TopTop
Begin typing your search above and press return to search.

പണി പാളി; ഒറ്റപ്പെട്ട് മാണിയും മകനും

പണി പാളി; ഒറ്റപ്പെട്ട് മാണിയും മകനും

കോൺഗ്രസിന് അതിന്റെ ശക്തികേന്ദ്രമായ കോട്ടയം ജില്ലയിൽ തന്നെ നല്ലൊരു പണി കൊടുക്കണം എന്ന ലക്‌ഷ്യം തന്നെയായിരുന്നു ഇന്നലെ കോട്ടയം ജില്ലാ പഞ്ചായത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന രാഷ്ട്രീയ നാടകത്തിനു പിന്നിൽ. നാടകത്തിനു ചുക്കാൻ പിടിച്ചത് കെഎം മാണിയും പുത്രൻ ജോസ് കെ മാണിയും സിപിഎമ്മും. തിരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ മാണിയുടെ സ്ഥാനാർഥി ജയിച്ചെങ്കിലും പണി മൊത്തത്തിൽ പാളി.

ഇന്നലെ വരെ അഴിമതിക്കാരനും തൊട്ടുകൂടാത്തവനുമായിരുന്ന മാണിയുടെ കൈപിടിച്ചതിന്റെ പേരിൽ പ്രതിക്കൂട്ടിലായപ്പോൾ മുഖ്യ ശത്രുവായ കോൺഗ്രസിനെ അടിക്കാൻ കിട്ടിയ ഒരു അവസരം തങ്ങൾ മുതലെടുത്തു എന്ന വാദമാണ് സിപിഎം ഉയർത്തിയത്. ഈ വാദമൊന്നും സിപിഐ മുഖവിലക്കു എടുത്തിട്ടില്ലെങ്കിലും തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഎം.

എന്നാൽ മാണിയുടെയും മകന്റെയും സ്ഥിതി ഇതല്ല. തീർത്തും പരിതാപകകരമായ ഒരു അവസ്ഥയിലേക്കാണ് അവർ എത്തിച്ചേർന്നത്. ഏറെ കാലമായി തങ്ങളെ കുത്തി നോവിക്കുന്ന കോൺഗ്രസിന് നല്ലൊരു പണി കൊടുത്തതിന്റെ പേരിൽ കൈയ്യടി പ്രതീക്ഷിച്ച അവർ പാർട്ടിയിൽ തീർത്തും ഒറ്റപ്പെടുക കൂടി ചെയ്തിരിക്കുന്നു. തന്നെയുമല്ല പിജെ ജോസഫും കൂട്ടരും മാത്രമല്ല പാർട്ടിയുടെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലാ പ്രസിഡന്റ് മാരും കോട്ടയം സംഭവത്തെ ശക്തമായി എതിർത്ത് രംഗത്ത് വന്നു വന്നതോടെ പാർട്ടി വീണ്ടും ഒരു പിളർപ്പിലേക്ക് എന്ന ശക്തമായ സൂചന ഉയരുകയും ചെയ്തു.

കോട്ടയത്ത് മുറിവേറ്റ കോൺഗ്രസ് കേരള കോൺഗ്രസിലെ മാണി വിരുദ്ധരെ വളരെ വിദഗ്‌ധമായി കൈയിലെടുത്തതോടെ പണി പൂർണമായും പാളി എന്ന് മകന് ബോധ്യം വന്നിട്ടില്ലെങ്കിലും മാണിക്ക് ബോധ്യമായി എന്ന കാര്യത്തിൽ തർക്കമില്ല. മാണിയുടെ ഇന്നത്തെ വാർത്ത സമ്മേളനം നൽകുന്ന സൂചനയും ഇത് തന്നെയാണ്. കോട്ടയത്ത് നടന്നതു തികച്ചും ദൌര്‍ഭാഗ്യകരമായിപ്പോയി എന്ന് തുറന്നു സമ്മതിക്കുമ്പോഴും മാണി പക്ഷെ അതിനു കുറ്റപ്പെടുത്തിയത് കോട്ടയം ഡിസിസി നേതൃത്വത്തെയാണ്. ഡിസിസി നേതൃത്വം ചോദിച്ചു വാങ്ങിയതാണ് കോട്ടയത്തെ പണി എന്നും കുറേക്കാലമായി ഡി സി സി നേതൃത്വം നടത്തിവരുന്ന കേരള കോൺഗ്രസ് പ്രസ്താവനകൾക്ക് അവിടുത്തെ തന്റെ പ്രവർത്തകർ നൽകിയ മറുപടിയാണ് എന്നുമൊക്കെ പറയുമ്പോഴും മാണി തന്നെ കാത്തിരിക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം കാണാതെ ഇരിക്കുന്നില്ലെന്നു അദ്ദേഹത്തിന്റെ മയപ്പെടുത്തിയ വാക്കുകളും നോക്കും ഒക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഒരു പക്ഷെ കെ കരുണാകരന് അതിരുവിട്ട പുത്രവാത്സല്യം നിമിത്തം വയസ്സു കാലത്തു വന്നു ഭവിച്ച ദുര്‍ഗതിയെക്കുറിച്ചും ഒരുവേള മാണി ഓർത്തിട്ടുണ്ടാവണം. അതുകൊണ്ടു തന്നെയാവണം സിപിഎമ്മിനെന്നല്ല ഒരു പാർട്ടിക്കും തന്നെയും തന്റെ കേരള കോൺഗ്രസിനെയും ഹൈജാക്ക് ചെയ്യാൻ ആവില്ലെന്ന് ഏറെ വിമ്മിട്ടത്തോടെയാണെകിലും പറഞ്ഞതും. കാര്യ സാധ്യത്തിനു വേണ്ടി സിപിഎം എന്തും ചെയ്യും എന്നതിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു ഏറെ കൊതിപ്പിച്ച ശേഷം കരുണാകരനും മകൻ മുരളിയും ചേർന്ന് രൂപീകരിച്ച ഡിഐസി(കെ)യെ മുന്നണിയിൽ എടുക്കാതിരുന്നതും മനം മടുത്തു കരുണാകരൻ കോൺഗ്രസിലേക്ക് മടങ്ങി പോയതിനു ശേഷവും മുരളിയുടെ പേര് പറഞ്ഞ് എൻസിപിയെ മുന്നണിയിൽ നിന്നും പുറത്താക്കിയതും ഒക്കെ. ഇതൊക്കെ നടക്കുന്നതിനു മുൻപ് കരുണാകരന്റെ കൃപ കൊണ്ട് എറണാകുളം ലോകസഭയിൽ സെബാസ്റ്റ്യൻ പോളിനെയും തിരുവനതപുരം ഉപതിരഞ്ഞെടുപ്പിൽ പന്ന്യന്‍ൻ രവീന്ദ്രനെയും ഇടതുമുന്നണി വിജയിപ്പിച്ചെടുത്തിരുന്നു എന്ന കാര്യവും മാണി സ്മരിച്ചിട്ടുണ്ടാവണം. കരുണാകരന്റെയും മകന്റെയും ഇടതു മുന്നണി പ്രവേശനത്തിന് അന്നു വിഘാതമായ സിപിഐയും വിഎസ്സും ഇപ്പോൾ തനിക്കു എതിരാണെന്നും മാണിക്കറിയാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories