Top

അമ്മയെ ഞങ്ങള്‍ മറന്നാലും അന്ത്യോഖ്യായെ മറക്കില്ലെന്ന് പറഞ്ഞ യാക്കോബായ വിശ്വാസികൾക്ക് മുന്നിൽ ഇനി എന്ത്

അമ്മയെ ഞങ്ങള്‍ മറന്നാലും അന്ത്യോഖ്യായെ മറക്കില്ലെന്ന് പറഞ്ഞ യാക്കോബായ വിശ്വാസികൾക്ക് മുന്നിൽ ഇനി എന്ത്

'അമ്മയെ ഞങ്ങള്‍ മറന്നാലും... അന്ത്യോഖ്യായെ മറക്കില്ല

ഓമല്ലൂരെ കബറിങ്ങല്‍... ഞങ്ങടെ ബാവായാണെങ്കില്‍

ആ കബറാണെ കട്ടായം... അന്ത്യോഖ്യായെ മറക്കില്ല...'

മധ്യ തിരുവിതാംകൂറിലെ പള്ളികളില്‍ വര്‍ഷങ്ങളായി ഇടവേളകളില്‍ ഉയര്‍ന്ന് കേട്ട യാക്കോബായ വിശ്വാസികളുടെ മുദ്രാവാക്യം. എന്നാല്‍ ഈ മുദ്രാവാക്യം വിളികള്‍ക്കും പിടിവലികള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അവസാനം കുറിച്ചുകൊണ്ട് സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കി. ഇതോടെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള മലങ്കര സഭാ തര്‍ക്കം നിര്‍ണായക വഴിത്തിരിവിലെത്തി. യാക്കോബായ വിഭാഗം കൈവശം വച്ചിരുന്ന പ്രധാന പള്ളികളൊന്നായ പിറവം വലിയ പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം F കുര്‍ബാന നടത്തിയതോടെ പള്ളികളുടെ സര്‍വാധികാരികളെ ചൊല്ലിയുള്ള തര്‍ക്കം ഏറെക്കുറെ അപ്രസക്തമായി. അന്തോഖ്യ പാത്രിയാര്‍ക്കിസുമാരും മലങ്കര മെത്രാപ്പോലീത്തമാരും അഥവാ യാക്കബായ സഭയും ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള അധികാര വടംവലിയുടെ അവസാന എപ്പിസോഡുകള്‍ സംഘര്‍ഷഭരിതമായിരുന്നു. കോടതിയില്‍ നിന്നുള്ള ഇളവുകള്‍ പ്രതീക്ഷിച്ച യാക്കോബായ സഭയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും നിരന്തരമായ തിരിച്ചടികള്‍ മാത്രം കിട്ടിയപ്പോഴും വിശ്വാസികള്‍ തടിച്ചുകൂടി നിയമം നടപ്പാക്കാനെത്തിയവരെ തോല്‍പ്പിച്ചു. പിറവം പള്ളിയില്‍ സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയതോടെ ചെറുത്ത് നിന്ന് തങ്ങളുടെ സ്വത്ത് സംരക്ഷിക്കുക എന്ന അവസാന ആയുധവും പരാജയപ്പെട്ടു. വര്‍ഷങ്ങള്‍ നീണ്ട സഭാ പോരിനും നിയമയുദ്ധങ്ങള്‍ക്കും ഇതോടെ അന്ത്യമാവുകയാണ്.

വിശ്വാസത്തില്‍ രണ്ടായവര്‍

സുറിയാനി വിശ്വാസികളെ സംബന്ധിച്ചിടത്തോളം അന്ത്യോഖ്യ വൈകാരിക കേന്ദ്രമാണ്. കത്തോലിക്ക വിശ്വാസികള്‍ക്ക് റോമും മാര്‍പാപ്പയും എത്രത്തോളം പ്രാധാന്യമുണ്ടോ അത്ര തന്നെ പ്രാധാന്യമുണ്ട് സുറിയാനി വിശ്വാസികളെ സംബന്ധിച്ച് അന്ത്യോഖ്യയും പാത്രീയര്‍ക്കീസ് ബാവമാരും. ഇന്ത്യയിലെ ക്രൈസ്തവര്‍ക്കിടയില്‍ പോര്‍ച്ചുഗീസ് ആധിപത്യം അടിച്ചേല്‍പ്പിക്കാനുളള നീക്കത്തിനെതിരെയാണ് കൂനന്‍കുരിശ് സത്യത്തിലൂടെ സുറിയാനി ക്രിസ്ത്യാനികളും കത്തോലിക്കരും തമ്മില്‍ വേര്‍പിരിഞ്ഞത്. എന്നാല്‍ കാലം പിന്നിട്ടപ്പോള്‍ സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയിലും ഭിന്നത ഉടലെടുത്തു. പാത്രിയര്‍ക്കീസ് ബാവമാര്‍ക്ക് മലങ്കരയിലുളള അധികാരം സംബന്ധിച്ച തര്‍ക്കമായിരുന്നു ഭിന്നതയുടെ അടിസ്ഥാനം. ഇത് യാക്കോബായാ-ഓര്‍ത്തഡോക്‌സ് എന്ന രണ്ട് സഭകള്‍ ഉണ്ടാകുന്നതിനും പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവക്കുകയും ചെയ്തു. ഓര്‍ത്തഡോക്‌സ് വിഭാഗം പാത്രിയര്‍ക്കീസിനുളള അധികാരം നാമമാത്രമാക്കി അന്ത്യോഖ്യാബന്ധം വിഛേദിച്ചപ്പോള്‍ പാത്രിയര്‍ക്കീസ് വിഭാഗം എന്നറിയപ്പെടുന്ന യാക്കോബായ വിഭാഗം പാത്രിയര്‍ക്കീസ് ബാവക്ക് ആത്മീയവും ഭൗതീകവുമായ അധികാരങ്ങള്‍ വിട്ടു നല്‍കി അന്ത്യോഖ്യാ ബന്ധം ദൃഢമാക്കി. 1934ലെ ഭരണഘടനയില്‍ പാത്രിയര്‍ക്കിനെ(അധികാര സ്ഥാനം) അംഗീകരിക്കുന്നുണ്ടെങ്കിലും പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നില്ല എന്ന കാരണത്താലാണ് യാക്കോബായ വിഭാഗം അതിനോട് വിയോജിച്ചത്. ഭരണഘടനയില്‍ കൃത്രിമം നടന്നുവെന്നും അത് തങ്ങളുടെ അറിവോടെയല്ല എന്നുമായിരുന്നു യാക്കോബായ വിഭാഗത്തിന്റെ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

നിയമം ഒന്നാക്കിയവര്‍

മലങ്കര സഭാ തര്‍ക്കത്തില്‍ വഴിത്തിരിവായത് 2017 ജൂലൈ മൂന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ്, വരിക്കോലി, മണ്ണത്തൂര്‍ പള്ളികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഈ പള്ളികളുടെ ഉടമസ്ഥാവകാശം സമ്പൂര്‍ണമായി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കുന്നതായിരുന്നു വിധി. എന്നാല്‍ മലങ്കര സഭയുടെ 1934ല്‍ രൂപീകൃതമായ ഭരണഘടനയെയാണ് സുപ്രീംകോടതി വിധിയിലൂടെ അംഗീകരിച്ചത്. 2002ല്‍ രൂപീകൃതമായ യാക്കോബായ വിഭാഗത്തിന്റെ ഭരണഘടനയെ സുപ്രീംകോടതി അംഗീകരിച്ചതുമില്ല. അതോടെ കേരളത്തിലെ 1064 യാക്കോബായ പള്ളികളുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനായി. ജൂലൈ നാലിന് നെച്ചൂര്‍ പള്ളിയുടെ കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി ബഞ്ച് സമാന വിധി ആവര്‍ത്തിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ കീഴ്‌കോടതി വിധിക്കെതിരെ യാക്കോബായ വിശ്വാസികള്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി വിധി. ജൂലൈ മൂന്നിലെ വിധിയോടെ 'ഒരു സഭ, ഒരു നിയമം, ഒരു ഭരണക്രമം' എന്നതായി മലങ്കര സഭകളുടെ ഭാവി. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷം സഭാതര്‍ക്കം വീണ്ടും ചര്‍ച്ചാവിഷയമായി.

വിധിയിലെ പ്രധാന വസ്തുതകള്‍ ഇങ്ങനെയായിരുന്നു- 1995-ലെ സുപ്രീംകോടതി വിധി ഇടവകപ്പള്ളികള്‍ക്ക് ബാധകമാണ്, 1934ലെ മലങ്കര സഭാ ഭരണഘടനയനുസരിച്ചു മാത്രം ഇടവകപ്പള്ളികള്‍ ഭരിക്കപ്പെടണം, 2002ലെ യാക്കോബായ ഭരണഘടന അസാധുവാണ്, 1934ലെ മലങ്കര സഭാ ഭരണഘടന ഒഴിയെയുള്ള ഉടമ്പടികളും മറ്റും ഇടവകപ്പള്ളി ഭരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. വിധി ഓര്‍ത്തഡോക്‌സ് പക്ഷത്തിന് ആഹ്ലാദം നല്‍കിയപ്പോള്‍ യാക്കോബായ പക്ഷത്തിന് കനത്ത തിരിച്ചടിയുമായിരുന്നു.

വിധി വന്നതോടെ അന്നേവരെ യാക്കേബായ വിഭാഗത്തിന്റെ കൈവശമുണ്ടായിരുന്ന പള്ളികളുടെ ഉടമസ്ഥത ഏറ്റെടുക്കാനായി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമം. കോലഞ്ചേരി, വരിക്കോലി, നെച്ചൂര്‍, കന്യാട്ടുനിരപ്പ്, മണ്ണത്തൂര്‍ എന്നിവയുള്‍പ്പെടെ പന്ത്രണ്ട് പള്ളികളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അധികാരമുറപ്പിക്കാനായി. 74 പള്ളികളുമായി ബന്ധപ്പെട്ട് കോടതി വ്യവഹാരങ്ങള്‍ പിന്നെയും തുടര്‍ന്നു. പള്ളികളില്‍ ചെറുതും വലുതുമായ തര്‍ക്കങ്ങളും സംഘര്‍ഷാവസ്ഥയും തുടര്‍ന്നു. തര്‍ക്കം മൂത്ത് മൃതദേഹം തെരുവില്‍ വച്ച് പ്രതിഷേധിച്ച കാഴ്ചയും കേരളം കണ്ടു. ശവസംസ്‌ക്കാരവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും കോലാഹലങ്ങളും പല പള്ളികളിലുമുണ്ടായി. തര്‍ക്കം ഏറ്റവും രൂക്ഷമായി നിലനിന്നിരുന്നത് പിറവം, കോതമംഗലം പള്ളികളിലായിരുന്നു. അതീവ സാമ്പത്തിക ശേഷിയുള്ള പള്ളികള്‍ കൂടിയാണ് ഇവയെന്നതാണ് വിഷയത്തിന്റെ മറ്റൊരു വശം. സ്‌കൂളുകളും, പ്രൊഫഷണല്‍ കോളേജുകളും, ആശുപത്രികളുമുള്‍പ്പെടെ വലിയ വരുമാന സ്രോതസ്സുകള്‍ കൈവശം വയ്ക്കുന്ന പള്ളികളുമായി ബന്ധപ്പെട്ട അവകാശ തര്‍ക്കങ്ങള്‍ യഥാര്‍ഥത്തില്‍ വിശ്വാസത്തിന്റെ പേരില്‍ മാത്രമല്ല, സാമ്പത്തിക അധികാരത്തിന്റേയും കൂടിയായിരുന്നു.

ഒഴിയുന്നത് പരിഹാരമാവാതെ നിന്ന തലവേദന

സുപ്രീംകോടതി വിധിക്ക് ശേഷവും സംഘര്‍ഷം പുകയുന്ന പള്ളിത്തര്‍ക്കത്തില്‍ ഒരു തീരുമാനമെടുക്കാനാവാതെ മാറി മാറി വന്ന സര്‍ക്കാരുകള്‍ പകച്ചു നിന്നു. തര്‍ക്കങ്ങള്‍ ഒഴിവാക്കി രമ്യതയില്‍ പോവാനായി സര്‍ക്കാരുകള്‍ സഭകളുമായി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ തീരുമാനമാവാതെ ചര്‍ച്ചകള്‍ പിരിഞ്ഞു. നിലവിലെ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാനായി മന്ത്രിസഭാ ഉപമിതിയെ നിയമിച്ചു. എന്നാല്‍ സഭകള്‍ ഇടഞ്ഞ് നിന്നതിനാല്‍ മന്ത്രിസഭാ ഉപസമിതിക്ക് കാര്യമായ ഒന്നും ചെയ്യാനായില്ല. വിധി നടപ്പാക്കാത്തതിന് സര്‍ക്കാരിനെതിരെ സുപ്രീം കോടതി പലപ്പോഴും രൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. വിധി നടപ്പിലാക്കാന്‍ അന്തിമ നിര്‍ദ്ദേശവും കോടതി നല്‍കി. എന്നാല്‍ തുടര്‍ന്നും സഭാ നേതൃത്വങ്ങളെ ചര്‍ച്ചയ്ക്ക് വിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വിധി നടപ്പാക്കണമെങ്കില്‍ 1934ല ഭരണഘടനയുടെ ഒറിജിനല്‍ പകര്‍പ്പ് ഹാജരാക്കണമെന്ന നിര്‍ദ്ദേശം ഓര്‍ത്തഡോക്സ് വിഭാഗത്തെ ചൊടിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ്സെക്രട്ടറിയേയും ഡിജിപിയെയും ഉള്‍പ്പെടെ പ്രതിചേര്‍ത്ത് ഓര്‍ത്തഡോക്സ് വിഭാഗം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. വീണ്ടും സുപ്രീംകോടതി സര്‍ക്കാരിന് നേരെ തിരിഞ്ഞു. വിധി നടപ്പിലാക്കുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ വേറെ വഴികളില്ലാതായി. ഇതോടെയാണ് പ്രതിഷേധങ്ങളെ കണക്കിലെടുക്കാതെ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞത്. പള്ളികളില്‍ സംഘര്‍ഷമുണ്ടാക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതിയും ഉത്തരവിട്ടു. ഇതോടെ യാക്കോബായ വിശ്വാസികള്‍ക്കും സഭയ്ക്ക് അനുകൂലമായി നിന്ന സര്‍ക്കാരിനും മുന്നില്‍ എല്ലാ വഴികളും അടഞ്ഞു.

യാക്കോബായ പക്ഷത്തിന് മുന്നിൽ ഇനി എന്ത്

യാക്കോബായ വിഭാഗക്കാര്‍ക്ക് നിലവില്‍ പള്ളികളില്ല. തങ്ങളുടെ വിശ്വാസത്തില്‍ തുടരണമെങ്കില്‍ പള്ളികളും ശവക്കോട്ടകളും ഉണ്ടാക്കുകയല്ലാതെ സഭയ്ക്ക് മുന്നില്‍ മറ്റ് വഴികളില്ല. അല്ലാത്ത പക്ഷം 1934ലെ ഭരണഘടനയെ അംഗീകരിച്ച് ഓര്‍ത്തഡോക്സ് സഭയ്ക്കൊപ്പം ചേരാം. എന്നാല്‍ നിലവില്‍ ്അതിന് തയ്യാറല്ലെന്നാണ് യാക്കോബായ സഭാ അധ്യക്ഷന്‍മാരുടെ നിലപാട്. ശവസംസ്‌ക്കാരമുള്‍പ്പെടെ ഓര്‍ത്തഡോക്സ് വിശ്വാസ പ്രകാരം നടപ്പാക്കേണ്ടി വരും എന്ന പ്രതിസന്ധിയെ മറികടക്കാനുള്ള ആലോചനകളിലാണ് സഭാ നേതൃത്വം. തങ്ങളെ അംഗീകരിക്കുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പള്ളികളില്‍ വരികയോ പ്രാര്‍ഥനയില്‍ പങ്കു ചേരുകയോ ചെയ്യാം എന്നാണ് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍മാരുടെ നിലപാട്.


Next Story

Related Stories