TopTop
Begin typing your search above and press return to search.

കരുണാകരന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ ആന്‍റണി ചെയ്തത്; എകെയുടെ കരുണാകര സ്മൃതിയില്‍ ഒളിഞ്ഞിരിക്കുന്നത്

കരുണാകരന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ ആന്‍റണി ചെയ്തത്; എകെയുടെ കരുണാകര സ്മൃതിയില്‍ ഒളിഞ്ഞിരിക്കുന്നത്
മിതഭാഷിയെങ്കിലും ഇടക്കൊക്കെ വാളിനേക്കാൾ മൂർച്ചയേറിയ വാക്കുകൾ പ്രയോഗിക്കുന്നതിൽ ഒട്ടും പിന്നിലല്ല എ കെ ആന്റണി എന്ന ചേർത്തല ഗാന്ധി. തന്റെ പ്രഖ്യാപിത ശത്രുവായ സി പി എം  മാത്രമല്ല സ്വന്തം പാർട്ടിയായ കോൺഗ്രസ്സുകാരും ആന്റണിയുടെ നാവിന്റെ മൂർച്ച പലവട്ടം അറിഞ്ഞവരാണ്. ഒരിക്കൽ ഘടക കക്ഷിയായ മുസ്ലിം ലീഗും ആന്റണിയുടെ രൂക്ഷ വിമർശനത്തിന് ഇരയാവുകയുണ്ടായി. കേരള മുഖ്യമന്ത്രിയായിരിക്കെ ജോൺ മത്തായി അനുസ്മരണ പ്രഭാഷണം നടത്തവേ തങ്ങൾക്കു അർഹമല്ലാത്ത ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി ന്യൂനപക്ഷ സമുദായങ്ങൾ ശ്രമം നടത്തുന്നുവെന്ന ആന്റണിയുടെ വിമർശം മുസ്ലിം ലീഗിനെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. അതിന്റെ പരിസമാപ്തിയാവട്ടെ ആന്റണിയുടെ മുഖ്യമന്ത്രി കസേര തെറിക്കലായിരുന്നു. ആ പഴയ കഥയിലേക്ക്‌ തൽക്കാലം കടക്കുന്നില്ല.

ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കേരളത്തിലെത്തിയ എ കെ രാത്രികാലങ്ങളിൽ സംഘപരിവാർ കുപ്പായം ധരിക്കുന്ന കോൺഗ്രസ്സുകാരാണ് കേരളത്തിലെ കോൺഗ്രസ്സിന്റെ ശാപം എന്ന് ഇത്തിരി കനത്തിൽ തന്നെയാണ് പറഞ്ഞിട്ടു പോയത്. പലർക്കും അത്ര സുഖിച്ചില്ലെങ്കിലും ആരും പരസ്യമായി രംഗത്തു വന്നുകണ്ടില്ല. ഇന്നലെ ലീഡർ കെ കരുണാകരന്റെ ജന്മശതാബ്ദി ആഘോഷ വേളയിൽ അൽപ്പം കൂടി കടുത്ത ഭാഷയിലാണ് എ കെ കേരളത്തിലെ കോൺഗ്രസുകാരെ വിമർശിച്ചത്.  കോൺഗ്രസ്സിന്റെ ഒന്നാം നമ്പർ ശത്രു കോൺഗ്രസ്സ്  തന്നെയാണെന്നാണ് ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യവേ എ കെ  തുറന്നടിച്ചത്. രക്ഷപ്പെടണോ ശോഷിക്കണമോയെന്നു സ്വയം തീരുമാനിക്കാം എന്നും പരസ്‌പരം കലഹിച്ചാൽ യാദവകുലം പോലെ നശിക്കുമെന്ന് മുന്നറിയിപ്പു നൽകാനും ആന്റണി മറന്നില്ല.

പരസ്‌പരം വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ എല്ലാം തകരുമെന്നും വരും തലമുറ നിങ്ങളെ പഴിക്കുമെന്നും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ നിന്നും പാർട്ടി ഒന്നും പഠിച്ചില്ലെന്നും അവിടെ ഒരു സമുദായ നേതാവും സഹായിച്ചില്ലെന്നും പിണറായി സർക്കാരിന്റെ തന്ത്രങ്ങളാണ് വിജയം കണ്ടതെന്നും ഒക്കെ ആന്റണി കൂട്ടിച്ചേർത്തു. കൂട്ടത്തിൽ രണ്ടു ചേരിയിൽ നിന്ന കാലത്തും കരുണാകരനും താനും എന്തൊക്കെ അഭിപ്രായ വിത്യാസങ്ങൾ ഉണ്ടായിരുന്നാലും ഒടുവിൽ ഒരു സമവായത്തിൽ എത്തിച്ചേർന്നിരുന്നുവെന്നും ഒരിക്കലും കോൺഗ്രസിനെ നയിക്കാൻ ഘടകകക്ഷികളെ അനുവദിച്ചിരുന്നില്ലെന്നും കൂടി പ്രസ്താവിച്ചതിലൂടെ മുസ്ലിം ലീഗിനും മാണിപ്പാർട്ടിക്കും രാജ്യ സഭ സീറ്റിന്റെ കാര്യത്തിൽ ഘടക കക്ഷികളുടെ സമ്മർദ്ദത്തിനു വഴങ്ങിയ മൂവർ സംഘത്തിനും ഒരു നല്ല കുത്തു വെച്ച് കൊടുത്തു എന്നും പറയാം.

ആന്റണിയും കരുണാകരനും കീരിയും പാമ്പും പോലെയായിരുന്നു എന്നൊക്കെ പറയുമ്പോഴും കരുണാകര പുത്രൻ കെ മുരളീധരനെ ആദ്യമായി ലോക്സഭയിലേക്കു മത്സരിപ്പിക്കാൻ തീരുമാനിക്കുന്ന വേളയിൽ കരുണാകരൻ തന്ത്രപൂർവം മൂത്രമൊഴിക്കാൻ പോയതും മുരളിയുടെ പേര് ആന്റണി തന്നെ നിർദ്ദേശിച്ചതും പഴയ ആളുകൾ ഇനിയും മറന്നിട്ടുണ്ടാക്കാവില്ല. അതേപോലെ തന്നെ രാഷ്ട്രീയത്തിൽ ബദ്ധ വൈരികൾ ആയിരുന്നിട്ടും നീണ്ട ഇരുപതു വർഷക്കാലം താൻ കെ പി സി സി അംഗം ആയിരുന്നത് കെ മൂലമായിരുന്നുവെന്ന ഉമ്മൻ ചാണ്ടിയുടെ ഇന്നലത്തെ വെളിപ്പെടുത്തലും (മലയാള മനോരമ) ഓർമപ്പെടുത്തുന്നത് ആന്റണി ഒടുവിൽ പറഞ്ഞ ഘടകക്ഷികൾക്കു കീഴ്പ്പെടുന്ന കേരളത്തിലെ ഇന്നത്തെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഗതികേടോ പിടിപ്പുകേടോ ഒന്നും അക്കാലത്ത്‌  ഉണ്ടായിരുന്നില്ല എന്നു തന്നെയാണ്.

ഇന്നിപ്പോൾ കാര്യങ്ങൾ പോയിപ്പോയി എവിടെ ചെന്നു നിൽക്കുന്നുവെന്ന് നോക്കുക.  ഗ്രൂപ്പ് പോര് മൂലം സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ പോയിട്ട്  കെ പി സി സി അധ്യക്ഷനെ തീരുമാനിക്കാൻ പോലും കഴിയാത്ത അവസ്ഥ. ഈ അവസ്ഥ തുടർന്നാൽ ആന്റണി പറഞ്ഞതുപോലെ കേരളത്തിൽ കോൺഗ്രസ്സിന്റെ ഗതി യാദവകുലത്തിന്റേതു പോലെ തന്നെ ആയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

Next Story

Related Stories