TopTop
Begin typing your search above and press return to search.

"ആറു കിലോമീറ്റര്‍ ദൂരമുള്ള പഞ്ചായത്തിലെത്താന്‍ അറുപത് കിലോമീറ്റര്‍ യാത്ര ചെയ്യേണ്ട ഗതികേട് ഈ കേരളത്തില്‍ വേറെ ആര്‍ക്കെങ്കിലുമുണ്ടോ?"

ആറു കിലോമീറ്റര്‍ ദൂരമുള്ള പഞ്ചായത്തിലെത്താന്‍ അറുപത് കിലോമീറ്റര്‍ യാത്ര ചെയ്യേണ്ട ഗതികേട് ഈ കേരളത്തില്‍ വേറെ ആര്‍ക്കെങ്കിലുമുണ്ടോ?

'ആറു കിലോമീറ്റര്‍ ദൂരമുള്ള പഞ്ചായത്തിലെത്താന്‍ അറുപത് കിലോമീറ്റര്‍ യാത്ര ചെയ്യേണ്ട ഗതികേട് ഈ കേരളത്തില്‍ വേറെ ആര്‍ക്കെങ്കിലുമുണ്ടോ? പക്ഷേ, ഞങ്ങള്‍ കാലങ്ങളായി ഈ കഷ്ടപ്പാട് അനുഭവിക്കുകയാണ്. അപ്പൂപ്പന്മാരുടെ കാലം തൊട്ട് പരാതികളും അപേക്ഷകളുമായി ഉദ്യോഗസ്ഥരെ കാണുകയും ഓഫിസുകളില്‍ കയറിയിറങ്ങുകയും ചെയ്യുകയാണ്. ഇക്കാലമത്രയായിട്ടും ഒരാള്‍ക്കും ഞങ്ങളുടെ ഗതികേട് മനസിലാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഞങ്ങളിത് ചെയ്തത്, വേറെ വഴിയില്ലാത്തതുകൊണ്ടാണ്... ഇനിയിതില്‍ നിന്നും പിന്മാറില്ല, കേസ് എടുത്താലും, ജയിലിലിട്ടാലും പ്രശ്‌നമില്ല...' തേക്കടി അല്ലിമൂപ്പന്‍ ആദിവാസി കോളനിയിലെ മണികണ്ഠന്‍ ഉറച്ച ശബ്ദത്തിലാണ് പറയുന്നത്.

അറുന്നൂറിലേറെ ആദിവാസികള്‍ വര്‍ഷങ്ങളായി നേരിടുന്ന ഒരു പ്രശ്‌നത്തെക്കുറിച്ചാണ് മണികണ്ഠന്‍ സംസാരിച്ചത്. പാലക്കാട് മുതലമട പഞ്ചായത്തില്‍ പറമ്പിക്കുളം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തേക്കടി അല്ലിമൂപ്പന്‍, മുപ്പതേക്കര്‍, ഒറവമ്പാടി എന്നീ മൂന്ന് ആദിവാസി കോളനികളിലായി 197 കുടുംബംഗങ്ങളലായി 634 പേര്‍ താമസിക്കുന്നുണ്ട്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഇവര്‍ കാലങ്ങളായി നേരിടുന്ന പ്രശ്‌നമാണ് പുറം ലോകത്തേക്ക് എത്താന്‍ റോഡ് സൗകര്യമില്ലെന്നത്. മുതലമട പഞ്ചായത്ത് ഓഫിസിലോ,പാലക്കാട് ജനറല്‍ ആശുപത്രിയില്‍ എത്തണമെങ്കിലോ ഇവര്‍ക്ക് തമിഴ്‌നാട് വഴി അമ്പതും അറുപതും കിലോമീറ്ററുകള്‍ താണ്ടി പോകേണ്ടി വരികയാണ്. തേക്കടിയില്‍ നിന്നും വണ്ടിയില്‍ കാട്ടിലൂടെ യാത്ര ചെയ്ത് തമിഴ്‌നാട് ചെക് പോസ്റ്റ് ആയ സേത്തുമടയില്‍ എത്തി അവിടെ നിന്നും വേണം മുതലമടയിലേക്കെത്താന്‍. ഒന്നോ രണ്ടോ മണിക്കൂറില്‍ സാധിച്ചുകിട്ടേണ്ട ഒരു കാര്യത്തിനു വേണ്ടി രണ്ടു ദിവസം വരെ വേണ്ടി വരികയാണിവര്‍ക്ക്. പഞ്ചായത്തിലെത്താന്‍ മാത്രമല്ല, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി അത്യാവശ്യ കാര്യങ്ങള്‍ക്കെല്ലാം ഈ ആദിവാസി ജനങ്ങള്‍ക്ക് തമിഴ്‌നാടിനെ ആശ്രയിക്കേണ്ടി വരികയാണ് കാലങ്ങളായി. ഈ യാത്ര അവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഒന്നാമതായി വാടകയ്ക്ക് വണ്ടി വിളിച്ചുവേണം പോകാന്‍, കുറഞ്ഞത് ആയിരം രൂപയെങ്കിലും വണ്ടിക്കൂലി കൊടുക്കണം. ചെക് പോസ്റ്റില്‍ വേറെ കാശ് കൊടുക്കണം. രാവിലെ ഏഴര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് ചെക് പോസ്റ്റ് തുറക്കുന്നത്. തിരിച്ചു വരുമ്പോള്‍ താമസിച്ചാല്‍ കടത്തി വിടില്ല. തമിഴ്‌നാട്ടില്‍ തങ്ങണം. ഇതൊന്നും കൂടാതെ തമിഴ്‌നാട്ട് ഉദ്യോഗസ്ഥരുടെ ശകാരവും പരിഹാസവും ഓരോ യാത്രകളിലും കേള്‍ക്കണം.

തങ്ങളുടെ ദുരിതാവസ്ഥ മാറ്റാന്‍ ആരും സഹായിക്കാന്‍ ഇല്ലെന്നു മനസിലാക്കിയതോടെയാണ് തേക്കടി അല്ലിമൂപ്പന്‍, ഒറമ്പാടി, മുപ്പതേക്കര്‍ കോളനിക്കാര്‍ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ എല്ലാ പ്രതിസന്ധികളെയും വെല്ലുവിളിച്ച് രംഗത്തിറങ്ങിയത്, ആണും പെണ്ണും കുട്ടികളും വൃദ്ധരുമെല്ലാമടക്കം മൂന്നുറിലധികം ആദിവാസികള്‍. കൈയില്‍ കിട്ടിയ പണിയായുധങ്ങളെല്ലാമെടുത്ത് അവര്‍ വഴി വെട്ടാന്‍ തുടങ്ങി. വെള്ളക്കല്‍ത്തട്ട്- ചെമ്മണാംപതി അടിവാരത്ത് നിന്നും തേക്കടിയിലേക്ക് ഒരു റോഡ് ആണ് ഇവരുടെ ലക്ഷ്യം. ഈ വഴി യാഥാര്‍ത്ഥ്യമായാല്‍ തേക്കടിയില്‍ നിന്നും ചെമ്മണാംപതിയിലേക്ക് ഒമ്പത് കിലോമീറ്റര്‍ കൊണ്ടെത്താം. അവിടെ നിന്നും മുതലമടയിലേക്കും പാലക്കാട്ടേക്കുമെല്ലാം റോഡുകളുണ്ട്. തമിഴ്‌നാടിനെ ആശ്രയിക്കേണ്ട ഗതികേട് അതോടെ അവസാനിക്കും. ദിവസങ്ങളെടുക്കുന്ന യാത്രകള്‍ അവര്‍ക്ക് കേവലം മണിക്കൂറുകള്‍കൊണ്ട് അവസാനിപ്പിക്കാം.

പക്ഷേ, ആദിവസികള്‍ റോഡ് വെട്ട് ആരംഭിച്ചതോടെ വനംവകുപ്പ് തടസവുമായി എത്തി. വനമേഖലയില്‍ അനുവാദമില്ലാതെ റോഡ് വെട്ടുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞു റോഡ് വെട്ട് തടയാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. ഇങ്ങനെയൊരു പാത ഉണ്ടാക്കിയാല്‍ അത് വനംകൊള്ളക്കാര്‍ക്ക് ഉള്‍പ്പെടെ മുതലാക്കുമെന്നാണ് പറമ്പിക്കുളം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആദിവാസികളുടെ ആവശ്യം ന്യായമാണെങ്കിലും നിയമപ്രകാരം ഇത് അനുവദിച്ചുകൊടുക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പക്ഷ, തടയാനുള്ള അവരുടെ ശ്രമം ആദിവാസികളുടെ മുന്നില്‍ വിജയിച്ചിട്ടില്ല. എന്തു വന്നാലും വഴി വെട്ടല്‍ നിര്‍ത്തില്ലെന്ന വാശിയിലാണവര്‍. ഇതേ തുടര്‍ന്ന് മൂന്നുറിലേറെ പേര്‍ക്കെതിരേ കേസ് എടുത്തു. എന്നിട്ടും അവര്‍ പിന്മാറിയില്ല. വഴി വെട്ടല്‍ തുടര്‍ന്നു. വിഷയം മാധ്യമശ്രദ്ധ നേടിയതോടെ പാലക്കാട് ജില്ല കളക്ടര്‍ ഇന്ന്(തിങ്കളാഴ്ച്ച) ഊരിലെ ജനങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ച കഴിയുംവരെ റോഡ് വെട്ടല്‍ നിര്‍ത്തിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഊരു നിവാസികളോട് ആവശ്യപ്പെട്ടെങ്കിലും അതിവര്‍ വഴങ്ങിയിട്ടില്ല. ഒരിക്കല്‍ നിര്‍ത്തിവച്ചാല്‍ പിന്നെയിത് തുടരാന്‍ കഴിയില്ലെന്നാണ് ആദിവാസികള്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ അനുവദിക്കില്ലെന്ന കാര്യം വര്‍ഷങ്ങളായുള്ള അനുഭവംകൊണ്ട് അറിയാമെന്നും ഊരിലുള്ളവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. കളക്ടറുമായുള്ള ചര്‍ച്ചയില്‍ എന്തു തീരുമാനം ഉണ്ടായാലും റോഡ് വെട്ടുന്നതില്‍ നിന്നും പിന്മാറില്ലെന്നു തന്നെയാണ് ഈ മനുഷ്യര്‍ പറയുന്നത്. പലതരത്തില്‍ പ്രകോപനം ഉണ്ടാക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടെന്നാണു മണികണ്ഠന്‍ പറയുന്നത്. പണി നടക്കുന്നതിനിടയില്‍ വന്ന് അവര്‍ തടസപ്പെടുത്താന്‍ നോക്കും, ഞങ്ങളോട് പ്രകോപനപരമായി സംസാരിക്കും. പ്രശ്‌നം ഉണ്ടാക്കാനാണ് അവരുടെ ഉദ്ദേശ്യം. എന്നിട്ട് അതിന്റെ പേരില്‍ ഞങ്ങളെ തടയണം. ശനിയാഴ്ച്ച ഇതുപോലെ, ഉദ്യോഗസ്ഥര്‍ വന്ന് പണി തടസപ്പെടുത്താന്‍ നോക്കിയപ്പോള്‍ സ്ത്രീകളെല്ലാം ചേര്‍ന്ന് അവരുടെ കാലില്‍ വീണ് അപേക്ഷിക്കുകയായിരുന്നു. ഒരു പ്രശ്‌നത്തിനും ഞങ്ങളായിട്ട് പോകില്ല, ഇത് ഞങ്ങളുടെ ജീവിത പ്രശ്‌നമാണ്...വേറെ വഴി ഞങ്ങള്‍ക്കില്ല' മണികണ്ഠന്‍ പറയുന്നു.

തന്റെ തലമുറയില്‍പ്പെട്ടവര്‍ ജനിക്കും മുന്നേ റോഡ് എന്ന ആവശ്യവുമായി കോളനിക്കാര്‍ സമരങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് പാലക്കാട് ട്രൈബല്‍ ഹോസ്റ്റലില്‍ താത്കാലിക ജീവനക്കാരനായ മണികണ്ഠന്‍ പറയുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് എംപി, എംഎല്‍എ, കളക്ടര്‍ എന്നിവരെല്ലാം ഉള്‍പ്പെടെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് ഊരുകാര്‍ക്ക് ഉറപ്പ് നല്‍കുകയും ഊരുകളില്‍ വന്ന് സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് മണികണ്ഠന്‍ പറയുന്നു. പക്ഷേ, അന്ന് മടങ്ങിയവര്‍ പിന്നീട് ഈ നിമിഷം വരെ ഊരുകളിലേക്ക് തിരിഞ്ഞുനോക്കിയിട്ടുപോലുമില്ലെന്നാണ് ഈ ചെറുപ്പക്കാരന്‍ പറയുന്നത്. അധികാരികളുടെ വാക്ക് കേട്ടിരുന്നാല്‍ ഒരുകാലത്തും റോഡ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകില്ലെന്നറിഞ്ഞു തന്നെയാണ് കോളനിക്കാര്‍ ്‌സ്വമേധയ വഴി വെട്ടാന്‍ ഇറങ്ങിപ്പുറപ്പെട്ടതെന്നും മണികണ്ഠന്‍ പറയുന്നു.

'ഇപ്പോള്‍ ഞങ്ങള്‍ വെട്ടുന്ന വഴി ശരിയായാല്‍ വെറും ആറു മണിക്കൂര്‍ കൊണ്ട് പഞ്ചായത്ത് ഓഫിസില്‍ പോകാം. ഇപ്പോള്‍ ഞങ്ങള്‍ തമിഴ്‌നാട് വഴി പോയി അവിടെ ചെന്നാല്‍ ഒരു കടലാസ് കൊടുക്കാനുള്ള സമയം മാത്രമാണ് കിട്ടുന്നത്. വേറൊരു ഓഫിസില്‍ പോകാനോ, ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വരുന്നതും കാത്തിരിക്കാനോ ഒന്നും കഴിയില്ല. അഞ്ചരയ്ക്ക് മുമ്പ് ചെക് പോസ്റ്റില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അന്നത്തെ ദിവസെ വീട്ടില്‍ വരാന്‍ കഴിയില്ല. ബസ് സൗകര്യം ഞങ്ങള്‍ക്കില്ല. കോളനികളില്‍ ആകെയുള്ളത് രണ്ടോ മൂന്നോ സ്വകാര്യ വാഹനങ്ങളാണ്. പാലക്കാടിനോ, മുതലമുടയ്‌ക്കോ പോകണമെങ്കില്‍ വാടകയ്ക്ക് വണ്ടി വിളിക്കണം. ചെക്ക് പോസ്റ്റില്‍ പെര്‍മിറ്റ് എടുക്കാന്‍ വേറെ കാശ് കൊടുക്കണം. വണ്ടിക്കൂലി തന്നെ ആയിരത്തിനും രണ്ടായിരത്തിനും ഇടയ്ക്കാകും. ഇതൊക്കെ കാലങ്ങളായി ഞങ്ങള്‍ നേരിടുന്ന പ്രശ്‌നമാണ്' മണികണ്ഠന്‍ തുടരുന്നു.

തേക്കടി കോളനിയില്‍ ആകെയുള്ളത് ഒരു പ്രൈമറി സ്‌കൂള്‍ മാത്രമാണ്. തുടര്‍ വിദ്യാഭ്യാസത്തിന് പാലക്കാട്ടേക്കു പോകണം. പഠിക്കുന്ന കുട്ടികളെല്ലാവരും തന്നെ ഹോസ്റ്റലില്‍ താമസിക്കുകയാണ്. വീട്ടിലേക്ക് വരികയെന്നത് അവരെ സംബന്ധിച്ച് വെല്ലുവിളിയാണ്. മാസത്തിലൊരിക്കലാണ് കുട്ടികള്‍ ഊരുകളിലേക്ക് വരുന്നത്. യാത്രാ ബുദ്ധിമുട്ടും സാമ്പത്തിക ചിലവുമാണ് ഇവരുടെ വെല്ലുവിളി. അതുപോലെ തന്നെയാണ് ആശുപത്രിയില്‍ എത്തുന്നതിന് ഇവര്‍ നേരിടുന്ന ബുദ്ധിമുട്ടും. പാലക്കാട് ജില്ല ആശുപത്രിയെ ആണ് പ്രധാനമായും ആശ്രയിക്കുന്നത്. നിലവിലെ അവസ്ഥയില്‍ അറുതിലേറെ കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടെയെത്താന്‍. അതിനും തമിഴ്‌നാട്ടിലൂടെയുള്ള യാത്രയാണ് ഏകമാര്‍ഗം. അത്യാവശ്യഘട്ടങ്ങളില്‍ പാലക്കാട് ജില്ല ആശുപത്രിയിലെത്തുന്നത് ജീവന്‍ കൈയില്‍ പിടിച്ചാണെന്നാണ് മണികണ്ഠന്‍ പറയുന്നത്. അതല്ലെങ്കില്‍ തമിഴാട്ടിലെ ആശുപത്രികളില്‍ പോകണം. ഇതിലും വലിയ ബുദ്ധിമുട്ടാണ് അവിടെ നേരിടുന്നത്. വഴിയില്ലാത്തതുകൊണ്ട് ആശുപത്രിയിലെത്താന്‍ പോലും കഴിയാതെ കഷ്ടപ്പെടുന്നവരാണ് തങ്ങള്‍ എന്നാണ് മണികണ്ഠന്‍ വേദനയോടെ പറയുന്നത്.

ഇതുവരെ വൈദ്യുതി എത്താത്ത പ്രദേശം കൂടിയാണ് തേക്കടി അല്ലമൂപ്പന്‍ കോളനി. സോളാര്‍ പാനലുകള്‍ കോളനിയില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മഴക്കാലം വരുന്നതോടെ തങ്ങള്‍ പൂര്‍ണമായി ഇരുട്ടിലാകുമെന്നാണ് കോളനിവാസികള്‍ പറയുന്നത്. ആന ശല്യം ഏറെയുള്ള പ്രദേശം കൂടിയാണിവിടം. ജീവിതത്തിന് യാതൊരു സുരക്ഷിതത്വമില്ലാതെയാണ് തങ്ങള്‍ ജീവിക്കുന്നതെന്നും ഊരുവാസികള്‍ പറയുന്നത്. അത്യാവശ്യം എന്തെങ്കിലും ഉണ്ടായാല്‍ പുറംലോകത്തെ അറിയിക്കാന്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നാണ് മണികണ്ഠന്‍ പറയുന്നത്. കോളനിയില്‍ നിന്നും രണ്ടര കിലോമീറ്ററെങ്കിലും പുറത്തേക്ക് വന്നാല്‍ മാത്രമാണ് മൊബൈല്‍ റേഞ്ച് കിട്ടുന്നത്. ഇത്രയും ദുരിതത്തില്‍ കഴിയുന്ന തങ്ങള്‍ക്ക് വെറും ഒമ്പത് കിലോമീറ്റര്‍ ദൂരത്തില്‍ ഒരു റോഡ് എങ്കിലും ഉണ്ടാക്കി കിട്ടിയാല്‍ അത്രയും ഉപകാരമെന്നും ഈ ചെറുപ്പക്കാരന്‍ പറയുന്നു.

ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയൊന്നും ഈ ആദിവാസി ജനങ്ങള്‍ക്കില്ല. എങ്ങനെയെങ്കിലും റോഡ് നിര്‍മാണം നിര്‍ത്തിവയ്പ്പിക്കുകയായിരിക്കും ചര്‍ച്ചയുടെ ലക്ഷ്യമെന്നും പക്ഷേ, തങ്ങള്‍ അതിന് സമ്മതിക്കില്ലെന്നുമാണ് മണികണ്ഠന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പിച്ചു പറയുന്നത്. ഞങ്ങള്‍ക്ക് മുന്നില്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നാണ് റോഡ് വെട്ടുന്നത് തുടര്‍ന്നുകൊണ്ട് അവര്‍ വ്യക്തമാക്കുന്നത്.


Next Story

Related Stories