TopTop
Begin typing your search above and press return to search.

AZHIMUKHAM PLUS | കീഴ്‌മേല്‍ മറിയുന്ന കണക്കുകള്‍, വേവലാതിയില്ലാത്ത സര്‍ക്കാരുകള്‍, സ്വര്‍ണക്കടത്ത് ഹരം പിടിപ്പിക്കുമ്പോള്‍ വാര്‍ത്തകളില്‍ ഇടമില്ലാതെ ഗള്‍ഫ് മലയാളികളുടെ ഭാവി

AZHIMUKHAM PLUS | കീഴ്‌മേല്‍ മറിയുന്ന കണക്കുകള്‍, വേവലാതിയില്ലാത്ത സര്‍ക്കാരുകള്‍, സ്വര്‍ണക്കടത്ത് ഹരം പിടിപ്പിക്കുമ്പോള്‍ വാര്‍ത്തകളില്‍ ഇടമില്ലാതെ ഗള്‍ഫ് മലയാളികളുടെ ഭാവി


(ആഗോള സമ്പദ്‌വ്യവസ്ഥ കടുത്ത മാന്ദ്യത്തിന്റേയും പ്രതിസന്ധികളുടേയും മധ്യേയാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഗ്രേറ്റ് ഡിപ്രഷനു ശേഷം ലോകം നേരിടുന്ന ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധി. കോവിഡ്-19 മഹാമാരിയായി പടരുന്നതിനു മുമ്പുതന്നെ ലോക ബാങ്കും, അന്താരാഷ്ട്ര നാണയ നിധിയുമടക്കമുള്ളവ സാമ്പത്തിക പ്രതിസന്ധിയെ പറ്റിയുള്ള വ്യാകുലതകളില്‍ പെട്ടിരുന്നു. കോവിഡിന്റെ വ്യാപനത്തോടെ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി. ആഗോളപ്രതിസന്ധിയുടെ പൊതു ദുരിതങ്ങളോടൊപ്പം നമ്മുടെ സവിശേഷമായ പ്രശ്നങ്ങള്‍ കൂടി ചേരുമ്പോള്‍ കേരളത്തിന്റെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണം. ഈ പശ്ചാത്തലത്തിലാണ് നമ്മുടെ സാമ്പത്തികമേഖലയുടെ സവിശേഷതയായ 'റെമിറ്റന്‍സ് എക്കോണമി'യുടെഭാവി എന്താവുമെന്നതടക്കമുള്ള ചോദ്യങ്ങള്‍. പ്രവാസികള്‍ മടങ്ങിവരുമെന്ന ആശങ്കകള്‍ക്കപ്പുറം ഈ വിഷയത്തെപ്പറ്റി കേരളത്തില്‍ ഗൗരവമായ ആലോചനകള്‍ നടക്കുന്നതിന്റെ സൂചനകളില്ല. ഗള്‍ഫ് മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങളും അത് പ്രവാസി സമൂഹങ്ങളില്‍ സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങളെയും ദൂരവ്യാപകമായ മാറ്റങ്ങളെയും പറ്റി ആഴത്തിലുള്ള ആലോചനകള്‍ സംഭവിക്കുന്നുമില്ല. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കെ.പി. സേതുനാഥ് ആ പ്രശ്‌നങ്ങള്‍ വിശദമായി പരിശോധിക്കുകയാണ് നാലു ഭാഗങ്ങളിലായി പൂര്‍ത്തിയാകുന്ന 'എണ്ണ വഴുക്കലില്‍ കാലിടറുന്ന കേരള മാതൃക' എന്ന ലേഖനപരമ്പരയിലൂടെ. ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)

കോവിഡിന്റെ വ്യാപനത്തോടെ പെട്രോളിയം ഇന്ധന ഉപഭോഗത്തിന്റെ ഭാവി സംബന്ധിച്ച ഈ കണക്കുകളെല്ലാം കീഴ്മേല്‍ മറിഞ്ഞുവെന്നു കഴിഞ്ഞ ഏഴു മാസങ്ങളിലെ അനുഭവങ്ങള്‍ തെളിയിക്കുന്നു. എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ പുതുക്കിയ വിലയിരുത്തലനുസരിച്ച് 2020 ലെ ആഗോള ഉപഭോഗം പ്രതിദിനം 91 ദശലക്ഷം ബാരലാവും എന്നാണ്. നേരത്തെ കണക്കാക്കിയതില്‍ നിന്നും ഒരു ദശലക്ഷം ബാരല്‍ കുറവ്. 2021 ലും ഉപഭോഗത്തിന്റെ സ്ഥിതി ഏറെയൊന്നും മെച്ചപ്പെടാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. നവംബറില്‍ ഒപെക് നടത്തുന്ന വിലയിരുത്തലില്‍ ഉപഭോഗത്തെ പറ്റി കുറച്ചുകൂടി വ്യക്തമായ ചിത്രം ലഭിക്കും. ഉപഭോഗത്തിന്റെ തോതില്‍ വന്ന ഈ മാറ്റങ്ങളുടെ ചുവടു പിടിച്ചാണ് 2020 ജൂലൈ 28 ലെ റോയിട്ടേഴ്സിന്റെ റിപ്പോര്‍ടിന്റെ തലക്കെട്ട് 'എണ്ണയുടെ അവസാനകളി? ആവശ്യക്കാരില്ലാത്ത കാലത്തെ നേരിടുന്നതിന് ഒപെക് തയാറെടുക്കുന്നു' എന്നായത്.

ഗള്‍ഫ് മേഖലയിലെ പ്രവാസി മലയാളികളുടെ ഭാവിയെ സംബന്ധിച്ച ആശങ്കകള്‍ താല്‍ക്കാലികമായ പ്രതിഭാസം മാത്രമായിരിക്കില്ലെന്ന സൂചനകളാണ് ഈ കണക്കുകളില്‍ നിന്നും വായിച്ചെടുക്കാനാവുക. കേരളത്തിലെ ഭരണകൂട സംവിധാനവും, പൊതുസമൂഹവും അങ്ങനെയൊരു തിരിച്ചറിവില്‍ എത്തിയതിന്റെ ലക്ഷണങ്ങള്‍ ഇനിയും ലഭ്യമല്ല. ഗള്‍ഫ് മേഖലയിലെ മലയാളികളായ പ്രവാസി സമൂഹത്തെ സംബന്ധിച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശുഷ്‌ക്കമായ വിവരണങ്ങളും, പ്രവാസത്തെപ്പറ്റിയുള്ള പൊതുചര്‍ച്ചകളും നല്‍കുന്ന ചിത്രം അതാണ്. ഗള്‍ഫ് മേഖലയിലെ മലയാളി പ്രവാസികളെ പറ്റിയുള്ള കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ പോലും ഭരണസംവിധാനങ്ങളുടെ പക്കല്‍ ഇപ്പോഴും ലഭ്യമല്ല.

സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ ഡോ. കെ.സി. സഖറിയാസും, ഡോ. ഇരുദയരാജനും തയാറാക്കിയ പഠനമാണ് ഗള്‍ഫ് പ്രവസികളെ പറ്റിയുളള പ്രാമാണിക രേഖ. പ്രധാനമായും ജനസംഖ്യാപരമായ കണക്കുകളുടെ ശേഖരണത്തിലും, വിശകലനത്തിലും ഊന്നിയതായിരുന്നു പ്രസ്തുത പഠനം. പ്രവാസവുമായി ബന്ധപ്പെട്ട വിശാലമായ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക വിഷയങ്ങളും, പ്രേരണകളും അവ കേരളീയ ജീവിതത്തില്‍ സൃഷ്ടിച്ച മാറ്റങ്ങളും പ്രസ്തുത പഠനത്തിന്റെ പരിഗണനയില്‍ വരുന്നതായിരുന്നില്ല.

നമ്മുടെ പൊതുബോധത്തില്‍ ഉറച്ചിട്ടില്ലാത്ത ഗള്‍ഫ് പ്രവാസത്തിന്റെ വൈവിധ്യങ്ങള്‍

കെട്ടിടനിര്‍മാണം മുതല്‍ ഭൂവിനിയോഗം വരെയുള്ള കേരളത്തിന്റെ ആവാസവ്യവസ്ഥയില്‍ സാരമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കിയ ഗള്‍ഫ് പ്രവാസത്തിന്റെ വൈവിധ്യങ്ങള്‍ മലയാളികളുടെ പൊതുബോധത്തില്‍ ഇപ്പോഴും ഉറച്ചിട്ടില്ല. പഠനവിധേയവും ആയിട്ടില്ല. പ്രവാസികളായ മലയാളികളുടെ ക്ഷേമത്തിനും, ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നോര്‍ക്കയുടെ വെബ്സെറ്റില്‍ കൊടുത്തിരിക്കുന്ന വിവരപ്രകാരം മലയാളികളുടെ ജനസംഖ്യ എത്രയാണെന്ന കാര്യത്തിലും സംശയമുണ്ടാവും.

നോര്‍ക്കയുടെ കണക്കുപ്രകാരം വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളി പ്രവാസികള്‍ 40 ലക്ഷവും, കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളില്‍ 13,73,552 മലയാളികളും, കേരളത്തിനുള്ളില്‍ കഴിയുന്നവര്‍ 3.48 കോടിയുമാണ്. ഈ കണക്കനുസരിച്ച് മൊത്തം മലയാളികളുടെ ജനസംഖ്യ 40,17,35,51 പേരാണ്. ഈ കണക്കുകളുടെ ഉറവിടം സൈറ്റില്‍ വ്യക്തമല്ല. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ 13,73,552 മാത്രമാണന്ന വിവരം അവിശ്വസനീയമാണ്. മാത്രമല്ല എല്ലാ സംഖ്യകളുടെയും കൂടെ ഓഫ് ടോട്ടല്‍ എന്നു കൂടി ചേര്‍ത്തിട്ടുണ്ട്. അതായത് ഇന്ത്യക്കു പുറത്തുള്ള മലയാളികള്‍ എന്ന ശീര്‍ഷകത്തില്‍ 40 ലക്ഷം ഓഫ് ടോട്ടല്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. ഈ ടോട്ടല്‍ എന്താണെന്നു വ്യക്തമല്ല. കേരളത്തിനു പുറത്തും, കേരളത്തിനകത്തും ജീവിക്കുന്ന മലയാളികള്‍ എന്നീ ശീര്‍ഷകങ്ങളിലും ഓഫ് ടോട്ടല്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് കേരളത്തിനുള്ളില്‍ ജീവിക്കുന്ന മലയാളികള്‍ 348,000,00 ഓഫ് ടോട്ടല്‍ എന്നാണ്. അവിടെയും എന്തിന്റെ ടോട്ടല്‍ എന്ന ചോദ്യം ബാക്കിയാവുന്നു. ശരാശരി നിലവാരമുള്ള ഒരു ഇന്‍ഫര്‍മേഷന്‍/തൊഴില്‍ പോര്‍ടല്‍ എന്നതിനപ്പുറം പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ലഭിക്കുന്നതിനുള്ള വേദിയല്ല നോര്‍ക്കയുടെ വെബ്സൈറ്റ്. അതിന്റെ ഉദ്ദേശം അതല്ലായിരിക്കാം.

തൊഴില്‍ പ്രവാസവും, റെമിറ്റന്‍സ് വരുമാനവും രാഷ്ട്രീയ സമ്പദ്ഘടനയില്‍ കഴിഞ്ഞ 50 വര്‍ഷങ്ങളായി നിര്‍ണ്ണായക പങ്കു വഹിക്കുന്ന ദേശമെന്ന നിലയില്‍ ഈ വിഷയങ്ങളില്‍ കേരളം എത്രത്തോളം ഉള്‍ക്കാഴ്ചകള്‍ കൈവരിച്ചുവെന്ന അന്വേഷണം ഗള്‍ഫ് സമൃദ്ധി അവസാനിച്ചോയെന്ന ഉത്ക്കണ്ഠകളുടെ പശ്ചാത്തലത്തില്‍ പ്രസക്തമാകുന്നു. ആഗോളതലത്തില്‍ തൊഴില്‍ വിപണിയിലുണ്ടാവുന്ന പുനസംഘാടനങ്ങളും, പുനര്‍വിന്യാസങ്ങളും തൊഴില്‍ലഭ്യതയുടെ സാധ്യതകള്‍ നിര്‍ണ്ണയിക്കുന്നതില്‍ വഹിക്കുന്ന പങ്കിനെപ്പറ്റിയുള്ള വൈവിധ്യങ്ങളായ പരിപ്രേക്ഷ്യങ്ങള്‍ വിവിധ പഠനങ്ങളില്‍ ലഭ്യമാണ്. അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ) ലോക ബാങ്ക്, ഐ.എം.എഫ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകള്‍, അക്കാദമിക പഠനങ്ങള്‍ എന്നിങ്ങനെ രേഖകള്‍ നിരവധിയാണ്.

നമ്മുടെ ഭരണനിര്‍വഹണ സംവിധാനവും, നയരൂപീകരണ പ്രക്രിയയും അവയെ വേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളുന്നതില്‍ എത്രത്തോളം വിജയിച്ചുവെന്ന ചോദ്യവും ഇത്തരുണത്തില്‍ സംഗതമാണ്. 'കരിയര്‍ ഗൈഡന്‍സ്' വിദഗ്ധര്‍ നല്‍കുന്ന നിഗമനങ്ങള്‍ക്കപ്പുറം തൊഴില്‍ വിപണിയിലെ ഘടനാപരമായ സംഭവവികാസങ്ങളെ - സ്ഥൂലവും, സൂക്ഷ്മവും - ഉള്‍ക്കൊള്ളുന്ന ഉള്‍ക്കാഴ്ചകള്‍ നമ്മുടെ പൊതുമണ്ഡലത്തില്‍ പൊതുവെ വിരളമാണ്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഈ മാറ്റങ്ങളെ മനസ്സിലാക്കുവാനും അവയുടെ ഗുണദോഷങ്ങളെ വിലയിരുത്തന്നതിനും വേണ്ട സംവിധാനം ആവിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത കേരളത്തിലെ പൊതുസമൂഹത്തില്‍ ഇനിയും രുപപ്പെടേണ്ടിയിരിക്കുന്നു.

മൂലധനത്തിന്റെ സ്വതന്ത്രവിഹാരങ്ങളും തൊഴില്‍ വിപണിയിലെ പ്രവേശന വിലക്കും

പ്രവേശന വിലക്കുകള്‍ ആണ് ആഗോള തൊഴില്‍ വിപണിയുടെ മുഖമുദ്ര. ആഗോളീകരണത്തിന്റെ ഫലമായി ലോകമേ തറവാട് എന്നു പറയാവുന്ന സ്ഥിതിവിശേഷം ഉണ്ടായെന്ന സിദ്ധാന്തങ്ങള്‍ക്ക് പഞ്ഞമില്ലെങ്കിലും അദ്ധ്വാനശക്തിയുടെ സ്വതന്ത്രമായ പോക്കുവരവുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണം ആഗോളസാമ്പത്തിക മേഖലയുടെ നിര്‍ണ്ണായകഘടകമാണ്. മൂലധനത്തിന്റെ സ്വതന്ത്രവിഹാരം മാത്രമാണ് തുറന്ന വിപണിയുടെ വിചാരധാരകളിലെ മുഖ്യപ്രമേയം. തൊഴിലാളികളുടെ സ്വതന്ത്രവിഹാരമല്ല. അദ്ധ്വാന ശക്തിയുടെ പോക്കുവരവില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ ഏറ്റവും നല്ല തെളിവാണ് നിയമവിരുദ്ധ കുടിയേറ്റത്തിന്റെ വലിയ വിപണി.

ദാരിദ്ര്യവും, ആഭ്യന്തര സംഘര്‍ഷങ്ങളും കൊണ്ടു പൊറുതി മുട്ടിയ മൂന്നാംലോക രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്കും, അമേരിക്കയിലേക്കും പലായനം ചെയ്യുന്നവരെ കുറഞ്ഞ വേതനത്തില്‍ ജോലിക്കുവെക്കുന്ന പ്രവണത ഈ രാജ്യങ്ങളില്‍ വ്യാപകമാണ്. പൗരസ്വാതന്ത്യവും, ജനാധിപത്യ അവകാശങ്ങളും താരതമ്യേന മെച്ചമായി നിലനില്‍ക്കുന്ന ഈ രാജ്യങ്ങളില്‍ പോലും തൊഴില്‍മേഖലയിലെ അധോലോകങ്ങളുടെ സാന്നിദ്ധ്യം പ്രകടമായും നിലനില്‍ക്കുമ്പോള്‍ അത്തരം അവകാശങ്ങള്‍ പൊതുവെ ലഭ്യമല്ലാത്ത ജിസിസി രാജ്യങ്ങളിലെ പ്രവാസി ജീവിതത്തിന്റെ കാഠിന്യം ഊഹിക്കാവുന്നതാണ്.

വളരെ കഠിനമായ തൊഴില്‍ സാഹചര്യങ്ങളോട് സമരസപ്പെട്ടുകൊണ്ട് തങ്ങളുടെ നിലനില്‍പ്പ് സ്വന്തം നിലയില്‍ കരുപ്പിടിപ്പിച്ച കൂട്ടരാണ് ഗള്‍ഫ് മലയാളി സമൂഹം. ഭാഷ, കാലാവസ്ഥ, തൊഴില്‍ സുരക്ഷിതത്വം, ആരോഗ്യ പരിപാലനം, പൗരാവകാശങ്ങള്‍ - തുടങ്ങിയ ഏതു മേഖലയിലും സ്വന്തം നിലയിലുള്ള അതിജീവന സാധ്യതകള്‍ രൂപപ്പെടുത്തുക മാത്രമായിരുന്നു അവരുടെ മുമ്പിലുള്ള പോംവഴി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും, രാഷ്ട്രീയക്കാരും, മത സമുദായ പുരോഹിതരും മറ്റു പിരിവുകാരും പ്രവാസി മലയാളികളുടെ അതിജീവനത്തിനായി കാര്യമായ എന്തെങ്കിലും സംഭാവന നല്‍കിയതായി കരുതാനാവില്ല. കൊറോണയുടെ മൂര്‍ദ്ധന്യത്തില്‍ ഗള്‍ഫ് മലയാളികളും, മറ്റുള്ള പ്രവാസി ഇന്ത്യാക്കാരും അനുഭവിച്ച അനിശ്ചിതത്വം സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവാസി വിരുദ്ധമാവുന്നതിന്റെ ഉദാഹരണമായിരുന്നു. വിമാന സര്‍വീസുകളും, മറ്റുള്ള യാത്ര സൗകര്യങ്ങളും ഒറ്റ രാത്രി കൊണ്ടു നിഷേധിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ എന്താവുമെന്ന ചിന്തപോലും നമ്മുടെ ഭരണസംവിധാനങ്ങളെ അലട്ടിയതായി തോന്നുന്നില്ല.

ഗള്‍ഫ് മേഖലയില്‍ നിന്നുള്ള റെമിറ്റന്‍സ് കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ നിര്‍ണ്ണായകപങ്കു വഹിക്കുന്നു എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. കെട്ടിട വിപണി, ഭൂമി, ധനകാര്യ സേവനം, വാഹന വിപണി, സ്വാശ്രയ വിദ്യാഭ്യാസം, സിനിമ തുടങ്ങി കേരളത്തിന്റെ സാമ്പത്തിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഗള്‍ഫില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ വരുമാനം നിര്‍ണ്ണായകമാണ്. വിമാനത്താവളങ്ങള്‍ പോലുള്ള വന്‍കിട പദ്ധതികളുടെ സുഗമമായ പ്രവര്‍ത്തനത്തിലും ഗള്‍ഫ് മലയാളികളുടെ പങ്ക് ചെറുതല്ല.

സാമ്പത്തിക മേഖല പോലെ പ്രധാനമാണ് സാമൂഹിക തലത്തിലെ പ്രത്യാഘാതങ്ങളും. തൊഴില്‍ശേഷിയുടെ ഏറ്റവും ഉല്‍പ്പാദനക്ഷമമായ പ്രായത്തിലാണ് ജിസിസി രാജ്യങ്ങളിലേക്കു തൊഴില്‍ തേടി പോയവര്‍ പ്രവാസ ജീവിതം തുടങ്ങിയതെങ്കില്‍ മടങ്ങി വരുന്നവരില്‍ ഭൂരിപക്ഷവും വാര്‍ദ്ധക്യത്തിന്റെ പടിവാതിക്കലില്‍ എത്തിയവരാണ്. അവരില്‍ 80-ശതമാനവും സ്ഥിരവരുമാനത്തിന്റെ അഭാവത്തില്‍ ജീവിതം മുന്നോട്ടുനീക്കാന്‍ കഴിയാത്തവരാണ്. വരുമാനത്തിന്റെ അഭാവത്തില്‍ കേരളത്തിലെ ജീവിതത്തിന്റെ താളക്രമവുമായി ഇഴുകി ചേരുന്നതിന് അവര്‍ ശരിക്കും പ്രയാസപ്പെടും.

ജിസിസി രാജ്യങ്ങളിലെ തൊഴില്‍ വിപണിയിലെ പുനസംഘാടനങ്ങളും, അവസരങ്ങള്‍ കുറയുന്നതിന്റെയും അര്‍ത്ഥം മലയാളികള്‍ കൂട്ടത്തോടെ ഉടനടി തിരിച്ചു വരുമെന്നല്ല. പെട്രോളിയം സമ്പത്തില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുന്ന വികസനത്തിനു പകരം വൈവിധ്യങ്ങളായ വികസന മേഖലകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമം ജിസിസി രാജ്യങ്ങള്‍ ഇതിനകം തുടങ്ങിയട്ടുണ്ട്. സൗദി അറേബ്യ ആവിഷ്‌ക്കരിച്ച വിഷന്‍-2030 അടുത്ത 10-വര്‍ഷത്തിനുള്ളില്‍ പെട്രോളിയം സമ്പത്തിലുള്ള ആശ്രിതത്വം പരമാവധി കുറയ്ക്കുവാന്‍ വിഭാവന ചെയ്യുന്നു. ഈ രാജ്യങ്ങളുടെ പക്കലുള്ള ഭീമമായ കരുതല്‍ ശേഖരം (സോവറിന്‍ വെല്‍ത്ത്) ഉപയോഗിച്ച് പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ അവര്‍ക്കു കഴിയും.

വിനോദസഞ്ചാരം വളര്‍ച്ചക്കുള്ള ഒരു മേഖലയായി സൗദി അറേബ്യയുടെ വിഷന്‍-2030 പദ്ധതിയില്‍ ഇടം പിടിച്ചു. സൗദിയുടെ അധീനതയിലുള്ള ചെങ്കടലിന്റെ തീരം വിനോദ സഞ്ചാരത്തിന് അസാധാരണമായ സാധ്യതകള്‍ ഉള്ള പ്രദേശമാണ്. രണ്ടുകരുതല്‍ ശേഖര ഫണ്ടുകളിലായി സൗദിയുടെ പക്കലുള്ള നീക്കിയിരിപ്പു 825 ബില്യണ്‍ ഡോളര്‍ (1ബില്യണ്‍: 100-കോടി) ആണ്. അബുദാബി ഇന്‍
വെസ്റ്റ്മെന്റ് അഥോറിട്ടിയുടെ നീക്കിയിരിപ്പ് 696 ബില്യണ്‍ ഡോളറാണ്. കുവൈറ്റിന്റെ പക്കല്‍ 592 ബില്യണും, ഖത്തറിന്റെ കൈവശം 320 ബില്യണും, ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ദുബായുടെ പക്കല്‍ 239 ബില്യണ്‍ ഡോളറും കരുതല്‍ ശേഖരമായുണ്ട്. ഒമാന്റെ ശേഖരം 22 ബില്യണ്‍ ഡോളറാണ്. ഇതിനെല്ലാം പുറമെ രണ്ടു ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം ലോകത്തിലെ വിവിധ ധനകാര്യ ആസ്തികളിലായി ഈ കരുതല്‍ ഫണ്ടുകള്‍ക്ക് നിക്ഷേപമുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേലുള്ള അമിതമായ ആശ്രിതത്വത്തില്‍ നിന്നും പുറത്തുവരുന്നതിനുള്ള അവസരം ജിസിസി രാജ്യങ്ങള്‍ക്ക് കൈവന്ന അവസരം ആയി ഇപ്പോഴത്തെ സംഭവങ്ങളെ കരുതണമെന്നു പറയുന്ന പണ്ഡിതരും കുറവല്ല.

ഡിജിറ്റല്‍ സാങ്കേതികവിദ്യയിലധിഷ്ഠിതമായ സംരംഭങ്ങള്‍, കാര്‍ഷിക മേഖലയുടെ വികാസം, സൗരോര്‍ജ്ജം, വിനോദ സഞ്ചാരം തുടങ്ങിയവ ജിസിസി മേഖലയിലെ പുതിയ സാധ്യതകളായി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മേഖലകളില്‍ പുതിയ തൊഴില്‍ സാധ്യതകളുടെ വഴിതുറക്കുമെന്നും അതിന്റെ ഗുണം മലയാളികള്‍ക്ക് ലഭിക്കുമെന്ന് കരുതുന്ന ശുഭാപ്തി വിശ്വാസികളുടെ എണ്ണവും കുറവല്ല. സ്വര്‍ണ്ണക്കടത്തും, ഖുറാന്‍ കടത്തുമെല്ലാം ഒന്നിനു പുറകെ ഒന്നായി വരുന്നതിന്റെ ഹരത്തില്‍ ഗള്‍ഫിലെ പ്രവാസി മലയാളിയുടെ ഭാവി ചോദ്യചിഹ്നമായി മാറിയത് ഒരു വാര്‍ത്ത പോലും ആവില്ലതന്നെ.

(അവസാനിച്ചു)


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories