TopTop
Begin typing your search above and press return to search.

സര്‍ഫാസി നിയമപ്രകാരം കുടിയിറക്കപ്പെടാന്‍ പോകുന്നത് 8370 പേര്‍; തെരഞ്ഞെടുപ്പിന് മുന്‍പേ വന്‍ കര്‍ഷക പ്രക്ഷോഭത്തിനൊരുങ്ങി വയനാട്

സര്‍ഫാസി നിയമപ്രകാരം കുടിയിറക്കപ്പെടാന്‍ പോകുന്നത് 8370 പേര്‍; തെരഞ്ഞെടുപ്പിന് മുന്‍പേ വന്‍ കര്‍ഷക പ്രക്ഷോഭത്തിനൊരുങ്ങി വയനാട്
സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസ്സറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് - മുഴുവന്‍ പേരു പറഞ്ഞാല്‍ അധികമാര്‍ക്കും തിരിച്ചറിയാനാകില്ലെങ്കിലും, കാര്‍ഷിക കേരളത്തിനു മുകളില്‍ അശനിപാതം പോലെ പതിച്ച ഈ കരിനിയമത്തെ മറ്റൊരു ഓമനപ്പേരില്‍ അറിയാത്തവരായി ആരുമില്ല. സര്‍ഫാസി നിയമം എന്ന പേരില്‍ 2002ല്‍ പാസ്സാക്കപ്പെട്ട, ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വായ്പത്തുക തിരികെ ഈടാക്കാന്‍ സവിശേഷാധികാരങ്ങള്‍ നല്‍കുന്ന ഈ നിയമം, നടപ്പിലാക്കപ്പെട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ എത്രയോ പേര്‍ക്ക് കിടപ്പാടമില്ലാതാക്കിയിട്ടുണ്ട്. വന്‍കിട സ്ഥാപനങ്ങള്‍ ബാങ്കുകളില്‍ നിന്നും വലിയ തുകകള്‍ വായ്പകളെടുത്ത് മുങ്ങുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി കൊണ്ടുവന്ന സര്‍ഫാസി നിയമം പക്ഷേ വഴിവെച്ചത്, സാമ്പത്തിക ബാധ്യതകള്‍ കൊണ്ട് വലയുന്ന പാവങ്ങളുടെയും കൃഷിനഷ്ടം കൊണ്ട് ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെയും ആകെയുള്ള ഭൂമികള്‍ തട്ടിയെടുക്കാനുള്ള പദ്ധതികളിലേക്കാണ്. അങ്ങിങ്ങായി പലപ്പോഴും തലപൊക്കിയിട്ടുള്ള സര്‍ഫാസി വിരുദ്ധ സമരങ്ങള്‍ക്കൊടുവില്‍, വലിയ പങ്കാളിത്തത്തോടെയുള്ള സര്‍ഫാസി വിരുദ്ധ നീക്കങ്ങള്‍ക്ക് വഴിയൊരുങ്ങുകയാണ്. അതിനുള്ള ആരംഭം കുറിക്കുന്നതാകട്ടെ, ധാരാളം കര്‍ഷകര്‍ ജപ്തി ഭീഷണിയില്‍ ജീവിക്കുന്ന വയനാട് ജില്ലയിലും.

വ്യവസായികള്‍ വരുത്തിവയ്ക്കുന്ന കിട്ടാക്കടം പിരിച്ചെടുക്കാനായി കൊണ്ടുവന്നിട്ടുള്ള സര്‍ഫാസി നിയമപ്രകാരം, യാതൊരു വിധ കോടതി നടപടികള്‍ക്കോ മറ്റു നീക്കുപോക്കുകള്‍ക്കോ കാത്തുനില്‍ക്കാതെ, വായ്പ നല്‍കിയ ബാങ്കിന് പണയമായി സ്വീകരിച്ച വസ്തു അറ്റാച്ച് ചെയ്യാന്‍ സാധിക്കും. മൂന്നു തവണ ഗഡുക്കള്‍ മുടങ്ങിയാല്‍ സര്‍ഫാസി നോട്ടീസ് അയയ്ക്കാനുള്ള അനുമതിയും നിയമപ്രകാരം ബാങ്കുകള്‍ക്കുണ്ട്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി പലയിടത്തും നടക്കുന്നത് വലിയ പകല്‍ക്കൊള്ളകളാണ്. സര്‍ഫാസി നിയമത്തിനിരയായി വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട സാധാരണക്കാരായ തൊഴിലാളികളും കൂലിപ്പണിക്കാരും ധാരാളമുണ്ട് സംസ്ഥാനത്തുടനീളം. പ്രളയാനന്തരം, അത്തരം കഥകള്‍ ധാരാളം വന്നത് വയനാട്ടില്‍ നിന്നുമായിരുന്നു. കാര്‍ഷികവൃത്തിയിലൂടെ ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന അനവധി പേരുടെ വായ്പ തിരിച്ചടവുകള്‍ മുടങ്ങിപ്പോയി. എല്ലാവരും കുടിയിറക്ക് ഭീഷണിയിലുമായി. വയനാട് ജില്ലയില്‍ മാത്രം ഇത്തരത്തില്‍ 8370 ആളുകളാണ് സര്‍ഫാസി നിയമപ്രകാരം കുടിയിറക്കപ്പെടാന്‍ പോകുന്നതെന്നാണ് കണക്കുകള്‍. തിരുവനന്തപുരത്ത് 1400ഓളവും ഇടുക്കിയില്‍ 808, പാലക്കാട്ട് 606 എന്നിങ്ങനെയും മാത്രമാണ് സര്‍ഫാസി ബാധിത കര്‍ഷകരുടെ എണ്ണമെങ്കിലും വയനാട്ടില്‍ മാത്രം കണക്കുകള്‍ അല്പം സങ്കീര്‍ണമാണ്. ഈ സാഹചര്യത്തില്‍, സര്‍ഫാസിയ്‌ക്കെതിരായ പ്രതിരോധമുണ്ടാകേണ്ടത് വയനാട്ടില്‍ നിന്നു തന്നെയാണെന്ന് തിരിച്ചറിഞ്ഞാണ് ഹരിതസേനയടക്കമുള്ള കര്‍ഷക സംഘടനകള്‍ ഒന്നിച്ചുചേര്‍ന്ന് വലിയൊരു പ്രക്ഷോഭത്തിനു തന്നെ വഴിയൊരുക്കുന്നത്.

എന്തുകൊണ്ട് വയനാട്ടില്‍ സര്‍ഫാസി ഇരകളുടെ എണ്ണത്തില്‍ അളവില്‍ക്കവിഞ്ഞ വര്‍ദ്ധനവ് കാണുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഹരിതസേനയുടെ ജില്ലാ മേധാവിയും കര്‍ഷകനുമായ സുരേന്ദ്രന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്: '2000 മുതല്‍ക്കു തന്നെ കാര്‍ഷികമേഖലയില്‍ പ്രതിസന്ധികള്‍ നേരിടുന്ന ജില്ലയാണ് വയനാട്. 1997-98 കാലങ്ങളില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില കയറുകയും, പിന്നീട് ഘട്ടം ഘട്ടമായി വില കുറഞ്ഞുവരികയായിരുന്നു. നാണ്യവിളകളായ അടയ്ക്ക, കാപ്പി, കുരുമുളക് ഒക്കെയാണ് വയനാട്ടിലെ പ്രധാന കൃഷി. അവയ്‌ക്കൊന്നും വില സ്ഥിരത ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ വര്‍ഷത്തിന്റെ ആരംഭത്തില്‍ 720 രൂപയുണ്ടായിരുന്ന കുരുമുളകിന്റെ ഇപ്പോഴത്തെ വില 310 രൂപയാണ്. അതായത് പകുതിയിലും താഴെ. ഇന്ത്യയില്‍ മറ്റെല്ലായിടത്തും കുരുമുളകിന് വിലയേറുന്ന സാഹചര്യത്തിലും വയനാട്ടില്‍ അതല്ല സ്ഥിതി. ഇതേ അവസ്ഥയാണ് കാപ്പിക്കും. 1997ല്‍ 140 രൂപ വിലയുണ്ടായിരുന്ന കാപ്പിക്ക് ഇന്നത്തെ വില 117 ആണ്. അങ്ങിനെ വരുമ്പോഴാണ് ഇഞ്ചി, ചേമ്പ്, ചേന, വാഴ എന്നിങ്ങനെയുള്ള ഇടക്കാല വിളകളിലേക്ക് കര്‍ഷകര്‍ തിരിയുന്നത്. വെള്ളപ്പൊക്കമൊക്കെ കാരണം അതിന്റെ അവസ്ഥയും കഷ്ടം തന്നെയാണ്. 1997ല്‍ ഇവിടത്തെ കര്‍ഷകര്‍ എടുത്ത ലോണുകളെല്ലാം വിലയിടിവു കാരണം തിരിച്ചടയ്ക്കാന്‍ പറ്റാതെ വന്നിരുന്നു. വര്‍ഷാവര്‍ഷം പലിശയടച്ച് പുതുക്കുന്ന ഒരു രീതിയാണ് പിന്തുടര്‍ന്നു പോയിരുന്നത്. സത്യത്തില്‍ 1997ല്‍ വാങ്ങിച്ച കടം തിരിച്ചടയ്ക്കാന്‍ ഇതുവരെ സാധിക്കാത്തവരാണ് ഇവിടത്തെ കര്‍ഷകര്‍. വയനാട്ടിലെ കര്‍ഷകരില്‍ എണ്‍പതു ശതമാനത്തോളം പേരുടെ വീടിന്റെ ആധാരം ബാങ്കിലാണ്. കേരളത്തിലോ, ഇന്ത്യയില്‍ത്തന്നെയോ മറ്റെവിടെയെങ്കിലും ഇത്രയേറെ കര്‍ഷകര്‍ കടബാധ്യതയനുഭവിക്കുന്നുണ്ടോ?'


ബാങ്കുകളെ കബളിപ്പിക്കുന്ന വ്യവസായികളെ പിടിച്ചു കെട്ടാനാണ് സര്‍ഫാസിയുടെ വരവെങ്കിലും, ഇന്നേവരെ സര്‍ഫാസി നിയമപ്രകാരം കേരളത്തില്‍ ഒരു വ്യവസായിയെയെങ്കിലും പിടികൂടിയിട്ടുള്ളതായി അറിവില്ലെന്നാണ് ഇവരുടെ പക്ഷം. അതു പൂര്‍ണമായും ശരിയാണു താനും. സര്‍ഫാസി ഇന്നോളം ഇരയാക്കിയിട്ടുള്ളത് തിരിച്ചടയ്ക്കാന്‍ കാശില്ലാതെ പട്ടിണി കിടക്കേണ്ടിവരുന്നവരെ മാത്രമാണ്. വ്യവസായികള്‍ എത്ര പണം പറ്റിയാലും അവരെ തൊടാന്‍ ബാങ്കിനും സര്‍ഫാസിക്കും സാധിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. എന്നാല്‍ത്തന്നെയും, കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് കൃഷിഭൂമി സര്‍ഫാസി വഴി ജപ്തി ചെയ്യാനുള്ള നീക്കങ്ങളും തീര്‍ത്തും നിയമവിരുദ്ധമാണ്. കര്‍ഷകരെ കെണിയില്‍ വീഴ്ത്തുന്ന പ്രധാന വഴി, കൃഷിഭൂമി പണയമായി സ്വീകരിച്ച് കാര്‍ഷികേതര വായ്പ നല്‍കുക എന്നതാണ്. കാലക്രമേണ മൂന്ന് ഗഡുക്കള്‍ മുടങ്ങുമ്പോള്‍, സര്‍ഫാസി നോട്ടീസ് അയച്ച് തന്ത്രപൂര്‍വം ജപ്തിയിലേക്കെത്തിക്കുന്നു. എന്നാല്‍, കൃഷിഭൂമി ജപ്തിചെയ്യാനുള്ള വകുപ്പുകള്‍ സര്‍ഫാസിയുടെ പരിധിയിലില്ല എന്നത് അധികമാര്‍ക്കും അറിയില്ല. സര്‍ഫാസി നിയമത്തിന്റെ സെക്ഷന്‍ 30 എച്ച് എന്ന ഉപവകുപ്പില്‍ കൃഷിഭൂമി ജപ്തി ചെയ്യരുതെന്ന് കൃത്യമായി അനുശാസിച്ചിട്ടുണ്ട്. ഈ നിയമത്തെ മറികടന്നാണ് വയനാട്ടില്‍ നടക്കുന്ന മിക്ക ജപ്തി ഭീഷണികളും.
'ഭൂമി പണയം വച്ച് ബാങ്കുകള്‍ ലോണ്‍ തരുന്നത് വിളയ്ക്കാണ്. അറുപതും എണ്‍പതും ലക്ഷം രൂപ വിലവരുന്ന ഏക്കറുകണക്കിന് സ്ഥലം പണയം വയ്ക്കുമ്പോള്‍ രണ്ടോ മൂന്നോ ലക്ഷം രൂപയാണ് ലോണായി കിട്ടുന്നത്. ആ സ്ഥലത്തെ വിളകള്‍ക്കാണ് ഈ ലോണ്‍. ആവശ്യം അതിലുമധികമായാല്‍ കൃഷിഭൂമി തന്നെ പണയമായെടുത്ത് കാര്‍ഷികേതര വായ്പ നല്‍കും ആ ഭൂമിയിലാണ് സര്‍ഫാസി നിയമം നടപ്പാക്കുന്നത്. കര്‍ഷകര്‍ക്ക് കേസുകൊടുക്കാനുമാകില്ല. ഒരു സുപ്രഭാതത്തിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ജപ്തി ചെയ്യാനാളെത്തുക. ഇങ്ങനെ അറ്റാച്ച് ചെയ്യുന്ന കൃഷിഭൂമികള്‍ പിന്നീട് മാഫിയകള്‍ക്ക് മറിച്ചുവില്‍ക്കുകയാണ് പതിവ്. ഉപജീവനമാര്‍ഗ്ഗമായ ഭൂമി ജപ്തി ചെയ്യരുതെന്ന് സിവില്‍ നിയമത്തിലും പറയുന്നുണ്ട്. പിന്നെയെങ്ങനെയാണ് ജില്ലയില്‍ എണ്ണായിരത്തിലധികം കര്‍ഷകര്‍ സര്‍ഫാസി ഭീഷണിയിലാകുന്നത്?'


ആദ്യമായി സര്‍ഫാസി നിയമത്തിന്റെ ഇരകളെ ഒന്നിച്ചു കൊണ്ടുവന്ന് ഒരു ബൃഹത്തായ നീക്കത്തിനുള്ള തയ്യാറെടുപ്പിലാണ് വയനാട്ടിലെ കര്‍ഷക സംഘടനകള്‍. സര്‍ഫാസി നിയമത്തിലെ പോരായ്മകള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി ഏപ്രില്‍ മൂന്നിന് സര്‍ഫാസി വിമോചനയാത്രയും ലീഡ് ബാങ്ക് ധര്‍ണയും നടത്തുകയാണ് കര്‍ഷകമഹാസഖ്യത്തിലെ വിവിധ സംഘടനകള്‍. കര്‍ഷകരോട് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, കര്‍ഷകര്‍ക്കുമേല്‍ സര്‍ഫാസി ചുമത്തുന്നതിനെതിരായ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പു പ്രകടനപത്രികകളില്‍ ഉള്‍പ്പെടുത്താനും ഇവര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

സര്‍ഫാസി നിയമത്തിനെതിരായി ആദ്യം മുതല്‍ക്കുതന്നെ ശബ്ദമുയര്‍ത്തിയിരുന്ന കര്‍ഷക സംഘടനകള്‍ ഇത്ര സജീവമായി സമരരംഗത്തേക്കിറങ്ങിയത് കഴിഞ്ഞ മാര്‍ച്ച് 21ന് പനമരത്തുണ്ടായ ഒരു ജപ്തി നടപടിയെത്തുടര്‍ന്നാണ്. സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്ന അവസരമായിരുന്നിട്ടുകൂടി, പനമരം അഞ്ചുകുന്നിലെ കര്‍ഷകനായ പ്രമോദിന്റെ വീട് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ ജപ്തി ചെയ്ത് സീല്‍ വച്ചിരുന്നു. എല്ലാ അര്‍ത്ഥത്തിലും നിയമവിരുദ്ധമായി നടന്ന ജപ്തിയായതിനാലും, ജപ്തി ഭീഷണികളെക്കടന്ന് വയനാട്ടില്‍ കര്‍ഷകരുടെയിടയില്‍ ഉണ്ടായ ആദ്യത്തെ ജപ്തിയെന്ന് കണക്കാക്കപ്പെടുന്നതിനാലും, പ്രമോദിനെ സഹായിക്കാന്‍ സംഘടനകള്‍ ഓടിയെത്തി. ഹരിതസേനയുടെ ജില്ലാ നേതാവ് സുരേന്ദ്രനാണ് ബാങ്കുകാര്‍ സീലു വച്ച വീടിന്റെ പൂട്ടുപൊളിച്ച് പ്രമോദിനെയും കുടുംബത്തെയും അകത്തു കയറ്റുന്നത്.

2015ലാണ് കൃഷിഭൂമിയായ അറുപതു സെന്റ് വസ്തുവും അതിലുള്ള വീടും പണയം വച്ച് പ്രമോദ് പതിനഞ്ചു ലക്ഷം രൂപയുടെ ലോണെടുക്കുന്നത്. കാര്‍ഷികേതര വായ്പയായെടുത്ത ലോണ്‍ ആറേഴു മാസം കൃത്യമായി അടച്ചെങ്കിലും, കാര്‍ഷികമേഖലയില്‍ അപ്രതീക്ഷിതമായി വന്ന തകര്‍ച്ചയോടെ മുടങ്ങിപ്പോയി. മൂന്നു മാസത്തിലധികം മുടങ്ങിയപ്പോള്‍ ബാങ്ക് പ്രമോദിന് സര്‍ഫാസി നോട്ടീസാണ് അയച്ചത്. അന്ന് മുടങ്ങിയ അടവ് തിരിച്ചുകെട്ടിയെങ്കിലും, വീണ്ടും അടവുകള്‍ മുടങ്ങി. നോട്ടീസുകളെത്തി. വയനാട്ടിലെ കര്‍ഷകന് കൃഷിയിലെ ലാഭനഷ്ടങ്ങള്‍ പ്രവചനാതീതമായതിനാല്‍ ഇത് തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍, ഒരു ഘട്ടത്തില്‍ സര്‍ഫാസിയുടെ പിന്‍ബലത്തില്‍ ബാങ്ക് ഹൈക്കോടതിയെ സമീപിക്കുകയും, കോടതിയില്‍ ഇതുവരെ അടച്ച തുക കണക്കാക്കാതെ ആദ്യത്തെ പതിനഞ്ചു ലക്ഷത്തിന്റെ ബാധ്യത തന്നെ രേഖാമൂലം കാണിക്കുകയുമാണുണ്ടായത്. ഇക്കാലയളവിനിടയില്‍ പ്രമോദ് അഞ്ചു ലക്ഷത്തി ഇരുപതിനായിരം രൂപയോളം അടച്ചു കഴിഞ്ഞിരുന്നു.

'ബാങ്കുകളുടെ ഏറ്റവും വലിയ തട്ടിപ്പ് ഇതാണ്. ചെറിയ സംഖ്യകളായി നമ്മള്‍ തിരിച്ചടച്ച് ഡ്യൂ ഇവര്‍ കണക്കിലെടുക്കില്ല. എല്ലാ ബാങ്കിലും ഇതുതന്നെയാണ് അവസ്ഥ. മൊത്തം തുക ഒമ്പതു തവണകളായി തിരിച്ചടക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അതായത്, മാസം ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളം രൂപ. ഹൈക്കോടതി വിധി അനുസരിക്കാന്‍ സാമ്പത്തിക ബാധ്യതകള്‍ മൂലം സാധിക്കാതെ വന്നതോടെ, ബാങ്ക് ജപ്തിയിലേക്കു നീങ്ങി. ഇടയ്ക്ക് പ്രളയം വന്നതുകൊണ്ട് സാവകാശം അനുവദിക്കുകയും ചെയ്തു. ആയിടയ്ക്കാണ് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത്. എന്റെ വായ്പയ്ക്ക് ഇത് ബാധകമാണോ എന്നറിയാന്‍ കൃഷി മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍, എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം നിര്‍ബന്ധമാണെന്നും പരാതികളുണ്ടെങ്കില്‍ കലക്ടറെ അറിയിക്കാനുമുള്ള നിര്‍ദ്ദേശമാണ് കിട്ടിയത്. അതനുസരിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതിയും നല്‍കി. ആ പരാതി അവിടെനിന്നും ലീഡ് ബാങ്ക് മാനേജര്‍ക്ക് ഫോര്‍വേഡ് ചെയ്തിരുന്നു. വായ്പയെടുത്ത ബാങ്കിനെ വിവരമറിയിച്ചു, അവിടെനിന്നും മറുപടിയൊന്നും കിട്ടിയില്ലെന്നായിരുന്നു അന്വേഷിക്കുമ്പോഴെല്ലാം മറുപടി കിട്ടിക്കൊണ്ടിരുന്നത്. മാര്‍ച്ച് 21നാണ് അടച്ചിട്ട വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ ജപ്തി നടക്കുന്നത്. വീട്ടില്‍ ആളില്ല, അഞ്ചു മണിക്കേ തിരിച്ചെത്തുള്ളൂ എന്ന് അടുത്ത വീട്ടില്‍ ചോദിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് പതിനൊന്നു മണിയോടെ ബാങ്കില്‍ നിന്നും അധികൃതരെത്തി പൂട്ടുപൊളിച്ചത്. ചുറ്റിക വച്ച് പൂട്ട് അടിച്ചു പൊളിക്കുന്ന ശബ്ദം കേട്ടാണ് പത്തു മീറ്റര്‍ മാത്രം അകലെ താമസിക്കുന്ന എന്റെ അച്ഛന്‍ പുറത്തിറങ്ങി വിവരമന്വേഷിക്കുന്നത്. ഉടമസ്ഥനെ അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന്, ദിവസങ്ങള്‍ക്കു മുന്നേ തന്നെ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞിരുന്നു എന്നായിരുന്നു മറുപടി. എന്നാല്‍, ഇവരാരും എന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലായിരുന്നു. ജപ്തി നടക്കുമ്പോള്‍ ഏകദേശം മുപ്പതു കിലോമീറ്ററോളം ദൂരെയായിരുന്നു ഞാന്‍. വിവരം അറിയിക്കാതെ, കാത്തുനില്‍ക്കാന്‍ തയ്യാറാകാതെയാണ് ഇവര്‍ എന്റെ വീടും സ്ഥലവും ജപ്തി ചെയ്തത്. ജില്ലാ കലക്ടറുടെ ഓഫീസില്‍ ഞാന്‍ അപ്പോള്‍ത്തന്നെ നേരിട്ടു പോയി, വീണ്ടും അപേക്ഷ കൊടുത്തു, അതും കൊണ്ട് ലീഡ് ബാങ്കിലും പോയി. മൊറട്ടോറിയം തങ്ങള്‍ക്ക് ബാധകമല്ലെന്നായിരുന്നു ലീഡ് ബാങ്ക് മാനേജരുടെ വാദം. സര്‍ക്കുലറില്‍ അതങ്ങനെയല്ലല്ലോ എന്നു ഞാന്‍ തിരിച്ചു ചോദ്യം ചെയ്തപ്പോള്‍, നോക്കട്ടെ എന്നു പറഞ്ഞ് തിരിച്ചയച്ചു. മാധ്യമപ്രവര്‍ത്തകരും ഹരിതസേനയും ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും എല്ലാവരും ചേര്‍ന്നാണ് എന്റെ വീട്ടിലെത്തിയത്. പൂട്ടുകള്‍ മൂന്നും സീല്‍ ചെയ്ത നിലയിലായിരുന്നു. ഹരിതസേനക്കാരാണ് പൂട്ടു പൊളിച്ച് എന്നെ അകത്തു കയറ്റി താമസിപ്പിച്ചത്.'
പ്രമോദ് പറയുന്നു.

പിന്നീട് വിവിധ സംഘടനകള്‍ പ്രശ്‌നത്തില്‍ ഇടപെടുകയും, ബാങ്കിനെ പ്രതീകാത്മകമായി ജപ്തി ചെയ്യുകയുമൊക്കെ ചെയ്തിരുന്നു. ബാങ്കില്‍ സംസാരിച്ചപ്പോള്‍, പ്രമോദിനോട് റിക്വസ്റ്റ് ലെറ്ററാണ് പിന്നീട് ആവശ്യപ്പെട്ടത്. ബാങ്കിന്റെ പ്രവൃത്തി നിയമവിരുദ്ധമാണെന്ന് പൂര്‍ണ ബോധ്യമുള്ളതുകൊണ്ട് താനത് ചെയ്തില്ലെന്ന് പ്രമോദ് പറയുന്നു. വിഷയം ചൂണ്ടിക്കാട്ടി ഡി.ആര്‍.ഡി കോടതിയെ പ്രമോദ് സമീപിച്ചിട്ടുണ്ട്. ലോകായുക്തയിലും മനുഷ്യാവകാശ കമ്മീഷനിലും പരാതികള്‍ അയച്ചിട്ടുണ്ട്. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനങ്ങള്‍ അയച്ചു കഴിഞ്ഞു. എം.എല്‍.എ, കലക്ടര്‍, ധനകാര്യവകുപ്പ്, മുഖ്യമന്ത്രി എല്ലാവര്‍ക്കും പരാതികള്‍ പോയിട്ടുണ്ട്. വയനാട് ജില്ലയില്‍ സര്‍ഫാസി ഭീഷണി നേരിടുന്നവരുടെ ഒരു കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രമോദിപ്പോള്‍. ആദ്യം ജില്ലയിലും പിന്നീട് സംസ്ഥാനത്തൊട്ടാകെയും ഇത്തരം സംഗമങ്ങള്‍ നടത്തിയ ശേഷം, കൂട്ടായ ഒരു ശക്തിയായി സര്‍ഫാസി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും, നിര്‍ണായകമായ വിധിന്യായം വാങ്ങിയെടുക്കാനുമുള്ള പദ്ധതിയാണ് പ്രമോദിനുള്ളത്. നിയമവിരുദ്ധമായ നീക്കങ്ങളിലൂടെയും നിയമത്തെ പാടേ വളച്ചൊടിച്ചും കര്‍ഷകരുടെ ജീവിതം നശിപ്പിക്കുന്ന സര്‍ഫാസിക്കെതിരെ സംഘടിതമായ നീക്കങ്ങളാണ് ഇനി വേണ്ടതെന്ന തിരിച്ചറിവിലാണിവര്‍. അധികൃതര്‍ നടപടിയെടുക്കാത്ത സാഹചര്യത്തില്‍ ഇനി തങ്ങള്‍ തന്നെ മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും, വിഷയത്തില്‍ കോടതി ഇടപെട്ടാല്‍ ബാങ്കിന്റെ ബ്രാഞ്ച് ഫ്രീസ് ചെയ്യുമെന്നും പ്രമോദ് പറയുന്നു. ഒരു ബ്രാഞ്ചെങ്കിലും ഫ്രീസ് ചെയ്താല്‍ അതു കര്‍ഷകരുടെ വിജയമാണെന്നാണ് പ്രമോദിന്റെ പക്ഷം.

സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികളോടു മാത്രമല്ല, വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായെത്തുന്ന രാഹുല്‍ ഗാന്ധിയോടും കര്‍ഷക സംഘടനകള്‍ക്ക് ആവശ്യപ്പെടാനുള്ളതിതാണ്. കര്‍ഷകരുടെ സര്‍ഫാസി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണും എന്ന വാഗ്ദാനം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് രാഹുല്‍ അടക്കമുള്ളവരോട് പറയാനുള്ളതെന്ന് ഹരിതസേന പ്രസ്താവിച്ചു കഴിഞ്ഞു. ജില്ലയില്‍ വലിയൊരു പ്രതിരോധമായി ഉയര്‍ന്നുവരുന്ന സര്‍ഫാസി വിരുദ്ധ സമരമുന്നണിക്ക് നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്താനാകുമോ എന്നതാണ് കര്‍ഷകര്‍ ഉറ്റുനോക്കുന്ന ചോദ്യം.

Next Story

Related Stories