TopTop
Begin typing your search above and press return to search.

ജോസ് കെ. മാണി വിഭാഗത്തിന്റെ പുറത്താക്കല്‍ അടഞ്ഞ അധ്യായമല്ലെന്ന് പറയാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്ത്?

ജോസ് കെ. മാണി വിഭാഗത്തിന്റെ പുറത്താക്കല്‍ അടഞ്ഞ അധ്യായമല്ലെന്ന് പറയാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്ത്?

കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയത് അടഞ്ഞ അധ്യായമല്ലെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിക്കുന്നതെന്താണ്? കോട്ടയം ജില്ല പഞ്ചായത്തിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ മറ്റു പ്രശ്‌നങ്ങളില്ലെന്ന് പറയാന്‍ രമേശ് ചെന്നിത്തലയെ പ്രേരിപ്പിക്കുന്നതും എന്താവും? യുഡിഎഫ് നേതാക്കളുടെ അനുമതിയോടെ എടുത്ത കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെതിരായ നടപടിയുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് വാതില്‍ അടഞ്ഞിട്ടില്ലെന്ന നിലപാടുമായി ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പോലുള്ള നേതാക്കള്‍ രംഗത്ത് എത്തിയിട്ടുള്ളത്.

ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കാന്‍ ജോസ് കെ. മാണിയെ ചുമതലപ്പെടുത്തിയ ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന്റെ പൊതു നില വാതിലുകള്‍ക്കപ്പുറത്തേക്ക് കാഴ്ച നീട്ടുന്നുവെന്നതു തന്നെ. ബിജെപി ക്യാമ്പിലേക്ക് പോകുന്നത് അണികളുടെ വലിയ തോതിലുള്ള അസംതൃപ്തിക്ക് ഇടയാക്കുമെന്നതിനാല്‍ ഇടതു മുന്നണിയെന്നതാണ് ജോസ് വിഭാഗത്തിനു മുന്നിലുള്ള വഴി. ആ വഴി തുറക്കണമെങ്കില്‍ കുറച്ചു നാളുകളെങ്കിലും കാത്തിരിക്കണമെന്ന തിരിച്ചറിവും ആ ക്യാമ്പിലുണ്ട്. അതുകൊണ്ടു തന്നെയാണ് തല്‍ക്കാലം ഒരു ചേരിയിലും ചേരാതെ, സ്വതന്ത്രമായി നിന്ന് ക്ഷമാപൂര്‍വമുള്ള കാത്തിരിപ്പിന് അവര്‍ തയാറാകുന്നതും. കേരള കോണ്‍ഗ്രസുകളിലെ പ്രതിസന്ധികാലങ്ങളിലെല്ലാം ഇടപെട്ടിട്ടുള്ള സഭ പക്ഷെ ഈ തമ്മിലടി രാഷ്ട്രീയത്തില്‍ ഇക്കാലത്ത് ഇടപെടാനുള്ള സാധ്യത തുലോം കുറവാണ്.

ഐക്യമുന്നണിയുടെ കൂടാരത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് വിഭാഗം പുറത്താക്കപ്പെട്ടതോടെ കേരള രാഷ്ട്രീയത്തില്‍ സംജാതമായ സങ്കീര്‍ണ സാഹചര്യം കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക ഐക്യ മുന്നണിയ്ക്കും കോണ്‍ഗ്രസിനും തന്നെയാകും എന്ന തിരിച്ചറിവാണോ കേരള കോണ്‍ഗ്രസിനെ പുറത്താക്കി തൊട്ടടുത്ത ദിവസം തന്നെ വാതിലടഞ്ഞിട്ടില്ലെന്ന നിലപാട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒക്കെ പരസ്യമായി എടുക്കാന്‍ പ്രേരിപ്പിക്കുന്നത്? കൂടുതല്‍ പ്രാദേശിക നേതാക്കളും മറ്റും ജോസ് കൂടാരം വിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയും ഇത്തരം ഒരു സമീപനത്തിലേക്ക് കാലെടുത്തുവെയ്ക്കാന്‍ ഇവരെ പ്രരിപ്പിക്കുന്നത് എന്താവും? ധാരാളം ആളുകള്‍, പ്രാധാന്യമുള്ള ആളുകളൊക്കെ ജോസിനെ തള്ളി തന്റെ കൂടാരത്തിലേക്ക് എത്തുകയാണെന്ന് പി.ജെ. ജോസഫ് ആവര്‍ത്തിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മധ്യ തിരുവിതാകൂറിലെ, വിശേഷിച്ചും കോട്ടയം പോലുള്ള സ്ഥലങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ ദിവസം കൈക്കൊണ്ട തീരുമാനം. കേരള കോണ്‍ഗ്രസിനു പിന്നാലെ നടന്നു ചെരുപ്പ് തേഞ്ഞവരാണ് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഇടത്തട്ട് കോണ്‍ഗ്രസ് നേതാക്കള്‍. പഞ്ചായത്തുകള്‍ മുതല്‍ നിയമസഭ വരെയുള്ള തങ്ങളുടെ സ്ഥാന മോഹങ്ങള്‍ക്കു മേലെ എക്കാലവും കരിപുരട്ടിയത് കേരള കോണ്‍ഗ്രസുകളാണെന്നും അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. പെട്ടെന്നൊരു ദിവസം പ്രബലരായ ജോസ് വിഭാഗം യുഡിഎഫ് രാഷ്ട്രീയത്തില്‍ നിന്നും പുറത്താകുന്നത് ഇത്തരം കോണ്‍ഗ്രസ് നേതാക്കളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. നിയമസഭയിലും തദ്ദേശ സ്ഥാപനങ്ങളിലും ഒട്ടേറെ സീറ്റുകള്‍ ഇതോടെ തങ്ങളുടെ കൈപ്പിടിയില്‍ എത്തുമെന്നവര്‍ കണക്ക് കൂട്ടുന്നു. ജയിക്കുമോ തോല്‍ക്കുമോ എന്നതൊക്കെ വേറെ കാര്യം. കാലങ്ങളായി മധ്യകേരളത്തില്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും ഇടയില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്.

എന്നാല്‍ ഇതല്ല ഒന്നാം നിര നേതാക്കളുടെ കാര്യം. അവര്‍ക്ക് വ്യാകുലപ്പെടാന്‍ മറ്റേറെ കാര്യങ്ങളുണ്ട്. കേരളത്തിലെ വോട്ട് പങ്കിന്റെ ആറു ശതമാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാക്കള്‍ പറയുന്നത്. ജോസും ജോസഫും എന്ന തരത്തില്‍ അത് പകുക്കപ്പെടുമ്പോഴും അതിലെ വലിയ പങ്ക് ജോസ് വിഭാഗത്തിനൊപ്പമാണെന്ന് കരുതുന്നതില്‍ തെറ്റുണ്ടാകില്ല. അതായത് മൂന്നിനും നാലിനും ഇടയില്‍ ശതമാനം. കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായകമാകുന്നത് ഒരു ചെറു ശതമാനം ചാഞ്ചാട്ട വോട്ടുകളാണ്. കയ്യാലപ്പുറത്തെ തേങ്ങ പോലെ ഇരിക്കുന്ന നിശ്ചിത ശതമാനം വോട്ടുകള്‍. സംസ്ഥാനത്തെ അധികാരം തീരുമാനിക്കുന്ന കാര്യത്തില്‍ ഇത് അത്യന്തം നിര്‍ണായകമാകും. കാലാകാലങ്ങളില്‍ കേരളത്തിലെ അധികാരം തീരുമാനിക്കുന്നതിലെ വോട്ട് ക്രമം സൂക്ഷമമായി പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും. കോണ്‍ഗ്രസിലെ തന്ത്രജ്ഞര്‍ക്ക് ഇത് നന്നായി അറിയാം. സിപിഎം കരുതലോടെ നടത്തുന്ന നീക്കങ്ങളെ കുറിച്ചും അവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്.

ഇത്തരം സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ മറുതന്ത്രം ജോസ് വിഭാഗത്തെ കൂടുതല്‍ ദുര്‍ബലമാക്കുക എന്നതാണ്. പിജെ. ജോസഫിന് ജോസ് വിഭാഗത്തെ നെടുകേയും കുറുകെയും പിളര്‍ത്തി ഛിന്നഭിന്നമാക്കാന്‍ സാധിച്ചാല്‍ ജോസ് വിഭാഗത്തിന്റെ പുറത്താക്കല്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി ലഘുവാക്കാന്‍ ആവും. പക്ഷെ, കുറെ പ്രാദേശിക നേതാക്കളേയും മറ്റും മറുകണ്ടും ചാടിക്കുന്നതിനിടേയും കേരള കോണ്‍ഗ്രസിലെ യുവാക്കളെ ആകര്‍ഷിക്കാന്‍ ജോസഫിന് എത്രമാത്രം സാധിക്കുമെന്ന കാര്യം കാത്തിരുന്ന തന്നെ കാണണം. ജോസഫിനും ജോസിനും ഇടയിലെ സ്‌കോര്‍ സെറ്റ് ചെയ്യുന്നതിനിടെ മുന്നണിയുടെ അവസ്ഥ കൂടുതല്‍ ദുര്‍ബലമായി തീരുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസിലെ പ്രബലമായ ഒരു വിഭാഗത്തെ ഇരുത്തി ചിന്തിപ്പിക്കുന്നത്. ഇതാവണം കൂടുതല്‍ മൃദുവായ സമീപനത്തിലേക്ക് അവരെ എത്താന്‍ പ്രേരിപ്പിക്കുന്നതും. പക്ഷെ ജോസ് വിഭാഗം ഇത് തള്ളിയതോടെ തല്‍ക്കാലത്തേക്കെങ്കിലും ഇത്തരം സാധ്യതകള്‍ അവസാനിച്ചിരിക്കുകയാണ്. മുസ്ലിംലീഗ് മധ്യസ്ഥതയ്ക്കുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ടെന്നതൊക്കെ വാസ്തവം തന്നെ.

കണ്ണ് വെയ്ക്കുന്നത് ഇടതു മുന്നണിയില്‍

പരസ്യമായി സ്വതന്ത്രമായി നില്‍ക്കുന്നുവെന്ന് പറയുമ്പോഴും ജോസ് വിഭാഗം കണ്ണ് വെയ്ക്കുന്നതും കണക്ക് കൂട്ടുന്നതും ഇടതു മുന്നണിയെ തന്നെയാവും. കെ.എം മാണിയുള്ളപ്പോള്‍ തന്നെ പല സമയത്തും ഇത്തരം നീക്കങ്ങള്‍ നടന്നിട്ടുണ്ട്. യുഡിഎഫിലെ പുതിയ പ്രതിസന്ധികളുടെ മധ്യെ, സാധ്യതകളെ തീര്‍ത്തും തള്ളിക്കളയാത്ത സിപിഎമ്മിന്റെ തന്ത്രപരമായ സമീപനമാണ് ജോസ് വിഭാഗത്തിന് ഊര്‍ജ്ജം നല്‍കുന്നത്. സിപിഎമ്മുമായി എന്തെങ്കിലും കൂടിയാലോചനകള്‍ ഇക്കാലങ്ങളില്‍ നടന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് കേരള കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചത് ഇങ്ങനെയാണ്: "ഇത്തരം സാഹചര്യങ്ങളില്‍ ഏത് തരത്തിലാണ് ആലോചനകളും മറ്റും നടക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ. ചര്‍ച്ചകളും മറ്റും അതിന്റെ വഴിയ്ക്കു നടക്കുന്നുണ്ടാകും. അത് യാഥാര്‍ത്ഥ്യമായാല്‍ പില്‍ക്കാലത്ത് കാര്യങ്ങള്‍ പുറത്ത് വന്നേക്കും. മറിച്ചായാല്‍ സംസാരിച്ചവരും അല്ലാത്തവരും ഒക്കെ വിസ്മൃതിയിലാകും. അതാണല്ലോ അതിന്റെ രീതി. മുന്‍പും ഇത്തരത്തിലായിരുന്നു കാര്യങ്ങള്‍ നടന്നിട്ടുള്ളതൊക്കെ."

ചൊവ്വാഴ്ച ഉച്ചയ്ക്ക് കോട്ടയത്ത് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന സ്റ്റീയറിംഗ് കമ്മറ്റി യോഗത്തില്‍ സംബന്ധിച്ച നേതാക്കള്‍ക്ക് ജോസ് കെ. മാണി നല്‍കിയ ഉറപ്പ് തങ്ങള്‍ വഴിയാധാരമാകില്ലെന്നാണ്. ആസന്നമായ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ സാധ്യമാകുന്ന സ്ഥലങ്ങളിലെല്ലാം പ്രാദേശികമായ നീക്കുപോക്കുകള്‍ ഇടതു മുന്നണിയുമായി നടത്തുക, തുടര്‍ന്ന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത് കൂടുതല്‍ ശക്തമാക്കുകയും നീക്കുപോക്കുകള്‍ക്കപ്പുറത്തേക്കുള്ള നിലയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുക. ഇതാണ് ജോസ് വിഭാഗം കരുതുന്നത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ഒരു ടച്ച് സ്റ്റോണ്‍ ആകുമെന്ന കണക്കുകൂട്ടലിലാണ് ജോസ് വിഭാഗം. സിപിഐ ശക്തമായ എതിര്‍പ്പുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ ഉടനടി ഇടതു പാളയത്തിലേക്ക് എത്തുക എളുപ്പമാകില്ലെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. സിപിഐ ഉയര്‍ത്തുന്ന എതിര്‍പ്പൊക്കെ അതിജീവിക്കാന്‍ സിപിഎം ശക്തമായ നിലപാട് എടുക്കുന്നതോടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജോസ് വിഭാഗം.

വാതിലടഞ്ഞിട്ടില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകള്‍ അവരത്രയ്ക്കു കാര്യമാക്കുന്നില്ല. പുറത്താക്കിയ നിലയ്ക്ക് പുറത്തു തന്നെ. അതാണവരുടെ നിലപാട്, തല്‍ക്കാലത്തേയ്‌ക്കെങ്കിലും. പുറത്താക്കല്‍ ജോസ് വിഭാഗത്തില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്. രക്തസാക്ഷി പരിവേഷവുമായി അണികളിലേക്ക് എത്താനാവും വരും ദിവസങ്ങളില്‍ അവര്‍ ശ്രമിക്കുക. താഴെത്തലം വരെയുള്ള നേതാക്കളുടെ യോഗം വിളിച്ചുകൂട്ടുന്നത് അതിനുവേണ്ടിയാണ്. യുഡിഎഫിനെ പ്രതിസന്ധികാലങ്ങളില്‍ നയിച്ചത് ഉമ്മന്‍ചാണ്ടി-കെ.എം മാണി-പി.കെ. കുഞ്ഞാലിക്കുട്ടി എന്ന ത്രയമായിരുന്നു. എന്നാല്‍ ഇത്തരം ഒരു പരിഗണനകളും നല്‍കാതെയാണ് സമീപകാലത്ത് കോണ്‍ഗ്രസില്‍ നിന്നും നടപടികളുണ്ടാവുന്നതെന്ന് ജോസ് പക്ഷം കരുതുന്നു. ഇതൊക്കെ പറഞ്ഞ് അണികളെ വൈകാരികമായി ഇളക്കിയെടുക്കാനായിരിക്കും വരും ദിവസങ്ങളിലെ ശ്രമം.

യുഡിഎഫ് ക്യാമ്പ് വിട്ട് പോകുന്നത് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. കേരളത്തിന്റെ സമീപകാല രാഷ്ട്രീയ ചരിത്രത്തില്‍ പോക്കിനും മടക്കത്തിനും ഒക്കെ ഉദാഹരണങ്ങളുണ്ട്. പക്ഷെ ഇക്കുറി അത്തരം മടക്കമെന്നത് ജോസ് വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവസാനത്തെ ഓപ്ഷനായിരിക്കാം. അത്രമേല്‍ അവര്‍ മുറിവേറ്റവരായിട്ടാണ് കാണപ്പെടുന്നത്. സ്വമേധയാ പുറത്തുപോകുന്നതുപോലെയല്ല പുറത്താക്കല്‍. അതുണ്ടാക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് അവര്‍ക്ക് ഉത്തമബോധ്യമുണ്ട്.

മുന്നണിയ്ക്കു പുറത്തായതോടെ പലരും തങ്ങളുടെ ക്യാമ്പ് വിട്ടു പോകുന്നത് ഏതെങ്കിലും മുന്നണിയില്‍ സ്ഥാനം ഉറപ്പാക്കുന്നതോടെ പരിഹരിക്കാന്‍ സാധിക്കുന്നതാണെന്നാണ് ജോസ് വിഭാഗം കരുതുന്നത്. അക്കാര്യം സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിലും ചര്‍ച്ചയാകുകയുണ്ടായി. ഇടതു മുന്നണിയില്‍ സ്ഥാനം ഉറപ്പാക്കാന്‍ സാധിച്ചാല്‍ ജോസഫ് വിഭാഗത്തിലേക്കു പോയ പലരേയും തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ജോസ് വിഭാഗം കരുതുന്നത്. ജോസഫിന്റെ ക്യാമ്പ് വിട്ട് ഇപ്പുറം പോരലും ഉണ്ടായിട്ടുണ്ടെന്ന കാര്യവും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ജോസഫ് ക്യാമ്പ് എന്തായാലും തികഞ്ഞ സന്തോഷത്തിലാണ്. എന്നാല്‍ കോട്ടയം ജില്ല പഞ്ചായത്തില്‍ ജോസഫ് കൂട്ടരും ആഗ്രഹിക്കുന്നതുപോലെ അടിയന്തരമായി അവിശ്വാസം പ്രമേയം കൊണ്ടുവരാന്‍ സാധ്യതയില്ല. അത്തരം സൂചനയാണ് കോണ്‍ഗ്രസില്‍ നിന്നും ലഭിക്കുന്നത്. ജോസിന്റെ പുറത്താക്കല്‍ ജോസിനെ വിഷമത്തിലാക്കുന്നതുപോലെ കോണ്‍ഗ്രിനെയും വല്ലാതെ വ്യാകുലതപ്പെടുത്തുന്നുവെന്നതാണ് സത്യം. മധ്യകേരളത്തിലേയും മലയോര മേഖലയിലേയും യുഡിഎഫിന്റെ കരുത്തിന് പ്രധാന ആധാരങ്ങളിലൊന്ന് മാണി കോണ്‍ഗ്രസാണ്. ജോസ് വിഭാഗത്തിന്റെ കരുത്ത് പൊളിച്ചടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിന്റെ വില കൊടുക്കേണ്ടിവരും എന്ന ആശങ്ക പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ടുതന്നെ. അതാവണം അടച്ചവാതില്‍ തൊട്ടടുത്ത ദിവസം തന്നെ അവര്‍ തുറക്കാന്‍ ഒരുമ്പെടുന്നതും.


Next Story

Related Stories