TopTop
Begin typing your search above and press return to search.

ഒഎന്‍വി പുരസ്‌കാരം നിരസിച്ച് വൈരമുത്തു; പുരസ്‌കാരതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് നല്‍കണമെന്ന് ആവശ്യം

ഒഎന്‍വി പുരസ്‌കാരം നിരസിച്ച് വൈരമുത്തു; പുരസ്‌കാരതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് നല്‍കണമെന്ന് ആവശ്യം

ഒഎന്‍വി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് തമിഴ് കവി വൈരമുത്തു. മീ ടു ആരോപണം നേരിടുന്ന വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. പുരസ്‌കാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്നാണ് വൈരമുത്തുവിന്റെ ആവശ്യം. വിവാദമുണ്ടായതിനാല്‍ പിന്‍മാറുന്ന വിവരം സംഘാടകരെ അറിയിക്കും. ലൈംഗിക പീഡന ആരോപണം കെട്ടിച്ചമച്ചതെന്നും മൂന്നു വര്‍ഷമായിട്ടും കേസെടുത്തില്ലെന്നും വൈരമുത്തു പറഞ്ഞിരുന്നു. കുറ്റം തെളിയുംവരെ ആരോപണവിധേയന്‍ നിരപരാധിയാണെന്ന് ജൂറി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

വൈരമുത്തുവിന് പുരസ്‌കാരം പ്രഖ്യാപിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. വൈരമുത്തുവിനെതിരായ മീടൂ ആരോപണങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരവധി സാഹിത്യ, സാംസ്‌കാരിക, കലാ പ്രവര്‍ത്തകരും വനിതാ ആക്ടിവിസ്റ്റുകളും രംഗത്തെത്തി. 17 സ്ത്രീകള്‍ വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ വൈരമുത്തുവിനെ അവാര്‍ഡിന് പരിഗണിച്ചതില്‍ തെറ്റില്ലെന്നായിരുന്നു സംവിധായകനും ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം. എഴുത്തിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്നും അല്ലെങ്കില്‍ പിന്നെ സ്വഭാവഗുണത്തിന് പ്രത്യേക അവാര്‍ഡ് കൊടുക്കണമെന്നും അടൂര്‍ പറഞ്ഞിരുന്നു.

വൈരമുത്തുവിന് പ്രഖ്യാപിച്ച ഒഎന്‍വി പുരസ്‌കാരം വിവാദത്തെ തുടര്‍ന്ന് പുനഃപരിശോധിക്കാന്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി തീരുമാനിച്ചിരുന്നു. ലൈംഗിക പീഡന ആരോപണവിധേയനായ ആള്‍ക്ക് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം വന്‍ വിവാദമായതിനെ തുടര്‍ന്നാണ് നടപടി. പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയായിരുന്നു പുരസ്‌കാരം തീരുമാനിച്ചത്.




Next Story

Related Stories