TopTop
Begin typing your search above and press return to search.

മാനന്തവാടിയിലെ യാദവ സമുദായ വിലക്ക് തുടര്‍ക്കഥ; പരാതിയുമായി ഒരു കുടുംബം കൂടി

മാനന്തവാടിയിലെ യാദവ സമുദായ വിലക്ക് തുടര്‍ക്കഥ; പരാതിയുമായി ഒരു കുടുംബം കൂടി

പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ ജാതി ഭ്രഷ്ട് ഏറ്റുവാങ്ങേണ്ടി വന്ന മാനന്തവാടിയിലെ യാദവ സമുദായത്തിലെ സുകന്യയുടെയും അരുണിന്റെയും ജീവിതത്തെ കുറിച്ച് പുറം ലോകം അറിയുന്നത് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ്. ആ വാര്‍ത്തയുടെ പിന്നാലെ അതേ സമുദായത്തില്‍ നിന്നു മറ്റൊരു ഊരുവിലക്കിന്റെ വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നു.

പ്രണയിച്ച് വിവാഹം കഴിച്ച മകനെയും ഭാര്യയെയും സ്വീകരിച്ചതിന്റെ പേരില്‍ കഴിഞ്ഞ നാല് വര്‍ഷമായി യാദവ സമുദായത്തില്‍ നിന്നു ഭ്രഷ്ട് നേരിടുന്നതായി മാനന്തവാടി ക്ലബ് കുന്നില്‍ മഹേന്ദ്രനും ഭാര്യ കുസുമവും പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇവരുടെ മകന്‍ പ്രവീണ്‍ കുമാര്‍ സ്വന്തം ഗോത്രത്തില്‍ പെട്ട മിന്നു മായയെ വിവാഹം കഴിച്ചതു 2013ലാണ്. ക്ഷേത്രത്തില്‍ വെച്ചു രഹസ്യമായി വിവാഹം കഴിച്ച ഇവരെ മാതാപിതാക്കള്‍ ഇടപെട്ട് രജിസ്റ്റര്‍ വിവാഹം കഴിപ്പിക്കുകയായിരുന്നു. ഇവരെ സ്വീകരിച്ചതിന്‍റെ പേരിലാണ് മഹേന്ദ്രനും കുസുമവും സമുദായത്തിന്റെ ശത്രുക്കളായി മാറിയത്.

കുസുമത്തിന്‍റെ ഇരട്ട സഹോദരീഭര്‍ത്താവ് ആസ്​പത്രിയില്‍ കിടക്കുമ്പോള്‍ സന്ദര്‍ശിക്കാനും കൂട്ടിരിക്കാനുമെല്ലാം ഇവര്‍ക്ക് സമുദായത്തിന്റെ വിലക്കുണ്ടായിരുന്നു. സഹോദരിയുടെ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനും കുസുമത്തിന് സമുദായം അനുമതി നല്കിയില്ല. സ്വന്തം അമ്മ മരിച്ചപ്പോള്‍ കാണാനുള്ള അനുമതി മാത്രമാണ് മിന്നുമായയ്ക്ക് ലഭിച്ചത്.

പ്രവീണ്‍കുമാറും മിന്നുമായയും ഇപ്പോള്‍ ബെംഗളൂരുവിലാണ് താമസിക്കുന്നത്. മക്കളുടെ വിവാഹ ഫോട്ടോപോലും വീട്ടില്‍വെക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് മഹേന്ദ്രനും കുസുമവും പറയുന്നു.

പ്രണയിച്ച് വിവാഹം കഴിച്ചതിന് മക്കളെയും അവരെ സംരക്ഷിച്ചതിന് തങ്ങളെയും ഊരുവിലക്കിയതായി കാണിച്ച് മുമ്പ് മനുഷ്യാവകാശ കമ്മിഷനും പോലീസിലും മഹേന്ദ്രന്‍ പരാതി നല്കിയിരുന്നു. അന്ന് അനുകൂലമായ നടപടികള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും. ഊരു വിലക്കിനെതിരെ ഇപ്പോള്‍ വീണ്ടും മാനന്തവാടി പോലീസിന് പരാതി നല്‍കിയെങ്കിലും കോടതിയെ സമീപിക്കാനാണ് നിര്‍ദേശിച്ചതെന്നും മഹേന്ദ്രന്‍ പറയുന്നു.

അഞ്ചു വര്‍ഷത്തോളമായി സ്വന്തം സമുദായത്തില്‍ പെട്ട ആരുമായും ബന്ധപ്പെടാനോ ചടങ്ങുകളില്‍ പങ്കെടുക്കാനോ കഴിയാതെ ഒറ്റപ്പെട്ടു കഴിയുകയായിരുന്ന അരുണ്‍-സുകന്യ ദമ്പതികളുടെ വാര്‍ത്ത അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുകന്യയുടെ അമ്മ മകളുടെ അടുത്തിരുന്നു അമ്പലത്തില്‍ വെച്ചു ഭക്ഷണം കഴിച്ചു എന്നതിന്റെ പേരില്‍ അമ്മയെയും അച്ഛനെയും അനിയനെയും ജാതിയില്‍ നിന്നു മൂന്നു മാസത്തേക്ക് പുറത്താക്കുകയും അവര്‍ മാപ്പെഴുതിക്കൊടുത്തു ജാതിയില്‍ തിരിച്ച് കയറുകയുമായിരുന്നു. സ്വന്തം വീട്ടില്‍ കയറാനോ ബന്ധുക്കളോടോ സമുദായത്തില്‍ പെട്ടവരോടൊ സംസാരിക്കാനോ കഴിയാതെ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു സുകന്യയും അരുണും രണ്ടരവയസ്സുകാരിയായ മകളും. ഒടുവില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് സുകന്യ ജാതി വിലക്കിനെ കുറിച്ച് നരേന്ദ്ര മോദി ആപ് വഴി പരാതിപ്പെടുന്നത്. സുകന്യയ്ക്കും ഭര്‍ത്താവിനും നേരെ സമുദായം നടത്തിയത് സൈലന്‍റ് അറ്റാക്ക് ആണെന്നാണ് സുകന്യയുടെ അച്ഛന്‍ ഗോവിന്ദരാജ് അഴിമുഖത്തിനോട് പറഞ്ഞത്.

അതെ സമയം തങ്ങള്‍ ആരെയും ഊര് വിലക്കിയിട്ടില്ല എന്ന നിലപാടില്‍ തന്നെയാണ് സമുദായ കമ്മറ്റി അംഗങ്ങള്‍. ഇന്നലെ മാനന്തവാടിയില്‍ നടത്തിയ പത്ര സമ്മേളനത്തിലും അവര്‍ അത് തന്നെയാണ് ആവര്‍ത്തിച്ചത്. ഇതര സമുദായത്തില്‍ പെട്ടയാളെ കല്യാണം കഴിച്ച് സമുദായത്തില്‍ നിന്നു പുറത്തു പോയവര്‍ സമുദായത്തെയും അതിന്റെ നേതാക്കളെയും അപമാനിക്കുന്നത് അവസാനിപ്പിക്കണം എന്ന് യാദവ സേവാസമിതി സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ടി മണി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഞങ്ങള്‍ നേരിടുന്നത് ഊര് വിലക്ക് തന്നെയാണെന്നും വീട്ടില്‍ കയറാനും മറ്റുള്ളവരെ പോലെ സ്വതന്ത്രായി ജീവിക്കാനും ഉള്ള അവകാശമാണ് വേണ്ടതെന്നും സുകന്യ പറയുന്നു. അതിനു വേണ്ടി കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും സുകന്യ പറയുന്നു.

ഡി വൈ എഫ് ഐ യും കോണ്‍ഗ്രസും ഇവര്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.


Next Story

Related Stories