ഏറ്റവും അധികം മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി നടത്തിയ പഠനത്തില്‍ പറയുന്നു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 2019ലെ പ്രളയത്തിനും ഉരുള്‍പൊട്ടലുകള്‍ക്കും ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വയനാട്ടിലെ നിര്‍ദ്ദിഷ്ട തുരങ്ക പാത വരുന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ മനുഷ്യരുടെ ഇടപെടല്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. 2018ലെ പ്രളയത്തിന് ശേഷം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് നടത്തിയ ലാന്‍ഡ് സ്ലൈഡ് സോണേഷന്‍ മാപ്പില്‍ ഈ പ്രദേശം റെഡ് സോണിലാണ് വരുന്നത്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും അതീവ സാധ്യതയുള്ള പ്രദേശമായാണ് കണക്കാക്കുന്നത്. 2019ല്‍ ഉണ്ടായ പുത്തുമല ഉരുള്‍പൊട്ടല്‍ കേരളം കണ്ടതില്‍ വച്ച് വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു. തുരങ്കപാത അവസാനിക്കുന്ന മേപ്പാടിയിലാണ് പുത്തുമല. അതീവ പാരിസ്ഥിതിക ദുര്‍ബലമെന്ന് പഠനം നടത്തിയ ഏജന്‍സികളെല്ലാം ഒന്നടങ്കം പറഞ്ഞ പ്രദേശത്ത് കൂടി മല തുരന്ന് തുരങ്കം നിര്‍മ്മിക്കുന്നതിലെ അശാസ്ത്രീയതയാണ് പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നത്.
പുത്തുമലയില്‍ 36 മണിക്കൂറിനിടെ പെയ്ത 800 മില്ലി ലിറ്ററില്‍ അധികം മഴയാണ് ഉരുള്‍പൊട്ടലിന് കാരണമായതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി അതിതീവ്ര മഴയുടെ ഭീഷണിയിലാണ് കേരളം. 2018 മുതല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും അതിതീവ്ര മഴ ലഭിക്കുന്നു. അതിതീവ്ര മഴയാണ് മണ്ണിടിച്ചിലുകള്‍ക്കും ഉരുള്‍പൊട്ടലുകള്‍ക്കും കാരണമാവുന്നത്. മറ്റെല്ലായിടത്തും ലഭിക്കുന്നതിനേക്കാള്‍ അധികം മഴയാണ് വയനാട്ടില്‍ ലഭിക്കുന്നത്. കാലവര്‍ഷത്തിന്റെ കവാടം എന്നറിയപ്പെടുന്ന മലനിരകള്‍ കര്‍ണാടവും തമിഴ്നാടും വയനാടും പരസ്പരം ബന്ധിപ്പിക്കുന്നതാണ്. ചെമ്പ്ര മലയും താഴ്വാരവും ഉള്‍പ്പെടുന്ന പ്രദേശത്ത് വയനാട് ജില്ലയില്‍ ലഭിക്കുന്ന മഴയുടെ അഞ്ചിരട്ടിയാണ് ഓരോ വര്‍ഷവും ലഭിക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും ഈ പ്രദേശങ്ങളില്‍ മഴയുടെ തീവ്രത ഏറി വരുന്നതായും വിദഗ്ദ്ധര്‍ പറയുന്നു. കുറിച്യര്‍മലയില്‍ മേല്‍മുറി എന്ന സ്ഥലത്ത് സാധാരണ ഒരു വര്‍ഷം 2340 മില്ലി ലിറ്റര്‍ മഴയാണ് ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് 4420 മില്ലി ലിറ്ററായി ഉയര്‍ന്നു. മേപ്പാടി, വൈത്തിരി, ലക്കിടി തുടങ്ങിയയിടങ്ങളിലെല്ലാം അതിതീവ്ര മഴ ലഭിക്കുന്നതിനാല്‍ ഈ പ്രദേശങ്ങളെല്ലാം മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. 150 ദശലക്ഷം വര്‍ഷം പഴക്കമുള്ള പാറകളാണ് തുരങ്കത്തിനായി കണ്ടെത്തിയിരിക്കുന്നത്. അതിശക്തമായ മഴ പാറകളുടെ ശക്തിയെ ദുര്‍ബലപ്പെടുത്തും എന്നിരിക്കെ പാറകള്‍ പൊട്ടിച്ചുള്ള തുരങ്ക നിര്‍മ്മാണം അപകടത്തിലേക്ക് വഴി വയ്ക്കുമെന്നും പരിസ്ഥിതി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി കണ്ഫര്മേഷന് ഓഫീസറായ സി കെ വിഷ്ണുദാസ് പറയുന്നു, "2018ലും 2019ലും 20ലും പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഞങ്ങള്‍ മാപ്പ് തയ്യാറാക്കിയിരുന്നു. അതി തീവ്ര മഴയോടൊപ്പം പാറകളുടെ സ്റ്റബിലിറ്റിയും പ്രശ്നമാണ്. അതിനിടയില്‍ ഇത്തരത്തില്‍ ഡിഗ് ചെയ്യുന്നത് പാറകളുടെ സ്റ്റബിലിറ്റി വീണ്ടും കുറയാനേ കാരണമാവൂ. നിലവില്‍ ഭൂമി തരംമാറ്റലും വിനോദ സഞ്ചാരത്തിനായുള്ള നിര്‍മ്മിതികളും, കൊമേഴ്സ്യല്‍ ബില്‍ഡിങ്ങുകളും എല്ലാം മലകളുടെ സ്ലോപ്പില്‍ മാറ്റം വരുത്താന്‍ കാരണമായിട്ടുണ്ട്". വിഷ്ണുദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2017ല്‍ ഹിമാലയത്തില്‍ മാത്രം കാണുന്ന ചിലപ്പന്‍ കിളികളുടെ ആവാസ കേന്ദ്രമാണ് ചെമ്പ്ര മല എന്ന് തിരിച്ചറിഞ്ഞത്. ചിലപ്പന്‍ കിളികളുടെ പൂര്‍വികര്‍ 3000-ത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ച് ഡെക്കാന്‍ പീഠഭൂമി കടന്ന് ഇവിടെയെത്തിയെന്നാണ് പക്ഷി നിരീക്ഷകന് കൂടിയായ വിഷ്ണുദാസിന്റെ നിരീക്ഷണം. "ഈ കിളികളുടെ വംശം അഞ്ച് ദശലക്ഷം വര്‍ഷം മുമ്പുണ്ടായതെന്നാണ് കണക്കാക്കുന്നത്. ചെമ്പ്രയിലെ ചോല വനങ്ങളാണ് അവരുടെ വീട്. ആകാശത്തുരുത്തുകള് എന്നാണ് ഇവയുടെ വിഹാര കേന്ദ്രങ്ങളെ വിശേഷിപ്പിക്കുന്നത്. ഏകാന്തമായ പരിസരങ്ങളാവാം ചിലപ്പന്‍ കിളികള്‍ ഇവിടെ ജീവിക്കാന്‍ കാരണമായിട്ടുണ്ടാവുക. പാറ പൊട്ടിക്കുന്ന മുഴക്കവും യന്ത്രസാമഗ്രികളുടെ ശബ്ദവും ഈ കളികളുടെ സ്വൈര്യവിഹാരത്തിന് തടസ്സമാവും. അപൂര്‍വമായി കാണുന്ന ചിലപ്പന്‍ കിളികളുടെ ആവാസസ്ഥാനമായ ചെമ്പ്രമലയും പരിസര പ്രദേശങ്ങളും സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടാന്‍ ഒരുങ്ങുകയായിരുന്നു. അതിനിടയിലാണ് തുരങ്കപാതയുടെ നിര്‍മ്മാണം പ്രഖ്യാപിച്ചത്", വിഷ്ണുദാസ് തുടര്‍ന്നു.
എന്നാല്‍ പദ്ധതിയുടെ പ്രാഥമിക പഠനം പോലും പൂര്‍ത്തിയാവുന്നതിന് മുമ്പ് നിര്‍മ്മാണ ഉദ്ഘാടനം നടത്തിയതിലും പരിസ്ഥിതി വിദഗ്ദ്ധരും സാമൂഹ്യപ്രവര്‍ത്തകരും സംശയമുന്നയിക്കുന്നു. "പദ്ധതിയുടെ സര്‍വേ അടക്കമുള്ള ജോലികള്‍ കൊങ്കണ്‍ റയില്‍വേ നടപ്പാക്കുന്നതേയുള്ളൂ. ഫീസിബിലിറ്റി പഠനം നടന്നിട്ടില്ല. പാരിസ്ഥിതികാഘാത പഠനവും ഉണ്ടായിട്ടില്ല. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ല. രണ്ട് മാസം കഴിഞ്ഞേ വിശദമായ പദ്ധതി രേഖ പോലും സമര്‍പ്പിക്കുകയുള്ളൂ. അങ്ങനെയിരിക്കെ എങ്ങനെയാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുക? സര്‍വേ നടപ്പാക്കാതെ 900 കോടിയോളം തുക എസ്റ്റിമേറ്റ് വരുമെന്ന് പ്രഖ്യാപിച്ചു. അതെങ്ങനെ അവര്‍ കണ്ടെത്തി? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്", സാമൂഹ്യ പ്രവര്‍ത്തകനായ വയനാട് സ്വദേശി ധര്മ്മജന് പറയുന്നു. ജൈവ വൈവിധ്യ സവിശേഷതകളുള്ള, അതീവ പാരിസ്ഥിതിക ദുര്‍ബലമായ പ്രദേശത്ത് തുരങ്കപാത നിര്‍മ്മിക്കാനുള്ള അനുമതി ലഭിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡും പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡും വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിര്‍പ്പ് മൂലം ഇല്ലാതായ പദ്ധതികളാണ്. ഭൗമ ശാസ്ത്രജ്ഞരും, ഹൈഡ്രോളജിസ്റ്റുകളുമുള്പ്പെടെ വിശദമായ പഠനം നടത്തിയതിന് ശേഷം മാത്രമേ പാത നിര്‍മ്മിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നതാണ് പരിസ്ഥിതി വിദഗ്ദ്ധരുടെ അഭിപ്രായം. കൊങ്കണ്‍ റയില്‍ പാതയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിക്കാട്ടുന്ന മാതൃക. എന്നാല്‍ അത്തരത്തില്‍ ഒരു താരതമ്യം പോലും അശാസ്ത്രീയമാണെന്ന് വിജു ബി പറയുന്നു. അതിനൊപ്പം കേരളത്തിന്റെ മാറിയ പരിസ്ഥിതിയില്‍ നിന്ന് കൊണ്ട് വേണം ഇത്തരമൊരു മെഗാ പദ്ധതിക്ക് സര്‍ക്കാര്‍ തയ്യാറെടുക്കാനെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. "ഒന്നാമത്തെ കാര്യം, കൊങ്കണ്‍ പാത 90കളിലാണ് വരുന്നത്. അന്ന് ഇത്രയും കാലാവസ്ഥാ പ്രശ്നങ്ങളോ ദുരന്തങ്ങളോ ഉണ്ടായിട്ടില്ല. ആ തുരങ്കപാത കൊണ്ട് 16-17 മണിക്കൂറുകള്‍ യാത്രയില്‍ ലാഭിക്കാനാവുന്നു. എന്നാല്‍ ഇവിടെ ഒരു മണിക്കൂര്‍ ലാഭത്തിന് വേണ്ടിയാണ് ഇത്രയും എക്കോളജിക്കലി സെന്‍സിറ്റീവ് ആയ മലകള്‍ തുരക്കാന്‍ പോവുന്നത്. കൊങ്കണ്‍ പാതയില്‍ പോലും മഴക്കാലത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുന്ന കാഴ്ച നമ്മുടെ മുന്നിലുണ്ട്. അതിനാല്‍ അത്തരം ഒരു താരതമ്യത്തിന് പ്രസക്തിയില്ല. രണ്ട്, പുത്തുമലയിലുണ്ടായ വലിയ ഉരുള്‍പൊട്ടല്‍, വൈത്തിരിയിലും മാനന്തവാടിയിലും ഉള്‍പ്പെടെ ഉണ്ടായിട്ടുള്ള മണ്ണിടിച്ചിലുകള്‍, പനമരം പുഴ നിറഞ്ഞൊഴുകിയത് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ നമ്മുടെ മുന്നില്‍ നില്ക്കുന്നു. ലാന്‍ഡ് സ്ലൈഡ് പ്രോണ്‍ ഏരിയകള്‍ കൂടിയാണ് ഈ പ്രദേശങ്ങള്‍. അങ്ങനെയുള്ള പ്രദേശത്ത് ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ ചുരുങ്ങിയത് വേണ്ട പഠനങ്ങളെങ്കിലും നടത്തിയിട്ട് വേണം. ഒരു പഠനവും നടത്താതെയാണ് നിര്‍മ്മാണ ഉദ്ഘാടനം നടത്തിയതെന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യം. 2018ലെ പ്രളയവും അതിന് ശേഷമുള്ള പ്രളയങ്ങളും ഉരുള്പൊട്ടലുകളുമുള്പ്പെടെ മുന്നില്‍ നില്ക്കുമ്പോള് പൊതുവിടത്തില്‍ ചര്‍ച്ച ചെയ്യുക പോലും ചെയ്യാതെ എങ്ങനെയാണ് പദ്ധതി പ്രഖ്യാപിക്കാനാവുക?"
എന്നാല്‍ വയനാട്ടിലേയും കോഴിക്കോടേയും പ്രകൃതി ക്ഷോഭങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടുള്ള അലൈന്മെന്റാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. വിനയരാജ് പ്രതികരിച്ചു. വനത്തെ ബാധിക്കാത്ത രീതിയിലാണ് നിര്‍മ്മാണം. പക്ഷെ വനത്തിന് അടിയില്‍ കൂടിയായിരിക്കും. ആ വനത്തില്‍ നിന്ന് വിട്ടുകൊണ്ട് നിര്‍മ്മിക്കണമെങ്കില്‍ വനാതിര്‍ത്തി ലഭിക്കണം. വനംവകുപ്പുമായി ആലോചിച്ചതിന് ശേഷം അത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുരങ്കപാത പ്രദേശത്ത് പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുമെന്ന് പറഞ്ഞ് തടസ്സങ്ങള്‍ ഉണ്ടായിരുന്നു. പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ട് വികസനം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് തുരങ്കപാതയില്‍ എത്തി നില്‍ക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടന വേളയില്‍ പറഞ്ഞത്. "പല പദ്ധതികളും ചിലപ്പോള്‍ എതിര്‍പ്പുകള്‍ മൂലം അട്ടിമറിക്കപ്പെടാറുണ്ട്. അനാവശ്യമായ വിവാദങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങുന്നത് നാടിന്റെ വികസം ആഗ്രഹിക്കുന്ന സര്‍ക്കാരിന് സാധ്യമല്ല. എന്നാല്‍ ശരിയായ ആശങ്കകളെ സര്‍ക്കാര്‍ ആ രീതിയില്‍ കാണും. ഗൗരവമായ പഠനം നടത്തിയതിന് ശേഷമാണ് വനഭൂമിക്കടിയില്‍ പാറ തുരന്ന് തുരങ്കപാത നിര്‍മ്മിക്കുന്നത്" എന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടുകാര്‍ പറയുന്നത്
"പോരട്ടെ, ഇനി മല തുരുന്നും കൂടി പോരട്ടെ. അല്ലേല്‍ തന്നെ ഇവിടെ വയനാട് ഉണ്ടോ? വയനാട് എന്നേ ഇല്ലാതായി. ഇനീപ്പോ എന്ത് കാട്ടിയാലെന്താ...", കല്‍പ്പറ്റ സ്വദേശിയായ ബേബിച്ചന് പരിഹാസത്തോടെ പറഞ്ഞു. അറുപതുകളുടെ അവസാനത്തില്‍ ചങ്ങനാശേരിയില്‍ നിന്ന് വയനാട് ചുരം കയറിയെത്തിയതാണ് ബേബിച്ചന്റെ കുടുംബം. ഇപ്പോള്‍ 62 വയസ്സ്. വയനാടിന്റെ മാറ്റങ്ങളെല്ലാം കണ്മുന്നില് കണ്ട ബേബിച്ചന് പറയാനുള്ളത്, "അന്ന് ഈ ചുരം കേറുമ്പോള്‍ ഒന്നാം വളവ് കഴിയുമ്പോള്‍ മാറ്റം അറിയാം. തണുപ്പ് കയറും. വേറൊരു പ്രകൃതി. ചുരം കേറി എത്തിയാല്‍ വയല്‍, കുന്ന്, വയല്‍, കുന്ന് ഇങ്ങനെ നോക്കെത്താത്ത ദൂരത്തോളം കിടക്കും. ആദ്യം ഒന്നാമത്തെ വളവ് കയറുമ്പോ തന്നെ വയനാടെത്തി എന്ന് മനസ്സിലാവുമായിരുന്നു എങ്കില്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്നെ അത് മൂന്നാല് വളവ് കഴിഞ്ഞാലേ അത് മനസ്സിലാവൂ. പിന്നെ ഓരോ വര്‍ഷം ചെല്ലുന്തോറും ആ മണവും തണുപ്പും പ്രകൃതിയും ഒക്കെ മാറി. പത്ത് വര്‍ഷം മുന്നെ ആറാം വളവില്‍ എത്തുമ്പോഴെങ്കിലും വയനാടിനെ അറിയാന്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ ഒമ്പത് മുടിപ്പിന്നുകള്‍ കയറി മുകളില്‍ എത്തിയാലും താഴെ കോഴിക്കോടും മുകളിലത്തെ വയനാടും തമ്മില്‍ ഒരു വ്യത്യാസവുമില്ല. വെയിലും ചൂടും ആകെ വരണ്ട കാലാവസ്ഥയും. തണുപ്പ് കാലം പോലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എന്നെപ്പോലെയുള്ളവരെ നോക്കിയാല്‍ വയനാട് തീര്‍ന്നു. ഒരു ചുരത്തിന്റെ വ്യത്യാസം മാത്രമേയുള്ളൂ കോഴിക്കോടും മലപ്പുറവും ഒക്കെയായിട്ട്. ഇനിയിപ്പോ ബാക്കി കൂടി നശിപ്പിക്കാം. അതിനിപ്പോ എന്താ? പക്ഷെ ഇപ്പോ എന്താ പ്രശ്നം ന്ന് വച്ചാല്‍ ജീവന് വേണോ മരിക്കണോ എന്ന് മാത്രമേയുള്ളൂ വയനാട്ടുകാരന് മുന്നിലുള്ള ചോദ്യം. തുരന്നും കയ്യേറിയും ഇല്ലാതാക്കുമ്പോള്‍ ഈ മലയില്‍ താമസിക്കാന്‍ ആളുകളും കൂടിയുണ്ടാവില്ല എന്ന് മാത്രം. പക്ഷെ അപ്പോഴും ബാംഗ്ലൂരേക്ക് സുഖായിട്ട് പോവാട്ടോ. അത് വേറെ കാര്യം", ബേബിച്ചന് പറഞ്ഞ് നിര്‍ത്തി.
തുരങ്ക പാതയുടെ പ്രഖ്യാപനം ഉണ്ടായത് മുതല്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് വയനാട്ടുകാര്‍ ഇക്കാര്യത്തില്‍ ഉന്നയിച്ചിട്ടുള്ളത്. മല തുരന്നുള്ള തുരങ്ക പാത വേണ്ട എന്ന് പറയുന്നവരില്‍ ബേബിച്ചനെ പോലെ നിരവധി പേര് ഉണ്ടെങ്കിലും അത് ന്യൂനപക്ഷമാണ്. ഭൂരിപക്ഷ അഭിപ്രായവും വ്യത്യസ്തമാണ്. ബത്തേരി സ്വദേശിയായ നീല്‍സണ്‍ തോമസ് പറയുന്നു, "തുരങ്കപാത തന്നെ കിട്യാ മതിയാവൂ എന്ന് ഇവിടെ ആര്‍ക്കും ഇല്ല. പക്ഷെ എന്തെങ്കിലും ഒരു യാത്രാ സൗകര്യം ഉണ്ടാക്കി തരണം. ബ്ലോക്കില്‍ കുടുങ്ങിയാലുള്ള അവസ്ഥ അറഞ്ഞവര്ക്കേ അത് മനസ്സിലാവൂ. അമ്മേനേം കൊണ്ട് മെഡിക്കല്‍ കോളേജില്‍ പോവാന്‍ ആംബുലന്‍സില്‍ പോയപ്പോള്‍ അഞ്ച് മണിക്കൂര്‍ വാഹന തടസം ഉണ്ടായി. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ജീവന് രക്ഷപെട്ടത്. ഇതൊക്കെ എല്ലാ വയനാട്ടുകാരനും അനുഭവിക്കുന്ന പ്രശ്നമാണ്. കോഴിക്കോട്ട് എന്തേലും ഒരു കാര്യത്തിന് പോണമെങ്കില്‍ ഒരു ബ്ലോക്കും ഇല്ലെങ്കില്‍ തന്നെ രണ്ടര മൂന്ന് മണിക്കൂറെടുക്കും. ഇത്രയും നാട് പുരോഗമിക്കുമ്പോള്‍ ആരേലും യാത്രാ പ്രശ്നം അനുഭവിക്കുമോ?".
എന്നാല്‍ പലര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ വിശ്വാസമില്ല. "ഇതുപോലെ എന്ത്മാതിരി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട് വയനാട്ടില്‍. മെഡിക്കല്‍ കോളേജ്, എവിടെ? കുറേ റോഡുകള്‍, കബനിക്ക് കുറുകെ പാലം, തലശേരിയില്‍ നിന്ന് റയില്‍വേ, നഞ്ചന്‍കോട് റയില്‍വേ, ശ്രീചിത്ര ഇതൊക്കെ പ്രഖ്യാപിച്ചതല്ലാതെ എവിടെ നടന്നു. പലതിന്റേയും നിര്‍മ്മാണ ഉദ്ഘാടനവും തറക്കല്ലിടലും ഇതുപോലെ കഴിഞ്ഞു. പക്ഷെ ഇവിടെ ഒരു വികസനവും ഉണ്ടായിട്ടില്ല. വെറുതെ വ്യാമോഹങ്ങള്‍ കൊടുത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്നല്ലാതെ ഒന്നും നടക്കാന്‍ പോണില്ല" അമ്പലവയല്‍ സ്വദേശി സുരേന്ദ്രന് പറയുന്നു.
നടക്കാന്‍ സാധ്യതയില്ലാത്ത പദ്ധതിയാണ് തുരങ്കപാതയെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ പറയുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള രാഷ്ട്രീയ നീക്കം മാത്രമായേ തുരങ്കപാതയെ കാണാനാവൂ. തുരങ്കപാത പ്രഖ്യാപനം തട്ടിപ്പും വഞ്ചനയുമാണ്. അനേകം ക്യുബിക് മീറ്റര്‍ കരിങ്കല്ല് തരപ്പെടുത്താനുള്ള ഗൂഢാലോചനയും ഇതിന്റെ പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വയനാട്ടുകാരേക്കാള് കോഴിക്കോട്ടുകാര്‍ക്കാണ് ഈ പാതയുടെ ആവശ്യമെന്നാണ് വൈത്തിരി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ അനില്‍കുമാര്‍ പറയുന്നത്, "മുകളിലുള്ളവരേക്കാള്‍ താഴെയുള്ളവര്‍ക്കാണ് ആവശ്യം. വയനാട്ടിലെ എംഎല്‍എമാരേക്കാള്‍ തിരുവമ്പാടി എംഎല്‍എയ്ക്കായിരുന്നു ഇതില്‍ താത്പര്യം കൂടുതല്‍. എംഎല്‍എയുടെ നേതൃത്വത്തിലാണ് തിരുവമ്പാടി, കോടഞ്ചേരി, മേപ്പാടി പഞ്ചായത്തുകളുടെ സഹകരണത്തോടെ ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത്. 'തുരങ്കപാത' യെന്ന പേരില്‍ വാട്സ്ആപ് ഗ്രൂപ്പും അവര്‍ തുടങ്ങിയിരുന്നു. പദ്ധതികളുടെ ചര്‍ച്ചകളും പാതയുടെ ഹരിതഭംഗിയും ഒക്കെ ഫോട്ടോകളായും അല്ലാതെയും ആ ഗ്രൂപ്പില്‍ പ്രചരിച്ചിരുന്നു".
ടൂറിസത്തിന്റെ സാധ്യതകളാണ് മുഖ്യമന്ത്രിയും എംഎല്‍എമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുള്‍പ്പെടെ ഉയര്‍ത്തിക്കാണിച്ചത്. എന്നാല്‍ "വയനാട്ടിലേക്ക് ഇനി ടൂറിസം എന്ന് പറഞ്ഞ് വരികയേ വേണ്ട. കച്ചവടം എന്ന് പറഞ്ഞ് വന്നോ. പക്ഷെ ഇവിടെ ഇനി ടൂറിസം സാധ്യതകളൊന്നും ഇല്ല. പ്രകൃതിക്ഷോഭം ശക്തമായ വയനാട്ടില്‍ ഇനി എന്ത് ടൂറിസം?", എന്നാണ് വയനാട്ടില്‍ ജനിച്ച് വളര്‍ന്ന മേപ്പാടി സ്വദേശി രാമകൃഷ്ണന് ചോദിച്ചത്.
ഭരണപക്ഷ-പ്രതിപക്ഷ പ്രതികരണങ്ങള്‍
ജോര്‍ജ് എം തോമസ് (തിരുവമ്പാടി എംഎല്‍എ)
പരിസ്ഥിതി സംബന്ധിച്ച ആക്ഷേപമാണ് തുരങ്കപാത സംബന്ധിച്ച് പ്രധാനമായും നിലനില്‍ക്കുന്നത്. നിരവധി പരാതികള്‍ ലഭിച്ചു, ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഇക്കാര്യം പരിശോധിച്ചു. ഇതിനൊപ്പം വിദഗ്ദ്ധര്‍ ഇത് പഠിച്ചു. വിദഗ്ദ്ധരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തുടക്കമായത്. യഥാര്‍ഥത്തില്‍ മലകളും കാടും ഇതുവഴി നശിപ്പിക്കപ്പെടുന്നില്ല. 800 അടി താഴെക്കൂടിയാണ് തുരങ്കം വരുന്നത്. തുടങ്ങുന്നതും അവസാനിക്കുന്നതും സ്വകാര്യ ഭൂമിയിലാണ്. വനഭൂമിയില്‍ പ്രവേശിക്കുന്നതേയില്ല. ഒരു നിലംപരണ്ട പോലും അവിടെ നിന്ന് പറിച്ച് മാറ്റുന്നില്ല. പക്ഷി, മൃഗാദികള്‍ക്ക് ഒന്നും സംഭവിക്കില്ല. വനഭൂമിയില്‍ റോഡുകള്‍ നിര്‍മ്മിക്കാനാവില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം മാറിയതിനാലാണ് തുരങ്കപാതയെക്കുറിച്ച് ആലോചിക്കുന്നത്. വയനാടിനും കോഴിക്കോടിനും മാത്രമല്ല കേരളത്തിനാകെ അഭിമാനിക്കാവുന്ന പദ്ധതിയായിരിക്കും ഇത്. ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്കും സീപോര്‍ട്ട്, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്കും എത്താന്‍ 40 കിലോമീറ്ററിനടുത്ത് യാത്രാ ദൂരത്തില്‍ കുറവ് വരും. ഇന്ധനം ലാഭിക്കാം. ടയര്‍ തേയ്മാനം കുറയും. തുരങ്കപാത തുടങ്ങുന്നയിടെ നല്ല ടൂറിസം പൊട്ടന്‍ഷ്യല്‍ ഉള്ളയിടമാണ്. തുരങ്കപാത വരുന്നതോടെ ടൂറിസത്തിന്റെ മൈലേജ് വര്‍ധിക്കും. അതുവഴി സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിക്കും. ഗതാഗത തടസ്സമില്ലാതെ ചുരത്തിലെ മണ്ണിടിച്ചില്‍ ഇല്ലാതെ യാത്ര ചെയ്യാം. പാറ തുരന്ന് പാറയുടെ ഉള്ളിലൂടെ ഒരു ഫ്രീ ട്രാവല്‍ സാധിക്കും. മൂന്ന് മാസത്തിനുള്ളില്‍ കൊങ്കണ്‍ റയില്‍വേ കോര്പ്പറേഷന് ഡിപിആര്‍ സമര്‍പ്പിക്കും. തുടര്‍ന്നുള്ള നടപടികള്‍ പിന്നീട്.
ഐ സി ബാലകൃഷ്ണന് (സുല്‍ത്താന്‍ ബത്തേരി എംഎല്‍എ)
ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതാണ് പ്രഖ്യാപനം. തുരങ്കപാത നിര്‍മ്മിക്കുന്നതിന് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിട്ടില്ല. അതിന് മുമ്പ് ഉദ്ഘാടനം നടത്തി. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമാക്കിയ രാഷ്ട്രീയ അഭ്യാസമാണിത്. ഞങ്ങള്‍ ഒരിക്കലും വികസനത്തിന് എതിരല്ല. വേണ്ട രീതിയില്‍ പഠനം നടത്തി അനുമതികള്‍ വാങ്ങിയ ശേഷം വേണം നിര്‍മ്മാണം ആരംഭിക്കാന്‍. തുടങ്ങിയതിന് ശേഷം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട പദ്ധതിയല്ല ഇത്.
കുതിരാനും ഗ്യാപ് റോഡും പാഠമാവുമ്പോള്‍
സംസ്ഥാനത്തെ ആദ്യ തുരങ്ക പാതയാണ് കുതിരാന്‍ തുരങ്ക പാത. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂര്‍ ജില്ലയിലെ മണ്ണുത്തിക്കും ഇടയില്‍ നിര്‍മ്മിക്കുന്നതാണ് കുതിരാന്‍ തുരങ്കം. 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉള്‍പ്പെടെ ഒരു കിലോമീറ്റര്‍ വരും. 14 മീറ്റര്‍ വീതിയിലാണ് ഇരട്ടത്തുരങ്കത്തിന്റെ നിര്‍മ്മാണം. ഏഴ് വര്‍ഷത്തില്‍ അധികമായി തുരങ്കത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ട്. എന്നാല്‍ ഇത്ര കാലമായിട്ടും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടില്ല. ഒരു തുരങ്കത്തില്‍ 10 ശതമാനം ജോലികളും രണ്ടാമത്തെ തുരങ്കത്തില്‍ നാല്‍പ്പത് ശതമാനം ജോലികളും ഇനിയും ബാക്കി നില്‍ക്കുകയാണ്. തുരങ്ക നിര്‍മ്മാണം നടത്തിയ പ്രഗതി എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡിനെ അഞ്ച് മാസം മുമ്പ് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ ടെര്‍മിനേഷന്‍ നോട്ടീസ് നല്കി കരാറില്‍ നിന്ന് ഒഴിവാക്കി. 201 ഓഗസ്റ്റില്‍ നിര്‍മ്മാണം നിലച്ചതിന് ശേഷം പ്രധാനപ്പെട്ട നിര്‍മ്മാണ പ്രവര്ത്തകളൊന്നും ഇവിടെ നടന്നില്ല. ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 945 മീറ്റര്‍ തുരങ്കം നിര്‍മ്മാണം ആരംഭിച്ചത്. കരാര്‍ കമ്പനിയുടെ അനാസ്ഥയ്ക്ക് പുറമെ കുതിരാനിലെ മണ്ണിടിച്ചില്‍ ആണ് തുരങ്ക പാത പൂര്‍ത്തീകരണത്തിന് പ്രധാന വെല്ലുവിളിയായിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഒരു തുരങ്കം തുറന്ന് കൊടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല. മഴക്കാലത്ത് ഉറവകളില്‍ നിന്ന് വെള്ളം കയറിയും നിരന്തരമായി മണ്ണിടിഞ്ഞും തുരങ്കം യാത്രാ യോഗ്യമല്ലാതെ നിലനില്ക്കുന്നു. 165 കോടി രൂപയില്‍ തുടങ്ങിയ പദ്ധതിയിപ്പോള് 400 കോടി രൂപയായി നില്ക്കുന്നു. ഏഴ് കിലോമീറ്ററിനടുത്ത് ദൈര്‍ഘ്യമുള്ള തുരങ്കം വയനാട്ടില്‍ മലതുരന്ന് ഉണ്ടാക്കുമ്പോള്‍ കുതിരാന്‍ ഒരു പാഠമായി മുന്നില്‍ ഉണ്ടാവണമെന്നതാണ് പരിസ്ഥിതി വിദഗ്ദ്ധരുടേയും പൊതുപ്രവര്‍ത്തകരുടേയും ആവശ്യം.
കൊച്ചി-ധനുഷ്കോടി ദേശീയപാത വികസനത്തിന്റെ ഭാഗമായി രാജകുമാരിയില്‍ സംഭവിക്കുന്നതാണ് ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നത്. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായ അതേ ദിവസം ഓഗസ്റ്റ് ആറിന് ദേശീയപാതയുടെ ഭാഗമായ ഗാപ് റോഡില്‍ വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും 23 ഏക്കര്‍ കൃഷിയിടം അപ്പാടെ നശിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചെറുതും വലുതുമായ നൂറോളം മണ്ണിടിച്ചിലുകള്‍ ഗാപ് റോഡില്‍ മാത്രം ഉണ്ടായതായാണ് റവന്യൂ വകുപ്പ് അധികൃതരുടെ കണക്കെടുപ്പില്‍ വ്യക്തമായത്. അതിതീവ്ര മഴ ലഭിച്ച ഓഗസ്റ്റ് അഞ്ചിനും ദേശീയപാതാ അതോറിറ്റി നിര്‍മ്മാണം തുടര്‍ന്നു എന്നത് മറ്റൊരു വശം. അശാസ്ത്രീയമായ റോഡ് വികസനമാണ് മണ്ണിടിച്ചിലുകള്‍ക്ക് കാരണമെന്നാണ് റവന്യൂ വകുപ്പ് റിപ്പോര്‍ട്ട്. റോഡ് വികസിപ്പിക്കാനെന്ന പേരില്‍ പാറപൊട്ടിക്കലാണ് നടക്കുന്നതെന്ന ദേവികുളം സബ്കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കോടികളുടെ പാറ പൊട്ടിച്ചെടുക്കാനുള്ളതായി ഇത്തരത്തില്‍ വമ്പന്‍ പദ്ധതികള്‍ മാറുമെന്നതിനാല്‍ അത്തരം പദ്ധതികള്‍ നടപ്പാക്കരുതെന്ന ആവശ്യവും ശക്തമാണ്.