TopTop
Begin typing your search above and press return to search.

ഒരു മടുപ്പന്‍ ഉപതിരഞ്ഞെടുപ്പിനിടയില്‍ രസിപ്പിച്ച രാഷ്ട്രീയ കോപ്രായങ്ങള്‍

ഒരു മടുപ്പന്‍ ഉപതിരഞ്ഞെടുപ്പിനിടയില്‍ രസിപ്പിച്ച രാഷ്ട്രീയ കോപ്രായങ്ങള്‍

നിനച്ചിരിക്കാത്ത നേരത്ത് കുഞ്ഞാപ്പയെയും കൂട്ടി ഉമ്മറപ്പടി കടന്നുവന്ന കുഞ്ഞൂഞ്ഞും സംഘവും ഉറുമ്പാടം പിടികൂടിയപ്പോൾ ശ്വാസം മുട്ടിപ്പോയ കുഞ്ഞുമാണിക്കു ഒടുവിൽ സുല്ല് പറയേണ്ടി വന്നുവെന്നും ചെങ്ങന്നൂരിലെ യു ഡി എഫ് സ്ഥാനാർഥി ഡി വിജകുമാറിന് തന്റെ പാർട്ടിയുടെ പിന്തുണ പ്രഖ്യാപിച്ചുവെന്നതുമാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകളില്‍ ഒന്ന്. ബാർകോഴയിൽ കോൺഗ്രസ് നേതൃത്വവുമായി ഉടക്കി യു ഡി എഫ് വിട്ടു വഴിമാറി നടക്കുകയായിരുന്നു മാണി ഇത്രയും കാലം. ഇതിനിടയിൽ മുസ്ലിം ലീഗിനോടുള്ള കടപ്പാടിന്റെ പേര് പറഞ്ഞു കുഞ്ഞാപ്പക്ക് വേണ്ടി ആദ്യം മലപ്പുറത്തും തൊട്ടു പിന്നാലെ വേങ്ങരയിലും ഉപതെരഞ്ഞെടുപ്പുകളിൽ പ്രസംഗിക്കാൻ പോയതൊഴിച്ചാൽ മാണിക്ക് യു ഡി എഫ് എന്ന് കേൾക്കുന്നതു തന്നെ ചതുര്‍ത്ഥിയായിരുന്നു. മാണിക്കു മാത്രമല്ല മാണി പുത്രൻ ജോസ് കെ മാണി എം പിയുടെ സ്ഥിതിയും ഇതുതന്നെയായിരുന്നു. അപ്പോഴും കോൺഗ്രസിന്റെയും യു ഡി എഫിന്റെയും നേതാക്കൾക്ക് മാണി പാർട്ടിയിൽ ആകെയുണ്ടായിരുന്ന പിടിവള്ളി ചത്താലും ഇനി എൽ ഡി എഫിലേക്കില്ലെന്നു കട്ടായം പറഞ്ഞു നിന്നിരുന്ന ഔസേപ്പച്ചനിലും കൂട്ടരിലുമായിരുന്നു.

ഇടഞ്ഞു നടന്നിരുന്ന കുഞ്ഞുമാണിയെ മെരുക്കി വീണ്ടും യു ഡി എഫ് കൊട്ടിലിൽ എത്തിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും അഭിനവ സഞ്ജയൻമാർ നൽകുന്നത് മുസ്ലിം ലീഗിന്റെ കുഞ്ഞാപ്പക്കാണ്. കുഞ്ഞാപ്പ മുന്നിൽ നിന്നും നയിച്ചപ്പോൾ ബാക്കി നേതാക്കൾ കുങ്കിയാനകളായി എന്നൊക്കെയുള്ള രീതിയിലാണ് നമ്മുടെ പുതുക്കാല സഞ്ജയൻമാർ ഇതു സംബന്ധിച്ച് നൽകിയ വിവരണം. ഘടക കക്ഷികളായ സി എം പി, ആർ എസ് പി, കേരള കോൺഗ്രസ് (എം) എന്നിവ പിളരുകയും അതിൽ ഓരോ കഷണങ്ങൾ എൽ ഡി എഫിനൊപ്പം ചേരുകയും ചെയ്തതോടെ ക്ഷീണിച്ചു തുടങ്ങിയ യു ഡി എഫിന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ മുന്നണി വിട്ട മാണിപാർട്ടി കൂടി എൽ ഡി എഫ് പാളയത്തിലേക്ക് നീങ്ങുന്നതു ഒരു കാരണവശാലും താങ്ങാൻ പറ്റുന്ന ഒന്നായിരുന്നില്ല, പ്രത്യേകിച്ചും എം പി വീരേന്ദ്ര കുമാറിന്റെ ജനതാദൾ കൂടി ഇടത്തേക്ക് ചാഞ്ഞ സാഹചര്യത്തിൽ. മനസ്സില്ലാ മനസ്സോടെയാണെങ്കിലും മാണി തിരിച്ചു വരുമ്പോൾ, അതും ചെങ്ങന്നൂരിലെ വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുന്ന ഈ ഘട്ടത്തിൽ യു ഡി എഫിന് ലഭിക്കുന്ന ആശ്വാസം ചെറുതൊന്നുമല്ല.

അതേസമയം ചെങ്ങന്നൂരിൽ മാണിയുടെ പിന്തുണ പ്രതീക്ഷിച്ച സി പി എമ്മിന് ഈ പുതിയ സംഭവ വികാസം കനത്ത പ്രഹരം തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്. മാണി വീണ്ടും യു ഡി എഫിലേക്കു എന്ന് വ്യക്തമായ ഉടൻ മാണിയില്ലാതെയും ചെങ്ങന്നൂർ ജയിക്കുമെന്ന് കോടിയേരിയും മറ്റും പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ ഇങ്ങനെയൊക്കെ ആക്കി തീർത്തതിന് അവർ പ്രധാനമായും ശപിക്കുന്നതു സി പി ഐയെയും ആ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയുമാണ്. ചെങ്ങന്നൂരിൽ സി പി എമ്മിന്റെ പ്രതീക്ഷ വാനോളമായിരുന്നു. തങ്ങളുടെ സ്ഥാനാർഥി സജി ചെറിയാൻ ജയിക്കുമെന്ന് മാത്രമല്ല ഭൂരിപക്ഷം നല്ല നിലയിൽ വർധിപ്പിക്കുമെന്നും അവർ ആത്മാർഥമായും വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ ചെങ്ങന്നൂരിൽ സജി ചെറിയാൻ പരാജയപ്പെട്ടാൽ അതിന്റെ പൂർണ ഉത്തരവാദിത്വവും സി പി ഐയുടെയും കാനത്തിന്റെയും തലയിൽ കെട്ടിവെക്കപ്പെടും. അങ്ങനെയെങ്കില്‍ സി പി എം - സി പി ഐ ബന്ധം വരും നാളുകളിൽ കൂടുതൽ വഷളാകും എന്ന കാര്യത്തിൽ തർക്കം വേണ്ട.

http://www.azhimukham.com/keralam-the-fraudulent-politics-of-vellappally-and-his-son-by-arun-t-vijayan/

ഒടുവിൽ മാണിപ്പാർട്ടിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി. വെള്ളാപ്പള്ളി നടേശനും പുത്രൻ തുഷാർ വെള്ളാപ്പള്ളിയും എസ് എൻ ഡി പി യും ബി ഡി ജെ എസും ഒക്കെ ചെങ്ങന്നൂരിൽ എന്തു തീരുമാനം എടുക്കുന്നു എന്നതാണ് മറ്റൊരു രാഷ്ട്രീയ തമാശ. ബിഡിജെഎസ് എന്‍ ഡി എയുമായി ബന്ധം വിടര്‍ത്തിയിട്ടില്ലെങ്കിലും പ്രവര്‍ത്തകര്‍ പ്രചാരണ രംഗത്ത് അത്ര സജീവമല്ല. വെള്ളാപ്പള്ളി ആണെങ്കില്‍ എസ് എന്‍ ഡി പിയുടെ വോട്ട് ഈഴവരോട് സ്നേഹമുള്ളവര്‍ക്ക് എന്ന പ്രഖ്യാപനമാണ് ഇന്നലെ നടത്തിയത്. പ്രസ്താവനയ്ക്ക് പിന്നാലെ ഈഴവരോട് തങ്ങള്‍ക്കാണ് കൂടുതല്‍ സ്നേഹം എന്നു പ്രഖ്യാപിച്ചുകൊണ്ട് ചെങ്ങന്നൂരിലെ യോഗം ആസ്ഥാനത്തേക്ക് നേതാക്കളുടെ ഒഴുക്കാണ്. ചെങ്ങന്നൂരിൽ 45,000 നും 50,000 നും ഇടയിൽ ഈഴവ വോട്ടുണ്ടെന്നാണ് എസ് എൻ ഡി പി നേതാക്കൾ അവകാശപ്പെടുന്നത്. അടുത്ത നാൾ വരെ നടേശ ഗുരുവിന്റെ മനസ്സ് എൽ ഡി എഫിനും സജി ചെറിയാനും ഒപ്പമായിരുന്നു. എന്നാൽ മൈക്രോ ഫിനാൻസ് തട്ടിപ്പു കേസ് വീണ്ടും പൊങ്ങിവന്നതോടെ ഗുരുവിന്റെ ശബ്‌ദത്തിൽ അൽപ്പം നീരസം ഇല്ലേയെന്നൊരു ശങ്ക ഇല്ലാതെയില്ല.

ചെങ്ങന്നൂരിലെ ജനവിധി എന്തുതന്നെയായാലും ഒരു കാര്യം ഉറപ്പാണ്. വോട്ടർമാരെയും സ്ഥാനാർഥികളെയും വല്ലാതെ മടുപ്പിച്ചു കളഞ്ഞ ഒരു ഉപതിരഞ്ഞെടുപ്പിനാണ് ഉടനെ തിരശീല വീഴാൻ പോകുന്നത്. ഒരു മാധ്യമ സുഹൃത്ത് പറഞ്ഞത് ചെങ്ങന്നൂരിലെ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് പ്രചാരണം റിപ്പോർട്ട് ചെയ്തു മടുത്തുപോയ തങ്ങൾക്കും അല്പമെങ്കിലും ആശ്വാസം പകർന്നത് പ്രചാരണത്തിനെത്തിയ ചില നേതാക്കളുടെ കോപ്രായങ്ങളായിരുന്നു എന്നാണ്. ഇക്കാര്യത്തിൽ മൂന്നു മുന്നണികളുടെയും നേതാക്കൾ കടുത്ത മത്സരം തന്നെ കാഴച വെച്ചത്രേ! തിരഞ്ഞെടുപ്പിനു ഇനിയും അഞ്ചു ദിവസം കൂടിയുണ്ടെന്നതും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ഇന്നത്തെ പര്യടനവും കൂടുതൽ തമാശയ്ക്കു സാധ്യത നൽകുന്നുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/india-stupid-comments-by-biplabkumardeb/

http://www.azhimukham.com/kerala-places-biplab-kumar-deb-should-visit-before-celebrating-varappuzha-custodial-death/

http://www.azhimukham.com/kerala-newswrap-mani-has-to-learn-bih-lesson-from-karunakaran-writes-saju/

http://www.azhimukham.com/newswrap-another-defeat-for-cpm-in-kmmani-politics-writes-sajukomban/

http://www.azhimukham.com/newswrap-bdjs-boycot-nda-election-convention-in-chengannoor-writes-sajukomban/

http://www.azhimukham.com/offbeat-will-accept-rss-vote-says-kanamrajendran/

http://www.azhimukham.com/keralam-chengannoor-byelection-analysis-writes-kaantony/


Next Story

Related Stories