UPDATES

ശീലാവതി ഇന്നില്ല, പക്ഷേ, ആ അമ്മയുടെ ചോദ്യം ഇപ്പൊഴും മുഴങ്ങുന്നുണ്ട്; “ഞാന്‍ മരിച്ചാല്‍ അവളെന്തു ചെയ്യും?”

എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുടുംബങ്ങളുടെ സ്വയംപര്യാപ്തമായ ഒരു ഗ്രാമമാണ് തങ്ങള്‍ വിഭാവനം ചെയ്യുന്നതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി-ഭാഗം 3

ശ്രീഷ്മ

ശ്രീഷ്മ

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരുടെദുരിതങ്ങള്‍ക്ക് അറുതിയില്ല. ഒരു പരിധി വരെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്ന പ്രതീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്താണ് ഇപ്പോള്‍ ഈ ഇരകളുടെ അവസ്ഥയെന്ന് അന്വേഷിക്കുകയാണ് അഴിമുഖം. അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ശ്രീഷ്മ തയ്യാറാക്കിയ റിപ്പോര്‍ട്ട്. (ആദ്യ ഭാഗങ്ങള്‍ വായിക്കാം-ഭരണപക്ഷവുമില്ല, പ്രതിപക്ഷവുമില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതം തുടരുന്നു, മന്ത്രിമാരുടെയും നേതാക്കളുടെയും ചികിത്സയുടെ കാര്യം വരുമ്പോള്‍ ഈ കാശിന്റെ പ്രശ്‌നമില്ലല്ലോ?)

ബാലാവകാശ കമ്മീഷന്റെ കണക്കിലില്ലാത്തവര്‍

‘ഈ കുട്ടികള്‍ക്കു വേണ്ടിയുള്ള സമരമാണ്. ഇവരെ കാണാതെ നിങ്ങള്‍ക്കെങ്ങിനെ ഇവരുടെ അവസ്ഥ മനസ്സിലാക്കാനാകും? ഇനി അമ്മമാരുടെ സമരത്തിന് അമ്മമാര്‍ മാത്രം ഇറങ്ങിയാല്‍ മതിയെന്നാണെങ്കില്‍, ഞങ്ങള്‍ വീട്ടിലില്ലാത്ത സമയത്ത് ഈ കുട്ടികളെ ആരാണ് നോക്കുക? ഇവര്‍ക്ക് ദോഷം വരുന്നതൊന്നും ചെയ്യാന്‍ അമ്മമാര്‍ മുതിരില്ല. ഞങ്ങള്‍ ചെയ്യുന്നതല്ല, അവരെല്ലാം ചെയ്യുന്നതാണ് ശരിക്കും ഉപദ്രവം എന്ന് എന്നാണ് അവര്‍ക്കു മനസ്സിലാകുക?’ പറയുന്നത് ദുരിത ബാധിതരായ കുട്ടികളുടെ അമ്മമാരാണ്. എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരായി തിരിഞ്ഞിരിക്കുകയാണ് ബാലാവകാശ കമ്മീഷനെന്നും, ഇക്കാര്യത്തിലല്ല മറിച്ച് ഇതിലും പ്രധാനപ്പെട്ട മറ്റു വിഷയങ്ങളിലാണ് കമ്മീഷന്റെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ടതെന്നുമാണ് ഇവരുടെ പക്ഷം.

കുട്ടികളെ സമരത്തിനു കൊണ്ടുവരുന്നത് ഗുരുതരമായ ബാലാവകാശപ്രശ്‌നമാണെന്നും അവരെ പങ്കെടുപ്പിക്കാതുള്ള പ്രതിഷേധങ്ങള്‍ മാത്രമേ നടത്താവൂ എന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. എന്നാല്‍, ഈ കുട്ടികളെ പുറത്തു പോലും കൊണ്ടുവരാതെ നാലു ചുവരുകള്‍ക്കുള്ളില്‍ അടച്ചിടണമെന്നാണോ കമ്മീഷന്‍ പറയുന്നതെന്നും ഇവരെ കണ്ടില്ലായിരുന്നെങ്കില്‍ കാസര്‍കോട്ടെ അവസ്ഥ ഇത്രമേല്‍ ഭീകരമാണെന്ന് പൊതുസമൂഹം തിരിച്ചറിയുമായിരുന്നോ എന്നുമാണ് അമ്മമാര്‍ക്കു ചോദിക്കാനുള്ളത്. അവകാശപ്രശ്‌നം ഉയര്‍ത്തി തങ്ങളെ തടയാനല്ലാതെ കുട്ടികള്‍ക്ക് അര്‍ഹമായ സഹായങ്ങള്‍ എത്തിക്കാന്‍ ഇടപെടാത്ത കമ്മീഷനെ എന്തിനു വിലവയ്ക്കണമെന്ന ചോദ്യം സാമൂഹിക പ്രവര്‍ത്തകരും ഉയര്‍ത്തുന്നുണ്ട്.

എന്നാല്‍, അമ്മമാരുടേയും പ്രവര്‍ത്തകരുടേയും ആരോപണങ്ങള്‍ പാടേ നിഷേധിക്കുന്നതായിരുന്നു ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സുരേഷിന്റെ പ്രതികരണം. ‘അങ്ങിനെയൊരു നിര്‍ദ്ദേശം കൊടുത്തിട്ടില്ല. സംഘര്‍ഷമേഖലയില്‍ സമരം ചെയ്യുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുതെന്നു നിര്‍ദ്ദേശിക്കാറുണ്ട്, അതിപ്പോള്‍ മാതാപിതാക്കളായാലും കേസെടുക്കാന്‍ വകുപ്പുകളുമുണ്ട്. പക്ഷേ എന്‍ഡോസള്‍ഫാന്‍ സമരങ്ങള്‍ അത്തരത്തില്‍ ലാത്തിച്ചാര്‍ജോ മറ്റോ ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നല്ലല്ലോ. ന്യായമായ ആവശ്യങ്ങള്‍ക്ക് സമരം ചെയ്യാം. അതിനെ എതിര്‍ത്തു കൊണ്ടുള്ള നീക്കങ്ങളൊന്നും ഞങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല.’

ഇവിടെയുള്ള കുട്ടികള്‍ക്കായി എന്തെങ്കിലും ചെയ്യുന്നതില്‍ ബാലാവകാശ കമ്മീഷന്‍ വലിയ പരാജയമാണെന്ന പരാതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാകട്ടെ, ‘ബാലാവകാശ കമ്മീഷന് ധാരാളം പ്രവര്‍ത്തിക്കാനുള്ള മേഖലയാണ് എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങള്‍. കുട്ടികളുടെ ആവശ്യം മുന്നോട്ടുവയ്ക്കുകയാണെങ്കില്‍ ബാലാവകാശ കമ്മീഷന് എന്തു ചെയ്യാന്‍ സാധിക്കും എന്നാലോചിക്കാം’ എന്നായിരുന്നു ചെയര്‍മാന്റെ മറുപടി. കഠിനമായ വെല്ലുവിളികള്‍ നേരിടുന്ന തങ്ങളുടെ കുട്ടികള്‍ ബാലാവകാശ കമ്മീഷന്റെ നിര്‍വചനങ്ങള്‍ക്കു പുറത്താണോ എന്ന അമ്മമാരുടെ ചോദ്യം അസ്ഥാനത്തല്ലെന്നു പറയേണ്ടിവരും.

ബഡ്‌സ് സ്‌കൂളുകള്‍: അവകാശ ലംഘനത്തിന്റെ മറ്റൊരദ്ധ്യായം

ദുരിത ബാധിത മേഖലകളിലെ കുട്ടികള്‍ക്കായി വിഭാവനം ചെയ്യപ്പെട്ട പദ്ധതികളില്‍ ഏറ്റവും പ്രധാനമായ ഒന്നായിരുന്നു കാസര്‍കോട്ടെ ബഡ്‌സ് സ്‌കൂളുകള്‍. ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള സര്‍ക്കാരിന്റെ ബഡ്‌സ് സ്‌കൂളുകള്‍, കാസര്‍കോട്ടെ ദുരിത ബാധിരായ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാനും പഠിപ്പിക്കാനുമുള്ള വഴിയാണ് തുറന്നിരുന്നത്. കാര്യമായി കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച ബഡ്‌സ് സ്‌കൂളുകളുടെ ഇന്നത്തെ അവസ്ഥ പരിശോധിച്ചാല്‍ മതിയാകും, കുട്ടികളോടുള്ള അവഗണനയുടെ ആഴമളക്കാന്‍.

ഏഴ് ബഡ്‌സ് സ്‌കൂളുകള്‍ പുതിയതായി ജില്ലയില്‍ പ്രഖ്യാപിച്ചതില്‍ ഒരെണ്ണം മാത്രമാണ് നിലവില്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. വേണ്ടത്ര ഫണ്ടുകളുണ്ടായിട്ടും സ്‌കൂളുകളുടെ പ്രവര്‍ത്തനമാരംഭിക്കാത്തതിനു കാരണം ‘ഈ കുട്ടികള്‍ക്ക് ഇതു മതി’ എന്ന ചിന്തയല്ലെങ്കില്‍ മറ്റെന്താണെന്ന് ചോദിക്കുന്നു മുനീസ. പഞ്ചായത്ത്, കുടുംബശ്രീ, സാമൂഹിക നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. നബാര്‍ഡിന്റെ ധനവിഹിതമടക്കം ലഭിച്ചിട്ടും പെരിയയിലെ സ്‌കൂള്‍ മാത്രമാണ് നിലവില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നത്. മുളിയാറിലെയും കാറടുക്കയിലെയും സ്‌കൂളുകള്‍ പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം കാത്തു കിടക്കുന്നു.

ബഡ്‌സ് സ്‌കൂളുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് അംബികാസുതന്‍ മാഷ് പറയുന്നതിതാണ്: ‘ഏഴു ബഡ്‌സ് സ്‌കൂളുകളാണ് കാസര്‍കോട് ജില്ലയിലുള്ളത്. ഈ സ്‌കൂളുകള്‍ക്കെല്ലാം നബാഡിന്റെ ഒന്നരക്കോടി രൂപ വീതം ലഭിച്ചത് ഏതാണ്ട് ആറു വര്‍ഷം മുന്നെയാണ്. കാലമിത്രയായിട്ടും ഒരൊറ്റ ബഡ്‌സ് സ്‌കൂള്‍ മാത്രമാണ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിച്ചിട്ടുള്ളത്. മലയാള മനോരമയില്‍ വന്ന വാര്‍ത്താ പരമ്പരയെത്തുടര്‍ന്ന് സമാഹരിച്ച ഒന്നരക്കോടി രൂപയാണ് പെരിയ സ്‌കൂളിന്റെ പണി പൂര്‍ത്തിയാകാനുള്ള കാരണം. മനോരമക്കാര്‍ ആ തുക ചെലവഴിച്ച് സര്‍ക്കാരിന്റെ സഹായത്തോടെ മുന്നിട്ടിറങ്ങിയതോടെ ആ സ്‌കൂള്‍ മാത്രം നേരെയായി. അവരുടെ ആവേശം കൊണ്ടു മാത്രമാണ് ഒരു സ്‌കൂളെങ്കിലും പൂര്‍ത്തിയായത്. മറ്റു സ്‌കൂളുകളൊന്നും ഇതുവരെ പൂര്‍ണമായും പ്രവര്‍ത്തന യോഗ്യമായിട്ടില്ല എന്നു പറയേണ്ടിവരും.

പഞ്ചായത്തിന്റെ കീഴിലാണ് അതാതു സ്ഥലങ്ങളില്‍ ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക. പരിമിതമായ സാഹചര്യത്തിലും വാടകക്കെട്ടിടത്തിലുമൊക്കെയാണ് നിലവില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ആസ്ബറ്റോസ് ഷീറ്റിന്റെ കീഴിലിരുന്നു പഠിക്കുന്ന കുട്ടികള്‍ പോലുമുണ്ട്. മിക്ക സ്ഥലത്തും യൂറോപ്യന്‍ ക്ലോസറ്റില്ല. ഒന്നരക്കോടി രൂപ വീതം ഫണ്ടുണ്ടായിട്ടും എന്തുകൊണ്ടാണ് ഈ സ്‌കൂളുകള്‍ ഇപ്പോഴും ഈയവസ്ഥയില്‍ നിലനില്‍ക്കുന്നത്? ചില സ്‌കൂളുകളില്‍ കെട്ടിടങ്ങള്‍ രണ്ടു വര്‍ഷം മുന്നേ കെട്ടിയിട്ടും പ്രവര്‍ത്തനമാരംഭിക്കാത്തതെന്താണ്? ദുരന്തബാധിതരോട് ഭരണകൂടത്തിന് ഒരുകാലത്തും താല്‍പര്യമുണ്ടായിട്ടില്ല. അവര്‍ മരിച്ചു മരിച്ചു തീരട്ടെ എന്നാണ് അവരിപ്പോഴും ആഗ്രഹിക്കുന്നത്.’

പുനരധിവാസത്തിന്റെ ആദ്യ പടി എന്നു തന്നെ പറയാവുന്ന പദ്ധതിയാണ് ബഡ്‌സ് സ്‌കൂളെന്ന് കുഞ്ഞികൃഷ്ണന്‍ മാഷും പറയുന്നു. ഏഴോ എട്ടോ ബഡ്‌സ് സ്‌കൂളുകള്‍ ഉള്ളതില്‍ ഒന്നു മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത് എന്നു പറയുമ്പോഴുള്ള അവസ്ഥ തന്നെ ഭീകരമാണെന്നും പാഴായിക്കിടക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനസാമഗ്രികളാണെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കെട്ടിടമില്ലായ്മ, വൈദ്യുതീകരിക്കാനെടുക്കുന്ന താമസം എന്നതിനേക്കാള്‍ രൂക്ഷമായത് വേണ്ടത്ര സ്റ്റാഫുകളുടെ അഭാവമാണ്. അവശ്യമായത്ര ടീച്ചര്‍മാരോ ട്രെയിനര്‍മാരോ കാസര്‍കോട്ടെ ബഡ്‌സ് പദ്ധതിയിലില്ല.

‘തെറാപ്പിക്കുള്ള സൗകര്യങ്ങളൊന്നും നിലവില്‍ അവിടങ്ങളിലില്ല. പല കാരണങ്ങളാണ് സ്‌കൂളുകളുടെ ഈ ശോചനീയാവസ്ഥയ്ക്ക് കാരണം. ഈ കുട്ടികളോടുള്ള മനോഭാവം തന്നെയാണ് അതില്‍ ഒന്നാമത്തേത്. ഇവരൊന്നും പഠിച്ച് ഇനി എഞ്ചിനീയര്‍മാരാകാന്‍ പോകുന്നില്ലല്ലോ. പെരിയയില്‍ ബഡ്‌സ് സ്‌കൂളിന് കെട്ടിടം വരുന്നതിനു മുന്‍പേ കുട്ടികള്‍ ഇരുന്നു പഠിച്ചിരുന്നത് ഒരു കമ്മ്യൂണിറ്റി ഹാളിലായിരുന്നു. അവിടെ ഒരു റെഗുലര്‍ കോളേജ് കൊണ്ടുവരാന്‍ സ്ഥലമില്ലാഞ്ഞപ്പോള്‍ അധികാരികള്‍ കണ്ടെത്തിയത് ഈ കമ്മ്യൂണിറ്റി ഹാളാണ്. വളരെ സാധാരണ കാര്യം പോലെ അവരോട് അവിടുന്ന് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു, പകരം സംവിധാനം പോലും ഏര്‍പ്പെടുത്താതെ. അവിടെ ചെന്നു പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് ആ പദ്ധതി ഉപേക്ഷിച്ചത്. എല്ലാ ആവശ്യങ്ങള്‍ക്കും ഇങ്ങനെ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥ എന്തു കഷ്ടമാണെന്നോര്‍ത്തു നോക്കൂ.’ കുഞ്ഞികൃഷ്ണന്‍ മാഷ് പറയുന്നു.

സാധാരണഗതിയില്‍ കവചമായി ഉപയോഗിക്കാറുള്ള ഫണ്ടില്ലായ്മ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉന്നയിക്കാനാകില്ല. മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഇത്ര ശ്രദ്ധ മതി എന്ന ധാര്‍ഷ്ട്യമല്ലാതെ മറ്റൊന്നുമല്ല ഇത്. ജില്ലയിലാകെ അമ്പതോളം ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിക്കേണ്ടതുണ്ട്. അത്രയധികമാണ് എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളുടെ എണ്ണം.

അതേസമയം, കെട്ടിടത്തിന്റെ അപര്യാപ്തതയൊഴിച്ചാല്‍ സ്‌കൂളുകള്‍ക്ക് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് എന്‍മകജെയിലെ ബഡ്‌സ് സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ മറിയംബിക്ക് പറയാനുള്ളത്. ‘ആരോഗ്യകരമായ ഭക്ഷണമൊക്കെയാണ് ഇവിടെ കുട്ടികള്‍ക്കു കൊടുക്കുന്നത്. ടീച്ചര്‍മാരുമുണ്ട്. കെട്ടിടത്തിന്റെ പ്രശ്‌നങ്ങളുണ്ടെന്നതു ശരിയാണ്. അതു പക്ഷേ ഉടനെ പരിഹരിക്കാന്‍ പഞ്ചായത്ത് ശ്രമിക്കുന്നുമുണ്ട്. നിലവില്‍ അന്‍പത്തി രണ്ടു കുട്ടികളാണ് ഇവിടെയുള്ളത്. കെട്ടിടത്തിന്റെ പണികൂടി പൂര്‍ത്തിയായാല്‍ എല്ലാവരേയും സ്‌കൂളിലെത്തിക്കാന്‍ സാധിക്കും. ഇപ്പോള്‍ വാഹന സൗകര്യവും സ്‌കൂളിലുണ്ട്.’

അറുപതോളം കുട്ടികള്‍, അതും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്ന കുട്ടികള്‍ ഇത്രമേല്‍ പരിമിതമായ സാഹചര്യങ്ങളില്‍ പഠിക്കുന്നതിലെ അനീതി തിരിച്ചറിഞ്ഞാണ് സ്‌നേഹവീട് സ്ഥാപിച്ചതെന്നും, അധികാരവര്‍ഗ്ഗത്തിനിടയിലും സാധാരണക്കാര്‍ക്കിടയിലും അത് വളരെയധികം മുറുമുറുപ്പുകള്‍ക്കിടയാക്കിയിട്ടുണ്ടെന്നും കുഞ്ഞികൃഷ്ണന്‍ മാഷ് പറയുന്നു. ‘ഒരു സമരത്തിന്റെ ഭാഗമാണ് സ്‌നേഹവീട്. സര്‍ക്കാരിന് നല്‍കാനാകാത്ത സംവിധാനങ്ങള്‍, അങ്ങേയറ്റം പരിമിതമായ ഫണ്ടുകളുപയോഗിച്ചു പോലും കുട്ടികള്‍ക്കു നല്‍കുന്ന ഒരു സ്ഥാപനമായിരുന്നു മനസ്സില്‍, ഫിസിയോതെറാപ്പി പോലെ, സര്‍ക്കാര്‍ ബഡ്‌സ് സ്‌കൂളുകളിലില്ലാത്ത പല സൗകര്യങ്ങളും കുട്ടികള്‍ക്ക് ഇവിടെ കിട്ടുന്നുണ്ട്.’

ഒന്നരക്കോടി കിട്ടിയിട്ടും സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കാത്ത സര്‍ക്കാരിനോടുള്ള പ്രതിഷേധം തന്നെയാണ് മുപ്പത്തിയെട്ടു ലക്ഷം ചെലവിട്ടു നിര്‍മിച്ച സ്‌നേഹവീട്. ഇത് അധികകാലം മുന്നോട്ടു പോകില്ലെന്നു പറഞ്ഞവരും, ഇവിടേക്ക് കുട്ടികളെ അയയ്ക്കുന്നതില്‍ നിന്നും മാതാപിതാക്കളെ പിന്തിരിപ്പിച്ചവരുമെല്ലാമുണ്ടെന്ന് മുനീസ ചിരിയോടെ പറയുന്നു. ‘ഇവിടേക്കയച്ചാല്‍ കുട്ടികള്‍ക്കു കല്യാണം നടക്കില്ലെന്നൊക്കെയാണ് പ്രചരിപ്പിക്കുന്നത്. ഇങ്ങനെയായതിന്റെ പേരില്‍ ഈ കുട്ടികള്‍ പുറം ലോകം കാണേണ്ടെന്നൊക്കെ വിധിയെഴുതുന്നവരോട് എന്തു പറയാനാണ്. ഇവര്‍ക്കെല്ലാവര്‍ക്കും ഇവിടേക്കു വരാനാണിഷ്ടം. വീട്ടുകാര്‍ എതിര്‍ത്താലും ഇവര്‍ വരാന്‍ വാശി പിടിക്കും.’

വേണം, ശാസ്ത്രീയമായ പുനരധിവാസം

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായുള്ള പുനരധിവാസ ഗ്രാമം എന്ന ന്യായമായ ആവശ്യത്തോടു പോലും കണ്ണടയ്ക്കുകയാണ് ബന്ധപ്പെട്ടവര്‍. എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട മറ്റേതു പദ്ധതിയേയും പോലെ പുനരധിവാസ പദ്ധതികളും കൃത്യമായ അജണ്ടയോടെ തഴയപ്പെടുകയാണ്. ‘പുനരധിവാസ ഗ്രാമം സ്ഥാപിക്കുമെന്നു പറഞ്ഞിട്ട് കാലമെത്രയായി? സമരം തുടങ്ങുമ്പോള്‍ കാര്യമായ മാസ്റ്റര്‍പ്ലാന്‍ ഒരുക്കി പുനരധിവാസ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പത്രങ്ങളിലിടും. കാണുന്നവരെല്ലാം ഇവിടത്തെ പ്രശ്‌നങ്ങള്‍ ഇതോടെ തീര്‍പ്പായെന്നു വിധിയെഴുതുകയും ചെയ്യും. എന്നാല്‍ ഇന്നേവരെ ഇതിനുള്ള നീക്കങ്ങളൊന്നും നടന്നിട്ടില്ല. പുനരധിവാസ ഗ്രാമത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന ജോലി പുതിയൊരു സംഘത്തെ ഏല്‍പ്പിച്ചുവെന്നാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ പറയുന്നത്. അപ്പോള്‍ മുന്‍പു തയ്യാറാക്കിയിരുന്ന പ്ലാനുകള്‍ക്കെല്ലാം എന്തു സംഭവിച്ചു? ഈ പുതിയ പ്ലാന്‍ ഇനി എന്നാണ് നടപ്പിലാവുക? മറ്റു പ്ലാനുകളുടെ അതേ അവസ്ഥ ഈ പ്ലാനിനും വരില്ലെന്ന് എന്താണുറപ്പ്?’ അംബികാസുതന്‍ മാങ്ങാട് ചോദിക്കുന്നു.

കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഇക്കാര്യത്തില്‍ അധികൃതരും നേതാക്കളും എടുക്കുന്ന അവഗണനാപരമായ നിലപാടിനെക്കുറിച്ചാണ് കുഞ്ഞികൃഷ്ണന്‍ മാഷിനു പറയാനുള്ളത്. ‘കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എം.എല്‍.എ ആയിരുന്നപ്പോള്‍, ട്രിബ്യൂണല്‍ വേണമെന്നു പറഞ്ഞ് നിയമസഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചയാളാണ് ഇ. ചന്ദ്രശേഖരന്‍. അത് ഇപ്പോഴും ഒന്നുമാകാതെ നില്‍ക്കുന്നു. അതുപോലെ എത്രയോ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് ദുരിത ബാധിതരുടെ പുനരധിവാസം. സമരങ്ങള്‍ കടുക്കുമ്പോള്‍ ചില സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍പ്പോലും, രോഗബാധിതരായ കുട്ടികളുടെ അവസ്ഥ മാറുന്നില്ലല്ലോ. അക്കാരണത്താല്‍ത്തന്നെ പ്രായോഗികമായ ഒരു നീക്കമായി പലപ്പോഴും മുന്നോട്ടുവയ്ക്കാനുള്ളതും പുനരധിവാസം എന്ന ആവശ്യം തന്നെയാണ്. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതു കൊണ്ടാണ്, 2015ല്‍ അന്നത്തെ സാമൂഹിക നീതി വകുപ്പു മന്ത്രിയായിരുന്ന മുനീറിനെ ചെന്നു കണ്ടത്. ഇപ്പോഴത്തെ റവന്യു മന്ത്രി ചന്ദ്രശേഖരനൊക്കെ അന്നു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

നൂറു കുടുംബങ്ങളെയെങ്കിലും പുനരധിവസിപ്പിക്കുന്ന ഒരു പദ്ധതിയാണ് ഞങ്ങളന്ന് ആവശ്യപ്പെട്ടത്. അക്കാര്യത്തില്‍ ഏകദേശ ധാരണയാവുകയും ചെയ്തിരുന്നു. പക്ഷേ, ചര്‍ച്ചകള്‍ പുരോഗമിച്ചപ്പോഴാണ് കാര്യങ്ങളില്‍ വ്യക്തത വന്നത്. നൂറു കുടുംബങ്ങളെയല്ല, മറിച്ച് നൂറു വിക്ടിമുകളെയാണ് സര്‍ക്കാര്‍ പുനരധിവസിപ്പിക്കാന്‍ തയ്യാറായിരിക്കുന്നത്. അതു ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. കുട്ടികളെ മാത്രം എന്നു സാരം. കണ്ടില്ലേ നിവേദ്യയെയും ധന്യയെയുമൊക്ക? ഈ കുട്ടികളെ ഈയവസ്ഥയില്‍ വിട്ടുകൊടുക്കാന്‍ അവരുടെ അമ്മമാര്‍ തയ്യാറാകുമെന്നു കരുതുന്നുണ്ടോ? ഗണേശനെപ്പോലെയുള്ള മിടുക്കരായ കുട്ടികളെ ചിലപ്പോള്‍ അവര്‍ക്കു കൊണ്ടിപോയി പുനരധിവസിപ്പിക്കാന്‍ സാധിക്കുമായിരിക്കും. എന്നാല്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്ന സതീശനെപ്പോലുള്ള കുട്ടികളെ അവരുടെ അമ്മമാര്‍ക്കൊപ്പം സ്‌നേഹവീട്ടിലെത്തിക്കാന്‍ തന്നെ വലിയ പാടാണ്. അവരെ എങ്ങിനെ പുനരധിവസിപ്പിക്കുമെന്നാണ്?’ വന്നപ്പോള്‍ മുതല്‍ അസ്വസ്ഥത കാണിക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്ന സതീശനെ നോക്കി മാഷ് പറയുന്നു.

2015 മുതല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടന്നല്ലാതെ ക്രിയാത്മകമായ ഒരു നീക്കവുമുണ്ടായിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുടുംബങ്ങളുടെ സ്വയംപര്യാപ്തമായ ഒരു ഗ്രാമമാണ് തങ്ങള്‍ വിഭാവനം ചെയ്യുന്നതെന്ന് മാഷ് പറയുന്നു. അവരുടെ സ്വകാര്യാവശ്യങ്ങള്‍ക്കും പൊതു ആവശ്യങ്ങള്‍ക്കും ആശുപത്രി സ്ഥാപിക്കാനും കൃഷി ചെയ്യാനുമെല്ലാമായി നൂറ്റിയിരുപത്തിയഞ്ച് ഏക്കര്‍ സ്ഥലം വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടത്. സ്വന്തം ആവശ്യങ്ങള്‍ക്കായുള്ളതെല്ലാം സ്വയമുണ്ടാക്കാന്‍ സാധിക്കുന്ന, അധിക ഉല്‍പന്നങ്ങള്‍ പുറത്തു വിപണിയിലെത്തിക്കാനാകുന്ന, പരിസ്ഥിതി സൗഹൃദപരമായ ഗ്രാമം എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി വേണമെന്ന പദ്ധതി ഇവര്‍ ആസൂത്രണം ചെയ്തു.

‘പൊതു സമൂഹവുമായി ഇവരെ ഇടകലര്‍ത്തണമെന്നതു ശരിതന്നെയാണ്. ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഈ പുനരധിവാസ മോഡല്‍ ശാസ്ത്രീയമാണെന്നും പറയാനാകില്ല. അവരുടെ നിലവിലെ പരിതസ്ഥിതികളില്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ അവര്‍ക്കു പുനരധിവാസം സാധ്യമാക്കേണ്ടത്. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയില്‍ അതു നടക്കാന്‍ സാധ്യത ഒട്ടുമില്ല. തൊട്ടടുത്തുള്ളവരെപ്പോലും സഹായിക്കാന്‍ മടിക്കുന്ന സമൂഹത്തില്‍ ഈ കുട്ടികള്‍ നേരിടേണ്ടി വരുന്ന ഒറ്റപ്പെടുത്തല്‍ അതിഭീകരമാണ്. ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന പുനരധിവാസ ഗ്രാമത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ മാത്രമല്ല ഉണ്ടാവുക.’

മുപ്പതു വയസ്സെത്തിയിട്ടും, കണ്ടാല്‍ ‘പെണ്‍കുട്ടി’യെന്നുമാത്രം വിളിക്കാന്‍ തോന്നുന്ന ശീലാവതിയാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പോരാട്ടത്തിന് ഊര്‍ജ്ജം പകരുന്ന അനേകം ഓര്‍മകളിലൊന്ന്. മകളെ ശുശ്രൂഷിച്ചിരുന്ന അമ്മ, തങ്ങള്‍ ഇരുവരും മാത്രമുള്ള വീട്ടില്‍ നി്ന്നും ജോലിക്കു പോകുമ്പോള്‍ ശീലാവതിയുടെ കട്ടിലിനോടു ചേര്‍ന്ന് ഒരു പൂച്ചയെ കെട്ടിയിടുമായിരുന്നു. തനിക്കു ശ്രദ്ധിക്കാനാകാത്തപ്പോള്‍ വീട്ടിലേക്ക് കടന്നുകയറുന്ന പാമ്പുകളില്‍ നി്ന്നും മറ്റ് ഉപദ്രവകാരികളായ ജീവികളില്‍ നിന്നും ശീലാവതിയെ രക്ഷിക്കാന്‍ ആ അമ്മ കണ്ട വഴി അതായിരുന്നു. വിവരമന്വേഷിക്കാനെത്തിയ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് തന്റെ മകളെ കാണിച്ചു കൊടുത്ത് പുറത്തിറങ്ങവേ അവര്‍ ചോദിച്ചതിങ്ങനെയാണ്: ‘എന്റെ മകള്‍ക്ക് എഴുന്നേറ്റു നടക്കാന്‍ വയ്യ. ഞാന്‍ മരിച്ചാല്‍ അവളെന്തു ചെയ്യും?’ കാസര്‍കോട്ടെ അമ്മമാരുടെ സമരത്തിനടക്കം തുടക്കം കുറിച്ചത് ഈ ചോദ്യം ഉണ്ടാക്കിയ വേദനയായിരുന്നു എന്നു പറഞ്ഞാലും തെറ്റില്ല.

ശീലാവതി ഇന്നില്ല. പക്ഷേ, ആ അമ്മയുടെ ചോദ്യത്തിന്റെ പ്രസക്തി മാത്രം വര്‍ഷങ്ങള്‍ക്കു ശേഷവും ഇല്ലാതാകുന്നില്ല. തലമുറകള്‍ക്കു ശേഷവും പിന്തുടരുന്ന എന്‍ഡോസള്‍ഫാന്‍ എന്ന വിപത്തിനെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമായിക്കണ്ട് അഭിമുഖീകരിക്കാതെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുമാകില്ല.

(അവസാനിച്ചു)

ഭരണപക്ഷവുമില്ല, പ്രതിപക്ഷവുമില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതം തുടരുന്നു

മന്ത്രിമാരുടെയും നേതാക്കളുടെയും ചികിത്സയുടെ കാര്യം വരുമ്പോള്‍ ഈ കാശിന്റെ പ്രശ്‌നമില്ലല്ലോ?

55കാരിയായ മകള്‍ക്ക് താങ്ങ് 80നോടടുത്ത അമ്മ; ശീലാബതിയുടെ ജീവിതം, ദേവകിയുടെയും

ഇനി ശീലാബതി ഇല്ല; എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ നേര്‍ചിത്രമായി

ഭരണകൂടമൊരുക്കിയ തടവറയില്‍ നിന്നും ശീലാബതി മോചിതയായി; കഥാപാത്രം യാത്രയാകുമ്പോള്‍ കഥാകാരന് പറയാനുള്ളത്

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍