TopTop
Begin typing your search above and press return to search.

സ്വപ്ന വഞ്ചിച്ചു, സ്വർണക്കടത്ത് പ്രതിയെന്നറിഞ്ഞപ്പോൾ ഞെട്ടി; മുഖ്യമന്ത്രി അബുദാബിയിലും ഞാൻ ദുബായിലുമായിരുന്നു - ശിവശങ്കർ എൻഫോഴ്സ്മെന്റിനോട് പറഞ്ഞത്

സ്വപ്ന വഞ്ചിച്ചു, സ്വർണക്കടത്ത് പ്രതിയെന്നറിഞ്ഞപ്പോൾ ഞെട്ടി; മുഖ്യമന്ത്രി അബുദാബിയിലും ഞാൻ ദുബായിലുമായിരുന്നു - ശിവശങ്കർ എൻഫോഴ്സ്മെന്റിനോട് പറഞ്ഞത്

റെഡ് ക്രസന്റുമായും യുഎഇ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായും 2018ലെ യുഎഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കേരള സര്‍ക്കാരിന് വേണ്ടിയാണ് യുഎഇ കോണ്‍സുലേറ്റുമായി ആദ്യം മുതല്‍ ആശയവിനിമയം നടത്തിയത്. യുഎഇ കോണ്‍സുലേറ്റിന്റെ ആവശ്യപ്രകാരമാണ് കൂടിക്കാഴ്ചകള്‍ നടത്തിയത്. യോഗങ്ങളുടെ മിനുട്‌സ് കോണ്‍സുലേറ്റ് തയ്യാറാക്കിയിരുന്നില്ല. യോഗ വിവരങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. ഭവനനിര്‍മ്മാണത്തിനായി റെഡ് ക്രസന്റ് ഫണ്ട് നല്‍കുമെന്ന നിര്‍ദ്ദേശത്തെ മുഖ്യമന്ത്രി അനുകൂലിച്ചു. യുഎഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായോ റെഡ് ക്രസന്റുമായോ നടത്തിയ ചര്‍ച്ചകളുടെ രേഖകളൊന്നും തന്റെ അറിവില്‍ ഇല്ലെന്ന് ശിവശങ്കര്‍ പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിലാണ് ശിവശങ്കര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കോണ്‍സുലേറ്റ് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുന്നത്, സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ഓഫീസ് വഴിയാണ്. എന്നാല്‍ യുഎഇയുമായുള്ള ബന്ധം കേരളത്തിന് പ്രധാനമായതിനാല്‍ കോണ്‍സുലാര്‍ ജനറലിന് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. കോണ്‍സുലാര്‍ ജനറല്‍ ആവശ്യപ്പെട്ടപ്പോളൊക്കെയും സെക്രട്ടറി തല ഉദ്യോഗസ്ഥര്‍ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ശിവശങ്കര്‍ പറയുന്നു. കോണ്‍സുലാര്‍ ജനറല്‍ അല്ലാതെ മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിട്ടില്ല. ഈ ചര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്ന് കരുതുന്നില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.

സ്വപ്‌ന സുരേഷിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലിനെ പരിചയപ്പെടുത്തിയത് താനാണെന്ന് ശിവശങ്കര്‍ സമ്മതിച്ചു. ടാക്‌സ് കണ്‍സള്‍ട്ടന്റ് എന്ന നിലയിലാണ് വേണുഗോപാലിന്റെ സഹായം തേടിയത്. യുഎഇ കോണ്‍സുലേറ്റിന്റെ സാമ്പത്തികകാര്യങ്ങള്‍ നോക്കിയിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ സ്വപ്‌നയ്ക്ക് പണം നല്‍കിയിരുന്നു. 20 ലക്ഷത്തോളം രൂപ എന്നാണ് സ്വപ്‌ന പറഞ്ഞത്. സ്വപ്‌നയ്ക്ക് ഇത്തരത്തില്‍ ടിപ്പുകള്‍ വിദേശ ഭരണാധികാരികളില്‍ നിന്നും പ്രതിനിധികളില്‍ നിന്നും മറ്റും ലഭിക്കാറുണ്ട്. ഷാര്‍ജ ഭരണാധികാരിയും കുടുംബവും ഇന്ത്യയില്‍ വന്നപ്പോള്‍ സ്വപ്‌ന അവരെ അനുഗമിച്ചിരുന്നു. ടിപ്പായി 15,000 യുഎസ് ഡോളര്‍ കിട്ടി എന്നാണ് സ്വപ്‌ന പറഞ്ഞത്. മക്കളുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി ഇടാനാണ് ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് പറഞ്ഞത്. അതേസമയം സ്വപ്നയ്ക്ക് ബാങ്ക് അക്കൗണ്ട് തുറന്നുനൽകാൻ ഞാൻ വേണുഗോപാലിനോട് ആവശ്യപ്പെട്ടിട്ടില്ല. ബാങ്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ച കാര്യം വേണുഗോപാൽ എന്നോട് പറഞ്ഞിരുന്നു.

2019ഓടെ സ്വപ്‌നയും കുടുംബവുമായുള്ള ആശയവിനിമയം കുറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളിലൊരാളാണ് അവരെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അവർക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് അടക്കമുള്ള കാര്യങ്ങളിൽ അവർ എന്നെ വഞ്ചിക്കുകയായിരുന്നു. 2017ലാണ് സ്വപ്നയെ പരിചയപ്പെടുന്നത്. രണ്ട് വർഷം അവരുമായി നിരന്തര സമ്പർക്കമുണ്ടായിരുന്നു. ആദ്യം മാസത്തിലൊരിക്കൽ എന്ന നിലയിലും പിന്നീട് ആഴ്ചയിലൊരിക്കലുമെന്ന നിലയിലും അവരുടെ വീട്ടിൽ ഡിന്നർ കഴിക്കാൻ പോകുമായിരുന്നു.

റെഡ് ക്രസന്റ് പ്രതിനിധി ലൈഫ് മിഷന്‍ സിഇഒയുമായി സംസാരിച്ചോ എന്നറിയില്ല. റെഡ് ക്രസന്റ് പ്രതിനിധി കേരളത്തില്‍ വന്ന് ഒരു യോഗം മാത്രമാണ് നടന്നത്. 2016 മുതല്‍ മൂന്നോ നാലോ തവണ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ പോയിട്ടുണ്ട്. ഞാനിപ്പോൾ സസ്പെൻഷനിലാണ്. 2020 ജൂലായ് 7 മുതലാണ് സസ്പെൻഷനിലുള്ളത്. എന്നാൽ ചാർജ്ജ് മെമ്മോ കിട്ടിയിട്ടില്ല. എന്താണ് എനിക്കെതിരായ പരാതി എന്നറിയില്ല. ജൂലായ് 8 മുതൽ ലീവിന് അപേക്ഷിച്ചിരുന്നു - ശിവശങ്കർ പറയുന്നു.

2018 ഒക്ടോബര്‍ 13 മുതല്‍ ഒക്ടോബര്‍ 21 വരെ യുഎഇ സന്ദര്‍ശിച്ചു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐടി ഇവന്റ് ആയ ജിടെക്‌സില്‍ പങ്കെടുക്കാനാണ് ദുബായില്‍ പോയത്. ഒക്ടോബര്‍ 11ന് സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിരുന്നു. 2019ല്‍ വിദേശയാത്ര നടത്തിയിട്ടില്ല. 2020 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 2 വരെ വീണ്ടും യുഎഇയില്‍ പോയി. ദുബായില്‍ ഞാന്‍ പഠിച്ച എഞ്ചിനിയറിംഗ് കോളേജിന്റെ അലുമിനി ഗ്രൂപ്പ് സംഘടിപ്പിച്ച ടെക്‌നിക്കല്‍ സിംപോസിയത്തില്‍ പങ്കെടുക്കാനാണിത്. ഏതാണ്ട് ഈ സമയത്ത് മുഖ്യമന്ത്രിയും യുഎഇ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അദ്ദേഹം കൂടുതല്‍ സമയം അബുദാബിയിലും ഞാന്‍ ദുബായിലുമായിരുന്നു. ഈ സമയത്ത് യുഎഇയില്‍ വച്ച് മുഖ്യമന്ത്രിയേയോ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരേയോ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല - എം ശിവശങ്കർ എൻഫോഴ്സ്മെന്റിനോട് പറഞ്ഞു.


Next Story

Related Stories