TopTop
Begin typing your search above and press return to search.

ബിജെപി അബ്ദുള്ളക്കുട്ടിയില്‍ നടത്തിയിരിക്കുന്ന 'ദീര്‍ഘകാല നിക്ഷേപം' പലിശ സഹിതം തിരിച്ചുകിട്ടുമോ? ഒരു കണ്ണ് ക്രൈസ്തവ നേതാക്കളിലേക്ക് നീണ്ടാലും അത്ഭുതപ്പെടാനില്ല

ബിജെപി അബ്ദുള്ളക്കുട്ടിയില്‍ നടത്തിയിരിക്കുന്ന ദീര്‍ഘകാല നിക്ഷേപം പലിശ സഹിതം തിരിച്ചുകിട്ടുമോ? ഒരു കണ്ണ് ക്രൈസ്തവ നേതാക്കളിലേക്ക് നീണ്ടാലും അത്ഭുതപ്പെടാനില്ല

"പലരും പ്രചരിപ്പിക്കുന്നതുപോലെ ഞങ്ങൾ (ബി ജെ പി) ന്യൂനപക്ഷങ്ങൾക്കോ ക്രിസ്ത്യാനികൾക്കോ എതിരല്ല", 2009 നവംബറിൽ ഡൽഹി അതിരൂപതയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് ബിജെപി നേതാവ് എൽ കെ അദ്വാനി പറഞ്ഞ വാക്കുകളാണിത്. ഭാരതീയ ജനതാ പാർട്ടിയുടെ ആദ്യകാല മുഖമായിരുന്ന ഭാരതീയ ജന സംഘത്തിന്റെ കാലം മുതൽക്കുതന്നെ മത ന്യൂനപക്ഷങ്ങളോട് വലിയ ആഭിമുഖ്യം കാണിച്ചിരുന്നുവെന്നതിനു തെളിവായി സംഘടനയുടെ പ്രാരംഭ കാലഘട്ടത്തിൽ സംഘടനയുടെ മദിരാശി പ്രവിശ്യ അധ്യക്ഷനായി ഡോ. ശ്യാമപ്രസാദ് മുഖർജി നിയമിച്ചത് ബാരിസ്റ്റർ വി കെ ജോൺ എന്നൊരാളെ ആയിരുന്നുവെന്നും അദ്വാനി ചൂണ്ടിക്കാട്ടി. താൻ വിദ്യാഭ്യാസം നടത്തിയത് ക്രൈസ്തവ വിദ്യാലയങ്ങളിൽ നിന്നായിരുന്നുവെന്നും ക്രൈസ്തവ വിശ്വാസികളോട് വലിയ ബഹുമാനം ഉണ്ടെന്നും പറയാൻ അദ്വാനി മറന്നില്ല. ബിജെപി രൂപം കൊണ്ടത് 1980 ഏപ്രിൽ ആറിന് ആയിരുന്നുവെന്നും അന്നൊരു ഈസ്റ്റർ ഞായർ ആയിരുന്നുവെന്നും കൂടി ഓർമിപ്പിച്ചുകൊണ്ട് അദ്വാനി തന്റെ ക്രൈസ്തവ സ്നേഹം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു.

ആ വർഷത്തെ ലോക്സഭ തിരെഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടപ്പെട്ടിരുന്ന അദ്വാനിയുടെ ഈ ഡൽഹി പ്രസംഗത്തിനും അഞ്ചു വര്‍ഷം മുൻപ് തന്നെ ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിൽ ക്രിസ്താനികളെയും മുസ്ലിങ്ങളെയും കൂടി ലക്ഷ്യമിട്ടുള്ള ചൂണ്ടയിടൽ ആരംഭിച്ചിരുന്നു. 2004 ൽ വെങ്കയ്യ നായിഡു ബിജെപി ദേശീയ അധ്യക്ഷനും പി എസ് ശ്രീധരൻ പിള്ള കേരള അധ്യക്ഷനും ആയിരുന്ന കാലത്തായിരുന്നു അത്. ഏറെക്കാലം ഇടതുപക്ഷ ആഭിമുഖ്യം പുലർത്തിയിരുന്ന സിനിമാതാരം ഭാരത് ഗോപിക്കൊപ്പം അന്ന് ബിജെപി ദേശീയ അധ്യക്ഷനിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ച 14 പേരുടെ കൂട്ടത്തിൽ മലയാള സിനിമയിലെ നിത്യഹരിത നായകനായിരുന്ന പ്രേം നസീറിന്റെ പുത്രൻ ഷാനവാസും സി എസ് ഐ സഭയിൽപ്പെട്ട റവറന്റ് അബ്രാഹവും ഉണ്ടായിരുന്നു. നാളിതുവരെ കേരളത്തിൽ ബിജെപിക്ക് ഉയർത്തിക്കാട്ടാൻ ഉണ്ടായിരുന്ന റെയ്‌ച്ചൽ മത്തായിക്കുശേഷം ഇവർ രണ്ടുപേരിലുടെ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നും കൂടുതൽ പേർ വരുമെന്ന് വെങ്കയ്യ നായിഡുവും ശ്രീധരൻ പിള്ളയും അന്നത്തെ മെമ്പർഷിപ് വിതരണ യോഗത്തിൽ ഏറെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

ഇത്രയും ഇവിടെ പറയാനുണ്ടായ കാരണം സിപിഎമ്മിൽ നിന്നും കോൺഗ്രസ് വഴി കേവലം പതിനാലു മാസങ്ങൾക്കു മുൻപ് ബിജെപി യിൽ എത്തിയ എ പി അബ്ദുള്ളക്കുട്ടിക്കും ടോം വടക്കനും കൈവന്ന ഉയർന്ന പദവികളും അതുവഴി ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്ന രാഷ്ട്രീയ കണക്കുകൂട്ടലുമാണ്. ബിജെപി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട അബ്ദുള്ളക്കുട്ടിയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ നേട്ടം തന്നെയാണ്. കാരണം 1984 മുതൽ നീണ്ട 15 വർഷക്കാലം കണ്ണൂർ പാർലമെന്റ് മണ്ഡലം കുത്തകയാക്കി വെച്ചിരുന്ന കോൺഗ്രസിന്റെ പടക്കുതിര മുല്ലപ്പള്ളി രാമചന്ദ്രനെ തുടർച്ചയായി രണ്ടു തവണ തോൽപ്പിക്കുക വഴി അത്ഭുതക്കുട്ടിയെന്നും ജയന്റ് കില്ലർ എന്നുമൊക്കെയുള്ള വിശേഷങ്ങൾക്ക് അർഹനായ അബ്ദുള്ളക്കുട്ടിക്ക് സിപിഎമ്മിൽ വെറും ഒരു ഏരിയ കമ്മിറ്റി മെമ്പർ എന്നതിനപ്പുറത്തേക്കു വളർച്ചയുണ്ടായില്ല. കോൺഗ്രസ്സിലെത്തിയപ്പോഴാവട്ടെ രണ്ടു തവണ എംഎൽഎ ആവാൻ കഴിഞ്ഞുവെന്നല്ലാതെ സംഘടനാ ഭാരവാഹിത്വം ലഭിച്ചതുമില്ല. അതുവെച്ചു നോക്കുമ്പോൾ ബിജെപി പ്രതീക്ഷിക്കാവുന്നതിനേക്കാൾ വലിയ അംഗീകാരം തന്നെയാണ് അബ്ദുള്ളക്കുട്ടിക്ക് നൽകിയിരിക്കുന്നത്. അതേസമയം ബിജെപിയിലെത്തുന്നതിനു മുൻപ് കുറച്ചുകാലം കോൺഗ്രസിൽ എഐസിസി വക്താവ് കളിച്ചു നടന്നിരുന്ന ആളെന്ന നിലയിൽ ടോം വടക്കന് അബ്ദുള്ളക്കുട്ടിക്കു ലഭിച്ചതുപോലൊരു അംഗീകാരം കിട്ടിയെന്നു പറയാൻ കഴിയില്ല. എങ്കിലും പുനഃസംഘടനയിൽ മോശമല്ലാത്ത ഒരു പദവി തന്നെയാണ് വടക്കനും കൈവന്നിരിക്കുന്നതെന്നു സമ്മതിക്കേണ്ടിവരും.

പാർട്ടി പുനഃസംഘടനയിൽ ഇവർ രണ്ടുപേർക്കും ലഭിച്ച പദവികളിലെ വ്യത്യാസം മറ്റൊന്നു കൂടി വ്യക്തമാക്കുന്നുണ്ട്; കേരള രാഷ്ട്രീയത്തിൽ അബ്ദുള്ളക്കുട്ടിക്കുള്ള താരപരിവേഷം (അതിനു കോട്ടം തട്ടിയിട്ടുണ്ടെങ്കിലും) ഡൽഹി പൊളിറ്റിക്‌സിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ടോം വടക്കനില്ല. അതേസമയം തന്നെ തങ്ങൾക്ക് ഇപ്പോഴും ഒരു ബാലികേറാമലയായി തുടരുന്ന കേരളത്തിൽ ബിജെപി അതിന്റെ വളർച്ചക്ക് കുറച്ചുകാലമായി ഉന്നംവെച്ചിരിക്കുന്ന രണ്ടു മതങ്ങളെ പ്രതിനിധീകരിക്കുന്നവർ എന്ന നിലയിൽ അബ്ദുള്ളക്കുട്ടിക്ക് നൽകിയതിന് തുല്യമല്ലെങ്കിലും ഒരു പരിഗണന ടോം വടക്കനും നൽകിയിരിക്കുന്നു എന്നും കാണേണ്ടതുണ്ട്. അബ്ദുള്ളക്കുട്ടി പ്രതിനിധാനം ചെയ്യുന്ന മതത്തിൽ നിന്നും അയാളേക്കാൾ വലിയ മീനുകളൊന്നും ഇതുവരെ കേരളത്തിൽ ബിജെപിയുടെ ചൂണ്ടയിൽ കുരുങ്ങിയിട്ടില്ലെന്നതും എന്നാൽ ടോം വടക്കനും ഏറെ മുൻപ് തന്നെ അൽഫോൻസ് കണ്ണന്താനവും ജോര്‍ജ് കുര്യനും പ്രൊഫ. റിച്ചാർഡ് ഹേയും ചില പാതിരിമാരും പാസ്റ്റർമാരുമൊക്കെ ബിജെപി വലയിൽ കയറിയിരുന്നുവെന്നതും മുൻ വിജിലൻസ് ഡയറക്ടർ തോമസ് ജേക്കബിനെപ്പോലെ മറ്റുചിലർ ചിലർ ആ വലയിലേക്ക് ഒളികണ്ണെറിയുന്നുണ്ടെന്നതും ഇരുവർക്കും ലഭിച്ച പദവിയുടെ വ്യത്യാസത്തെ സാധൂകരിക്കാൻ പോന്നതു തന്നെയാണ്. ഇതോടൊപ്പം തന്നെ കാണേണ്ട മറ്റൊരു കാര്യം എൽഡിഎഫിലേക്കു പോകുന്നുവെന്നൊക്കെ പറയുമ്പോഴും ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസിലുള്ള പ്രതീക്ഷ ബിജെപി ഇനിയും വെടിഞ്ഞിട്ടില്ല എന്നതാണ്.

അബ്ദുള്ളക്കുട്ടിയെ വെച്ചുള്ള ബിജെപിയുടെ കേരളത്തിലെ ചൂണ്ടയിടൽ എത്രകണ്ട് വിജയിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെങ്കിലും കേന്ദ്രം ഭരിക്കുന്ന, അടുത്തൊന്നും ഭരണം നഷ്ടപ്പെടാൻ സാധ്യതയില്ലാത്ത ഒരു പാർട്ടി എന്ന നിലയിൽ ബിജെപി ചില സാദ്ധ്യതകൾ മുന്നിൽ കാണുന്നുണ്ട്. ഹവാല ഇടപാട്, സ്വർണം കള്ളക്കടത്ത് തുടങ്ങിയ കാര്യങ്ങൾ എങ്ങനെ ഇതിനായി ഉപയോഗപ്പെടുത്താം എന്ന അന്വേഷണവും ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ മുസ്ലീങ്ങളെ അപേക്ഷിച്ച് ക്രൈസ്തവരെ കുറച്ചുകൂടി എളുപ്പത്തിൽ വലയിലാക്കാമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. തങ്ങൾക്കു ചില വിദേശ ഇടപാടുകളുള്ളതിനാൽ കേന്ദ്രം ഭരിക്കുന്നവർക്കൊപ്പം നിൽക്കുക എന്ന മത മേലധ്യക്ഷന്മാരുടെ പൊതുനയം തന്നെയാണ് ഈ പ്രതീക്ഷയുടെ അടിസ്ഥാനം. പക്ഷെ കേന്ദ്രം ഭരിക്കുന്നവരെ പിണക്കാതെ നോക്കുമ്പോഴും കേരളത്തിൽ എൻബ്ലോക്കായി ബിജെപിക്ക് വോട്ടുമറിച്ചുകിട്ടും എന്ന ഉറപ്പൊന്നും ഇല്ലെന്നതും ഭൂരിഭാഗം ക്രൈസ്തവ വിശ്വാസികളും കേരളത്തിൽ എക്കാലത്തും കോൺഗ്രസിനും കേരള കോൺഗ്രസ്സുകൾക്കും ഒപ്പമാണെന്നതും ബിജെപിയുടെ പ്രതീക്ഷക്കു മങ്ങലേൽപ്പിക്കാൻ പോന്നതാണ്. ഇവിടെയാണ് അടുത്ത തിരഞ്ഞെടുപ്പിനു മുൻപായി കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ മുന്നണിയിലും, മോഹഭംഗം വന്ന ക്രൈസ്തവവരായ കോൺഗ്രസ് നേതാക്കളെ പാർട്ടിയിലും എത്തിക്കാനുള്ള കരുക്കൾ ബിജെപി നീക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories