TopTop
Begin typing your search above and press return to search.

ജാതി വിലക്കിന്റെ കേരളം; പ്രണയവിവാഹം കഴിച്ച ഇവര്‍ അഞ്ചു വര്‍ഷമായി 'കുലംകുത്തി'കള്‍

ജാതി വിലക്കിന്റെ കേരളം; പ്രണയവിവാഹം കഴിച്ച ഇവര്‍ അഞ്ചു വര്‍ഷമായി കുലംകുത്തികള്‍

2012 ജൂലൈ ഒന്നിനാണ് മാനന്തവാടി സ്വദേശികളായ അരുണും സുകന്യയും രജിസ്റ്റര്‍ വിവാഹം ചെയ്യുന്നത്. ആ സമയത്ത് ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുകയായിരുന്ന സുകന്യ വീട്ടില്‍ നിന്നിറങ്ങി വരികയായിരുന്നു. സാധാരണ പ്രണയ വിവാഹത്തില്‍ സംഭവിക്കാവുന്ന എല്ലാ സംഘര്‍ഷങ്ങളും അവരുടെ ജീവിതത്തിലും തുടക്കത്തില്‍ ഉണ്ടായി. സുകന്യയുടെ അച്ഛന്‍ ഗോവിന്ദരാജ് സാമ്പത്തികമായി അത്യാവശ്യം ഉയര്‍ന്ന നിലയിലുള്ള ആളായിരുന്നു. രണ്ടു പേരും യാദവ സമുദായത്തില്‍ പെട്ടവരാണെങ്കിലും സാമ്പത്തികമായ വ്യത്യാസം തന്നെയായിരുന്നു പ്രധാന പ്രശ്നം. പ്ലസ്ടു വരെ പഠിച്ചിട്ടുള്ള അരുണ്‍ ഡ്രൈവര്‍ ജോലിയായിരുന്നു ചെയ്തിരുന്നത്.

“കല്യാണം കഴിഞ്ഞപ്പോള്‍ എന്റെ വീട്ടില്‍ നിന്നു ഫോണില്‍ വിളിച്ചു പറഞ്ഞു,'നീ ഇങ്ങോട്ട് വരേണ്ട. നിങ്ങളെ സമുദായത്തില്‍ നിന്നു പുറത്താക്കിയിരിക്കുന്നു’ എന്ന്. അതുവരെ സമുദായത്തിന്റെ എല്ലാ ചടങ്ങുകളിലും പങ്കെടുത്തിരുന്ന ഒരാളായിരുന്നു ഞാന്‍. അങ്ങനെ കല്യാണത്തിന് ശേഷം മാനന്തവാടി ക്ലബ്ബ് കുന്നില്‍ ഒരു വാടക വീടെടുത്ത് ഞങ്ങള്‍ താമസമാക്കുകയായിരുന്നു.” അരുണ്‍ പറഞ്ഞു.

“കമ്മിറ്റി കൂടി ജാതിയില്‍ നിന്നു പുറത്താക്കുക എന്ന് പറഞ്ഞാല്‍ എന്താണെന്ന് എനിക്കറിയാം. സമുദായത്തിലെ ഒരാളുടെ വീട്ടിലും കയറാന്‍ പറ്റില്ല. മരണ വീടുകളില്‍ പോകാന്‍ പാടില്ല. കല്യാണങ്ങള്‍ക്ക് ക്ഷണിക്കില്ല. ആരോടും സംസാരിക്കാന്‍ പറ്റില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇതെല്ലാം ഞങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ക്ഷേത്രത്തില്‍ പോകുന്നതിനോ അവിടത്തെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനോ ഞങ്ങള്‍ക്ക് വിലക്കില്ല. പക്ഷേ അവിടെ പോയാലും ആരും ഞങ്ങളോടു മിണ്ടില്ല. കാരണം അവര്‍ക്ക് സമുദായ നേതാക്കളെ പേടിയാണ്. ഒരു നവരാത്രി ആഘോഷ സമയത്ത് സുകന്യയുടെ ഒപ്പം ഇരുന്ന്'അമ്മ ഭക്ഷണം കഴിച്ചു എന്ന് പറഞ്ഞു അവളുടെ അച്ഛനെയും അമ്മയെയും സഹോദരനെയും സമുദായത്തില്‍ നിന്നു പുറത്താക്കി. ഒടുവില്‍ മൂന്നു മാസം കഴിഞ്ഞു മാപ്പെഴുതി കൊടുത്തിട്ടാണ് തിരിച്ചെടുത്തത്.” അരുണ്‍ പറഞ്ഞു.

തൊട്ടടുത്ത് നില്‍ക്കുന്ന സുകന്യയുടെ സഹോദരന്‍ ഗോകുലിനെ ചൂണ്ടിക്കൊണ്ട് അരുണ്‍ പറഞ്ഞു, “ഇവന്‍ എന്റെ അളിയനാണ്. പൊതുസ്ഥലത്ത് ഒന്നിച്ചിരിക്കുന്നതിനോ സംസാരിക്കുന്നതിനോ ഞങ്ങള്‍ക്ക് വിലക്കില്ല. പക്ഷേ ഇവരുടെ വീട്ടില്‍ പോകാനോ സമുദായവുമായി ബന്ധപ്പെട്ട പരിപാടികളില്‍ ഒന്നിച്ചു പങ്കെടുക്കാനോ ഞങ്ങള്‍ക്ക് കഴിയില്ല. ഇവരുടെ വീട്ടില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അപകടമോ മറ്റോ സംഭവിച്ചാല്‍ അടുത്ത് ഞങ്ങള്‍ മാത്രമേ ഉള്ളൂ എങ്കില്‍ പോലും എനിക്കു കയറി ചെല്ലാന്‍ സാധിക്കില്ല.”

മാനന്തവാടി മേരിമാത കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായ ഗോകുലും അത് ശരി വെച്ചു. “പെങ്ങള്‍ ഗര്‍ഭിണി ആയപ്പോള്‍ അവളെ ഒന്നു കാണാന്‍ പോലും എന്റെ അമ്മയ്ക്ക് സാധിച്ചില്ല. ഒളിച്ചും പാത്തും വേണം എന്തെങ്കിലും സഹായിക്കാന്‍”

2015ല്‍ മാനന്തവാടി ജ്യോതി ഹോസ്പിറ്റലില്‍ വെച്ചാണ് സുകന്യ പ്രസവിച്ചത്. സഹായിക്കാന്‍ കുടുംബത്തിലെയോ സമുദായത്തിലെയോ ആര്‍ക്കും പറ്റാതെ വന്നതിനാല്‍ ആശുപത്രിയില്‍ കൂടെ നില്‍ക്കുന്നതിനും പ്രസവ ശുശ്രൂഷയ്ക്കുമായി ഒരു ഹോം നഴ്സിനെ 45,000 രൂപ പ്രതിഫലം കൊടുത്ത് അരുണിന് നിര്‍ത്തേണ്ടി വന്നു. സിസേറിയനായിരുന്നു പ്രസവം. 20 ദിവസം ഹോസ്പിറ്റലില്‍ കിടന്നു. 6 മാസത്തോളം റസ്റ്റ് വേണ്ടി വന്നു. ആ സമയത്തൊക്കെ ജോലിക്ക് പോകാന്‍ കഴിയാതെ അരുണിന് ഒറ്റയ്ക്ക് ഭാര്യയുടെയും കുഞ്ഞിന്റെയും കാര്യങ്ങള്‍ നോക്കി വീട്ടിലിരിക്കേണ്ടി വന്നു.

അങ്ങനെ വല്ലാതെ ഒറ്റപ്പെടല്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുകന്യ നരേന്ദ്ര മോദി ആപ് വഴി പരാതി അയക്കുന്നത്. 30 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വന്ന് അന്വേഷിക്കുമെന്ന് മറുപടി വന്നു. അങ്ങനെയാണ് നാട്ടില്‍ ഒരു പരാതി കൊടുക്കണം എന്ന് ചിലര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ പരാതിയുമായി അരുണും സുകന്യയും എത്തുന്നത്.

“യാദവ സമുദായത്തിന്റെ സംസ്ഥാന നേതാവും ഗവ. പ്ലീഡറുമായ അഡ്വ. ടി മണിയാണ് മാനന്തവാടിയിലെ സമുദായത്തിന്റെ കാര്യങ്ങള്‍ നോക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഒരു പാരാതി കൊടുത്തില്ലെങ്കില്‍ നാട്ടില്‍ പരാതി ഒന്നുമില്ല എന്ന് അവര്‍ വാദിക്കും. അങ്ങനെ ഡി വൈ എസ് പിക്ക് ഞങ്ങള്‍ പരാതി നല്‍കി. അത് പ്രകാരം മാനന്തവാടി എസ് ഐ ഞങ്ങളെ വിളിപ്പിച്ചു. ഞാനും ഭാര്യയും മകളും സമുദായ കമ്മിറ്റിയിലെ 6 പേരും പിന്നെ ഞങ്ങളുടെ വീട്ടുകാരെയുമാണ് വിളിപ്പിച്ചത്. അന്ന് അവര്‍ പറഞ്ഞത് ഞങ്ങള്‍ ആരെയും വിലക്കിയിട്ടില്ല എന്നാണ്. ഇവര്‍ വീട്ടില്‍ കയറാത്തത് ഞങ്ങളുടെ കുഴപ്പമല്ല. ഇവര്‍ക്ക് മാനസികമായി എന്തോ പ്രശ്നമുണ്ട് എന്നൊക്കെയാണ്. എനിക്കെന്തെങ്കിലും കുഴപ്പമുള്ളതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? സമുദായ കമ്മിറ്റി ഞങ്ങളെ വിലക്കിയിട്ടില്ലെങ്കില്‍ ഇങ്ങനെ ഒരു പ്രശ്നത്തിന് ഞങ്ങള്‍ എന്തിന് നില്‍ക്കണം? കുഞ്ഞിനെയുമെടുത്ത് എന്തിനാണ് പോലീസ് സ്റ്റേഷനില്‍ കയറുന്നത്? ടിവിയിലും പത്രത്തിലും എന്തിനാണ് വാര്‍ത്ത വരുത്തിക്കുന്നത്?” അരുണ്‍ ചോദിക്കുന്നു. തുടര്‍ന്ന് സമുദായം വിലക്കിയതായി പറയുന്ന രേഖ അരുണ്‍ കാണിച്ചു തന്നു.

എന്നാല്‍ എസ് ഐയുടെ ഭാഗത്ത് നിന്നു കേസിനും കുഴപ്പത്തിനുമൊന്നും പോകേണ്ട, പോയാല്‍ തന്നെ നിങ്ങള്‍ക്ക് ജയിക്കാന്‍ പറ്റില്ല എന്ന നിരുത്സാഹപ്പെടുത്തുന്ന സംസാരമായിരുന്നു എന്ന് അരുണ്‍ പറഞ്ഞു. ഓരോ സമുദായത്തിനും ഓരോ ചിട്ടവട്ടങ്ങള്‍ ഉണ്ട്. അതിലൊരു കോടതിയും ഇടപെടില്ല. സമുദായത്തിന്റെ സ്വാതന്ത്ര്യമാണ് എന്നൊക്കെയാണ് എസ് ഐ പറഞ്ഞത്.

“സത്യം പറഞ്ഞാല്‍ ഇത്രയും കേട്ടപ്പോള്‍ എനിക്കു വല്ലാതെ സങ്കടമായി. ഞങ്ങളെ പോലുള്ള സാധാരണക്കാര്‍ക്ക് ആകെയുള്ള ആശ്രയം കോടതിയും പോലീസും നിയമവുമൊക്കെയാണ്. അവിടെ പോയിട്ട് കാര്യമില്ലെങ്കില്‍ പിന്നെ എന്തിനാണ്? ഇങ്ങനെ തന്നെ വിലക്കപ്പെട്ടവരായി ജീവിക്കുക. അത്ര തന്നെ.” അരുണ്‍ പറഞ്ഞു നിര്‍ത്തി.

ആന്ധ്രയില്‍ നിന്നുള്ളവാരാണ് യാദവ വിഭാഗം. കുലത്തൊഴില്‍ പശു/എരുമ കറവയാണ്. മാനന്തവാടിയില്‍ യാദവ സമുദായം താമസിക്കുന്ന സ്ഥലം അറിയപ്പെടുന്നത് തന്നെ എരുമത്തെരു എന്നാണ്. ബ്രിട്ടീഷുകാരുടെ കൂടെ കറവക്കാരായി മാനന്തവാടിയില്‍ എത്തിയതാണ് ഇവര്‍ എന്നാണ് പൊതുവേ കരുതപ്പെടുന്നത്. മലബാറില്‍ കണ്ണൂര്‍ കൂത്തുപറമ്പ്, താഴെ ചൊവ്വ തുടങ്ങിയ സ്ഥലങ്ങളിലും ഈ സമുദായം ഉണ്ട്.

ഒരേ സമുദായത്തില്‍ പെട്ട അരുണും സുകന്യയും കല്യാണം കഴിച്ചതില്‍ സമുദായ കമ്മിറ്റിക്ക് പ്രശ്നമാകുന്ന കാര്യം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

അരുണിന് 6 മാസം പ്രായമുള്ളപ്പോള്‍ അച്ഛനും അമ്മയും പോയിക്കളഞ്ഞതാണ്. അമ്മമ്മയും മാമനുമാണ് അയാളെ എടുത്തുവളര്‍ത്തിയത്. റേഷന്‍ കാര്‍ഡും എസ് എസ് എല്‍ സി ബുക്കുമടക്കം എല്ലാ രേഖകളിലും അരുണ്‍ യാദവ സമുദായമാണെന്ന് വ്യക്തമാണ്. കഴിഞ്ഞ 25 വര്‍ഷമായി അരുണ്‍ സമുദായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്. “ഗോത്രത്തിലുള്ള ചില വ്യത്യാസമാണ് സമുദായം ഇപ്പോള്‍ പറയുന്നത്. അങ്ങനെ ഒന്നുണ്ടെങ്കില്‍ അതെന്താണ് എന്ന് സമുദായ കമ്മിറ്റി തെളിയിക്കട്ടെ.” അരുണ്‍ പറഞ്ഞു.

“നമ്മുടെ സമുദായത്തില്‍ രണ്ടു ഗോത്രങ്ങളാണ് ഉള്ളത്. വമ്മ ഗോത്രവും വങ്കറ ഗോത്രവും. അതില്‍ ഞങ്ങള്‍ വമ്മ ഗോത്രമാണ്. അരുണിന്റെ കുടുംബം വങ്കറ ഗോത്രവും. വമ്മയും വങ്കറയും തമ്മില്‍ കല്യാണം കഴിക്കുന്നതാണ് നമ്മുടെ സമുദായത്തിലെ പൊതുവായ രീതി. എന്നാല്‍ ചില അവസരങ്ങളില്‍ വമ്മയും വമ്മയും തമ്മില്‍ കല്യാണം നടന്നിട്ടുണ്ട്” സുകന്യയുടെ അച്ഛന്‍ ഗോവിന്ദരാജ് പറയുന്നു.

“ഇപ്പോള്‍ ഇവര്‍ നടപ്പിലാക്കുന്നത് ജാതി വിലക്ക് തന്നെയാണ്. കേരളം പോലുള്ള സംസ്ഥാനത്ത് ഇങ്ങനെയൊരു മനുഷ്യാവകാശ ലംഘനം നടന്നു കൂടാ. എന്റെ മോള്‍ക്ക് ഇതിന്റെ പേരില്‍ എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ ഇത് ഇവിടെയൊന്നും നിക്കൂലാ..” ജനതാദള്‍ ജില്ലാ നേതാവ് കൂടിയായ ഗോവിന്ദരാജ് പറഞ്ഞു. നവരാത്രി ദിവസം നടന്ന സംഭവത്തിന്റെ പേരില്‍ ജാതിയില്‍ നിന്നു മൂന്നു മാസം വിലക്കിയതും ഒടുവില്‍ മാപ്പെഴുതിക്കൊടുത്ത് തിരിച്ചു കയറിയതും വേദനയോട് കൂടിയാണ് ഗോവിന്ദ രാജ് പറഞ്ഞത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനതാദള്‍ മാത്യു ടി തോമസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് എരുമത്തെരു വാര്‍ഡ് സിപിഎം മത്സരിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഗോവിന്ദരാജ് അവിടെ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ബിജെപി പിന്തുണയ്ക്കുകയും ചെയ്തു. അതേ തുടര്‍ന്ന് പ്രമുഖ സിപിഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഇ എം ശ്രീധരന്‍ അവിടെ നിന്നു പരാജയപ്പെട്ടു. സമുദായ നേതാവായ അഡ്വ. ടി മണി, സിപിഎം നേതാവ് കൂടിയാണ്. അതേസമയം അരുണ്‍ സി ഐ ടി യു തൊഴിലാളി യൂണിയന്‍ അംഗമാണ്. സ്ഥലം എം എല്‍ എ ഒ ആര്‍ കേളുവിനെ ഇവര്‍ ബന്ധപ്പെടുകയും ഇടപെടണം എന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

“കഴിഞ്ഞ 5 വര്‍ഷമായി ഈ വിലക്ക് തുടരുകയാണ്. ഓരോ വര്‍ഷവും അടുത്ത വര്‍ഷം വിലക്ക് നീക്കും എന്ന് പറഞ്ഞു ഇങ്ങനെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇപ്പോള്‍ കുഞ്ഞായതോടെ പിടിച്ച് നില്‍ക്കാന്‍ പറ്റാതെ ആയി. അവള്‍ക്ക് എന്റെ അമ്മയെ കാണണം, അച്ഛനെ കാണണം. അങ്ങനെയാണ് നരേന്ദ്ര മോദി ആപ്പിലേക്ക് ഞാന്‍ പരാതി അയച്ചത്.” സുകന്യ പറഞ്ഞു.

“പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു മറുപടി വന്നപ്പോഴാണ് നാട്ടില്‍ പരാതി കൊടുക്കണം എന്ന് ഞങ്ങളുടെ ചില കുടുംബ സുഹൃത്തുക്കള്‍ പറഞ്ഞത്. അങ്ങനെ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളെയും സമുദായ കമ്മിറ്റിയുടെ ആളുകളെയും പോലീസ് സ്റ്റേഷനില്‍ വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ ആ ചര്‍ച്ചയില്‍ വിലക്ക് നീക്കുന്നതായി എഴുതിത്തരാന്‍ അവര്‍ തയ്യാറായില്ല. വിലക്കിയിട്ടില്ല എന്നാണ് പോലീസിന്റെ മുന്‍പി‌ല്‍ അവര്‍ പറഞ്ഞത്. അതേ തുടര്‍ന്നാണ് ഞങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ ഇക്കാര്യങ്ങള്‍ പറയാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് മാതൃഭൂമി ചാനലില്‍ നടന്ന ചര്‍ച്ചയില്‍ വിലക്കുണ്ടെന്ന് അഡ്വ. ടി മണി സമ്മതിച്ചു. അത് ആചാരപരമായ കാര്യമാണെന്നാണ് മൂപ്പര്‍ പറഞ്ഞത്.” സുകന്യ പറഞ്ഞു.

ഇത്തരമൊരു സമുദായ വിലക്കിന്റെ ആദ്യ ഇരകളല്ല തങ്ങളെന്ന് സുകന്യ പറഞ്ഞു. ഇനിയും ഒരാള്‍ ഇങ്ങനെ ഒരു വിലക്കില്‍ പെടരുത് എന്ന ഉറച്ച വിശ്വാസമാണ് പൊതു സമൂഹത്തിന്റെ മുന്‍പി‌ല്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും സുകന്യ കൂട്ടി ചേര്‍ത്തു.

“സമുദായത്തിലെ മാറ്റാളുകള്‍ക്ക് പേടിയാണ്. ആരും അടുത്തൊന്നും ഇല്ലെങ്കില്‍ അവര്‍ വന്നു സംസാരിക്കും. എന്തെങ്കിലും പ്രത്യേക ചടങ്ങുകള്‍ ഉണ്ടെങ്കില്‍ അവര്‍ പറയും. ‘നിങ്ങള്‍ക്ക് അറിയാലോ. സമുദായ കമ്മിറ്റി അറിഞ്ഞാല്‍ പ്രശ്നമാണ്’. അവരെ കുറ്റം പറയാനും പറ്റില്ല. ഞങ്ങളുമായി ബന്ധപ്പെട്ടു എന്നറിഞ്ഞാല്‍ അവരെയും വിലക്കും. ഞങ്ങള്‍ക്ക് ഞങ്ങളുടെ വീട്ടില്‍ കയറണം. എല്ലാവരും ജീവിക്കുന്നതു പോലെ ഞങ്ങള്‍ക്ക് ജീവിക്കണം. അതുകൊണ്ട് ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ ഞങ്ങള്‍ തയ്യാറാണ്” ബിഎസ്സി ഇലക്ട്രോണിക്സ് ബിരുദധാരിയായ സുകന്യ പറഞ്ഞു.

യാദവ സമുദായത്തില്‍ ഇത്ര സ്ട്രിക്ട് മാനന്തവാടിയില്‍ മാത്രമേയുള്ളൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്. കണ്ണൂരൊക്കെ ഇതൊന്നും ഒരു കാര്യമേ അല്ല. സുകന്യ പറയുന്നു.

“മാതൃഭൂമി ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ഞാന്‍ ഗര്‍ഭിണിയായിട്ടാണ് ഒളിച്ചോടിയത് എന്ന രീതിയില്‍ അഡ്വ. ടി മണി പറയുകയുണ്ടായി. എന്റെ മകള്‍ക്കിപ്പോള്‍ രണ്ട് വയസാണ്. അന്നേ ഗര്‍ഭിണി ആണെങ്കില്‍ അവര്‍ക്കിപ്പോള്‍ 5 വയസ്സു കഴിഞ്ഞിട്ടുണ്ടാകും. അതിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. വനിതാ കമ്മീഷനും പരാതി നല്‍കും” സുകന്യ ഉറപ്പിച്ച് പറഞ്ഞു.

ഇതിനിടയില്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പില്‍നിന്ന് വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വരികയും വസ്തുതാന്വേഷണം നടത്തി പോവുകയും ചെയ്തിട്ടുണ്ട്.

അരുണ്‍-സുകന്യ ദമ്പതികളുടെ ജാതി വിലക്ക് സംബന്ധിച്ച പ്രശ്നങ്ങള്‍ നിയമത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ട് വാരാന്‍ പ്രയത്നിക്കുന്ന ജനതാദള്‍ ജില്ല സെക്രട്ടറി കൂടിയായ അസീസിനും യാദവ സമുദായത്തില്‍ നിന്നു ഭീഷണി ഉണ്ട്. തങ്ങളുടെ പ്രശ്നങ്ങളില്‍ തലയിടേണ്ട എന്നാണ് തനിക്ക് കിട്ടിയ താക്കീതെന്ന് അസീസ് പറഞ്ഞു.

"വിലക്കിയതായി പറയുന്ന സമുദായം ഇറക്കിയ രേഖയും ഞങ്ങളുടെ വിലക്ക് നീക്കണം എന്നാവശ്യപ്പെട്ട് സമുദായത്തിലെ നൂറോളം ആളുകള്‍ ഒപ്പിട്ട നിവേദനവും ഞങ്ങളുടെ കയ്യിലുണ്ട്. ആ തെളിവുകള്‍ വെച്ച് ഞങ്ങള്‍ പോരാടും" സുകന്യയും അരുണും ഉറച്ച ശബ്ദത്തില്‍ പറയുന്നു.

സമുദായത്തിലെ മറ്റ് അംഗങ്ങള്‍ക്ക് വരാന്‍ സാധിക്കാത്തതുകൊണ്ട് കുടുംബശ്രീയുടെ അയല്‍ക്കൂട്ടങ്ങള്‍ സുകന്യയുടെ വീട്ടില്‍ വെച്ചു നടത്താറില്ല എന്നതും ഇവര്‍ പോകുമ്പോള്‍ സമുദായത്തിലെ ചില ആളുകള്‍ കാര്‍ക്കിച്ചു തുപ്പും എന്നതും പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തെ ഞെട്ടിക്കുക തന്നെ ചെയ്യും.

(സമുദായ നേതാവ് അഡ്വ. ടി മണി പളനിയില്‍ ആയതുകൊണ്ട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അദ്ദേഹവുമായി സംസാരിച്ച് സമുദായ കമ്മിറ്റിയുടെ വാദം പിന്നീട് കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും)


Next Story

Related Stories