TopTop
Begin typing your search above and press return to search.

കൊച്ചി കോ‍ർപ്പറേഷൻ പിരിച്ചുവിടാത്തത് എന്തെന്ന് കോടതി, അതിനുള്ള നടപടികൾ ഇങ്ങനെ

കൊച്ചി കോ‍ർപ്പറേഷൻ പിരിച്ചുവിടാത്തത് എന്തെന്ന് കോടതി,  അതിനുള്ള നടപടികൾ ഇങ്ങനെ

ജനജീവിതത്തെ പ്രതിസന്ധിയിലാക്കി എറണാകുളം നഗരത്തിൽ കഴിഞ്ഞ ദിവസം വെള്ളക്കെട്ട് രൂപം കൊണ്ട സംഭവത്തിൽ നഗരസഭയുടെ ഇടപെടലിനെ ഹൈക്കോടതി വിമർശിച്ചത് രൂക്ഷമായ ഭാഷയിലായിരുന്നു. ആയിരക്കണക്കിന് ജനങ്ങൾ വെള്ളത്തിലായെന്ന് ചൂണ്ടിക്കാട്ടിയ കോടതി കൊച്ചി കോർപ്പറേഷനിൽ എന്താണ് സംഭവിക്കുന്നതെന്നും ചോദിച്ചു. സ്ഥിതിഗതികൾ ഇത്ര രൂക്ഷമായിട്ടും എന്തുകൊണ്ട് കോർപ്പറേഷനെ പിരിച്ച് വിടുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. കൊച്ചി കോർപ്പറേഷനിലെ വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക് എന്നീ വിഷയങ്ങളിലും നേരത്തെയും കോടതി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് രൂക്ഷ നിലപാടുമായി രംഗത്തെത്തിയത്. വിഷയത്തിൽ നാളെ എജി കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന്റെ നിർദേശം. പ്രതിപക്ഷം ഭരിക്കുന്ന കൊച്ചി കോർപ്പറേഷനെതിരെ സർക്കാർ കോടതിയിൽ എന്ത് നിലപാട് സ്വീകരിക്കും എന്നതും പ്രധാനമാണ്.

കോടതി ചോദിച്ചത് എന്തുകൊണ്ട് കോർപ്പറേഷനെ പിരിച്ചുവിടുന്നില്ലെന്നാണ്.സ്വാഭാവികമായും ആ ചോദ്യം സംസ്ഥാന സർക്കാരിനോടാണെന്ന് വേണം കണക്കാക്കാൻ. എന്നാൽ കോടതി കടുത്ത വിമർശനം ഉയർത്തി സർക്കാറിനെ നടപടിക്ക് നിർബന്ധിക്കുമ്പോൾ ഉയരുന്ന സംശയങ്ങൾ നിരവധിയാണ്. ജനങ്ങൾ തിരഞ്ഞെടുത്ത ഒരു തദ്ദേശ ഭരണകൂടത്തെ ജനങ്ങൾ തന്നെ തിരഞ്ഞെടുത്ത ഒരു ജനാധിപത്യ സർക്കാറിന് പിരിച്ച് വിടാനാവുമോ എന്നതാണ്. ഇതിന് പുറമെ വിഷയത്തിൽ സർക്കാറിന് നിയമപരമായി എന്ത് ചെയ്യാനാവുമെന്നും ഇതിനോടകം ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു

'ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു തദ്ദേശ സ്ഥാപനത്തെ പിരിച്ച് വിടാന്‍ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്നാണ്' തദ്ദേശ സ്വയംഭരണ സ്ഥാപന കമ്മീഷൻ കൺസൾട്ടന്റും ഈ രംഗത്തെ വിദഗ്ദനുമായ വിജയകുമാരൻ നായർ പറയുന്നത്. ഹൈക്കോടതി നിർദേശത്തിന് പിന്നാലെ സർക്കാരിന് മുന്നിലുള്ള സാധ്യതകളെ കുറിച്ച് അഴിമുഖത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിജയകുമാരൻ നായരുടെ പ്രതികരണം-
'കേരള മുൻസിപാലിറ്റ് ആക്റ്റ് 64, (1 എ) പ്രകാരം സംസ്ഥാന സര്‍ക്കാരുകൾക്ക് നഗരസഭകളെയും കോർപറേഷനുകളെയും പിരിച്ച് വിടാൻ അധികാരമുണ്ട്. എന്നാൽ ഇതിന് ചില നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് മാത്രം. ഇതിന് പ്രത്യേക കാരണങ്ങളും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അതായത് ഒരു സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് ബജറ്റ് പാസാക്കുന്നതിൽ പരാജയപ്പെടുകയാണ് ഇതിൽ ആദ്യത്തേത്. നഗര സഭകളുടെ സാമ്പത്തിക പ്രതിസന്ധി, അംഗങ്ങളിൽ ഭൂരിഭാഗം അയോഗ്യരാക്കപ്പെടുകയോ, രാജിവയ്ക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ,
ഒരു മുൻസിപാലിറ്റി അതിന്റെ നിയമപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്ന് ബോധ്യപ്പെട്ടാലും സർക്കാറിന് ആ തദ്ദേശ സ്ഥാപനത്തിന് എതിരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാം. കൊച്ചി കോർപ്പറേഷൻ വിഷയത്തിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നത് ഈ സാഹചര്യമാണ്. അഴുക്കുവെള്ളം ഒഴുകി പോവുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് കോർപ്പറേഷന്റെ ഉത്തരവാദിത്വമാണ്. ഇതിൽ പരാജയപ്പെട്ടെന്നാണ് കോടതി നിരീക്ഷിക്കുന്നത്.
ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ സര്‍ക്കാരിന് ഇത് ചെയ്യാനാവും, എന്നാൽ, പിരിച്ച് വിടലിന് ചില നടപടി ക്രമങ്ങൾ നിലവിലുണ്ട്. നടപടി നേരിടുന്ന തദ്ദേശ സ്ഥാപനത്തിനെതിരെ സർക്കാൻ വിജ്ഞാപനം പുറപ്പെടുവിക്കണം. ഈ വിജ്ഞാപനത്തിന്റെ ഒരു പകർപ്പ് ബന്ധപ്പെട്ട മുൻസിപാലിറ്റിക്കും നൽകേണ്ടതുണ്ട്. ഒരു പകർപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനും സമർപ്പിക്കണം.
പിരിച്ച് വിടാനുള്ള കാരണങ്ങൾ സഹിതം നഗരസഭയ്ക്ക് സർക്കാർ നോട്ടീസ് നൽകണം. നോട്ടീസിന് മറുപടി നൽകാനുള്ള ന്യായമായ സമയവും അവസരവും നൽകണം. ഇവർ നൽകുന്ന മറുപടിയും പരിഗണിക്കണം. ഇത് തൃപ്തികരമാണെന്ന പരിശോധിക്കേണ്ടത് സർക്കാറാണ്. മറുപടി പരിഗണിച്ച ശേഷവും പിരിച്ചുവിടാനാണ് തീരുമാനമെങ്കിൽ ഇക്കാര്യം കേരള പഞ്ചായത്ത് രാജ് ആക്റ്റ് സെക്ഷൻ 271 ജി പ്രകാരം ഓംബുഡ്സ്മാന് സമർപ്പിക്കണം. ഓംബുഡ്സ്മാന്റെ നിർദേശം അനുകുലമെന്നതോ പ്രതികൂലമെന്നതോ വിഷയമല്ല. നടപടിക്രമം പൂർത്തിയാക്കണം അത്രമാത്രം. ഇതിന് ശേഷം വിഷയത്തിൽ സർക്കാറിന് പിരിച്ച് വിടൽ നടപടികളുമായി മുന്നോട്ട് പോവാൻ നിയമം അനുവദിക്കുന്നു. പിരിച്ച് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറങ്ങിയാൽ അധ്യക്ഷൻ ഉൾപ്പെടെ തങ്ങളുടെ ഓഫീസ് ഒഴിയണമെന്നും നിയമം വ്യക്തമാക്കുന്നു.
ചുരുക്കി പറഞ്ഞാൽ' ഒരു തദ്ദേശഭരണ സ്ഥാപനം തങ്ങളുടെ ചുമതലകള്‍ നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടാൽ ഈ സ്ഥാപനത്തിന് നോട്ടീസ് നൽകി ഓംബുഡ്സ്മാന്റെ ഉപദേശം അനുസരിച്ച് അതിനെ പിരിച്ച് വിടാനാവും' എന്നതാണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാറിന് വിശദീകരണം ചോദിക്കാൻ സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്. അതിനാൽ ഇനി സർക്കാറിന് പ്രത്യേകിച്ച് കോർപറേഷന്റെ ഭരണ പരാജയത്തെ കുറിച്ച് ചൂണ്ടിക്കാണ്ടേണ്ട ആവശ്യമില്ലെന്ന് വിലയിരുത്താം. കോടതി നിർദേശം വിലയിരുത്തുമ്പോൾ നഗരത്തിലെ അഴുക്ക് ജലം ഒഴുകി പോവാനുള്ള ഓടയുടെ ക്ലീൻ ചെയ്യേണ്ടതുൾപ്പെടെയുള്ള നടപടികളിൽ നഗര സഭ ഉപേക്ഷ കാണിച്ചെന്ന് കരുതുന്നു.
എന്നാൽ, കോടതി ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചതിനാൽ പിരിച്ച് വിടാതിരിക്കാനുള്ള കാരണം കാട്ടി വിശദീകരണം ചോദിക്കുക എന്നതാണ് സർക്കാറിന് മുന്നിലുള്ള വഴി. ഇതായിരിക്കും അടുത്ത ദിവസം എജി കോടതിയിൽ ഹാജരായി അറിയിക്കുക എന്നാണ് കരുതുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം ഉൾപ്പെടെ വിലയിരുത്തുമ്പോൾ കൊച്ചി കോർപ്പറേഷനെ സഹായിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കാൻ ഇടയില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.
അല്ലെങ്കിൽ കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാറിന് വിശദീകരണം തേടുന്നതിലും തെറ്റില്ല. പിരിച്ച് വിടണമെന്ന് നിർബന്ധമില്ല. അങ്ങനെയെങ്കിൽ നഗരസഭയ്ക്ക് തെറ്റ് സമ്മതിച്ച് കൊണ്ടും, സാധ്യമാവും വേഗത്തിൽ കാര്യക്ഷമമായ വേഗത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടുന്ന നടപടികൾ പൂർത്തിയാക്കാമെന്നും ഒരു സത്യപ്രസ്താവന നൽകിയാൽ മതിയാവും.'

അതേസമയം, കൊച്ചിയിലെ മഴ പ്രത്യേക പ്രതിഭാസമാണെന്നും കോര്‍പറേഷന്‍ ചെയ്യേണ്ടതെല്ലാം ചെയ്തെതിട്ടുണ്ടെന്നുമാണ് കൊച്ചി മേയര്‍ സൗമിനി ജയിന്‍ ഹൈക്കോടതി പരാമർശത്തോട് പ്രതികരിച്ചത്. എല്ലാ കാര്യങ്ങളും കോടതിയെ ബോധിപ്പിക്കുമെന്നും മേയർ ചൂണ്ടിക്കാട്ടുന്നു. കൊച്ചി നഗരത്തിലുണ്ടായ അപ്രതീക്ഷിത വെള്ളക്കെട്ടിന് കാരണം കൊച്ചി മെട്രോ നിര്‍മിച്ച കാനകളില്‍ മിലിന്യമടിഞ്ഞതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്നും അവർചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories