TopTop

ശക്തമായ കാറ്റും മഴയും; കണ്ണൂരില്‍ ഓടുന്ന ബൈക്കില്‍ മരം കടപുഴകി വീണ് യുവാവ് മരിച്ചു

ശക്തമായ കാറ്റും മഴയും; കണ്ണൂരില്‍ ഓടുന്ന ബൈക്കില്‍ മരം കടപുഴകി വീണ് യുവാവ് മരിച്ചു

കണ്ണൂരില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് ഓടുന്ന ബൈക്കിലേക്ക് മരം കടപുഴകി വീണ് യുവാവ് മരണപ്പെട്ടു. ഇരുട്ടി ചെട്ട്യാര്‍പീടികയിലാണ് സംഭവം. വാട്യാംതോട് സ്വദേശി ജെഫിന്‍ മാത്യുവാണ് (30) മരണപ്പെട്ടത്. അതേസമയം അറബിക്കടലില്‍ രൂപം കൊണ്ട് 'ക്യാര്‍' (Kyaar) ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടര്‍ന്ന് കണ്ണൂരിലും കാസര്‍കോടും കനത്ത മഴയിലും കാറ്റിലും പരക്കെ നാശനഷ്ടമുണ്ടായിട്ടുണ്ട്.

ശക്തമായ മഴയിലും കാറ്റിലും കാസര്‍കോട് ഉപജില്ലാ കലോത്സവ വേദിയും പന്തലും തകര്‍ന്നുവീണു. കൊളത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ വേദിയും പന്തലുമാണ് തകര്‍ന്നത്. പരിപാടിയുടെ നടത്തുപ്പുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പന്തല്‍ വീഴുന്നതിന് തൊട്ടുമുമ്പ് വേദിയില്‍ ഉണ്ടായിരുന്നവര്‍ ഓടി മാറിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.

കണ്ണൂര്‍ തളിപ്പറമ്പില്‍ കനത്ത മഴയിലും കാറ്റിലും നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ശക്തമായി കാറ്റിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രി കെട്ടിടത്തിലേക്ക് കൂറ്റന്‍ മരച്ചില്ല ഒടിഞ്ഞു വീണു. അഗ്നിശമന സേനാംഗങ്ങള്‍ മരം മുറിച്ച് മാറ്റുകയാണ്. പ്രദേശത്ത് അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ജാഗ്രതയിലാണ്.

മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദം ഒരു ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ ഇന്ന് ഉച്ചക്ക് മുമ്പ് അറിയിച്ചിരുന്നു. 'ക്യാര്‍' ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 7 കിലോമീറ്റര്‍ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ചുഴലിക്കാറ്റ് സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗതയിപ്പോള്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ്.

2019 ഒക്ടോബര്‍ 25 ന് പകല്‍ 16ത്ഥച അക്ഷാംശത്തിലും 71.6ത്ഥഋ രേഖാംശത്തിലുമായി മഹാരാഷ്ട്രയിലെ രത്നഗിരി തീരത്തില്‍ നിന്ന് 210 കിമീ ദൂരത്തിലും തെക്കുപടിഞ്ഞാറന്‍ മുംബൈയില്‍ നിന്ന് 370 കിമീ ദൂരത്തിലും ഒമാനിലെ സലാല തീരത്ത് നിന്ന് 1870 കിമീ ദൂരത്തിലുമായിരുന്നു ക്യാര്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം. അടുത്ത 12 മണിക്കൂറില്‍ ഇതൊരു അതിശക്തമായ ചുഴലിക്കാറ്റ് (Severe cyclonic storm) ആയി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ശേഷമുള്ള 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ചു തീവ്ര ചുഴലിക്കാറ്റ് (Very severe cyclonic storm) ആയി മാറുമെന്നും ദിശ മാറി പടിഞ്ഞാറ് ദിശയില്‍ തെക്കന്‍ ഒമാന്‍, യമന്‍ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

കേരളം ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ല. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. പക്ഷേ ക്യാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളത് കൊണ്ട് തന്നെ മല്‍സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല

'ക്യാര്‍' ചുഴലിക്കാറ്റിന്റെ വികാസത്തെയും സഞ്ചാരത്തെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സിസ്റ്റത്തിന്റെ ചലനത്തിനനുസരിച്ച് കേരളത്തിലെ മഴയില്‍ വരുന്ന മാറ്റങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുകയും അതിശക്തമായ മഴയുണ്ടാകുകയും ചെയ്യുന്ന ഘട്ടത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരേണ്ടതാണ്.


Next Story

Related Stories