TopTop

ക്ഷുഭിതനായി ചിലമ്പ് കൊണ്ട് അടിക്കാനോങ്ങി, ദൈവത്തിന്റെ പേരില്‍ സദാചാര വിചാരണ, തൃശൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോമരം അറസ്റ്റില്‍

ക്ഷുഭിതനായി ചിലമ്പ് കൊണ്ട് അടിക്കാനോങ്ങി, ദൈവത്തിന്റെ പേരില്‍ സദാചാര വിചാരണ, തൃശൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോമരം അറസ്റ്റില്‍

'എല്ലാവരും അമ്പലത്തില്‍ പോകുന്നത് ജീവിതത്തില്‍ നല്ലതു വരണേയെന്നു പ്രാര്‍ത്ഥിക്കാനല്ലേ? എന്റെ സഹോദരിയും അങ്ങനെയല്ലേ പോയത്, എന്നിട്ടോ? അവളവിടെ വിചാരണ ചെയ്യപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ എല്ലാവരുടെ മുന്നിലും അപമാനിക്കപ്പെട്ടു... ഒരാളുപോലും അവളുടെ കൂടെ നിന്നില്ല...ഒടുവില്‍ എന്റെ പെങ്ങള്‍...' കരച്ചില്‍ അടക്കാനാവാതെയാണ് മണികണ്ഠന്‍ സംസാരിച്ചത്.

സ്വഭാവദൂഷ്യമുണ്ടെന്നാരോപിച്ച് ക്ഷേത്ര ചടങ്ങിനിടയില്‍ കോമരം കെട്ടിയ ആള്‍ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ച് നടത്തിയ അപമാനം താങ്ങാനാകാതെ ആത്മഹത്യ ചെയ്ത തൃശൂര്‍ മണലൂര്‍ സ്വദേശിയായ യുവതിയുടെ സഹോദരനാണ് മണികണ്ഠന്‍. അടുത്ത ബന്ധുവിന്റെ നിര്‍ദേശപ്രകാരം മനഃപൂര്‍വം അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ കോമരം കെട്ടിയ ആള്‍ ഈ യുവതിയുടെ മേല്‍ ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്നാണ് പരാതി. ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ വച്ച് അപമാനിക്കപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ യുവതി രാത്രി ഭര്‍തൃഗൃഹത്തില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ദൈവത്തിന്റെ പേരില്‍ നടന്ന ഈ 'സദാചാര കൊലപാതകത്തിന്' കാരണക്കാരായവര്‍ നിയമപരമായി ശിക്ഷിക്കപ്പെടണമെന്നാണ് യുവതിയുടെ ഭര്‍ത്താവും സഹോദരനും പറയുന്നത്. ഇതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇപ്പോഴിവര്‍. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതിയുടെ ഏറ്റവും അടുത്ത ബന്ധു തന്നെയാണ് ഈ പരാതിയിലെ പ്രധാന പ്രതി. ഇയാളുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ച കോമരം കെട്ടിയ വ്യക്തിയേയും പരാതിയില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി തന്റെ സഹോദരി, ഇപ്പോഴത്തെ പരാതിയില്‍ പ്രധാന പ്രതിയായി പറയുന്ന ജനമിത്രന്‍ എന്ന വ്യക്തി കാരണം ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ നിരന്തരമായി അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് മണികണ്ഠന്‍ അഴിമുഖത്തോട് പറയുന്നത്. പല തവണ താനും സഹോദരിയുടെ ഭര്‍ത്താവും ഈ കാര്യത്തില്‍ ജനമിത്രനെ താക്കീത് ചെയ്തതാണെന്നും പിന്നെയും അപവാദ പ്രചാരണം തുടര്‍ന്ന ഇയാള്‍, ഇപ്പോള്‍ സുഹൃത്തു കൂടിയായ കോമരം തുള്ളുന്ന ശ്രീകാന്ത് എന്നയാളെ ഉപയോഗിച്ച് പൊതുജനമധ്യത്തില്‍ വച്ച് സഹോദരിയെ തെറ്റുകാരിയായി മുദ്ര കുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും മണികണ്ഠന്‍ പറയുന്നു. വിശ്വാസത്തിന്റെ മറ പിടിച്ച് നടത്തിയ ഈ ഹീന തന്ത്രത്തിലാണ് തന്റെ പെങ്ങള്‍ക്ക് ജീവന്‍ അവസാനിപ്പിക്കേണ്ടി വന്നതെന്നാണ് മണികണ്ഠന്‍ പരാതിപ്പെടുന്നത്.

ഈ മാസം 25 ന് മണലൂരിലുള്ള കുടുംബക്ഷേത്രത്തില്‍ നടന്ന ചടങ്ങിനിടിയിലായിരുന്നു കോമരം തുളളിയ ശ്രീകാന്ത്, ക്ഷേത്രത്തില്‍ കൂടിയിരുന്ന മുന്നൂറോളം ആളുകളുടെ മുന്നില്‍ വച്ച് യുവതി തെറ്റുകാരിയാണെന്നും ദേവിയുടെ മുന്നില്‍ തെറ്റ് ഏറ്റു പറഞ്ഞ് മാപ്പ് പറയണമെന്നും കല്‍പ്പന പുറപ്പെടുവിച്ചത്. ഈ സമയം യുവതിക്കൊപ്പം ആറാം ക്ലാസില്‍ പഠിക്കുന്ന മകനും ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗം പേരും യുവതിയുടെയും ഭര്‍ത്താവിന്റെയും ബന്ധുക്കളുമായിരുന്നു. ഇവരെക്കൂടാതെ നാട്ടുകാരായവരും ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സ്വന്തം മകനും ബന്ധുക്കളും നാട്ടുകാരുമെല്ലാം കേള്‍ക്കുന്ന വിധമായിരുന്നു കോമരം തുള്ളിയ ശ്രീകാന്ത് യുവതിയുടെ മേല്‍ സദാചാര കുറ്റങ്ങള്‍ ആരോപിച്ചത്. എന്നാല്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ മാപ്പ് പറയേണ്ട ആവിശ്യമില്ലെന്നുമായിരുന്നു യുവതി മറുപടി പറഞ്ഞത്. ഇതോടെ കോമരം കെട്ടിയ ശ്രീകാന്ത് യുവതിയോട് ക്ഷുഭിതനായി സംസാരിക്കുകയും ചിലമ്പ് കൊണ്ട് അടിക്കാന്‍ ഓങ്ങുകയുമൊക്കെ ചെയ്തൂ. ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന ആരും തന്നെ ഈ പ്രശ്‌നത്തില്‍ ഇടപെടുകയോ യുവതിയെ സംരക്ഷിക്കാന്‍ നോക്കുകയോ ചെയ്തില്ല. അപമാനിതയായ യുവതി ക്ഷേത്രത്തില്‍ നിന്നും അപ്പോള്‍ തന്നെ മടങ്ങി.

നടന്ന കാര്യങ്ങള്‍ വിദേശത്തുള്ള ഭര്‍ത്താവിനെ യുവതി വിളിച്ച് അറിയിച്ചിരുന്നു. ഭര്‍ത്താവ് യുവതിയെ ആശ്വസിപ്പിക്കുകയാണ് ഉണ്ടായത്. എന്നാല്‍ സ്വന്തം മകന്റെ മുന്നില്‍ വച്ചു പോലും തനിക്ക് നേരിടേണ്ടി വന്ന അപമാനം ഉണ്ടാക്കിയ മനോവിഷമം മൂലം പിറ്റേ ദിവസം (ഫെബ്രുവരി 26) രാത്രി യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ സഹോദരിയെ ഇല്ലാത്ത കുറ്റങ്ങള്‍ ആരോപിച്ച് ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതയാക്കുകയായിരുന്നുവെന്നാണ് മണികണ്ഠന്‍ പറയുന്നത്.

'എന്റെ പെങ്ങള്‍ സമാധനപരവും സന്തോഷവുമുള്ള ഒരു കുടുംബ ജീവിതമായിരുന്നു നയിച്ചിരുന്നത്. അവളെ വിവാഹം കഴിച്ചിരിക്കുന്നതും ഞങ്ങളുടെ ബന്ധു തന്നെയാണ്. രണ്ടു മക്കളാണ് അവര്‍ക്കുള്ളത്. എന്നാല്‍, ഒന്നര വര്‍ഷം മുന്‍പ് അവളുടെ എല്ലാ സമാധനവും തല്ലിക്കെടുത്തുകയായിരുന്നു. ഞങ്ങളുടെ അമ്മാവന്റെ മകനായ ജനമിത്രനായിരുന്നു അതിന്റെ പിന്നില്‍. എന്റെ പെങ്ങള്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന തരത്തില്‍ ജനമിത്രന്‍ അപവാദം പറഞ്ഞു പരത്താന്‍ തുടങ്ങി. വീട്ടുകാരോടും ബന്ധുക്കളോടും നാട്ടുകാരോടുമെല്ലാം അയാള്‍ പെങ്ങളെ കുറിച്ച് ഇല്ലാത്ത കഥകള്‍ പറഞ്ഞു. എന്റെ പെങ്ങളെ കുറിച്ച് സുഹൃത്തുക്കളോട് ഫോണില്‍ വിളിച്ച് അപവാദം പറയുന്നതിന്റെ റെക്കോര്‍ഡ് അയാള്‍ തന്നെ പലര്‍ക്കായി അയച്ചു കൊടുത്തു.

കുറച്ചു പേരെയെങ്കിലും ഇക്കാര്യം വിശ്വസിപ്പിച്ചെടുക്കാന്‍ ജനമിത്രനു കഴിഞ്ഞു. ഒരു തെറ്റും ചെയ്യാത്ത ഒരു സ്ത്രീയ്‌ക്കെതിരെയാണ്, അതും സ്വന്തം സഹോദരന്റെ സ്ഥാനത്ത് നില്‍ക്കുന്ന ഒരാള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നോര്‍ക്കണം. ഞങ്ങളോടെല്ലാം അവള്‍ കരഞ്ഞു പറഞ്ഞു, താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന്. അവളെ ഞങ്ങള്‍ക്കെല്ലാം വിശ്വാസവുമായിരുന്നു. അവളുടെ ഭര്‍ത്താവ് ഒരിക്കല്‍ പോലും അവളെ സംശയിച്ചിട്ടില്ല. മാത്രമല്ല, ജനമിത്രനെ ഇതിന്റെ പേരില്‍ പലതവണ പിന്തിരിയാന്‍ ഉപദേശിക്കുകയും താക്കീത് ചെയ്തതുമാണ്. സ്വന്തം കുടുംബത്തില്‍ തന്നെയുള്ള ഒരാളല്ലേ എന്നോര്‍ത്തായിരുന്നു കേസിനും വഴക്കിനുമൊന്നും പോകാതിരുന്നത്.

കുറച്ചു കാലം അയാള്‍ അടങ്ങയിരിക്കുകയായിരുന്നു. എന്നാല്‍ വീണ്ടും എന്റെ പെങ്ങള്‍ക്കെതിരേ അയാള്‍ ആരോപണങ്ങളുമായി വന്നു. താന്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നു വന്നതോടെയാണ് സുഹൃത്തു കൂടിയായ ശ്രീകാന്തിനെ ഉപയോഗിച്ച ഇത്തരത്തിലൊരു തന്ത്രം പ്രയോഗിച്ചത്. കോമരം തുള്ളി പറയുന്ന കാര്യങ്ങള്‍ എല്ലാവരും വിശ്വസിക്കുമല്ലോ. ദൈവത്തിന്റെ പ്രതിരൂപമല്ലേ. അതായിരുന്നു അവരുടെ ബുദ്ധി.

എന്തിനാണ് എന്റെ പെങ്ങളെ ജനമിത്രന്‍ ഇങ്ങനെ ദ്രോഹിച്ചതെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നില്ല. അവന്റെ കൂടി സഹോദരിയല്ലായിരുന്നോ അവള്‍. ഒരുപാട് അവള്‍ സഹിച്ചു. പിടിച്ചു നിന്നു. ഭര്‍ത്താവിന്റെ പിന്തുണയും സ്‌നേഹവും ആയിരുന്നു അവളുടെ കരുത്ത്. അമ്പലത്തില്‍ നടന്ന സംഭവം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. അന്ന് വൈകിട്ട് അവള്‍ അമ്മയെ വിളിച്ച്, എല്ലാവരുടെയും മുന്നില്‍ ഞാന്‍ അപമാനിക്കപ്പെട്ടു എന്നു മാത്രം പറഞ്ഞു. അപ്പോഴും ഇങ്ങനെയൊരു കടുംകൈ അവള്‍ ചെയ്യുമെന്ന് കരുതിയില്ല. അന്നു തന്നെ ഗള്‍ഫിലുള്ള ഭര്‍ത്താവിനെ വിളിച്ച് നടന്നതെല്ലാം അവള്‍ പറഞ്ഞിരുന്നു. വിഷമിക്കാതിരിക്കു എന്നു പറഞ്ഞ് അവളെ ആശ്വസിപ്പിക്കുകയാണ് ഭര്‍ത്താവ് ചെയ്തത്. അപമാനവും വേദനയും സഹിക്കാതെയാരിക്കണം ഒടുവില്‍ അവള്‍ അങ്ങനെയൊരു തീരുമാനം എടുത്തത്. സ്വന്തം മകന്റെ കണ്‍മുന്നില്‍ വച്ചുപോലും അപമാനിക്കപ്പെട്ടപ്പോള്‍ അവളുടെ മനസ് അത്രമേല്‍ വേദനിച്ചു കാണുമല്ലോ?

എത്രയോ മനുഷ്യരവിടെ ഉണ്ടായിരുന്നു. ആരും അന്യരുമായിരുന്നില്ല. അവളെ കുറിച്ച് പറഞ്ഞു നടക്കുന്നതെല്ലാം ഇല്ലാക്കഥകളാണെന്നു വ്യക്തമായി അറിയുന്നവരുമായിരുന്നു അവരെല്ലാം. എന്നിട്ടും ഇത്ര വലിയ അപമാനം അവള്‍ നേരിട്ടിട്ടും ഒരാള്‍ പോലും എന്റെ പെങ്ങളുടെ കൂടെ നില്‍ക്കാന്‍ ഉണ്ടായില്ല. ഒരാളും പോലും ആശ്വാസവാക്ക് പറഞ്ഞില്ല. അതൊക്കെയായിരിക്കും അവളെയും തളര്‍ത്തി കളഞ്ഞത്. സ്വന്തക്കാരുപോലും തന്റെ കൂടി നിന്നല്ലല്ലോ എന്നോര്‍ത്തപ്പോള്‍ തകര്‍ന്നു പോയിക്കാണും.

ജനമിത്രന്‍ ഒന്നൊന്നൊര കൊല്ലമായി തുടരുന്നതാണ് ഈ അപവാദ പ്രചാരണം. എന്റെ സഹോദരിക്ക് നീതി കിട്ടണമെങ്കില്‍, അവളെ കൊലയ്‌ക്കൊടുത്ത ജനമിത്രനും ശ്രീകാന്തും ശിക്ഷക്കപ്പെടണം. ദൈവത്തിന്റെ മുന്നിലല്ല, നിയമത്തിന്റെ മുന്നില്‍ അവര്‍ ശിക്ഷക്കപ്പെടണം. ഇനിയൊരു സ്ത്രീക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. അതിനുവേണ്ടി ഏതറ്റംവരെ പൊരുതേണ്ടി വന്നാലും ഞങ്ങള്‍ പൊരുതും." മണികണ്ഠന്‍ പറയുന്നു.

യുവതിയുടെ ആത്മഹത്യക്ക് പ്രധാന കാരണക്കാരനായ ജനമിത്രന്‍, യുവതിയുടെ ഭര്‍ത്താവിന്റെ പിതൃസഹോദരനുമാണ്. തന്റെ ഭാര്യക്കെതിരേ നടത്തുന്ന അപവാദപ്രചരണങ്ങളുടെ പേരില്‍ പലതവണ താന്‍ ജനമിത്രനെ താക്കീത് ചെയ്തിട്ടുള്ളതാണെന്നും യുവതിയുടെ ഭര്‍ത്താവ് പറയുന്നുണ്ട്. ആ ആവശ്യം ഉന്നയിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട ഡിവൈഎസ്പി, ടൗണ്‍ വെസ്റ്റ് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, അന്തിക്കാട് പൊലീസ് സബ് എന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് യുവതിയുടെ ഭര്‍ത്താവും സഹോദരനും. പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തൃശൂരിൽ വെളിച്ചപ്പാട് ശ്രീകാന്ത് അറസ്റ്റിലായെന്നും പൊലീസ് പറഞ്ഞു. അന്തിക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.Next Story

Related Stories