TopTop

പഴശിയുടെ യുദ്ധമുറകള്‍ ഉണ്ടാക്കാത്ത നഷ്ടമാണ് കണ്ണവംകാട്ടില്‍ ബാഹുബലിയുണ്ടാക്കിയത്

പഴശിയുടെ യുദ്ധമുറകള്‍ ഉണ്ടാക്കാത്ത നഷ്ടമാണ് കണ്ണവംകാട്ടില്‍ ബാഹുബലിയുണ്ടാക്കിയത്
കട്ടപ്പയെ ബാഹുബലി എന്തിനാണ് കൊന്നത് എന്ന സംശയം തീര്‍ന്നിരിക്കുന്നു. പക്ഷെ കണ്ണൂരിലെ കണ്ണവം വനമേഖലയെ എന്തിനാണ് നിങ്ങള്‍ ഈ രിതിയില്‍ നശിപ്പിച്ചത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ ബാഹുബലിയുടെ അണിയറ പ്രവര്‍ത്തകര്‍ മറുപടി പറയുമോ?. ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗിന്റെ ഭാഗമായി കണ്ണവം വനമേഖലയില്‍ സിനിമാ പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ നശീകരണം ഏതായാലും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സിനിമയെ കുറിച്ചുള്ള ആരാധകരുടെ ചര്‍ച്ചകളുടെ അത്രത്തോളം കാര്യമായി അല്ലെങ്കിലും. ഷൂട്ടിംഗിനെ തുടര്‍ന്ന് അടിക്കാടുകള്‍ നശിച്ച കണ്ണവം കാട് പൂര്‍ണ്ണമായി പഴയ അവസ്ഥയിലേക്ക് തിരിച്ച് വരണമെങ്കില്‍ ഏകദേശം 70 വര്‍ഷമെങ്കിലും പിടിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഇതൊരു നിസാര പ്രശ്നമല്ല. വളരെ ഗൗരവമുള്ള വിഷയമാണ്. ബാഹുബലി ഇതുവരെ ബോക്സ് ഓഫീസില്‍ കൊയ്തതും ഇനി കൊയ്യാന്‍ ഇരിക്കുന്നതുമായ കോടികള്‍ക്ക് നികത്താന്‍ ബുദ്ധിമുട്ടുള്ള ഒന്ന്.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി ഒരു വര്‍ഷത്തിന് ശേഷവും അടിക്കാടുകളുടെ സ്ഥാനത്ത് മണല്‍പരപ്പുകള്‍ മാത്രമാണ് നിലനില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മൃഗങ്ങള്‍ കൂട്ടത്തോടെ ഈ പ്രദേശം വിട്ടുപോകുകയാണ്. 10 ദിവസമാണ് കണ്ണവം വനത്തില്‍ സിനിമാ സംഘം ഷൂട്ടിങ് നടത്തിയത്. ഇത്രയും ദിവസം കൊണ്ട് തന്നെ വ്യാപക നാശം വിതച്ചാണ് സംഘം തിരിച്ച് കാടിറങ്ങിയത്. ചിത്രീകരണത്തിനായി ഇവര്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കാട്ടില്‍ നാലിടത്തായി തീയിട്ട് നശിപ്പിക്കുകയായിരുന്നു എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.മമ്മൂട്ടിയുടെ പഴശിരാജയിലെ രംഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചിരുന്നു. ഇത് കണ്ട് ഇഷ്ടപ്പെട്ടാണ് സംവിധായകന്‍ എസ്എസ് രാജമൗലി ബഹുബലി ചിത്രീകരണത്തിനായി കണ്ണവം കാട് തിരഞ്ഞെടുക്കുന്നത്. ബാഹുബലി ഒന്നാം ഭാഗം അതിരപ്പിള്ളി വനമേഖലയിലാണ് ചിത്രീകരിച്ചത്. ബോളിവുഡ്, തമിഴ്, തെലുങ്ക് സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായ അതിരിപ്പിള്ളിക്കൊപ്പം കണ്ണവം കാടും ചേര്‍ത്ത് വച്ചപ്പോള്‍ ഉണ്ടാകുന്ന വലിയ നഷ്ടങ്ങള്‍ കാണാതിരിക്കാനാവില്ല. അതിരപ്പിള്ളി അടക്കമുള്ള വനമേഖലകളില്‍ നേരത്തെയും വിവിധ അന്യഭാഷാ വന്‍കിട പ്രോജക്ടുകളുടെ ചിത്രീകരണം നടന്നിട്ടുണ്ടെങ്കിലും വനനശീകരണം സംബന്ധിച്ച് ഇത്തരത്തില്‍ കാര്യമായ പരാതികളോ ആരോപണങ്ങളോ ഉയര്‍ന്നിട്ടില്ല. പുറത്ത് വരാത്തതാണെങ്കിലും അല്ലെങ്കിലും

പഴശിരാജയുടെ സൈന്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സൈനികരും തമ്മില്‍ വയനാടന്‍ കാടുകളില്‍ മാത്രമല്ല കണ്ണവം കാട്ടിലും പോരാട്ടം നടന്നിട്ടുണ്ട് എന്ന് പറയുന്നു. പഴശിയുടെ യുദ്ധമുറകളും പടനീക്കങ്ങളും കുറെ കണ്ടതാണ് കണ്ണവം കാട്. പഴശിയുടെ യുദ്ധ കാലത്തിന് ശേഷം ഒരു പക്ഷെ കണ്ണവം കാട് പടയോട്ടം കാണുന്നതും ബാഹുബലിയുടെ രണ്ടാം ഭാഗത്തിലൂടെ ആയിരിക്കും. എന്നാല്‍ പഴശിയുടെ യുദ്ധമുറകള്‍ മുറിവേല്‍പ്പിക്കാത്ത കണ്ണവം കാടിനെ ബാഹുബലിയുടെ യുദ്ധമുറകള്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു എന്നാണ് മനസിലാക്കേണ്ടത്. സെറ്റുകള്‍ നിര്‍മ്മിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന പോലെ കൈകാര്യം ചെയ്യാവുന്ന ഒന്നല്ല കാട്. ഒരു സിനിമയുടെ ദൃശ്യചാരുതയ്ക്കായി വില നല്‍കേണ്ട ഒന്നുമല്ല ഒരു കാടിന്റെ പ്രകൃതി സമ്പത്ത്.

Next Story

Related Stories