Top

കൊലപാതക രാഷ്ട്രീയം ചോരചിന്തിയ നാട്ടിടവഴികളുള്ള വടകര/ മണ്ഡലങ്ങളിലൂടെ ഒരു യാത്ര

കൊലപാതക രാഷ്ട്രീയം ചോരചിന്തിയ നാട്ടിടവഴികളുള്ള വടകര/ മണ്ഡലങ്ങളിലൂടെ ഒരു യാത്ര
വടക്കന്‍ പാട്ടുകളിലൂടെ അമരത്വം നേടിയ വീരന്മാരുടെ നാട് കടത്തനാട്, ഇന്നത്തെ വടകര. നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ പോരാടിയ, തെയ്യത്തിനും തിറയ്ക്കും കൃഷിക്കുമെല്ലാം പേരുകേട്ട നാട്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വിളനിലം. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ട. കേരളത്തിലെ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ ഈറ്റില്ലങ്ങളില്‍പ്പെടുന്ന ഒഞ്ചിയവും തലശ്ശേരിയും കൂത്തുപറമ്പും ഉള്‍കൊള്ളുന്ന മണ്ഡലം. സി.പി.എമ്മിലെ പടലപ്പിണക്കങ്ങളും, ആര്‍.എം.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഉദയവും, ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമൊക്കെയാണ് വടകര ലോക്‌സഭാ മണ്ഡലത്തെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ശ്രദ്ധേയമാക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി, കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് വടകര ലോക്‌സഭാ മണ്ഡലം. 1957-ല്‍ മണ്ഡലം രൂപീകരിച്ച നാള്‍ മുതല്‍ വടകരക്ക് ഇടതു മുന്നണിയോടായിരുന്നു കൂടുതല്‍ ചായ്‌വ്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കെ. വി. മേനോനാണ് ആദ്യമായി പാര്‍ലമെന്റില്‍ എത്തിയത്. 1962-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥി എ. വി. രാഘവന്‍. 67-ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കെ. വി. മേനോന്‍. പിന്നീടങ്ങോട് കെ. പി. ഉണ്ണികൃഷ്ണന്റെ കാലമായിരുന്നു. പല പല പാര്‍ട്ടിളുടെ പിന്തുണയോടെ ആറു തവണ അദ്ദേഹം വടകരയെ പ്രതിനിധീകരിച്ചു ലോക്‌സഭയിലെത്തി. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം കോണ്‍ഗ്രസ് വിമതാനായി മത്സരിച്ചു വിജയിച്ചു. പിന്നീട് കോണ്‍ഗ്രസ് എസ്സിലൂടെ എല്‍.ഡി.എഫിനു വേണ്ടി കളത്തിലിറങ്ങി വിജയക്കൊടി പാറിച്ചു. എന്നാല്‍ 1996-ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയ ഉണ്ണികൃഷ്ണന് ഒ. ഭരതനു മുന്നില്‍ കാലിടറി. പിന്നീട് നടന്ന മൂന്ന് തെരെഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിനൊപ്പമായിരുന്നു ജനമനസ്സ്.

2004-ല്‍ സിപിഎമ്മിന്റെ പി സതീദേവി ഒരുലക്ഷത്തി മുപ്പതിനായിരത്തോളം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമായിരുന്നു വടകര. ഇടതുപക്ഷത്തിന്റെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് തടയിട്ടുകൊണ്ട് 2009-ല്‍ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറുപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടി മണ്ഡലത്തെ യുഡിഎഫ് പാളയത്തിലെത്തിച്ചു. ടി. പി ചന്ദ്രശേഖരന്‍ സി.പി.എം വിട്ട് ആര്‍. എം. പി. രൂപീകരിച്ച് മത്സരിച്ചതും, വിരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി എല്‍.ഡി.എഫ് മുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചെക്കേറിയതുമായിരുന്നു അക്കാലത്തെ പ്രധാന രാഷ്ട്രീയ സാഹചര്യം.

ടി.പി വധത്തിനു ശേഷം നടന്ന 2014-ലെ തെരഞ്ഞെടുപ്പിലും മുല്ലപ്പള്ളിതന്നെ വിജയിച്ചു. നേരിയ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയതെങ്കിലും സി.പിഎമ്മിന് അത് കനത്ത പ്രഹരമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ എന്തുവിലകൊടുത്തും മണ്ഡലം തിരിച്ചുപിടിക്കുകയെന്നത് സി.പിഎമ്മിന്റെയും, നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന്റെയും ആവശ്യമാണ്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റ്യാടി ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളെല്ലാം ഇടതുപക്ഷത്തിനൊപ്പമാണ് നിന്നത്. മാത്രവുമല്ല, നേരത്തെ യു.ഡി.എഫ് പക്ഷത്തുണ്ടായിരുന്ന എം. പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്താന്ത്രിക് ദള്‍ ഇപ്പോള്‍ എല്‍.ഡി.എഫിന്റെ ഭാഗമാണ്. സോഷ്യലിസ്റ്റ് വോട്ടുകളുടെ ഏകീകരണം കൂടിയാണത്. സി.പി.എമ്മിലെ വിഭാഗീയതയും ഇല്ലാതായി. അതുകൊണ്ട് ശക്തനായ ഒരു സ്ഥാനാര്‍ഥി വന്നാല്‍ അനായാസമായി ജയിച്ചു കയറാമെന്ന് ഇടതുപക്ഷ മുന്നണി കണക്കുകൂട്ടുന്നു. എന്നാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇനിയൊരു അങ്കത്തിനില്ല എന്ന് പ്രഖ്യാപിച്ചതോടെ യു.ഡി.എഫിന്റെ നില കൂടുതല്‍ പരുങ്ങലിലാകും. രണ്ടുതവണ അദ്ദേഹം വിജയിച്ചതിനു പിന്നില്‍ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം വലിയൊരു ഘടകമായിരുന്നു. മുല്ലപ്പള്ളിക്ക് പകരം വയ്ക്കാന്‍ കോണ്‍ഗ്രസിന് വടക്കേ മലബാറില്‍ മറ്റൊരു നേതാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ബി.ജെ.പിക്ക് വലിയ പ്രതീക്ഷയ്‌ക്കൊന്നും വകയില്ലാത്ത മണ്ഡലമാണ് വടകര. എന്നാല്‍, ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ. കെ. രമ നേതൃത്വം നല്‍കുന്ന റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി, എം. പി. വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് ദള്‍, മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് എന്നീ ചെറു രാഷ്ട്രീയ കക്ഷികള്‍ക്ക് വടകര മണ്ഡലത്തില്‍ സ്വാധീനമുണ്ട്. ഇവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ അന്തിമ വിധിയെ സ്വാധീനിക്കും.

കൊലപാതക രാഷ്ട്രീയം ചോര ചിന്തിയ നാട്ടിടവഴികളുള്ള മണ്ഡലമാണ് വടകര. അറുംകൊലയുടെ ഉള്ളുപൊള്ളുന്ന കഥകള്‍ നാദാപുരം തലശ്ശേരി കൂത്തുപറമ്പ് തുടങ്ങിയ പ്രദേശങ്ങള്‍ക്ക് ഏറെ പറയുവാനുണ്ട്. മുന്‍കാലങ്ങളിലെന്നപോലെ ഇത്തവണയും അത് പ്രധാന ചര്‍ച്ചാ വിഷയമാകും. ഒപ്പം, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും. 'വിഷന്‍ വടകര 2025' എന്ന പേരില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയുടെ വികസനത്തിനായി സമഗ്രമായൊരു പദ്ധതി തയ്യാറാക്കിയിരുന്നു. ഒരുപാട് കൊട്ടിഘോഷിച്ച് പ്രചരണം നടത്തി തയ്യാറാക്കിയ ആ പദ്ധതി എത്രത്തോളം നടപ്പാക്കിയെന്ന് അദ്ദേഹം വിശദീകരിക്കേണ്ടിവരും. നാളികേര സംഭരണം, ഹാര്‍ബര്‍ വികസനം, റെയില്‍വേ സ്റ്റേഷന്‍ വികസനം, പരമ്പരാഗത ആയോധന കലകള്‍ക്കായുള്ള പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയെല്ലാം മുല്ലപ്പള്ളി നല്‍കിയ വാഗ്ദാനങ്ങളായിരുന്നു. വടകര ലോക്‌സഭാ മണ്ഡലത്തിലെ പരമ്പരാഗത കാര്‍ഷിക മേഖലയിലടക്കം അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടതു-വലതു മുന്നണികള്‍ എന്താല്ലം ചെയ്തുവെന്ന് ഈ തെരഞ്ഞെടുപ്പുകാലത്തും ചര്‍ച്ചയാകും.

Next Story

Related Stories