UPDATES

യുനെസ്കൊ പൈതൃക സ്വത്തായി അംഗീകരിച്ച വനമേഖലയില്‍ ബയോമെഡിക്കല്‍ മാലിന്യ പ്ലാന്‍റ്; തടയുമെന്ന് ജനങ്ങള്‍

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്ലാന്‍റിനെതിരെ സിപിഎം ഭരിക്കുന്ന പെരിങ്ങമല പഞ്ചായത്തിന്റെ പ്രമേയം; പദ്ധതിയുമായി മുന്നോട്ടെന്ന് ആരോഗ്യമന്ത്രി

രാവിലെ പത്ത് മണിയോടെ തിരുവനന്തപുരം-തെങ്കാശി റോഡില്‍ പാലോടിന് സമീപം ഇലവുപാലം എന്ന സ്ഥലത്ത് ബസ് ഇറങ്ങുമ്പോള്‍ വളരെ കുറച്ച് പേരെ ആ ജംഗ്ഷനിലുണ്ടായിരുന്നുള്ളൂ. സമീപത്തെ ചായക്കടയില്‍ ചെന്നപ്പോഴേ കടക്കാരന്‍ ചോദിച്ചു ‘ഓടുചുട്ടപടുക്കയിലേക്കാണോ സാറേ’? അതേയെന്ന് പറഞ്ഞ് ഒരു ചായയും കുടിച്ചുകൊണ്ടാണ് അവിടെയുണ്ടായിരുന്നവരോട് ഈ പ്രദേശത്ത് പുതുതായി സ്ഥാപിക്കാന്‍ പോകുന്ന പുതിയ ബയോമെഡിക്കല്‍ മാലിന്യസംസ്‌കരണ കേന്ദ്രത്തെക്കുറിച്ച് ചോദിച്ചത്. അവരെല്ലാം ആശങ്കയിലാണ്. ഇവിടെനിന്നും മൂന്ന് കിലോമീറ്റര്‍ ദൂരമാണ് പ്ലാന്റ് സ്ഥാപിക്കാന്‍ കണ്ടെത്തിയിരിക്കുന്ന സ്ഥലത്തേക്കുള്ളത്. അതിന് ചുറ്റിലും പശ്ചിമഘട്ടത്തിന്റെ ഭാഗമായ കൊടുംകാടും. കടുവയും ആനയും ഉള്‍പ്പെടെയുള്ള വന്യജീവികളുടെ സ്ഥിരം സഞ്ചാര മേഖലയായതിനാല്‍ നാട്ടുകാര്‍ സാധരണയായി അങ്ങോട്ട് പോകാറില്ല. എന്നിരുന്നാലും അവിടെയൊരു ഒരു മാലിന്യ സംസ്‌കരണ കേന്ദ്രം വന്നാല്‍ അത് തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന വ്യക്തമായ ബോധ്യം അവര്‍ക്കുണ്ട്. രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകനും നെടുമങ്ങാട് നഗരസഭ മുന്‍ കൗണ്‍സിലറുമായിരുന്ന ദീപുവാണ് എന്നെ ഈ വിവരം അറിയിച്ചത്. അദ്ദേഹവും ഒപ്പം വന്ന ഒട്ടനവധി സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും പരിസ്ഥിതി വിദഗ്ധരും അപ്പോഴേക്കും അവിടേക്കെത്തിയിരുന്നു. നഷ്ടപ്പെടാന്‍ പോകുന്നതെന്താണെന്ന് തിരിച്ചറിയണമെങ്കില്‍ കാട്ടിലേക്ക് നാം നടന്ന് തന്നെ പോകണമെന്ന് ദീപു പറഞ്ഞു.

നടന്നു കയറുമ്പോള്‍ ഇലവു മരങ്ങളുടെ കുളിര്‍മയുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും റിസര്‍വ് വനങ്ങളുടെ മേഖലയിലേക്ക് കടന്നു. അവിടെയുള്ള മരങ്ങളുടെ പേര് പറയാന്‍ നിങ്ങള്‍ക്കാകുമായിരിക്കും പക്ഷെ എനിക്കറിയില്ല. ഇലവുപാലം മൂന്ന് ഗ്രാമപഞ്ചായത്തുകളുടെയും രണ്ട് ജില്ലകളുടെയും അതിരാണ്. റോഡിന്റെ ഇടതുവശത്ത് അരക്കിലോമീറ്റര്‍ കൊല്ലം ജില്ലയാണ്. വലതുവശത്ത് 7.5 കിലോമീറ്റര്‍ തിരുവനന്തപുരം ജില്ലയും. കൊല്ലം ജില്ലയുടെ ഭാഗമായ ചിതറ പഞ്ചായത്തും തിരുവനന്തപുരം ജില്ലയുടെ ഭാഗമായ പാലോട് പഞ്ചായത്തും പെരിങ്ങമല പഞ്ചായത്തും കൂടിച്ചേരുന്ന സ്ഥലമാണ് ഇലവുപാലം. അവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ നടന്നാല്‍ കാടാണ്. കാടിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഏഴര ഏക്കര്‍ സ്ഥലത്താണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഇമ) ബയോ മെഡിക്കല്‍ വേസ്റ്റ് പ്ലാന്റിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഓടുചുട്ടപടുക്ക എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനായി നിശ്ചയിച്ചിരിക്കുന്ന ഏഴര ഏക്കറോളം വരുന്ന ചതുപ്പ് നിലത്തിന്റെ ഒരുഭാഗം. ഇതിനോട് ചേര്‍ന്നുള്ളത് വനമാണ്.

രാജഭരണ കാലത്ത് സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്യാനായി വിട്ടുനല്‍കിയ പട്ടയ ഭൂമിയിലാണ് പ്രസ്തുത പ്ലാന്റ് ഉദ്ദേശിക്കുന്നത്. ആദിവാസികളില്‍ നിന്നും കൈമാറി കൈമാറി ഇപ്പോള്‍ അത് കൈവശം വച്ചിരിക്കുന്നത് ഒരു സ്വകാര്യ വ്യക്തിയാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയുമായി ഏഴ് ജില്ലകളിലെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള പ്ലാന്റാണ് ഇവിടെ ലക്ഷ്യം വയ്ക്കുന്നത്. ആശുപത്രി മാലിന്യങ്ങള്‍ എന്ന് പറഞ്ഞാല്‍ അതില്‍ സിറിഞ്ചുകള്‍ മുതല്‍ മനുഷ്യ ശരീരത്തില്‍ നിന്നും ശസ്ത്രക്രിയയ്ക്ക് ശേഷം മുറിച്ചു മാറ്റുന്ന ശരീര അവയവങ്ങള്‍ വരെയുണ്ടാകും. താന്നിമൂട് എന്ന ആദിവാസി സെറ്റില്‍മെന്റ് ഭൂമിയാണ് ഈ ഏഴര ഏക്കറിനോട് ചേര്‍ന്നുള്ള സജീവ ജനവാസ കേന്ദ്രം. താന്നിമൂടിനും റിസര്‍വ് വനത്തിനും ഇടയിലാണ് ഈ സ്വകാര്യഭൂമിയായ ചതുപ്പ് നിലം ഉള്ളത്. 65 കുടുംബങ്ങളാണ് താന്നിമൂട്ടില്‍ താമസിക്കുന്നത്. ഇത് കൂടാതെ ഈ പ്രദേശത്തിന് ചുറ്റിലുമാണ് ചോനാവലി, അടിപ്പറമ്പ്, അഗ്രിഫാം എന്നീ പ്രദേശങ്ങളുമുള്ളത്. ആദിവാസി സെറ്റില്‍മെന്റുകളല്ലാത്ത നന്ദിയോട്, പാലോട്, ചിതറ പഞ്ചായത്തുകളും തൊട്ടടുത്ത് തന്നെയുണ്ട്. ഇതില്‍ ആദിവാസി സെറ്റില്‍മെന്റ് ഉള്‍പ്പെടുന്ന പെരിങ്ങമല പഞ്ചായത്തില്‍ തന്നെ 50,000ല്‍ അധികം ജനങ്ങള്‍ വസിക്കുന്നു. ഇവരാരും ഈ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന പ്രദേശവുമായി അടുത്തില്ലെന്നാണെങ്കിലും മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക ഈ ജനങ്ങളെയും ബാധിക്കുന്നതാണ്. 25 കിലോമീറ്റര്‍ ചുറ്റുവട്ടത്ത് ജനവാസകേന്ദ്രങ്ങളുണ്ടെങ്കില്‍ അവിടെ മാലിന്യ നിക്ഷേപ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിനും നിലനില്‍പ്പിനും തന്നെ ഭീഷണിയാകുമെന്നുള്ളയിടത്താണ് ഈ പ്ലാന്റിന് അനുമതി കൊടുക്കുന്നതില്‍ യാതൊരു തടസവുമില്ലെന്ന് ഒരു മന്ത്രി തന്നെ പറയുന്നത്. കേരളത്തെ സംബന്ധിച്ച് ഇന്നും ഒരു വേദനയായി തുടരുന്ന എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് കാരണമായ മരുന്ന് തളിക്കുന്ന കാലത്തും ഇത് എന്തുമാത്രം ജനോപദ്രവകരമാകുമെന്ന് ആരും ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ല.

വനത്തിന്റെ അതിരായി സ്ഥാപിച്ചിരിക്കുന്ന അടയാളം

മനുഷ്യന്റെയും ജന്തുക്കളുടെയും ആന്തരികാവശിഷ്ടങ്ങള്‍, മുറിച്ചുമാറ്റപ്പെട്ട അവയവങ്ങള്‍, രോഗാണു നിര്‍ണയത്തിനായി ലാബുകളില്‍ കള്‍ച്ചര്‍ ചെയ്യപ്പെടുന്ന രോഗാണുക്കളുടെ കള്‍ച്ചര്‍ മാലിന്യങ്ങള്‍, ഉപയോഗ ശൂന്യമായ മരുന്നുകള്‍, കാന്‍സറിന് വരെ കാരണമാകുന്ന മാരകമായ വിഷമടങ്ങിയ രാസ പദാര്‍ത്ഥങ്ങള്‍, ശസ്ത്രക്രിയാവശിഷ്ടങ്ങള്‍, രക്തം പുരണ്ട തുണികള്‍, പുഴുത്തതും അസുഖബാധിതവുമായ ശരീരാവശിഷ്ടങ്ങള്‍, ഖര-ദ്രാവക രൂപത്തിലുള്ള ആശുപത്രി മാലിന്യങ്ങള്‍, സിറിഞ്ചുകള്‍, കത്തികള്‍, മറ്റ് മൂര്‍ച്ചയേറിയ ശസ്ത്രക്രിയ ഉപകരണങ്ങള്‍, നീക്കം ചെയ്യപ്പെടുന്ന ക്യാന്‍സര്‍ മുഴകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവയാണ് ഈ പ്ലാന്റ് ആരംഭിച്ചാല്‍ ഈ പ്രദേശത്ത് എത്താന്‍ പോകുന്നത്. രോഗബാധിതമായ സൂചികളില്‍ നിന്നും എയ്ഡ്‌സും വന്ധ്യതയും ത്വക് രോഗങ്ങളും ശ്വാസകോശ രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളവയാണ് ഈ മാലിന്യങ്ങള്‍. വിളപ്പില്‍ശാലയില്‍ ഇപ്പോള്‍ മാലിന്യനിക്ഷേപമില്ലെങ്കിലും അവിടുത്തെ ഈ തലമുറ അവിടെ നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങളുടെ തിക്തഫലം ഇന്നും അനുഭവിക്കുന്നു. അടുത്ത തലമുറയെ അതെങ്ങനെ ബാധിക്കുമെന്ന ആശങ്കയില്‍ കാത്തിരിക്കുന്നു. ഇത്രയും ഈ പ്ലാന്റുകൊണ്ട് ഇതിനോട് ചേര്‍ന്ന് ജീവിക്കുന്ന ജനങ്ങള്‍ക്കുണ്ടാകാനിടയുള്ള പ്രശ്‌നങ്ങളാണ്.

ഈ കാടിനോട് ചേര്‍ന്നാണ് പ്ലാന്റിനുള്ള സ്ഥലം കിടക്കുന്നത്‌

എന്നാല്‍ പ്ലാന്റിന് വേണ്ടി കണ്ടുവച്ചിരിക്കുന്ന ഏഴര ഏക്കറിന് ചുറ്റിലുമുള്ളത് ജൈവവൈവിധ്യത്തിന്റെ സ്വപ്‌ന ഭൂമിയാണ് എന്ന സത്യം നാം മറന്നുകൂട. സിംഹം ഒഴിച്ചുള്ള എല്ലാ ജീവികളും ഇവിടെയുണ്ടെന്നാണ് നാട്ടുകാരിയും വനസംരക്ഷണ സമിതി പ്രസിഡന്റുമായ വിജയമ്മ പറയുന്നത്. വിജയമ്മ ചേച്ചിയ്‌ക്കൊപ്പം കാടിനുള്ളിലൂടെ ഞങ്ങളുടെ സംഘം നടക്കുമ്പോള്‍ ആനച്ചൂരും കരടിയുടെ കടുവയുടെയും വിസര്‍ജ്ജ്യങ്ങളും കാണാമായിരുന്നു. കാട്ടില്‍ നിന്നും തിരിച്ച് കയറിയതിന് ശേഷമാണ് ഞങ്ങള്‍ നടന്നുവന്ന വഴിയില്‍ തലയ്ക്ക് മുകളില്‍ തൂങ്ങിനിന്ന വിഷ പാമ്പുകളെക്കുറിച്ച് അവര്‍ പറഞ്ഞത്. ഹൃദയം നിലച്ചുപോകുന്നുവെന്ന് നമുക്ക് തോന്നുമെങ്കിലും അവര്‍ അതിനെ നിസാരമായാണ് പറയുന്നത്. ‘നമ്മള്‍ അതുങ്ങളെ ഉപദ്രവിക്കുന്നില്ലല്ലോ മോനെ, പിന്നെങ്ങനെയാണ് അതുങ്ങള്‍ നമ്മളെയും ഉപദ്രവിക്കുന്നത്’? എന്നാണ് അവരുടെ ചോദ്യം. പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തോട് ചേര്‍ന്നാണ് കഴിഞ്ഞ വര്‍ഷം അവസാനകാലത്ത് ഒരു ആന പെറ്റുകിടന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ഇവിടെ നിന്നും നോക്കിയാല്‍ വരയാടുമൊട്ടയാണ് കാണുന്നത്. രാജമല കഴിഞ്ഞാല്‍ വരയാടുകളുടെ സ്വാഭാവിക വാസസ്ഥലമാണ് വരയാടുമൊട്ട. 750 മീറ്റര്‍ മാത്രമാണ് പ്ലാന്റിന് വേണ്ടി കണ്ടുവച്ചിരിക്കുന്ന സ്ഥലത്തു നിന്നും വരയാടുമൊട്ടയിലേക്കുള്ള ആകാശ ദൂരം. ഇതിനേക്കാളെല്ലാം അപ്പുറം മെരിസ്റ്റിക്ക സാമ്പ് (Myristica swamps) എന്ന് അറിയപ്പെടുന്ന കാട്ട് ജാതിക്കയുടെ കാടാണ് ഇത്. ഏഷ്യയില്‍ അപൂര്‍വമായുള്ള ഈ കണ്ടല്‍ ചെടിയെക്കുറിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. ജി മധുസൂദനന്‍ വിശദീകരിച്ചു.

മെരിസ്റ്റിക്ക സാമ്പ്

ഏതെങ്കിലും മരത്തിന്റെ വേരാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ജലത്തെ ശുദ്ധമാക്കാന്‍ ഈ ചെടിയോളം കഴിവുള്ള മറ്റൊന്നുമില്ല. പാലക്കാട് നിന്നും ഒഴുകിയെത്തുന്ന ഭൂഗര്‍ഭ ജലത്തിന്റെ കേരളത്തിലെ അവസാന സ്രോതസാണ് ഈ വനമേഖല. ഇവിടെനിന്നുള്ള നീര്‍ച്ചാലുകള്‍ ആദ്യം മൈലാമൂട്, ചിറ്റാര്‍ എന്നീ തോടുകള്‍ വഴി വാമനപുരം നദിയിലേക്ക് എത്തിച്ചേരുന്നു. ഇലവുപാലം മുതല്‍ അരിപ്പ വരെയുള്ള പ്രദേശത്ത് മാത്രമാണ് ഏഷ്യയില്‍ ഈ കണ്ടല്‍ ചെടി വളരുന്നത്. ഒരു മെഡിക്കല്‍ വേസ്റ്റ് പ്ലാന്റ് വരുന്നതോടെ ഇവിടുത്തെ മറ്റ് ജൈവവൈവിധ്യങ്ങള്‍ക്കൊപ്പം ഈ കണ്ടല്‍ സമ്പത്തും നമുക്ക് നഷ്ടമാകും. അതോടൊപ്പം ശുദ്ധജലമെന്ന ലോകത്തിന്റെ പ്രധാനപ്പെട്ട ഒരു ആവശ്യത്തിന്റെ സ്രോതസും. ജൈവ വൈവിധ്യ മേഖലകളുടെ അനുപാതം കണക്കാക്കുമ്പോള്‍ 0.5 ഉണ്ടെങ്കിലും അത് പ്രത്യേകമായി സംരക്ഷിക്കേണ്ട മേഖലയാണ്. ഇവിടെ ഈ അനുപാതം 7.5 ആണ്. അതായത് ഒരുപാട് ശ്രദ്ധയോടെ സംരക്ഷിച്ചില്ലെങ്കില്‍ യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പ്രദേശം നമുക്ക് നഷ്ടമാകും എന്നര്‍ത്ഥം. ചിത്രശലഭങ്ങള്‍, സസ്തനികള്‍, അപൂര്‍വയിനം മത്സ്യങ്ങള്‍ എന്നിവയുടെയും കലവറയാണ് ഇവിടം.

മാരകവിഷം അന്തരീക്ഷത്തില്‍ പരത്തുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് വരുന്നതോടെ ഈ കുട്ടികളുടെ ജീവിതം രോഗങ്ങളുമായി മല്ലിടുന്നതാകും

ഇത്തരം പ്ലാന്റുകള്‍ വിദേശരാജ്യങ്ങളില്‍ ധാരാളമായുണ്ട്. പക്ഷെ അവിടെയൊന്നും മനുഷ്യജീവനും പ്രകൃതിയ്ക്കും കോട്ടം തട്ടുന്ന വിധത്തിലല്ല ഉള്ളത്. നിരവധി വിദേശയാത്രകള്‍ ചെയ്യുന്ന ഇവിടുത്തെ മന്ത്രിമാര്‍ സിയൂള്‍ പോലുള്ള പ്രദേശങ്ങളില്‍ ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് എങ്ങനെയാണെന്ന് കണ്ട് പഠിച്ച് അതിവിടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് ചരിത്രകാരന്‍ വെള്ളനാട് രാമചന്ദ്രന്‍ പറയുന്നു. മണ്ണിന്റെ മക്കളാണ് മനുഷ്യര്‍. ശുദ്ധമായ മണ്ണും വായുവും അവന് നഷ്ടമായാല്‍ അവന്റെ നിലനില്‍പ്പാണ് ഇല്ലാതാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഭൂമി ഞങ്ങള്‍ വിട്ടുകൊടുക്കില്ലെന്നാണ് താന്നിമൂട് ആദിവാസി സെറ്റില്‍മെന്റ് കോളനിയിലെ ജനങ്ങള്‍ക്ക് പറയാനുള്ളത്. ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ മണ്ണിനെക്കുറിച്ച് പേടിയുണ്ട്. ഞാന്‍ ഇന്നോ നാളെയോ മരിക്കും. പക്ഷെ എനിക്ക് താഴെ ഒരുപാട് കുരുന്നുകള്‍ ഉണ്ട്. അവര്‍ക്ക് ഇവിടെ ആരോഗ്യത്തോടെ ജീവിക്കണം. അതിനായി അവസാന ശ്വാസം വരെയും ഞങ്ങള്‍ പൊരുതും’ പറയുന്നത് താന്നിമൂട്ടിലെ ഊര് മൂപ്പത്തി ശാരദയാണ്.

ഞങ്ങളെ കൊന്നാലേ ഇവിടെ ഈ പ്ലാന്റ് വരൂ.. പ്രദേശവാസികളായ സ്ത്രീകള്‍

പ്ലാന്റ് എവിടെ വന്നാലും ഇവിടെ വരാന്‍ സമ്മതിക്കില്ലെന്നാണ് നാട്ടുകാര്‍ ഒറ്റക്കെട്ടായി പറയുന്നത്. നഗരത്തിന്റെ മാലിന്യം തള്ളാനുള്ളതല്ല ഞങ്ങളുടെ മണ്ണ്. പ്ലാന്റ് വരുന്നതിനെക്കുറിച്ച് ഇവര്‍ അറിഞ്ഞിട്ട് ഒരാഴ്ചയായതേ ഉള്ളൂ. പലര്‍ക്കും ഇതുകൊണ്ടുണ്ടാകുന്ന ദൂരവ്യാപകമായ ഫലങ്ങള്‍ അറിയില്ല. പക്ഷെ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ച് ഇവര്‍ പറയുന്നു ഇവര്‍ക്കുവേണ്ടി ഞങ്ങള്‍ പൊരുതും. പ്രകൃതിയും കാട്ടുജീവികളും തരുന്ന ദുരിതങ്ങള്‍ തന്നെ ഞങ്ങള്‍ക്കുണ്ട്. അതിന്റെ കൂടെ ഉത്തരവാദിത്വപ്പെട്ടവരുടെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികള്‍ ഞങ്ങളെ നശിപ്പിക്കാനൊരുങ്ങുകയാണെന്നും ശാരദ പറഞ്ഞു. ‘ഞങ്ങളെ കൊന്നിട്ടേ ഇവിടെ ഈ പ്ലാന്റ് വരൂ. പ്ലാന്റിന് വേണ്ടി ഉദ്ദേശിക്കുന്ന സ്ഥലത്ത് ഞങ്ങള്‍ കുടില് കെട്ടി കിടക്കാനൊരുങ്ങുകയാണ്. ഇനി ആ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കട്ടേ. അല്ലാതെ ഞങ്ങള്‍ക്ക് ഇവിടെ സ്വസ്ഥമായി ഉറങ്ങാന്‍ ആകില്ല. അങ്ങനെ ചെയ്തില്ലെങ്കില്‍ അധികാരികളുമായുള്ള ബന്ധം ഉപയോഗിച്ച് അവര്‍ വീണ്ടും ഞങ്ങളെ ദ്രോഹിക്കാന്‍ വരും. അതിന് ഞങ്ങള്‍ അനുവദിക്കില്ല’. ശാരദയ്‌ക്കൊപ്പം നിന്ന് ഇത് പറയുന്നത് തൊഴിലുറപ്പ് പദ്ധതിയ്ക്കായി ഇറങ്ങിയ സ്ത്രീകളാണ്.

നഷ്ടമാകാന്‍ പോകുന്നത് ഇതുപോലുള്ള ജലസ്രോതസുകള്‍ കൂടിയാണ്‌

അരിപ്പയിലെ ഭൂമിയും ഓടുചുട്ടപടുക്ക പോലെ ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്യാനായി അനുവദിച്ചിരുന്നതാണ്. എന്നാല്‍ കരാര്‍ ലംഘിച്ച് റബ്ബര്‍ നട്ടതോടെ ആ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് നല്‍കി. താന്നിമൂടില്‍ തന്നെ നിരവധി പേര്‍ സ്വന്തമായി കൃഷി ഭൂമിയില്ലാത്തവരുണ്ട്. ഈ സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്ത് അവര്‍ക്ക് വീതിച്ച് നല്‍കട്ടെ. അല്ലാതെ കരാര്‍ ലംഘനം നടത്തിയ പാട്ടഭൂമിയില്‍ ജനങ്ങളുടെയും പ്രകൃതിയുടെയും നിലനില്‍പ്പിന് തന്നെ ഭീഷണിയുള്ള ഒരു മാലിന്യ സംസ്‌കരണ സംരഭം തുടങ്ങുകയല്ല വേണ്ടത്. കേരള സര്‍വകലാശാല ബോട്ടണി വിഭാഗത്തില്‍ റീഡറും പ്രദേശവായുമായ ഡോ. എം കമറുദ്ദീന്റേതാണ് വാക്കുകള്‍. കമറുദ്ദീന്‍ മാഷാണ് ഈ നാട്ടുകാരുടെ ധൈര്യം.

ഇത് ജനവാസകേന്ദ്രമല്ലെന്നും പ്രകൃതിയ്ക്ക് യാതൊരു ദോഷവുമില്ലാതെയായിരിക്കും ഇത് പ്രവര്‍ത്തിക്കുകയെന്നുമാണ് ഇമയുടെ വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയായ ഇമേജ് അവകാശപ്പെടുന്നത്. പക്ഷെ അവരുടെ ആദ്യത്തെ നുണ തന്നെ പൊളിയാന്‍ ആ സ്ഥലത്ത് ഒന്നു പോയാല്‍ മതി. ഇന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയും ഈ പ്ലാന്റിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആരോഗ്യമാലിന്യങ്ങള്‍ കത്തിച്ചു കളയാനുള്ള ഈ പ്ലാന്റിന് നേരത്തെ അനുമതി നല്‍കിയതാണെന്നും വനം മന്ത്രികൂടി പങ്കെടുത്ത യോഗത്തിലാണ് ഇതിന് അനുമതി നല്‍കിയതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ആശുപത്രി മാലിന്യം സംസ്‌കരിക്കാന്‍ മറ്റ് വഴിയൊന്നുമില്ലെന്നും അവര്‍ പറയുന്നു. ആരോഗ്യമന്ത്രിയുടെ വിശദീകരണം അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പിനെ സംബന്ധിച്ച് ന്യായീകരിക്കാവുന്നതാണ്. എന്നാല്‍ വനംമന്ത്രി വനം നശിക്കുന്ന ഒരു തീരുമാനമെടുത്തുവെന്ന് പറഞ്ഞാല്‍ അത് ന്യായീകരിക്കാനാകില്ല. വിഷയം പഠിക്കട്ടെ എന്നാണ് വനം മന്ത്രി രാജു പറയുന്നത്.

ഇന്ന് പെരിങ്ങമല പഞ്ചായത്തില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് നാട്ടുകാര്‍ക്കായി പബ്ലിക് ഹിയറിംഗ് വിളിച്ചു ചേര്‍ത്തിരിക്കുകയാണ് ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി. കളക്ടര്‍ നടത്തുന്ന ചര്‍ച്ചയില്‍ തങ്ങള്‍ ഒറ്റക്കെട്ടായിരിക്കുമെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറഞ്ഞു. ഈ ജനവികാരം കണക്കിലെടുത്ത് സിപിഎം ഭരിക്കുന്ന പെരിങ്ങമല പഞ്ചായത്ത് ഇന്ന് രാവിലെ മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരിക്കുകയാണ്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍