TopTop

ശബരിമലയില്‍ ആദിവാസികള്‍ ആചരിക്കുന്ന തേനഭിഷേകം നിര്‍ത്തിയതെന്തിന്? സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സി കെ ജാനു

ശബരിമലയില്‍ ആദിവാസികള്‍ ആചരിക്കുന്ന തേനഭിഷേകം നിര്‍ത്തിയതെന്തിന്? സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സി കെ ജാനു
"ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിയെ ഞാന്‍ അംഗീകരിക്കുന്നു. ഇന്നലെ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ എന്‍ഡിഎ നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ബഹിഷ്‌കരിച്ചത് മനഃപൂര്‍വമാണ്. ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് എന്‍ഡിഎ നല്‍കിയ വാക്കുകളൊന്നും പാലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എന്‍ഡിഎയുമായുള്ള സഹകരണം തുടരണമോ എന്നുള്ള ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്."
സി.കെ ജാനു അഴിമുഖത്തോട് പ്രതികരിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും എന്‍ഡിഎയുമായുള്ള ജനാധിപത്യ രാഷ്ട്രീയ സഭയുടെ തുടര്‍ സഹകരണങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു സി.കെ ജാനു.

"ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ലിംഗവിവേചനമാണ് കാണിക്കുന്നത്. ഞങ്ങള്‍ ആദിവാസികള്‍ പ്രകൃതിയെയാണ് ആരാധിക്കുന്നത്. ഞങ്ങള്‍ പിന്തുടരുന്ന ആചാരഅനുഷ്ഠാനങ്ങളില്‍ ആണ്‍-പെണ്‍ വേര്‍തിരിവുകളില്ല. അതില്‍ ഞാന്‍ ഉള്‍പ്പെടുന്ന അടിയ ഗോത്ര വിഭാഗത്തില്‍ പെണ്ണുങ്ങള്‍ക്കാണ് മുന്‍ഗണനയുള്ളത്. കല്യാണത്തിന് പെണ്ണുങ്ങള്‍ക്കാണ് ഇവിടെ സ്ത്രീധനം നല്‍കുന്നത്. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളുടെ ജനനം ഞങ്ങള്‍ക്ക് സന്തോഷമാണ്."
ജാനു പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനം ആചാരങ്ങള്‍ക്കെതിരാണ് എന്നാണ് സ്ത്രീ പ്രവേശനത്തിനെ എതിര്‍ക്കുന്നവരുടെ വാദം. എന്നാല്‍ കാലകാലങ്ങളായി നിരവധി മാറ്റങ്ങളിലൂടെ ശബരിമലയില്‍ ആദിവാസികള്‍ നടത്തിവന്ന ആചാരങ്ങള്‍ മാറ്റിയിട്ടുണ്ടെന്ന് സി.കെ ജാനു പറയുന്നു. "ശബരിമലയില്‍ തന്നെ ആദിവാസികള്‍ നേരിട്ട് നടത്തിയിരുന്ന ഒരുപാട് ആചാരങ്ങള്‍ കാലക്രമേണ ഇല്ലാതാക്കിയിട്ടുണ്ട്. തേനഭിഷേകം എന്ന ഒരു ചടങ്ങ് ആദിവാസികള്‍ നടത്തിയിരുന്നതാണ്. പക്ഷേ അതും കുറച്ചു കാലങ്ങളായി ശബരിമലയില്‍ ആചരിക്കുന്നില്ല. അതെന്തുകൊണ്ടാണ് എന്നു ബന്ധപ്പെട്ടവര്‍ വിശദീകരിക്കണം? സത്യത്തില്‍ ആദിവാസികള്‍ ആരാധിച്ചിരുന്ന കാവുകളൊക്കെയാണ് പില്‍ക്കാലത്ത് അമ്പലങ്ങളായി പരിണമിച്ചിട്ടുള്ളത്. ഇവിടെ ശബരിമലയ്ക്ക് ചുറ്റും ഒട്ടനവധി ആദിവാസി ഊരുകളുണ്ട്. അവര്‍ക്ക് എല്ലാം പ്രത്യേകം ആചാരവിധികളും അനുഷ്ഠാനങ്ങളും ശബരിമലയുമായി ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു."


അതേസമയം വനാവകാശ പ്രകാരം ശബരിമല ക്ഷേത്രം ആദിവാസികള്‍ക്ക് വിട്ട് നല്‍കണമെന്നും പന്തളം രാജവംശം ശബരിമല കൈയടക്കിയിട്ട് ഏതാനും പതിറ്റാണ്ടുകളേയായിട്ടുള്ളൂവെന്നും താന്‍ പറഞ്ഞു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും സി.കെ ജാനു അറിയിച്ചു.

"ഇന്ത്യന്‍ ഭരണഘടന 244ാം വകുപ്പ് പ്രകാരം ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം സ്വയംഭരണമേഖലയായി മാറ്റണമെന്നാണ്. ഇത് നോര്‍ത്ത് ഇന്ത്യയിലൊക്കെ നടപ്പാക്കിയിട്ടുണ്ട്. പക്ഷേ കര്‍ണാടക, തമിഴ്‌നാട്, കേരള എന്നീ സംസ്ഥാനങ്ങളില്‍ അത് നടപ്പാക്കിയിട്ടില്ല. പാര്‍ലമെന്റ് പാസാക്കിയാല്‍ നിയമമാകും. അത് പാസാക്കണമെന്നതായിരുന്നു ആദ്യ ആവശ്യം. പിന്നെ വനാവകാശനിയമം കേരളത്തില്‍ അട്ടിമറിക്കപ്പെടുകയാണ്. സംസ്ഥാനത്ത് വനാവകാശനിയമം അതിന്റെ അന്തസത്തയോടെ നടപ്പിലാക്കാനുള്ള ഇടപെടല്‍ വേണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പിന്നെ ബോര്‍ഡ്, കോര്‍പറേഷന്‍ പോലെയുള്ള ഭരണസംവിധാനങ്ങളില്‍ ആദിവാസികളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നതും ഒരു ആവശ്യമായിരുന്നു. പക്ഷേ ഓരോ തവണയും ഒന്ന് രണ്ട് മാസം നീക്കി വെച്ച് ഇപ്പോള്‍ രണ്ടര വര്‍ഷത്തോളമായി. കേരളത്തില്‍ എല്‍ഡിഎഫും, യുഡിഎഫും ചെയ്തത് തന്നെയല്ലേ എന്‍ഡിഎയും ഞങ്ങളോട് ചെയ്യുന്നത്?"
സി.കെ ജാനു ചോദിക്കുന്നു.

"മുന്നണി എന്ന രീതിയിലുള്ള ഒരു മര്യാദ അവര്‍ കാണിക്കുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരു നിലപാട് സ്വീകരിച്ചില്ല. അടുത്ത പാര്‍ലമെന്റ് ഇലക്ഷന് സമയമായിരിക്കുന്നു. ഇത്രയും നാളായി ഒന്നും ചെയ്തില്ല എന്ന പ്രതിഷേധം പാര്‍ട്ടിയില്‍ എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ട് ഞങ്ങള്‍ ഒരു കര്‍ശനമായ നിലപാടിലേക്ക് നീങ്ങുകയാണ്. കൂടാതെ ജനാധിപത്യ രാഷ്ട്രീയ സഭ മുന്നോട്ട് വെച്ച രാഷ്ട്രീയവും എന്‍ഡിഎ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും തമ്മില്‍ വ്യത്യാസമുണ്ട്."
ജാനു പറഞ്ഞു.

https://www.azhimukham.com/news-update-sabarimala-history-351-year-old-statement-recoverd/

https://www.azhimukham.com/kerala-sudhikumar-the-priest-in-chettikulangara-temple-talks-on-untouchability-and-sabarimala-protest-report-by-kr-dhanya/

https://www.azhimukham.com/news-wrap-will-sureshgopi-tell-he-wants-to-rebirth-as-tribal-in-his-next-life-ssajukomban/

https://www.azhimukham.com/trending-dalit-writer-sunny-kapikkad-on-sabarimala-women-entry-channel-discussion/

https://www.azhimukham.com/trending-kpms-leader-punnala-sreekumar-on-sabarimala-women-entry/

https://www.azhimukham.com/news-update-vellapally-nateshan-responds-on-sabarimala-issue/

Next Story

Related Stories