TopTop
Begin typing your search above and press return to search.

വയനാട്ടില്‍ ആദിവാസി ജനത കടന്നുപോകുന്നത് കൊടുംദുരിതങ്ങളിലൂടെ; പ്രകൃതിദുരന്തം ഇല്ലാതാക്കിയത് അവരുടെ ആവാസവ്യവസ്ഥയെയാണ്

വയനാട്ടില്‍ ആദിവാസി ജനത കടന്നുപോകുന്നത് കൊടുംദുരിതങ്ങളിലൂടെ; പ്രകൃതിദുരന്തം ഇല്ലാതാക്കിയത് അവരുടെ ആവാസവ്യവസ്ഥയെയാണ്
തീവ്ര മഴയുടേയും തുടർച്ചയായ ഉരുള്‍പൊട്ടലുകളുടെയും ദിനരാത്രങ്ങൾ ബാക്കി നിർത്തിപ്പോയ നഷ്ട കണക്കുകളിൽ വയനാട്ടിലെ വലിയൊരു വിഭാഗം ആദിവാസി ജനസമൂഹത്തിന്റെ കൊടും ദുരിതങ്ങൾ കൂടിയുണ്ട്. മഴയും ഭൗമ പ്രവർത്തനങ്ങളും വയനാടിന്റെ ഭൂഘടനയെ തന്നെ മാറ്റി മറിച്ചപ്പോൾ അവശേഷിച്ചിരുന്ന കൃഷിയിടങ്ങളെയും വന വിഭവങ്ങളെയും ആശ്രയിച്ചു ജീവിക്കുന്ന നൂറു കണക്കിന് ആദിവാസി കുടുംബങ്ങളുടെ ജീവിതമാണ് ഒലിച്ചു പോയത്.

ബാണാസുരസാഗർ അണക്കെട്ട് ഒന്നിലേറെ തവണ തുറന്നു വിട്ടപ്പോൾ കര കവിഞ്ഞൊഴുകിയ കബനിയുടെ തീരത്തെ നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റും പോകേണ്ടി വന്നു. ക്യാമ്പുകൾ ഭാഗികമായി അവസാനിച്ചെങ്കിലും എല്ലാം തകർന്നു പോയ ഇവർ താത്കാലിക സംവിധാനങ്ങളിൽ അന്തിയുറങ്ങുന്നു. മാനന്തവാടിയിലും പൊഴുതനയിലും വൈത്തിരിയിലുമെല്ലാം തുടർച്ചയായ ഉരുൾപൊട്ടലുകൾ ഉണ്ടായപ്പോൾ വീടുകൾ പൂർണമായും തകർന്ന് ഒന്നുമില്ലാത്തവരായി തീർന്നിരിക്കുന്നു ആദിവാസി കുടുംബങ്ങളിലേറെയും.

മാനന്തവാടിക്കടുത്ത എടവക പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിൽ ഉരുള്‍പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഓടിട്ട വീടുകളെല്ലാം പൂർണമായും തകർന്നു. ഇരു വാർഡുകളിലെയും ഊരുകളിലെ ഇരുന്നൂറ്റി എൺപതിലേറെ ജനങ്ങൾ ക്യാമ്പുകളിൽ കഴിയേണ്ടി വന്നു. ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളും വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങളുമെല്ലാം നശിച്ചു. വരുമാന മാർഗമായിരുന്ന വളർത്തുമൃഗങ്ങളെല്ലാം ഒലിച്ചു പോയി. മഴ വിട്ടൊഴിഞ്ഞ ഈ ദിനങ്ങളിലും അവരുടെ ദുരിതങ്ങൾ അവസാനിച്ചിട്ടില്ല.

വൈത്തിരി ടൗണിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് ആദിവാസി കുടുംബങ്ങൾക്ക് ഭൂമി പതിച്ചു നൽകിയ സുഗന്ധഗിരി. 602 കുടുംബങ്ങൾക്ക് 1500 ഹെക്ടറിലായി അഞ്ചു ഏക്കർ വീതം ഭൂമി പതിച്ചു നൽകിയത് ഇവിടെയാണ്. വലിയ കുന്നിൻ പ്രദേശമായ ഇവിടെ എത്തിച്ചേരാൻ ആകെയുള്ളത് ഒരു റോഡ് മാത്രമായിരുന്നു. മഴയിൽ അത് പൂർണമായും തകർന്നപ്പോൾ പുനരധിവാസ മേഖല ഒറ്റപ്പെട്ടു. സുഗന്ധഗിരിയിലെ അമ്പതേക്കർ എന്ന ഭാഗത്ത് ലഭിച്ചിരുന്ന അഞ്ചേക്കർ സ്ഥലത്ത് രണ്ടേക്കറും ഉരുൾപൊട്ടലിൽ ഒലിച്ചുപോയതിന്റെ വേദനയിലാണ് ഇവിടത്തെ താമസക്കാരനായ വെളുക്കൻ. മലവെള്ളപ്പാച്ചിലിൽ വീടും പൂർണമായി തകർന്നു. ഈ പ്രദേശത്തെ പാലവും ഒലിച്ചുപോയി.

ഒരു വലിയ കുന്നു മുഴുവൻ വൃത്താകൃതിയിലാണ് ഇവിടെ ഒലിച്ചുപോയത്. ഇനിയങ്ങോട്ടുള്ള ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന് ചോദിക്കുമ്പോൾ സുഗന്ധഗിരി രണ്ടാം യൂണിറ്റിൽ വീട് പൂർണമായും തകർന്ന ഗിരീഷ് ചിന്നന്റെ മുഖത്ത് കണ്ണീരിൽ നനഞ്ഞ നിസ്സഹായതയാണ്. മൂന്നാം യൂണിറ്റിൽ കൃഷി ഭൂമിയും റോഡുമെല്ലാം പൂർണമായി ഇല്ലാതായി. നാലാം യൂണിറ്റിലെ സി ബ്ലോക്കിൽ മുപ്പത് ഏക്കർ കൃഷിഭൂമിയാണ് ഒഴുകിപ്പോയത്. ഇതോടെ പുനരധിവാസ മേഖലയിലെ ജീവിതം പറഞ്ഞറിയിക്കാനാവാത്ത പ്രതിസന്ധിയിലായി.

മൂപ്പൈനാട് പഞ്ചായത്തിലെ സൺറൈസ് വാലിക്ക് സമീപമാണ് പരപ്പൻപാറ ചോലനായ്ക്ക കോളനി. വനത്തിനുള്ളിൽ വനവിഭവങ്ങൾ ശേഖരിച്ചു ജീവിക്കുന്ന ഇവരുടെ ജീവിതം ദുരിതപൂർണമാണിപ്പോഴും. കോളനിയിലെ ഒൻപത് കുടുംബങ്ങളെ വടുവഞ്ചാലിലേക്ക് പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനം ഇവർക്ക് ആശ്വാസമാകുന്നുണ്ടെങ്കിലും താമസക്കാരായ എല്ലാവരും ഇതുൾക്കൊണ്ടിട്ടില്ല എന്നതാണ് നിലവിലെ പ്രശ്നം.

കഴിഞ്ഞ വർഷം മഴക്കാലത്ത് ഈ കുടുംബങ്ങളെ വനത്തിനുള്ളിൽ നിന്ന് മാറ്റി സർക്കാർ ഏർപ്പാടാക്കിയ വാടക വീട്ടിൽ താമസിപ്പിച്ചിരുന്നു. പക്ഷെ വനമേഖലക്ക് പുറത്ത് മറ്റൊരു തൊഴിലും ചെയ്തു ശീലിച്ചിട്ടില്ലാത്ത അവർ വരുമാനമോ ആഹാരമോ ഇല്ലാതെ പട്ടിണിയിലും ദുരിതത്തിലുമായി. ചക്ക തിന്നിട്ടാണ് അവർ വിശപ്പടക്കിയിരുന്നതെന്നു ആദിവാസി ക്ഷേമ സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയ വി കേശവൻ പറയുന്നു. എ കെ എസ് ആണ് ഈ ദുരിത ജീവിതം പുറം ലോകത്തെ അറിയിച്ചത്. അതിനെ തുടർന്ന് വനത്തിൽ നിന്ന് സമീപത്തെവിടെയെങ്കിലും ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു വനവിഭവങ്ങൾ എടുത്ത് ജീവിക്കാനുള്ള അവകാശം നിലനിർത്തിക്കൊണ്ടുള്ള ഒരു പുനരധിവാസ പാക്കേജ് സർക്കാർ ആവിഷ്കരിച്ചു.

ചുരുക്കം ചിലരൊഴികെ ചോലനായ്ക്ക കുടുംബങ്ങളിലെ അംഗങ്ങളെല്ലാം സുരക്ഷിതമായൊരു പുനരധിവാസം ആഗ്രഹിക്കുന്നുണ്ട്. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും വലിയ ഭീഷണിയിലായ ഈ കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ കേന്ദ്രത്തിൽ കഴിയുകയാണ്.

പരപ്പൻപാറ, വടുവഞ്ചാൽ, തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി എന്നിവിടങ്ങളിൽ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. തൃശ്ശിലേരി പ്ലാമൂല ഉളിക്കൽ കോളനിയിലെ ഇരുപത് വീടുകൾ വീടുകൾ താമസയോഗ്യമല്ലാതായിരിക്കുകയാണ്. ഭൂമിയിൽ രൂപപ്പെട്ട വിള്ളൽ വീടുകളെയും ബാധിച്ചതോടെയാണ് ഇവിടെ ജീവിക്കുന്നവർക്ക് വീടും നാടും വിട്ടുപോകേണ്ടിവന്നത്. സർക്കാറിന്റെ സഹായത്തോടെ നിർമിച്ച വീടുകളാണ് തകരുകയും വിള്ളൽ വീണു തകർച്ചാ ഭീഷണിയിൽ ആവുകയും ചെയ്തത്. സർക്കാർ താൽക്കാലികമായി ഏർപ്പെടുത്തിയ രണ്ടു വീടുകളിലായാണ് ഈ കുടുംബങ്ങൾ ഇപ്പോൾ കഴിയുന്നത്. സുരക്ഷിതമായ വാസസ്ഥലം എന്ന് ലഭ്യമാകുമെന്നുള്ള ആശങ്കയിലാണ് ഈ കുടുംബങ്ങൾ.

കനത്ത മഴയിൽ ദുരിത ജീവിതം നേരിടേണ്ടി വന്നപ്പോഴും ആദിവാസികൾക്ക് ഭൂമിക്കും വീടിനും വേണ്ടിയുള്ള സമരങ്ങൾ നടക്കുന്ന ഇരുപതോളം കേന്ദ്രങ്ങളുണ്ട് വയനാട്ടിൽ. ഇടിയാംവയൽ, കുട്ടിയാംവയൽ, പൂത്തക്കൊല്ലി, ആനപ്പാറ (ചുണ്ട) തുടങ്ങി ഇരുപതോളം കേന്ദ്രങ്ങളിൽ അവർ പ്രക്ഷോഭ പാതയിലാണ്. ഇവർക്ക് സമര കേന്ദ്രങ്ങളിൽ തന്നെ വീട് നിർമ്മിക്കാൻ സഹായം നൽകണമെന്നാണ് ആവശ്യം. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും വീടും സ്ഥലവും തകർന്നുപോയ കുടുംബങ്ങൾക്കു പകരം ഭൂമിയും വീടും നൽകണമെന്ന് എ കെ എസ് ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെടുന്നു.

വയനാട്ടിലെ അമ്പതിലേറെ കുടുംബങ്ങൾ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇവരുൾപ്പടെയുള്ളവർക്ക് സർക്കാരിന്റെ സൗജന്യ റേഷനും സന്നദ്ധ സംഘടനകളുടെ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. പക്ഷെ അതിലപ്പുറം, തകർന്നടിഞ്ഞു പോയ ഇവരുടെ വീടുകൾ സുരക്ഷിതമായ കേന്ദ്രങ്ങളിൽ പുനര്‍നിര്‍മ്മിക്കുകയാണ് അടിയന്തരമായി പൂർത്തിയാക്കേണ്ടിയിരിക്കുന്നത്. സർക്കാരിന്റെ പദ്ധതികൾ കാര്യക്ഷമമാണെങ്കിലും അവ നടപ്പാക്കുന്ന ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ഭാഗത്തു നിന്ന് വീഴ്ചകൾ സംഭവിച്ചാൽ എല്ലാം നഷ്ടപ്പെട്ട ഈ കുടുംബങ്ങളുടെ ദുരിത ജീവിതത്തിന്റെ ദിനങ്ങൾ ഇനിയും നീണ്ടുപോകും.

അവഗണനയുടെ കയ്പുനീരിന്റെ രുചി ഒരുപാടറിഞ്ഞവരാണ് വയനാട്ടിലെ ആദിവാസി സമൂഹം. മഴക്കെടുതികളിൽ സംഭവിച്ച ദുരിതങ്ങളിൽ പകച്ചു നിൽക്കുകയാണവർ. പുതു ജീവിതത്തിലേക്കവരെ കൈപിടിച്ചുയർത്താൻ പൊതു സമൂഹത്തിന്റെ ജാഗ്രത കൂടി വയനാട് ആഗ്രഹിക്കുന്നുണ്ട്.

https://www.azhimukham.com/keralam-wayanadu-in-the-verge-of-environment-disaster-part2-reports-shijith/

https://www.azhimukham.com/kerala-wayanad-is-ecologically-fragile-reports-shijith/

Next Story

Related Stories