Top

കേരളം ഒരു വലിയ വിപ്ലവത്തിലാണ്; വയനാട്ടിലെ ആദിവാസി ഊരുകളില്‍ വെളിച്ചമെത്തുമ്പോള്‍

കേരളം ഒരു വലിയ വിപ്ലവത്തിലാണ്; വയനാട്ടിലെ ആദിവാസി ഊരുകളില്‍ വെളിച്ചമെത്തുമ്പോള്‍
'വൊട്ടം എങ്കള ഊരിലി എത്തുത്ത, എമ്പാടും സന്തോശാത്ത... കരിവുളക്കുന വൊട്ടം ഇനി വോണ്ടല. ഊരിലൊക്കെ വൊളിച്ച ആത്ത. ഈ 80 വയസ്സുന ഇട്ടയ്ക്ക് ഇപ്പളാനാ ഇത്തരെ വലിയ വൊളിച്ചം കാണിഞ്ചെയ്... ചായിഞ്ചന മിനലി കറുണ്ടുന വൊട്ടം കാമ പച്ചുത്തല, അവൈ മതി ഏക്കു...ഇനിയാത്തലും വല്ല ആനയോ പുലിയോ വന്തലെ പന്തവും എടുത്തണ്ട് പോകണ്ടല...' (വെളിച്ചം ഞങ്ങളുടെ ഊരിലും എത്തി. ഒത്തിരി സന്തോഷമുണ്ട്. ഇനി കരിവിളക്കിന്റെ വെട്ടം ഒഴിവാക്കാമല്ലോ... ഊര് മുഴുവന്‍ വെളിച്ചമായി. ഈ 80 വയസ്സിന്റെ ഇടയില്‍ ഞാന്‍ ആദ്യമായിട്ടാണ് ഇത്ര വലിയ വെളിച്ചം കാണുന്നത്.) വയനാട് നൂല്‍പ്പുഴ കുണ്ടൂര്‍ കോളനിയിലെ 80 വയസ്സിന്റെ പ്രായാധിക്യത്തിലും വള്ളി എന്ന ഈ അമ്മ ഇതു പറയുമ്പോള്‍ ആ കണ്ണില്‍ സന്തോഷത്തിന്റ തിളക്കമുണ്ട്. 100 വര്‍ഷത്തിലധികമായി വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ പഞ്ചായത്തിലെ കുണ്ടൂര്‍, കാപ്പാട് കോളനികളില്‍ ജനവാസം തുടങ്ങിയിട്ട്. സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും വൈദ്യുതിയുടെ കാര്യം മാത്രം എങ്ങുമെത്തിയിരുന്നില്ല. അന്നും കാടിന്റ മക്കള്‍ അന്യരായിരുന്നു. കൊടും കാടിന്റെ നടുവില്‍ കാട്ടു മൃഗങ്ങളോട് പൊരുതാന്‍ കൈയില്‍ കത്തിച്ച് പിടിച്ച പന്തവുമായി പോരാടിയ ഒരുപാട് കഥകള്‍ പറയാനുണ്ട് ഇവര്‍ക്ക്.

ആനയിറങ്ങുമെന്ന് പേടിച്ച് രാത്രി മുഴുവന്‍ കുടിലിന്റെ പുറത്ത് ഉറങ്ങാതെ കാവലിരുന്നിട്ടുണ്ട് ഈ ജനത. പക്ഷേ ഇന്ന് ഇവരുടെ സന്തോഷത്തിന് അതിരില്ല. ജീവിതത്തില്‍ ഒരു പുതു വെളിച്ചം കിട്ടിയതിന്റ ആനന്ദത്തിലാണ് ഓരോ വ്യക്തിയും. വന്യജീവി പ്രശ്‌നം അതിരൂക്ഷമായ ഈ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയത് വലിയ ആശ്വാസമാണ് ഈ ഗ്രാമവാസികള്‍ക്ക് നല്‍കിയിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 18 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നൂല്‍പ്പുഴയിലും അവിടുന്ന് 5 കിലോമീറ്റര്‍ കൊടുംകാട്ടിലൂടെ സഞ്ചരിച്ചാല്‍ കാപ്പാട്, കുണ്ടൂര്‍ കോളനികളിലും എത്താം. ഈ കോളനിയിലേക്കാണ് കഴിഞ്ഞ ദിവസം കെഎസ്ഇബി സമ്പൂര്‍ണ വൈദ്യുതിവത്കരണത്തിന്റ ഭാഗമായി വൈദ്യുതി എത്തിച്ചത്.
'ഒരുപാട് നാളത്തെ പ്രയത്‌നത്തിന്റ ഫലമാണിത്. ഒരുപാട് സന്തോഷമുണ്ട്. ഈ കോളനികള്‍ക്ക് വൈദ്യുതി ലഭിക്കുന്നതിന്റ ഒരു ഭാഗമാകാന്‍ കഴിഞ്ഞതിലും സന്തോഷം തോന്നുന്നു. കെഎസ്ഇബി അധികൃതരോടും ഫോറസ്റ്റ് അധികൃതരോടുമൊക്കെ ഒരുപാട് നന്ദി
'- പറയുന്നത് കാപ്പാട്, കുണ്ടൂര്‍ കോളനികളിലെ ട്രൈബല്‍ പ്രൊമോട്ടര്‍ ഷീല ബാലനാണ്.വനത്തിലൂടെ വൈദ്യുതി ലൈന്‍ കടത്തി വിടുന്നതിന് തുടക്കത്തില്‍ വലിയ സാങ്കേതിക തടസങ്ങളും ജിവനക്കാര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. വന്യമൃഗങ്ങള്‍ വൈദ്യുതിക്കാലും കമ്പിയും നശിപ്പിക്കുമെന്നതിനാലും മഴക്കാലത്തും മറ്റും ലൈനുകളില്‍ വലിയ മരങ്ങള്‍ കടപുഴകി വീഴുമെന്നതിനാലും വലിയ വെല്ലുവിളിയായിരുന്നു ഈ കോളനികളില്‍ വൈദ്യുതി എത്തിക്കുക എന്നത്. അതിനാല്‍ തന്നെ സാധാരണ ലൈനുകള്‍ക്ക് പകരമായി വനത്തിലൂടെ 850 മീറ്റര്‍ ഭൂഗര്‍ഭ കേബിളും (യുജി കേബിള്‍) ഒരു കിലോമീറ്റര്‍ ഏരിയല്‍ ബണ്ടില്‍ഡ് കേബിളും (എബിസി) സ്ഥാപിച്ചാണ് വൈദ്യുതി എത്തിച്ചത്. ജില്ലയില്‍ ആദ്യമായാണ് കെഎസ്ഇബി ഈ സംവിധാനം ഉപയോഗിച്ച് വൈദ്യുതീകരണം നടത്തുന്നത്. നിലവില്‍ ഈ രണ്ട് കോളനികളിലുമായി 23 വീടുകള്‍ക്കാണ് വൈദ്യുതി നല്‍കിയിരിക്കുന്നത്. ഇതിനായി 1.6 കിലോമീറ്റര്‍ 11 കെവി ലൈന്‍ നിര്‍മ്മിക്കുകയും പുതുതായി ഒരു ട്രാന്‍സ്‌ഫോമറും 134 പോസ്റ്റുകളും സ്ഥാപിക്കുകയും ചെയ്തു. ഈ കോളനിയിലേക്കായി 41.5 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. കെഎസ്ഇബി ചിഫ് എഞ്ചിനിയര്‍ സണ്ണി ജോണ്‍, സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി കോര്‍ഡിനേറ്റര്‍ കെപി ദിലീപ്, അസിസ്റ്റന്റ് എഞ്ചിനിയര്‍ സിഎന്‍ പത്രോസ്, സര്‍ക്കിള്‍ സബ് എഞ്ചിനീയര്‍ ചന്ദ്രദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പണികളെല്ലാം പുരോഗമിച്ചത്.

കാടിന്റെ നടുവിലേക്ക് വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യം ബത്തേരി ഈസ്റ്റ് സെക്ഷനിലെ ജീവനക്കാര്‍ ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്തതാണ് ഇത്തരമൊരു വിജയത്തിന്റെ പിന്നില്‍. സാധാരണ കേബിളുകള്‍ക്കൊപ്പം ഭൂഗര്‍ഭ കേബിള്‍ കൂടി വലിക്കുക എന്ന ദൗത്യം ഏല്ലാവരും ഒരുമിച്ച് ഏറ്റെടുത്തതോടെ ലക്ഷ്യം പൂര്‍ത്തിയാവുകയായിരുന്നു. 'ഒരുപാട് വെല്ലുവിളി ഞങ്ങള്‍ക്ക് മുമ്പിലുണ്ടായിരുന്നു. പലപ്പോഴും ജീവന്‍ പോലും പണയം വെച്ചാണ് ജോലി ചെയ്തത്. ഞങ്ങളുടെ കോണ്‍ട്രാക്ടറും ഞങ്ങളുമൊക്കെ നിരവധി തവണ കാട്ടാനകളുടെ മുന്‍പില്‍ നിന്ന് ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടിട്ടുണ്ട്. ജോലിയുടെ ഭാഗമാണിതെല്ലാം. ഈ കോളനികളിലെ വൈദ്യുതീകരണം വലിയ നേട്ടമായാണ് ഞങ്ങള്‍ കാണുന്നത്. ഇവിടെ കോളനിയില്‍ വൈദ്യുതി എത്തിക്കുക എന്നത് ഏറെ വെല്ലുവിളിയുള്ള ഒന്നായിരുന്നു. എങ്കിലും ലക്ഷ്യത്തിലെത്തി. ഒരുപാട് സംതൃപ്തിയും തോന്നുന്നു'
- എന്ന് സര്‍ക്കിള്‍ സബ് എഞ്ചിനീയര്‍ ചന്ദ്രദാസ് പറയുന്നു.കോളനിക്ക് വൈദ്യുതി കിട്ടിയ സന്തോഷം കോളനിവാസിയായ ബാലന്‍ പങ്കുവച്ചു, 'ഒരിക്കലും ഓര്‍ത്തതല്ല ഞങ്ങള്‍ക്ക് കറണ്ട് കിട്ടുമെന്ന്. ഒത്തിരി സന്തോഷമുണ്ട്. കുറച്ചെങ്കിലും ആനയേയും മൃഗങ്ങളെയുമൊക്കെ പേടിക്കാതെ ഞങ്ങള്‍ക്ക് ജീവിക്കാലോ. ഇനി സ്വന്തമായി ഒരു ഫോണും ടിവിയുമൊക്കെ മേടിക്കണം എന്നുണ്ട്. സ്ഥിരം വേല കിട്ടിയാല്‍ അതും മേടിക്കും ഞങ്ങള്‍' - ബാലന്‍ പറയുന്നു. വനഗ്രാമങ്ങളായ ചെട്ട്യാലത്തുര്‍, പുത്തൂര്‍, മണിമുണ്ട എന്നിവിടങ്ങളിലാണ് ഇനി പ്രധാനമായും വൈദ്യുതീകരണം പൂര്‍ത്തിയാക്കാനുള്ള ഗ്രാമങ്ങള്‍. ഇതിനുള്ള നടപടികള്‍ കെഎസ്ഇബി അധികൃതര്‍ സ്വീകരിച്ചിരുന്നെങ്കിലും വനം വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള ചില സാങ്കേതിക തടസങ്ങള്‍ മൂലം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ട്. എങ്കിലും എത്രയും വേഗം അതും ചെയ്യാന്‍ കഴിയുമെന്നുള്ള പ്രത്യാശയിലാണ് കെഎസ്ഇബി അധികൃതര്‍.

സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ നടത്തിപ്പില്‍ സെക്ഷന്‍ വിഭാഗത്തില്‍ സുല്‍ത്താന്‍ ബത്തേരിക്കാണ് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം. 1.86 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. 1713 വീടുകള്‍ വൈദ്യുതീകരിച്ചു. ഇതില്‍ 1692 വീടുകളും ആദിവാസികളുടേതാണ്. അതില്‍ തന്നെ 900 വീടുകളുടെ വയറിംഗും കെഎസ്ഇബി അധികൃതരാണ് ചെയ്ത് നല്‍കിയിരിക്കുന്നത്.

സര്‍ക്കിള്‍ വിഭാഗത്തില്‍ വയനാട്ടിലെ കല്‍പ്പറ്റയാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്. ജില്ലയുടെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം മേയ് 27ന് കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്നു. 2016 ജൂണിലാണ് ജില്ലയിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 15,059 കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ഇല്ലെന്ന്‍ സര്‍വെയില്‍ കണ്ടെത്തിയിരുന്നു.

Next Story

Related Stories