Top

ചെങ്ങന്നൂരിലെ 'മ'കള്‍

ചെങ്ങന്നൂരിലെ
ശക്തമായ ത്രികോണ മത്സരം പ്രവചിക്കപ്പെട്ടിട്ടുള്ള ചെങ്ങന്നൂരിൽ എന്ത് സംഭവിക്കുമെന്ന് ഈ ഘട്ടത്തിൽ പറയുന്നത് ഒട്ടും ശരിയല്ല. മൂന്നു മുന്നണികൾക്കും അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്കും എന്തുകൊണ്ട് തങ്ങൾ ജയിക്കുമെന്നും ജയിക്കണമെന്നുമൊക്കെ പറയാൻ ഒട്ടേറെ കാര്യങ്ങളും കാരണങ്ങളുമുണ്ടാകും. രണ്ടു വർഷത്തെ ഭരണമികവും മോദിക്കും സംഘപരിവാറിനും കോൺഗ്രസിനുമെതിരെയുള്ള തങ്ങളുടെ ന്യായവാദങ്ങളുമൊക്കെയാവും ഭരണപക്ഷത്തിന്റെ പ്രധാന പ്രചാരണ വിഷയങ്ങൾ. ഇതോടൊപ്പം ചെങ്ങന്നൂരിലെ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാൻ ഇതിനകം തന്നെ വ്യക്തമാക്കിയതുപോലെ കഴിഞ്ഞ ഒന്നര വര്‍ഷം ചെങ്ങന്നൂർ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത രാമചന്ദ്രൻ നായർ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യവും ഈ തിരഞ്ഞെടുപ്പിൽ സ്വാഭാവികമായും മുഴങ്ങും. യുഡിഎഫും ബിജെപിയും പ്രധാനമായും ഊന്നൽ നൽകുക രണ്ടു വര്‍ഷം പൂർത്തിയാക്കുന്ന പിണറായി സർക്കറിന്റെ വീഴ്ചകൾ തന്നെയാവും.

എന്നാൽ ഈ ഉപതെരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടാൻ പോകുന്നതും വിധി നിർണയിക്കുന്നതും മൂന്നു 'മ'കളായിരിക്കും എന്നാണ് ആദ്യം തോന്നിയത്. അതായത് മാണി, മദ്യം, മുന്നണി. എന്നാലിപ്പോൾ 'മ' ഘടകങ്ങളുടെ എണ്ണം നാലായി വർധിച്ചിരിക്കുന്നു. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ രംഗപ്രവേശനത്തോടു കൂടിയാണിത്. ഇനിയിപ്പോൾ ഈ നാലാം 'മ' ഫാക്ടറും ചെങ്ങന്നൂർ തിരഞ്ഞെടുപ്പിനെ എങ്ങനെ, എത്രകണ്ട് സ്വാധീനിക്കുമെന്നും പഠിക്കേണ്ടതുണ്ട്. എന്തായാലും വിധിയെഴുത്തിന് സമയം ഏറെ ബാക്കി നിൽക്കുന്നതിനാലും തിരഞ്ഞെടുപ്പ് കാലത്തു പല പല അത്ഭുതങ്ങൾ സംഭവിക്കാമെന്നതിനാലും തത്ക്കാലം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ 'മ' ഫാക്ടറിൽ മാത്രം ഒതുങ്ങുന്നു.

മാണി

ഒന്നാം 'മ' ഫാക്ടര്‍ സാക്ഷാൽ കെ എം മാണി തന്നെ. മലയോര കർഷകരുടെ മിശിഹാ എന്നും അധ്വാന വര്‍ഗ്ഗത്തിന്റെ കാറൽ മാക്സ് എന്നും സഭയുടെ കാവലാൾ എന്നുമൊക്കെ അറിയപ്പെടുന്ന പാലാക്കാരുടെ സ്വന്തം കരിംകോഴക്കൽ മാണി മാണി. അപദാനങ്ങൾ ഇവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല, പിളർന്നും പിളർത്തിയും വളർത്തിയും വീണ്ടുമിപ്പോൾ പുതിയൊരു പിളർപ്പിന്റെ വക്കിൽ കേരള കോൺഗ്രസ് എന്ന സ്വന്തം പാർട്ടിയെ കൊണ്ടെത്തിച്ചു നിൽക്കുന്ന ഈ മഹാന്റെ കാര്യത്തിൽ. മധ്യകേരളത്തിലെ രാഷ്ട്രീയ ഗതി നിർണയിക്കുന്ന കാര്യത്തിൽ ഇദ്ദേഹം വഹിച്ചുപോന്നിട്ടുള്ള പങ്ക് ഒട്ടും ചെറുതായിരുന്നില്ല. പാലാക്കാരുടെ കുഞ്ഞു മാണി അങ്ങനെയാണ് എല്ലാവരുടെയും മാണി സാർ ആയത്. യുഡിഎഫ് ഉണ്ടായ കാലം മുതൽ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വരെ അതിന്റെ പ്രധാന കാര്യകർമണികളിൽ ഒരാളായി നിലകൊണ്ട മാണി ഇപ്പോൾ സ്വതന്ത്ര പദവി കൊണ്ടുനടക്കുന്ന ഒരു പാർട്ടിയുടെ നേതാവാണ്. അതുകൊണ്ടു തന്നെ മാണിക്കും മാണിയുടെ പാർട്ടിക്കും കാമുകൻമാർ ഏറെയുണ്ട്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുകൊണ്ടല്ല അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പുകൂടി കണ്ടുകൊണ്ടാണ് മാണിക്കും അയാളുടെ പാർട്ടിക്കും പിന്നാലെ സിപിഎമ്മും ബിജെപി യും അടക്കം എല്ലാവരും വട്ടമിട്ടു കറങ്ങുന്നത്.

http://www.azhimukham.com/opinon-when-manorama-suggesting-km-mani-and-jose-k-mani-should-stick-in-udf-by-ka-antony/

ബാർ കോഴക്കേസിൽ തനിക്കൊപ്പം നിന്നില്ലായെന്ന കോൺഗ്രസിനോടും ഉമ്മൻ ചാണ്ടിയോടുമുള്ള പരിഭവം തെല്ലൊന്നുമല്ല മാണിക്കുള്ളത്. അതുകൊണ്ടു തന്നെയാണ് കോൺഗ്രസിൽ നിന്ന് ചാണ്ടി അടക്കമുള്ളവരും മാണിക്കേറെ ആഭിമുഖ്യമുഖ്യമുള്ള മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലികുട്ടി വിളിച്ചിട്ടും ആ മനസ്സ് ഇളകാത്തതെന്നു കരുതുന്നവർ ധാരാളം. ഈ അവസരം മുതലെടുക്കാൻ സിപിഎം നടത്തിയ നീക്കങ്ങൾ പക്ഷെ സിപിഐയുടെ പ്രതിരോധ മതിലിൽ തട്ടി ബ്ലോക്കായിരിക്കയാണ്. ഇവിടെയാണ് കുറച്ചു കാലമായി ഊഴം കാത്തു നിന്ന ബിജെപിയുടെയും കുമ്മനത്തിന്റെയും രണ്ടാം വരവ്. മാണിക്കുവേണ്ടി കാവി പരവതാനി വിരിച്ചിട്ടു കാത്തിരിക്കുകയാണവരും. മാണി മനസ്സ് തുറന്നിട്ടില്ല. ചെങ്ങന്നൂരിൽ മന:സാക്ഷി വോട്ട് എന്ന സ്വയം രക്ഷാ തന്ത്രം പ്രയോഗിച്ചു തൽക്കാലം ഗാലറിയിൽ ഇരുന്നു കളികാണാൻ തീരുമാനിച്ചിരിക്കുന്നു. 'നെയ്യപ്പം തിന്നാൽ രണ്ടുണ്ട് നേട്ടവും കാര്യം, വിശപ്പും മാറും മീശയും മിനുക്കാം' എന്ന് പറഞ്ഞതുപോലെ ചെങ്ങന്നൂരിൽ ആര് ജയിച്ചാലും ഞാൻ ജയിപ്പിച്ചുവെന്നും ആര് തോറ്റാലും ഞാൻ തോൽപ്പിച്ചുവെന്നും വീമ്പു പറയാം.

http://www.azhimukham.com/keralam-pinarayivijayan-on-removal-of-cross-from-encroached-land-ka-antony/

മദ്യം

ഇടതു മുന്നണി സമ്പൂർണ മദ്യ നിരോധനം കൊണ്ടുവരുമെന്ന് കരുതിയൊന്നുമല്ല ജനം അവർക്കു വോട്ട് നൽകി അധികാരത്തിൽ കൊണ്ടുവന്നതെന്നതും മറിച്ച് യുഡിഎഫിന്റെ കുത്തഴിഞ്ഞ ഭരണം ആയിരുന്നു അവർക്കു തുണയായതെന്നും എല്ലാവർക്കുമറിയാം. എങ്കിലും നടുവൊടിഞ്ഞ യുഡിഎഫിന് ഒരു കൈ സഹായം എന്ന രീതിയിൽ പള്ളിയും പട്ടക്കാരുമൊക്കെ എൽഡിഎഫിനെതിരെ മദ്യത്തെ ആയുധമാക്കി രംഗത്തെത്തിയിട്ടുണ്ട്. പ്രകടന പത്രികയിൽ പറഞ്ഞ മദ്യ നയത്തിൽ എൽഡിഎഫ് വെള്ളം ചേർത്തുവെന്നാണ് അവരുടെ ആക്ഷേപം. ഇതിനുള്ള മറുപടി ചെങ്ങന്നൂരിൽ നൽകുമെന്നും ഭീഷണി മുഴക്കിയിട്ടുമുണ്ട്. പട്ടച്ചാരായം നിരോധിച്ച ശേഷം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച എ കെ ആന്റണിയുടെ സർക്കാരിന് 1996ലെ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തിരിച്ചടിയേറ്റുവെന്നൊന്നും പള്ളിയോടൊ പട്ടക്കാരോടോ ചോദിച്ചേക്കരുത്. തന്നെയുമല്ല ഇത് കേരളത്തിലേക്ക് മൊത്തം നടക്കുന്ന ഒരു തിരഞ്ഞെടുപ്പല്ല. ചെങ്ങന്നൂരിൽ പള്ളിക്കും പട്ടക്കാരനുമൊക്കെ അവകാശപ്പെടാൻ പോന്ന കുഞ്ഞാടുകളുടെ എണ്ണം ചില്ലറയൊന്നുമല്ല. ഇതിൽ അടിമ വിശ്വാസികളെത്ര സ്വതന്ത്ര വിശ്വാസികളെത്ര എന്ന കാര്യം തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമേ കണക്കാക്കാനാവൂ. മദ്യ പ്രശ്നത്തിൽ എൽഡിഎഫ് പ്രതിക്കൂട്ടിലാകുമ്പോൾ സന്തോഷിക്കുന്നത് യുഡിഎഫും ബിജെപിയുമാണ്. പള്ളിയെയും പട്ടക്കാരെയും അതുവഴി അടിമ വിശ്വാസികളെയും പരമാവധി മൂപ്പിച്ചു നിറുത്തി വോട്ട് വരുതിയിലാക്കാനുള്ള ശ്രമം ഇരു മുന്നണികളും ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

http://www.azhimukham.com/opinion-ka-antony-writing-about-syro-malabar-saba-and-its-land-sale-controversy/

മുന്നണി

മുന്നണി ബന്ധങ്ങളാണ് മൂന്നു കൂട്ടർക്കും പാരയാവുന്ന മറ്റൊരു ഘടകം. ഇക്കാര്യത്തിൽ ഏറെ ആകുലപ്പെടുന്നതാവട്ടെ ബിജെപിയും കോൺഗ്രസുമാണ്. മാണിയില്ലാത്ത യുഡിഎഫ് പോലെ തന്നെയാണ് ബിഡിജെഎസ് ഇല്ലാത്ത ബിജെപിയുടെ എൻഡിഎയും. ഒരു പൊങ്ങച്ചത്തിനു വേണ്ടി എൻഡിഎ എന്നൊക്കെ പറയാമെങ്കിലും ആ മുന്നണിയിൽ തത്വത്തിലിപ്പോൾ ബിജെപി മാത്രമേയുള്ളു. അതുകൊണ്ടുകൂടിയാണ് ബിജെപി മാണിയെ ചാക്കിട്ടു പിടിക്കാൻ ശ്രമിക്കുന്നതും. ഈ നീക്കം എത്രകണ്ട് ഫലവത്താകുമെന്നു പറയാൻ സമയമായിട്ടില്ല. മാണി ഇല്ലെങ്കിൽ വേണ്ട, ബിജെപിയുമായി താൻ ചർച്ചയ്ക്ക് തയ്യാറെന്നു പി.സി ജോർജ് പറഞ്ഞതായി ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. എല്ലാം കണ്ടറിയുക തന്നെ. എൽഡിഎഫിന്റെ കാര്യത്തിൽ പടലപ്പിണക്കങ്ങൾ ഉണ്ട് എന്ന കാര്യം ഇടയ്ക്കിടെ സിപിഐ നടത്തുന്ന പരസ്യ വിമർശനങ്ങളിൽ നിന്നും വ്യക്തമെങ്കിലും ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ അവർ പാര പണിയാൻ സാധ്യത കുറവാണ്.

http://www.azhimukham.com/opinion-cpi-objection-km-manis-ldf-entrance-kanam-rajendran-kaantony/

മുരളി

ഈ തിരഞ്ഞെടുപ്പുകാലത്തു തികച്ചും അപ്രതീക്ഷിതമായി ബിജെപി കേരള നേതൃത്വം അഭിമുഖീകരിക്കേണ്ടിവന്ന ഒന്നാണ് ബിജെപി നേതാവ് വി മുരളീധരന്റെ മാണി കള്ളനും കൊള്ളക്കാരനുമൊക്കെയാണെന്ന മട്ടിലുള്ള പ്രതികരണം. രാജ്യസഭയിലേക്കു നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഗർവ്, കുമ്മനവും കൃഷ്ണദാസും നയിക്കുന്ന പാർട്ടിയിലെ തന്നെ വിരുദ്ധ ചേരിക്കുള്ള മറുപടി എന്നൊക്കെ ചിലർ വിശദീകരിക്കാൻ പെടാപ്പാടു പെടുന്നുണ്ടെങ്കിലും സത്യത്തിൽ അമ്പേറ്റതു ചെങ്ങന്നൂരിലെ എൻഡിഎ സ്ഥാനാർഥി ശ്രീധരൻ പിള്ള വക്കീലിന് തന്നെ എന്ന കാര്യത്തിൽ തർക്കമില്ല. മുരളിയുടെ ഈ അസ്ത്ര പ്രയോഗത്തിന്റെ പരിണിത ഫലവും വരും ദിവസങ്ങളിൽ അറിയാം. എന്തായാലും തിരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങൾ ഏറെയുണ്ടല്ലോ.

https://www.azhimukham.com/trending-shobhana-georges-influence-in-chengannur-byelection/

Next Story

Related Stories