Top

മനോരമയ്ക്കും വാര്‍ത്ത നല്‍കിയ മറ്റ് മാധ്യമങ്ങള്‍ക്കുമെതിരെ കേസെടുക്കണം; ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത ലിസിയുടെ കുറിപ്പ്

മനോരമയ്ക്കും വാര്‍ത്ത നല്‍കിയ മറ്റ് മാധ്യമങ്ങള്‍ക്കുമെതിരെ കേസെടുക്കണം; ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത ലിസിയുടെ കുറിപ്പ്

തൊടുപുഴ മങ്ങാട്ടുകടവ് കുളങ്ങരതൊട്ടിയില്‍ വില്‍സണ്‍ കെ ജോണിന്റെ മരണത്തില്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രണ്ടാം ഭാര്യ ലിസിയുടെ ആത്മഹത്യാക്കുറിപ്പില്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം. മലയാളത്തിലെഴുതിയ ലിസിയുടെ ഡയറിക്കുറിപ്പുകള്‍ പോലീസിന് പരിഭാഷപ്പെടുത്തി നല്‍കിയ ഷിനോദ് എൻ കെ ആണ് ഇക്കാര്യം അഴിമുഖത്തോട് വെളിപ്പെടുത്തിയത്. മനോരമയ്ക്കും ലേഖകനും വാര്‍ത്ത നല്‍കിയ മറ്റ് മാധ്യമങ്ങള്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് ലിസിയുടെ ഡയറിക്കുറിപ്പിലെ ആവശ്യമെന്ന് ഷിനോദ് അഴിമുഖത്തോട് പറഞ്ഞു. ലിസിയോടൊപ്പം ആത്മഹത്യ ചെയ്ത ഇളയമകന്‍ അലന്‍ സ്റ്റാന്‍ലിയ്‌ക്കൊപ്പം ഹൈദ്രാബാദ് സര്‍വകലാശാലയില്‍ പഠിച്ചിരുന്ന ഷിനോദ് കോതമംഗലം നാഗഞ്ചേരി സ്വദേശിയാണ്. ഐഐടിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയാണ് ഇപ്പോള്‍ ഷിനോദ്. ലിസിയും മകന്‍ അലനും വ്യാജവാര്‍ത്തകളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

"പോലീസുകാര്‍ ഞങ്ങള്‍ സുഹൃത്തുക്കളോട് കാര്യമായൊന്നും പറഞ്ഞിരുന്നില്ല. പകരം എത്ര കാലമായി അലനെയും അമ്മയെയും അറിയാം, എങ്ങനെയാണ് മൃതദേഹങ്ങള്‍ കിടന്ന സ്ഥലത്ത് എത്തുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഞങ്ങളോട് ചോദിക്കുക മാത്രമേ ഉണ്ടായുള്ളൂ. 19ന് ഉച്ചയോടെയാണ് ലിസി ആന്റിയുടെ മരണത്തെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് അലനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടുന്നുണ്ടായിരുന്നില്ല. സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞിരുന്നത്. ഒടുവില്‍ ഫോണ്‍ ഓണ്‍ ആയപ്പോള്‍ റെയില്‍വേ പോലീസ് ആണ് എടുത്തത്. അവര്‍ പറഞ്ഞാണ് അലന്റെ മരണവും അറിഞ്ഞത്." ഷിനോദ് പറഞ്ഞു.

ലിസി ആന്റി ഭര്‍ത്താവ് വില്‍സണ്‍ കെ ജോണിന്റെ ദുരൂഹ മരണം കൊലപാതകമാണ് എന്നു സംശയം പ്രകടിപ്പിച്ച് ഇടുക്കി എസ് പിക്ക് നല്‍കിയ പരാതിയുടെ കോപ്പി ഒക്ടോബര്‍ 15ന് മനോരമയില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് അലന്‍ തനിക്ക് നല്‍കിയതെന്നും ഷിനോദ് അഴിമുഖത്തോട് വ്യക്തമാക്കി. ഈ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നോയെന്ന് അറിയില്ല. എന്നാല്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരാഴ്ച സാവകാശം ചോദിച്ചിരുന്നതായും അലന്‍ തന്നോട് പറഞ്ഞതായി ഷിനോദ് വെളിപ്പെടുത്തി. സെന്റ് സ്റ്റീഫന്‍സില്‍ ഗസ്റ്റ് ലെക്ചര്‍ ആയി ജോലി ചെയ്യുന്നതിനാല്‍ അധികം ലീവ് ഒന്നും ലഭിക്കുമായിരുന്നില്ല. അതിനാലാണ് അലന്‍ സാവകാശം ചോദിച്ചതെന്നും ഷിനോദ് അറിയിച്ചു. അലനും അമ്മയും ഒരു മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നുവെന്നും ഷിനോദ് വെളിപ്പെടുത്തി.

മലയാളത്തില്‍ എഴുതിയ ലിസിയുടെ ഡയറിക്കുറിപ്പ് ഡല്‍ഹിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിഭാഷപ്പെടുത്തിക്കൊടുത്തത് ഷിനോദ് ആയിരുന്നു. ഈ ഡയറിക്കുറിപ്പില്‍ പ്രധാനമായും സുഹൃത്തുക്കള്‍ക്കും സഹായിച്ചവര്‍ക്കും നന്ദി പറയുകയാണ് ചെയ്തിരിക്കുന്നത്. മൂത്തമകനെ അഡ്രസ് ചെയ്ത് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും പറഞ്ഞിരുന്നുവെന്നും ഷിനോദ് വ്യക്തമാക്കി. കൂടാതെ മനോരമ ലേഖകനും മനോരമ പത്രത്തിനും ചാനലിനും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മറ്റ് മാധ്യമങ്ങള്‍ക്കുമെതിരെ കേസെടുക്കണമെന്നും ഡയറിക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടിട്ടുണ്ടെന്ന് ഷിനോദ് വ്യക്തമാക്കി. കൂടാതെ കബോര്‍ഡില്‍ ഇരിക്കുന്ന സ്വര്‍ണം ഉപയോഗിച്ച് തന്റെയും മകന്റെയും അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കണമെന്ന് ഡയറിക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നതായും ഷിനോദ് പറയുന്നു. ആത്മഹത്യ ഇരുവരും ഒത്തൊരുമിച്ചെടുത്ത തീരുമാനമാണെന്നാണ് തനിക്ക് ഈ ഡയറിക്കുറിപ്പില്‍ നിന്നും മനസിലായതെന്നും ഷിനോദ് വ്യക്തമാക്കി. ആ കുറിപ്പില്‍ ലിസിയുടെയും അലന്റെയും മരണത്തെക്കുറിച്ചാണ് പറഞ്ഞിരുന്നതെന്നതിനാലാണ് ഇതെന്നും ഷിനോദ് പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ഇതുസംബന്ധിച്ച ആദ്യ വാര്‍ത്ത വന്നപ്പോള്‍ തന്നെ ഇരുവരും ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഷിനോദ് വെളിപ്പെടുത്തി. അന്നുതന്നെ അലന്‍ ഒരു കത്ത് എഴുതിവച്ചിരുന്നു. താനുള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ നിരന്തരം സംസാരിച്ചാണ് ഇരുവരെയും അതില്‍ നിന്നും പിന്തിരിപ്പിച്ചത്. കേസില്‍ പ്രതി ചേര്‍ക്കപ്പെടുമ്പോള്‍ കോളേജിലെ കുട്ടികള്‍ അറിയുന്നതിനെക്കുറിച്ചും നാട്ടുകാര്‍ തങ്ങളെ തെറ്റിദ്ധരിക്കുന്നതിനേക്കുറിച്ചുമായിരുന്നു ഇരുവരുടെയും ആശങ്ക. ഇതിന് ശേഷമാണ് കേസിനെ കൂടത്തായി കേസുമായി ബന്ധപ്പെടുത്തിയും വാര്‍ത്തകള്‍ വന്നത്. അതോടെ കൂടത്തായി കേസിലെ പ്രതി ജോളി നേരിടുന്ന മാധ്യമവിചാരണയും എല്ലാം ഇവരെ ഭയപ്പെടുത്തിയിരിക്കാമെന്നാണ് കരുതുന്നത്. നിരപരാധികളാണെങ്കിലും നേരിടേണ്ടി വരാന്‍ പോകുന്ന കൊടിയ പീഡനങ്ങളായിരിക്കാം ഇവരെ ഒടുവില്‍ ആത്മഹത്യയിലേക്ക് തന്നെ നയിച്ചതെന്നും കരുതുന്നു.

ലിസി മെയ് 30ന് ഇടുക്കി എസ് പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് പോയത്. തനിക്കും മകനുമെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലിസി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതെന്നാണ് മനോരമയിലും മറുനാടന്‍ മലയാളി അടക്കമുള്ള മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത വന്നത്. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചാണ് ലിസി എസ് പി ഓഫീസില്‍ പരാതി നല്‍കിയിരുന്നത്. എസ്പി ഓഫീസില്‍ നേരിട്ട് നല്‍കിയ പരാതി ജൂണ്‍ നാലിനും ഡിജിപി മുഖേന നല്‍കിയ പരാതി ജൂലൈ നാലിനും തങ്ങളുടെ കൈവശം ലഭിച്ചതായി ഇടുക്കി എസ്പി ഓഫീസ് സ്ഥിരീകരിച്ചു. ഈ പരാതികള്‍ അതാത് ദിവസം തന്നെ തൊടുപുഴ ഡിവൈഎസ്പിക്ക് കൈമാറിയതായും അവര്‍ വ്യക്തമാക്കി. എന്നാല്‍ പരാതികളില്‍ ഹാജരാകാന്‍ ലിസിയോട് ആവശ്യപ്പെട്ടപ്പോള്‍ സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അതിനാല്‍ കേസന്വേഷണം ആരംഭിച്ചിട്ടില്ലെന്നും തൊടുപുഴ ഡിവൈഎസ്പി കെ പി ജോസ് അറിയിച്ചു. വില്‍സണ്‍ ജോണ്‍സണിന്റെ മക്കള്‍ ലിസിയ്ക്കും മകന്‍ അലനുമെതിരെ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതേയുണ്ടായിരുന്നുള്ളൂവെന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി എ ആന്റണി കഴിഞ്ഞ ദിവസം അഴിമുഖത്തോട് പറഞ്ഞത്. ഇത്തരത്തില്‍ പോലീസ് അന്വേഷണം മാത്രം ആരംഭിച്ച കേസില്‍ ആണ് ലിസിയെ കുറ്റവാളിയായി ചിത്രീകരിച്ച് മലയാള മനോരമ പത്രവും ചാനലും ഓണ്‍ലൈനും കുളങ്ങരത്തൊട്ടിയിലെ കൊലപാതകം കൂടത്തായി മോഡലാണെന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയും വാര്‍ത്ത നല്‍കിയതെന്നാണ് ആരോപണം ഉയരുന്നത്.

2018 ഡിസംബര്‍ 31ന് വൈകിട്ടാണ് ജോണിനെ വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം നടക്കുമ്പോള്‍ വീട്ടില്‍ ആരുമില്ലായിരുന്നു. ജോണിന്റെ ആദ്യഭാര്യയിലെ മക്കള്‍ക്കൊപ്പം കോട്ടയം ഭരണങ്ങാനത്തുള്ള ദേവാലയത്തില്‍ പോയിരിക്കുകയായിരുന്നു ലിസി. ജോണിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ ആദ്യം തൊടുപുഴ പോലീസിനെയാണ് സമീപിച്ചത്. തൊടുപുഴ പോലീസിന്റെ അന്വേഷണത്തില്‍ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ സ്വത്തിനായി ലിസി നടത്തിയ സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ആരോപണവുമായി മക്കളും ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ലിസിയും പരാതി നല്‍കിയതോടെ ഹൈക്കോടതി സമഗ്ര അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. രണ്ടാഴ്ച മുമ്പാണ് ഇടുക്കി ഡിവൈഎസ്പി ടി എ ആന്റണിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്.

ഖത്തറില്‍ ക്യൂട്ടെല്‍ കമ്പനിയുടെ ട്രഷറി ഓഫീസറായിരുന്ന ജോണിന്റെ ഭാര്യ വല്‍സമ്മ 11 വര്‍ഷം രോഗബാധിതയായതിനുശേഷം മരിച്ചുവെന്നും ഖത്തറില്‍ നിന്നും മടങ്ങിയെത്തിയ ഇയാള്‍ കോട്ടയം പാമ്പാടി സ്വദേശിയായ ലിസിയെ വിവാഹം കഴിച്ചുവെന്നുമാണ് മനോരമ വാര്‍ത്തയില്‍ പറയുന്നത്. 2014ല്‍ ലിസിയുടെ ആദ്യഭര്‍ത്താവും റിട്ട. സൈനിക ഉദ്യോഗസ്ഥനുമായ സ്റ്റാന്‍ലി മരിച്ചിരുന്നു. ലിസിക്ക് ഈ ബന്ധത്തില്‍ അലനെ കൂടാതെ മറ്റൊരു മകന്‍ കൂടിയുണ്ട്. അലന്‍ ഇടക്കിടെ മങ്ങാട്ടുകവലയിലെ വീട്ടില്‍ എത്തിയിരുന്നതായും മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. ജോണിന്റെ ഒരു മകനെ ലിസിയുടെ നേതൃത്വത്തില്‍ വീട്ടില്‍ നിന്നും പുറത്താക്കിയതായും മക്കളുടെ പരാതിയില്‍ ആരോപിക്കുന്നതായും മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അഴിമുഖം പ്രതിനിധിയോട് പറഞ്ഞത് മറ്റൊന്നാണ്. ജോലിയ്‌ക്കൊന്നും പോകാതിരുന്ന ജോണിന്റെ ഒരു മകനോട് ലിസി ജോലിക്ക് പോകണമെന്ന് ഉപദേശിച്ചിരുന്നു. ഇയാള്‍ ഇതനുസരിച്ച് കുറച്ചുകാലം എറണാകുളത്തുള്ള ബന്ധുവീട്ടിലായിരുന്നുവെന്നാണ് പരാതിക്കാര്‍ തങ്ങളോട് പറഞ്ഞതെന്നാണ് ആന്റണി പറഞ്ഞത്. രണ്ടാം ഭാര്യയുടെ വരവോടെ ജോണുമായി അടുപ്പമുള്ള ജോലിക്കാരെയും സുഹൃത്തുക്കളെയും അകറ്റി നിര്‍ത്തിയെന്നും 565 ദിവസത്തെ ദാമ്പത്യത്തിനിടയില്‍ ജോണിന്റെ കയ്യിലുള്ള 2 കോടി രൂപ രണ്ടാം ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയെന്നും മക്കളുടെ പരാതിയില്‍ പറയുന്നതായും മനോരമ ന്യൂസിലുണ്ട്. ഇത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരോട് ആവശ്യപ്പെട്ടിരുന്നെന്നും അതുമായി ഈയാഴ്ച അവര്‍ സ്റ്റേഷനിലെത്താമെന്നാണ് അറിയിച്ചിരുന്നതെന്നും ഡിവൈഎസ്പി ടി എ ആന്റണി അഴിമുഖത്തോട് വ്യക്തമാക്കി.

ലിസിയുടെ സുഹൃത്തെന്ന പേരില്‍ ഒരാള്‍ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നതായാണ് മനോരമ ന്യൂസില്‍ പറയുന്നത്. ജോണിന്റെ മരണത്തോടെ സ്വത്ത് ഭൂരിഭാഗവും കൈവശപ്പെടുത്താന്‍ പാമ്പാടി സ്വദേശി ശ്രമം തുടങ്ങിയെന്നും നിക്ഷേപങ്ങളുടെയും സ്ഥലങ്ങളുടെയും ഉള്‍പ്പെടെയുള്ള രേഖകളുമായാണ് ലിസി ഇവിടെ നിന്നും പോയതെന്നും മക്കളുടെ പരാതിയില്‍ ആരോപിക്കുന്നുണ്ടെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. ഇതിന് പുറമേയാണ് ലിസി സൈലന്റ് പോയിസന്‍ നല്‍കി ജോണിനെ വിഷാദ രോഗിയാക്കുകയും അതിലൂടെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുകയായിരുന്നെന്നും ഇതൊരു കൂടത്തായി മോഡല്‍ കൊലപാതകമാണെന്നും സംശയിക്കുന്ന വിധത്തില്‍ മറുനാടന്‍ മലയാളിയിലും വാര്‍ത്ത വന്നത്. ഈ വാര്‍ത്ത വന്നതിന് തൊട്ടടുത്ത ദിവസം ഇരുവരും ആത്മഹത്യ ചെയ്യുകയും ചെയ്തു. അതേസമയം രണ്ടാഴ്ച മുമ്പ് മാത്രം ആരംഭിച്ച കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലായിരുന്നുവെന്നും പരാതിക്കാരില്‍ നിന്നുള്ള മൊഴി എടുക്കല്‍ മാത്രമാണ് ഇതുവരെ നടന്നതെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കഴിഞ്ഞ ദിവസം അഴിമുഖം പ്രതിനിധിയോട് പറഞ്ഞിരുന്നു. അക്കൗണ്ടില്‍ നിന്നും പണം മാറ്റിയതിന്റെയും വിഷാദരോഗിയായിരുന്ന ജോണിന്റെ ചികിത്സയുടെയും രേഖകളും ഡോക്ടറുടെ മൊഴിയും ശേഖരിക്കേണ്ടതായുണ്ടായിരുന്നു. അതിനായി ലിസിയെയും മകനെയും ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിച്ചിരുന്നില്ല.

അതേസമയം തങ്ങളുടെ ലേഖകന്‍ പരാതിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് വിവാദ റിപ്പോര്‍ട്ടെന്ന് മറുനാടന്‍ മലയാളി ചെയര്‍മാന്‍ ഷാജന്‍ സ്‌കറിയ അറിയിച്ചു. "മലയാള മനോരമ ഈ വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചപ്പോള്‍ ഞങ്ങളുടെ മനോജ് എന്ന ലേഖകന്‍ അതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചു. അലന്‍ സ്റ്റാന്‍ലിക്കെതിരെയും അമ്മ ലിസിക്കെതിരെയും ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നുവെന്നാണ് മനോരമയുടെ വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. ഞങ്ങള്‍ ക്രൈംബ്രാഞ്ചിനെയും പരാതിക്കാരെയും ബന്ധപ്പെട്ടു. മരിച്ച ജോണ്‍ വില്‍സണിന്റെ ആദ്യ ഭാര്യയിലെ മക്കളാണ് പരാതിക്കാര്‍." തങ്ങളുടെ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നൂറ്റിയൊന്ന് ശതമാനവും വസ്തുതകളാണെന്നും ഷാജന്‍ അവകാശപ്പെടുന്നു. പരാതിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വച്ചാണ് വാര്‍ത്ത തയ്യാറാക്കിയത്. ആ പരാതിയുടെ കോപ്പി ഞങ്ങളുടെ കൈവശമുണ്ട്. ജോണ്‍ വില്‍സണിന്റെ മക്കള്‍ ലിസിക്കും മകനുമെതിരെ പരാതി നല്‍കിയപ്പോള്‍ അത് ക്ലോസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലിസിയും മകനും ഹൈക്കോടതിയില്‍ പോയി. എന്നാല്‍ ക്ലോസ് ചെയ്യാന്‍ ആകില്ലെന്നും പരാതി ഗുരുതരമാണെന്നും കണ്ടെത്തി കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ക്രൈംബ്രാഞ്ച് കേസെടുക്കുകയായിരുന്നു. ഇതാണ് അവിടെ സംഭവിച്ചത്. ക്രൈംബ്രാഞ്ചിലെ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിയോടും പരാതിക്കാരോടും അവരുടെ അഭിഭാഷകരോടും ഞങ്ങള്‍ സംസാരിച്ചു. ആ പരാതിയിലില്ലാത്തതോ കേസില്‍ ഇല്ലാത്തതോ ആയ ഒരു കാര്യം പോലും ഞങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൂടാതെ തങ്ങളുടെ വാര്‍ത്തയില്‍ ലിസിയ്‌ക്കെതിരായ കേസ് കൂടത്തായി മോഡല്‍ എന്ന് വാര്‍ത്തയില്‍ ചിത്രീകരിച്ചതിനെയും ഷാജന്‍ ന്യായീകരിച്ചു. കൂടത്തായി സംഭവം ഉണ്ടായപ്പോഴാണ് ഈ വാര്‍ത്തയ്ക്ക് പ്രസക്തിയുണ്ടായതെന്നാണ് ഷാജന്‍ പറയുന്നത്. ഒരു ഭാവനയില്‍ നിന്നും രൂപപ്പെട്ട കഥയല്ല, ഈ വാര്‍ത്തയ്ക്കകത്തുള്ള മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും പരാതിയുള്ളതാണ്. ഈ പരാതി ഗൗരവമായെടുക്കേണ്ടതാണെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടതാണ്. ലിസിയും മകനും കുറ്റവാളികളാണെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. പരാതിയില്‍ പറയുന്നുവെന്ന് മാത്രമാണ് വാര്‍ത്തയിലുടനീളം പറയുന്നത്. കൂടത്തായിയെ കുറിച്ച് കേരളത്തിലെ സകല മാധ്യമങ്ങളും വാര്‍ത്തകള്‍ നല്‍കുന്നത് ഏതെങ്കിലും സോഴ്‌സില്‍ നിന്നുള്ളതാണോയെന്നും ഷാജന്‍ ചോദിക്കുന്നു. വാര്‍ത്തകളില്‍ പത്ത് ശതമാനം പോലീസ് പറയുന്നതാണ്. അതുപോലും ആധികാരികമല്ല. ഞങ്ങള്‍ ലിസിക്കെതിരായ മക്കള്‍ കൊടുത്ത പരാതി സ്ഥിരീകരിച്ച ശേഷമാണ് വാര്‍ത്ത കൊടുത്തത്. കൂടത്തായിയിലെ വാര്‍ത്തയാണ് ഇതിനേക്കാള്‍ അമ്പരപ്പിക്കുന്നതായിട്ടുള്ളത്. ലിസിയും മകനും ആത്മഹത്യ ചെയ്തതുകൊണ്ടാണല്ലോ നിങ്ങള്‍ ഈ പറയുന്നത്. കൂടത്തായി കേസിലെ ജോളി എന്ന സ്ത്രീ ജയിലിനകത്താണ്, അവര്‍ക്ക് ആത്മഹത്യ ചെയ്യാന്‍ അവസരമില്ലാത്തതുകൊണ്ടാണ് അവര്‍ അത് ചെയ്യാത്തത്. അവര്‍ക്ക് അവസരമുണ്ടെങ്കില്‍ അവരും ആത്മഹത്യ ചെയ്യുമെന്നും ഷാജന്‍ സ്‌കറിയ പറയുന്നു. അവര്‍ക്കെതിരായ വാര്‍ത്തകള്‍ ഒരു തെളിവുകളുമില്ലാത്തവയാണെന്നും ഷാജന്‍ പറയുന്നു. ഓരോ ദിവസവും ഓരോ കഥകളാണ് പുറത്തുവരുന്നത്. 16 കൊല്ലമായി അടുക്കളയില്‍ സൈനേഡ് സൂക്ഷിക്കുകയായിരുന്നുവെന്ന് പറഞ്ഞ മാധ്യമങ്ങള്‍ ഇപ്പോള്‍ പറയുന്നു കാറിനുള്ളില്‍ സൈനേഡ് സൂക്ഷിക്കുകയായിരുന്നെന്ന്. ഇതിലേതെങ്കിലും വാര്‍ത്തയ്ക്ക് എന്തെങ്കിലുമൊരു തെളിവ് നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും ഷാജന്‍ ചോദിക്കുന്നു. റോജോ എന്നയാളുടെ പരാതിയിലെ കഥകള്‍ മാത്രമാണ് ജോളിക്കെതിരെയുള്ളതെന്നാണ് ഷാജന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ലിസിയ്‌ക്കെതിരെ പരാതിയില്‍ പറഞ്ഞ കാര്യങ്ങളാണ് തങ്ങള്‍ വാര്‍ത്തയാക്കിയതെന്നും അദ്ദേഹം പറയുന്നു.

ഇത്തരമൊരു സംഭവം അറിയുമ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത് പോലീസില്‍ അന്വേഷിക്കുകയെന്നതാണ്. പോലീസില്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു പരാതിയുണ്ടെന്നും ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നും മനസിലായി. കൂടത്തായി മോഡല്‍ എന്ന് വാര്‍ത്തയില്‍ പറഞ്ഞിട്ടുണ്ടാകാം. അതിപ്പോള്‍ കൂടത്തായി വരുമ്പോള്‍ കൂടത്തായി മോഡല്‍ പറയും, സുകുമാരക്കുറുപ്പ് വരുമ്പോള്‍ സുകുമാരക്കുറുപ്പ് മോഡല്‍ എന്നു പറയും സൈനേഡ് സ്വാമിനാഥന്‍ ആണെങ്കില്‍ അത് പറയും. അതിപ്പോള്‍ സ്വാഭാവികമായും വാര്‍ത്തയില്‍ വരുന്നതാണ്. ഈ വാര്‍ത്തയില്‍ ആരുടെയെങ്കിലും ഭാവനയുള്ള കാര്യങ്ങള്‍ ഒന്നും കൊടുത്തിട്ടില്ല. ലിസിയുടെയും മകന്റെയും മരണം നിര്‍ഭാഗ്യകരമാണെന്നും ഷാജന്‍ പറയുന്നു. ഇത്തരം മാധ്യമപ്രവര്‍ത്തനം നടത്തരുതെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും പക്ഷെ അതെല്ലാവര്‍ക്കും ബാധകമാകണമെന്നും അങ്ങനെയെങ്കില്‍ കൂടത്തായിയിലെ മുഴുവന്‍ വാര്‍ത്തകളും ഇല്ലാതാക്കണമെന്നും ഷാജന്‍ കൂട്ടിച്ചേര്‍ത്തു. ഈ വാര്‍ത്തയില്‍ ഏറ്റവും കൂടുതല്‍ ആവേശം കൊള്ളുന്നത് ദേശാഭിമാനിയാണല്ലോ? ആണ്ടൂരിലെ സാജന്റെ ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് അവര്‍ ഒന്നാം പേജില്‍ എട്ട് കൊളം വാര്‍ത്ത കൊടുത്തത് എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിലാണോയെന്നും ഷാജന്‍ ചോദിക്കുന്നു. അപ്പോള്‍ നിങ്ങളൊക്കെയെവിയായിരുന്നെന്ന് ചോദിക്കുന്ന ഷാജന്‍ മറുനാടനെതിരെ പറയുമ്പോള്‍ മറ്റുള്ളവര്‍ സുഖം കണ്ടെത്തുന്നതില്‍ തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും വ്യക്തമാക്കി. അത്തരം സുഖങ്ങളിലൂടെയാണ് തങ്ങള്‍ വളര്‍ന്നതെന്നും അതേസമയം ആ മരണങ്ങളില്‍ പരോക്ഷമായെങ്കിലും തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഷാജന്‍ പറയുന്നു.

അതേസമയം ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നതിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് മനോരമ ഇടുക്കി ബ്യൂറോ ചീഫ് എസ് വി രാജേഷ് പ്രതികരിച്ചു. അത് ഡല്‍ഹി ബ്യൂറോയോട് ചോദിക്കണം. എന്നാല്‍ തങ്ങളുടെ വാര്‍ത്ത ആത്മഹത്യയ്ക്ക് കാരണമായെന്ന ആരോപണത്തോട് പ്രതികരിക്കാന്‍ രാജേഷ് തയ്യാറായില്ല.

Read Also: വ്യാജ മാധ്യമ വാര്‍ത്തയില്‍ മനംനൊന്ത് ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത ലിസി ഭര്‍ത്താവിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു

Read Also: ഡല്‍ഹിയില്‍ മലയാളികളായ അമ്മയുടെയും മകന്റെയും ആത്മഹത്യ; രണ്ടാം ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടെന്ന് ആക്ഷേപം


Next Story

Related Stories