TopTop
Begin typing your search above and press return to search.

മൈക്രോ ഫിനാന്‍സ് കേരളത്തിന്റെ ശാരദ ചിട്ടി ഫണ്ട് അഴിമതിയോ? കെകെ മഹേശന്റെ ആത്മഹത്യ സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ ചുരുളഴിക്കുമോ?

മൈക്രോ ഫിനാന്‍സ് കേരളത്തിന്റെ ശാരദ ചിട്ടി ഫണ്ട് അഴിമതിയോ? കെകെ മഹേശന്റെ ആത്മഹത്യ സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ ചുരുളഴിക്കുമോ?

എസ് എന്‍ ഡി പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് ചീഫ് കോര്‍ഡിനേറ്ററുമായിരുന്ന കെകെ മഹേശന്റെ ആത്മഹത്യ കേരളം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ സാമ്പത്തിക അഴിമതി പുറത്തു വരാന്‍ കാരണമാകുമോ? മൈക്രോഫിനാന്‍സ് വായ്പ്പ പദ്ധതിയില്‍ പെടുത്തി ഈഴവ സമുദായത്തിലെ അംഗങ്ങള്‍ക്ക് നല്‍കിയ കോടികള്‍ക്ക് പിന്നില്‍ നടന്നിരിക്കുന്ന വന്‍ അഴിമതിയുടെ കഥ പുറത്തുകൊണ്ടു വരാനാണ് ണ് കെ കെ മഹേശന്റെ ആത്മഹത്യയില്‍ അന്വേഷിക്കേണ്ടതെന്നാണ് എസ് എന്‍ ഡി പി യൂണിയന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനടുത്തായി എല്ലാവിധ നിയമങ്ങളെയും കാറ്റില്‍പ്പറത്തി നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പാണ് മൈക്രോഫിനാന്‍സ് വായ്പ്പയെന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. കൊല്‍ക്കത്തയിലെ ശാരദ ചിട്ടി ഫണ്ട് തട്ടിപ്പിനെക്കാള്‍ വലിയ തട്ടിപ്പാണ് ഏഴായിരം കോടി രൂപയുടെ മൈക്രോഫിനാന്‍സ് തട്ടിപ്പെന്നാണ് ഇവരുടെ ആരോപണം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പുകളില്‍ ഒന്ന്. ഒരു സമുദായത്തെയും സംഘടനയെയും മൊത്തത്തില്‍ ചിലര്‍ ചേര്‍ന്ന് പറ്റിക്കുകയാണെന്നും ആരോപണമുയര്‍ത്തുന്നവര്‍ പറയുന്നു. കെ കെ മഹേശന്റെ ആത്മഹത്യയില്‍ അന്വേഷണം ഈ വഴിക്കു നീങ്ങിയാല്‍ എല്ലാ സത്യങ്ങളും പുറത്തു വരുമെന്നാണ് എസ് എന്‍ ഡി പി യോഗം സംരക്ഷണ സമിതി പറയുന്നത്.

"മഹേശന്റെ മരണം കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക അഴിമതിയുടെ ചുരുളഴിക്കുമോ എന്നാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്. കൊല്‍ക്കത്തയിലെ ശാരദ ചിട്ടി ഫണ്ട് തട്ടിപ്പിനെക്കാള്‍ വലിയ അഴിമതിയാണ് ഏഴായിരം കോടിയുടെ മൈക്രോഫിനാന്‍സ് അഴിമതി. ഈ അഴിമതിയുടെ സത്യം മഹേശന്റെ മരണത്തിലൂടെ തെളിയണം. യാതൊരു ലൈസന്‍സും ഇല്ലാതെ കഴിഞ്ഞ പത്തിരുപത്തിയഞ്ച് വര്‍ഷക്കാലമായി ഒരു സമുദായ സംഘടനയുടെ പേരില്‍ ചിലര്‍ ചേര്‍ന്ന് നടത്തുന്ന കോടികളുടെ തട്ടിപ്പാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ ഈ തട്ടിപ്പിനെതിരേ ഒന്നും ചെയ്തിട്ടില്ല. പാവപ്പെട്ട ജനങ്ങളെയാണ് തുടര്‍ച്ചയായി വഞ്ചിച്ചുകൊണ്ടിരിക്കുന്നത്. പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും സാധാരണക്കാരായ സമുദായംഗങ്ങള്‍ക്ക് മൂന്നു ശതമാനം പലിശയ്ക്ക് കിട്ടേണ്ട പണം നഷ്ടപ്പെടുത്തിയിട്ടാണ് വെള്ളാപ്പള്ളി നടേശനും സംഘവും വന്‍പലിശയ്ക്ക് സമുദായാംഗങ്ങള്‍ക്ക് പണംകൊടുക്കുന്നത്. പിന്നാക്ക വകസന കോര്‍പ്പറേഷനില്‍ നിന്നും മൂന്നു ശതമാനം പലിശയ്ക്ക് കിട്ടിയ പണം വാങ്ങി മദ്യക്കച്ചവടക്കാര്‍ക്കു മേല്‍പലിശയ്ക്ക് നല്‍കിയിരുന്നു വെള്ളാപ്പള്ളി. ഇത് കണ്ടു പിടിച്ചതോടെ എസ് എന്‍ ഡി പി പണം നല്‍കില്ലെന്ന തീരുമാനം പിന്നാക്ക വികസന കോര്‍പ്പറേഷന്‍ എടുത്തു. എസ് എന്‍ ഡി പി യെ കരിമ്പട്ടികയില്‍ പെടുത്തുകയാണ് ചെയ്തത്. സാധാരണക്കാര്‍ക്ക് കിട്ടേണ്ടിയിരുന്ന സഹായമാണ് വെള്ളാപ്പള്ളി നഷ്ടപ്പെടുത്തിയത്. അത് കഴിഞ്ഞാണ് ബാങ്ക് നല്‍കുന്ന പണത്തിന്റെ ഇടനിലക്കാരായി ചമഞ്ഞ് മൈക്രോ ഫിനാന്‍സെന്ന പേരില്‍ വഞ്ചന തുടങ്ങിയത്. എന്‍ എസ് എസ്, ക്രിസ്ത്യന്‍ സംഘടനകളൊക്കെ ഇത്തരത്തില്‍ അതാത് സമുദായങ്ങളില്‍ വായ്പ്പ വിതരണം നടത്തുന്നുണ്ടെങ്കിലും പണമവര്‍ നേരിട്ടല്ല നല്‍കുന്നത്, ബാങ്കാണ് പൈസ കൊടുക്കുന്നതും ബാങ്കിലേക്കാണ് പണം തിരിച്ചടയ്ക്കുന്നതും. ഒരു നോഡല്‍ ഏജന്‍സിയായി ഒരു മീഡിയേറ്റര്‍ ആയി മാത്രമാണവര്‍ നില്‍ക്കുന്നത്. എന്നാല്‍ എസ് എന്‍ ഡി പി യുടെ മൈക്രോഫിനാന്‍സ് വായ്പ്പ അങ്ങനെയല്ല. പണം ബാങ്കില്‍ നിന്നും സംഘടന വാങ്ങുകയും ആ പണം പിന്നീട് ഉയര്‍ന്ന പലിശയ്ക്ക് നല്‍കുകയുമാണ് ചെയ്യുന്നത്. ഇത് നിയമവിരുദ്ധമാണ്. 140 യൂണിയനുകളിലും ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ട്. വെള്ളാപ്പള്ളി തന്നെ പറയുന്നത് ഏഴായിരം കോടി രൂപ വായ്പ്പ നല്‍കിയിട്ടുണ്ടെന്നാണ്. ഒട്ടുമിക്ക യൂണിയനുകളിലും ക്രമക്കേട് നടന്നിട്ടുണ്ട്. കേസുകള്‍ ഇനിയും വരും. വന്നാല്‍ എല്ലാത്തിലും കെ കെ മഹേശന്‍ പ്രതിയാകും, അല്ലെങ്കില്‍ പ്രതിയാക്കാം. കാരണം, അദ്ദേഹമാണ് മൈക്രോ ഫിനാന്‍സിന്റെ ചീഫ് കോര്‍ഡിനേറ്റര്‍. ഇക്കാര്യം മഹേശനുമറിയാമായിരുന്നു. അതുകൊണ്ടായിരിക്കാം തന്നെ തകര്‍ക്കാനിറങ്ങിയവരില്‍ നിന്നും തനിക്കിനി രക്ഷയില്ലെന്ന് കണ്ട് അദ്ദേഹം ആത്മഹത്യ ചെയ്തത്. ഈ ആത്മഹത്യയിലേക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതാരാണെന്ന് കണ്ടെത്താന്‍ അന്വേഷണത്തിന്റെ ആവശ്യമൊന്നുമില്ല. അന്വേഷണം വേണ്ടത്, സി ബി ഐ അന്വേഷണം തന്നെ വേണ്ടത് മൈക്രോഫിനാന്‍സ് അഴിമതിയിലാണ്. കൃത്യമായ അന്വേഷണം നടന്നാല്‍ വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും കുടുങ്ങും; എസ് എന്‍ ഡി പി യോഗം സംരക്ഷണ സമിതി ചെയര്‍മാന്‍ പി എസ് രാജീവ് അഴിമുഖത്തോട് പറയുന്നു.

ചേര്‍ത്തലയില്‍ മൈക്രോഫിനാന്‍സ് തട്ടിപ്പിനെ കുറിച്ച് എസ് എന്‍ ഡി പി യോഗം സംരക്ഷണ സമിതി ചൂണ്ടിക്കാണിക്കുന്ന മറ്റ് ചില കാര്യങ്ങളുമുണ്ട്. ചേര്‍ത്തല അര്‍ബന്‍ ബാങ്കില്‍ നിന്നും മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് വായ്പ്പയെടുത്തിരിക്കുന്നവരുടെ അകൗണ്ട് വിവരങ്ങള്‍ പുറത്തു വിട്ടാല്‍ കേരളത്തില്‍ വലിയൊരു സ്‌ഫോടനം ഉണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. 12 കോടി രൂപ ചേര്‍ത്തലയില്‍ മാത്രം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് തങ്ങളോട് യൂണിയന്‍ പ്രതിനിധികള്‍ തന്നെ പറഞ്ഞിട്ടുള്ളതെന്നാണ് എസ് എന്‍ ഡി പി യോഗം സംരക്ഷണ സമിതി പി എസ് രാജീവ് പറയുന്നത്. ചേര്‍ത്തല എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി വി എന്‍ ബാബു മൈക്രോ ഫിനാന്‍സ് തട്ടിപ്പിനിരയായവര്‍ക്ക് അയച്ച രജിസ്റ്റേഡ് നോട്ടീസ് മുന്‍നിര്‍ത്തി പി എസ് രാജീവ് പറയുന്നത് ചേര്‍ത്തല യുണിയന്‍ അര്‍ബന്‍ ബാങ്കില്‍ നിക്ഷേപിച്ച 10 കോടി രൂപായില്‍ നിന്നും തട്ടിപ്പു നടത്തിയ അഞ്ചു കോടിയില്‍പരം രൂപ കണ്ടു പിടിക്കുന്നതിനാണ് ഇത്തരം കത്തുകള്‍ അയച്ചതെന്നാണ്. ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ തന്നെ ഇതിനെക്കുറിച്ച് തന്റെ പ്രതികരണം താന്‍ നടത്തിയിരുന്നുവെന്നും പി എസ് രാജീവ് പറയുന്നു. 2020 ഫെബ്രുവരി പത്തിന് ഫെയ്‌സ്ബുക്കില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ച് എഴുതിയിരുന്നു. അതിങ്ങനെയായിരുന്നു; ഇത്തരം നൂറില്‍ അധികം കത്തുകള്‍ അയച്ചിട്ടുണ്ട്. ഇവരില്‍ ഏതാണ്ടു മുഴുവന്‍ പേരും കബളിപ്പിക്കപ്പെട്ടവര്‍ ആണ്. കാരണം ഇവര്‍ ആരും തന്നെ ബാങ്കില്‍ നിന്നും പണം നേരിട്ടു സ്വീകരിച്ചിട്ടില്ല. പലരും അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എസ് എന്‍ ഡി പി യുടെ സ്വന്തം ഫണ്ടില്‍ നിന്നും ലോണ്‍ എടുത്തശേഷം മടക്കി അടച്ചിട്ടില്ലായെന്നാണ് നോട്ടീസില്‍ പറയുന്നത്. 'ഞങ്ങള്‍ ലോണ്‍ എടുത്തെങ്കിലല്ലേ മടക്കി അടക്കേണ്ടതുള്ളു 'എന്നാണവര്‍ ചോദിക്കുന്നത്. ഇതില്‍ പലരും കൂറേ തുക മടക്കി അടച്ചതായും രേഖ ചമച്ചിട്ടുണ്ട്. ഇത് യൂണിയന്റെ സ്വന്തം ഫണ്ടില്‍ നിന്നുള്ള തിരിമറിയെങ്കില്‍ മറ്റു ബാങ്കുകളില്‍ നിന്നും വായ്പയെടുത്തശേഷം വായ്പ തുക മുഴുവന്‍ യുണിയനില്‍ ഒടുക്കി അക്കൗണ്ട് അവസാനിപ്പിച്ചവര്‍ക്കും ഇതുപോലെ ബാങ്കുകളില്‍ നിന്നും നോട്ടീസ് വന്നിട്ടുണ്ട്. കാരണം ഇവര്‍ യൂണിയനില്‍ അടവു വരുത്തിയ തുക ബാങ്കില്‍ ഒടുക്കാതെ തട്ടിയെടുത്തതു കൊണ്ടാണ് ബാങ്ക് നോട്ടിസ് അയച്ചതെന്ന് അറിയുന്നു. മൈക്രോ ഫിനാന്‍സിന്റെ മറവില്‍ ചേര്‍ത്തല യൂണിയന്‍ യാതൊരു വിധ നിയമത്തിന്റെയും പിന്‍ബലമില്ലാതെ വ്യാജ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തും അല്ലാതെയുമൊക്കെ നടത്തിയ അഞ്ചു കോടിയില്‍പ്പരം രൂപയുടെ തിരിമറിയും യൂണിയന്‍ ഫണ്ടില്‍ നിന്നും കള്ള കണക്കെഴുതി തട്ടിയെടുത്ത 50 ലക്ഷം രൂപയുടെ കാര്യമെല്ലാം ഇപ്പോള്‍ പൂര്‍ണ്ണമായ രീതിയില്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇതിന് ഉത്തരവാദിയായവരെ കണ്ട് പിടിച്ച് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുവാന്‍ യാതൊരു വിധ നടപടികളും എസ് എന്‍ ഡി പി യോഗ നേതൃത്വം നാളിതുവരെ തയ്യാറായിട്ടില്ല. ഈ നാട്ടിലെ സകല വിഷയങ്ങളെക്കുറിച്ചും അപ്പപ്പോള്‍ പ്രതികരിക്കാറുള്ള ജനറല്‍ സെക്രട്ടറി തന്റെ സ്വന്തം നാട്ടില്‍ നടന്ന ഈ പകല്‍കൊള്ളയെക്കുറിച്ച് പ്രതികരിക്കാത്തതിലെ ദുരൂഹത പിടികിട്ടുന്നില്ല. ഒരു പക്ഷെ കേരളത്തിലെ പട്ടിണിപ്പാവങ്ങള്‍ക്ക് 6000 കോടി രൂപ മൈക്രോ ഫിനാന്‍സിലൂടെ വായ്പ നല്‍കിയെന്നഭിമാനിക്കുമ്പോള്‍ അതില്‍ എത്ര കോടി അണികള്‍ തട്ടിയെടുത്തു എന്നത് പുറത്തായാല്‍ ബംഗാളിലെ ശാരദാ ചിട്ടിഫണ്ടു തട്ടിപ്പിനെ മറികടക്കുമെന്ന ഭയമാണ് ഇതിനു പിന്നില്‍ എന്നു തോന്നുന്നു. 'അമ്പു കൊള്ളാത്തവരാരുമില്ല കുരുക്കളില്‍ ' എന്ന പോലെ എസ് എന്‍ ഡി പി നേതൃത്വത്തില്‍ തട്ടിപ്പു നടത്താത്തവരെ തിരയേണ്ട ഗതികേട് സംഘടനയ്ക്കു വന്നു ഭവിച്ചിരിക്കുന്നു. ഏതായാലും ഇത്തരം തട്ടിപ്പിനിരയായവരുടെ രക്ഷയ്ക്ക് സര്‍ക്കാരോ പോലീസോ നിതിന്യായ വകുപ്പോ ഉണ്ടാവുമെന്ന് ആരും കരുതേണ്ട." അന്നേ താന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്നാണ് പി എസ് രാജീവ് പറയുന്നത്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ കെ കെ മഹേശനെയല്ല ചോദ്യം ചെയ്യേണ്ടതെന്നും അറസ്റ്റ് ചെയ്യേണ്ടതെന്നുമാണ് വെള്ളാപ്പള്ളിക്കെതിരേ നില്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന വാദം. മാവേലിക്കര മൈക്രോഫിനാന്‍സ് കേസില്‍ ഒന്നാം പ്രതി സുഭാഷ് വാസുവും രണ്ടാം പ്രതി സുരേഷ് ബാബുവും മൂന്നാം പ്രതി ഷാജി എം പണിക്കരുമാണ്. ഇതില്‍ സുഭാഷ് വാസുവും സുരേഷ് ബാബുവും ഒളിവിലാണെന്നാണ് പറയുന്നത്. ഷാജി എം പണിക്കാര്‍ മാത്രമാണ് ഒളിവില്‍ പോകാത്തത്. കാരണം, അയാള്‍ വെള്ളാപ്പള്ളിയുടെ ആളാണ്. മറ്റ് രണ്ടു പേരും വിരുദ്ധരാണ്. കേസ് ശക്തമാക്കാന്‍ വെള്ളാപ്പള്ളി തന്നെയാണ് പറഞ്ഞത്. ഈ കേസിലേക്കാണ് മഹേശനെയും കുടുക്കിയത്. അതുപോലെ ചെങ്ങന്നൂര്‍ കേസിലും മഹേശന്‍ പ്രതിയല്ല. ചെങ്ങന്നൂര്‍ യൂണിയനില്‍ നിന്നും മൈക്രോഫിനാന്‍സ് വഴി 19 ലക്ഷം രൂപ വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും അകൗണ്ടിലേക്ക് കൈമാറിയെന്ന പരാതിയിലാണ് കേസ്. അഞ്ചെട്ടു വര്‍ഷം മുമ്പ് കൊടുത്ത കേസില്‍ കുറച്ച് നാളെ ആയിട്ടുള്ളു പൊലീസ് എഫ് ഐ ആര്‍ ഇട്ടിട്ട്. തുഷാര്‍ തെരഞ്ഞെടുപ്പില്‍ നിന്നപ്പോള്‍ നല്‍കിയ അഫിഡവിറ്റിലും ഈ കേസിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് കെ കെ മഹേശനെ. മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് 140 യൂണിയനുകളിലും നടക്കുന്ന കേസില്‍ മഹേശനെ പ്രതിയാക്കാം. കാരണം അദ്ദേഹമാണ് ചീഫ് കോര്‍ഡിനേറ്റര്‍. ആ സ്ഥാനത്തിനിരിക്കുന്നയാള്‍ അറിയാതെ ക്രമക്കേട് നടക്കുമോ. ഇതറിയാവുന്നതുകൊണ്ടാണ് മഹേശനെ മനഃപൂര്‍വം കേസില്‍ കുടുക്കിയത്. ചേര്‍ത്തല യൂണിയനുമായി ബന്ധപ്പെട്ട തട്ടിപ്പിലും മഹേശനെതിരേ കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയായിരുന്നു. ഈ കേസും വന്ന് മഹേശനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ദിവസമാണ് അദ്ദേഹം തൂങ്ങിമരിക്കുന്നത്; പി എസ് രാജീവ് പറയുന്നു.

പുറത്ത് വരികയാണെങ്കില്‍ കേരളം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ സാമ്പത്തി തട്ടിപ്പായിരിക്കും മൈക്രോ ഫിനാന്‍സ് എന്നാണ് രാജീവിനെ പോലെ ചേര്‍ത്തല യൂണിയനിലെയും പലരും പറയുന്നത്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇപ്പോഴും മൈക്രോ ഫിനാന്‍സ് വായ്പ്പ നല്‍കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ഒരു നോഡല്‍ ഏജന്‍സിയായി നില്‍ക്കേണ്ട എസ് എന്‍ ഡി പി പലിശക്കാരന്റെ റോളില്‍ നിന്നാണ് പണം നല്‍കുന്നത്. കിട്ടുന്ന പണത്തിന് ബാങ്ക് നിശ്ചയിച്ചിരിക്കുന്ന പലിശയേക്കാള്‍ കൂടുതല്‍ ഈടാക്കരുതെന്നാണ്. പണം വാങ്ങി സംഘങ്ങള്‍ക്ക് നല്‍കുമ്പോള്‍ ഒന്നോ രണ്ടോ ശതമാനം സര്‍വീസ് ചാര്‍ജ് ഈടാക്കാം എന്നു പറയുന്നിടത്താണ് ഉയര്‍ന്ന പലിശയ്ക്ക് പണം നല്‍കുന്നത്. ഇങ്ങനെ മേല്‍ പലിശയ്ക്ക് പണം നല്‍കണമെങ്കില്‍ മണി ലെന്‍ഡേഴ്‌സ് ലൈസന്‍സും ഇന്‍കം ടാക്‌സ് ലൈസന്‍സുമൊക്കെ വേണം. അതൊന്നുമില്ലാതെയാണ് കോടികളുടെ വായ്പ്പ തട്ടിപ്പ് നടത്തുന്നത്. വെള്ളാപ്പള്ളിയുടെ സ്വാധീനം കൊണ്ടാണ് നാളിതുവരെ യാതൊരു അന്വേഷണവും നടക്കാത്തത്. വ്യാജ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്താണ് പണം തട്ടിക്കുന്നത്. ഒരു പേരില്‍ സംഘം രജിസ്റ്റര്‍ ചെയ്യുകയും അതില്‍ അംഗങ്ങളാണെന്നു കാണിച്ച് സമുദായംഗങ്ങളുടെ കത്ത് ഉണ്ടാക്കുകയും ആ കത്തുകള്‍ വച്ച് പണം വാങ്ങുകയുമാണ് ചെയ്യുന്നത്. പലരും തങ്ങളുടെ പേരില്‍ വായ്പ്പയുള്ള കാര്യം പോലും അറിയുന്നില്ല. വലിയ തട്ടിപ്പാണ് നടക്കുന്നത്. ഇതു പുറത്തുവരാന്‍ മഹേശന്റെ മരണം കാരണമാകുമോ? ചേര്‍ത്തലയിലും കണിച്ചുകുളങ്ങരിയിലുമുള്ള യൂണിയന്‍ പ്രതിനിധികള്‍ അടക്കമുള്ള ശ്രീനാരയീണയര്‍ ചോദിക്കുന്ന ചോദ്യമാണ്.

അതേസമയം കെ കെ മഹേശന്‍ ആത്മഹത്യ ചെയ്തത് അറസ്റ്റ് ഭയന്നാണ് എന്നു ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ഉടന്‍ തന്നെ എസ് എന്‍ ഡി പി വിശദീകരണം നല്‍കുമെന്നും തുഷാര്‍ പറഞ്ഞു. മഹേശന്‍ ആത്മഹത്യ ചെയ്ത ദിവസം പ്രതികരണവുമായി എത്തിയ വെള്ളാപ്പള്ളി നടേശന്‍ സി ബി ഐ അന്വേഷിക്കണം എന്ന ആവശ്യമാണ് ഉയര്‍ത്തിയത്.

ജൂണ്‍ 24 ബുധനാഴ്ചയാണ് യൂണിയന്‍ ഓഫിസില്‍ കെ കെ മഹേശന്‍ ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യയ്ക്ക് പിന്നാലെ മഹേശന്റെ കുടുംബം വെള്ളാപ്പള്ളിക്കെതിരെ രംഗത്തെത്തിയിരുന്നു.





രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories