TopTop
Begin typing your search above and press return to search.

ആസിമിന് പഠിക്കാന്‍ സ്കൂള്‍ കോടതി അനുവദിച്ചു, ഇനി സര്‍ക്കാര്‍ കനിയണം

ആസിമിന് പഠിക്കാന്‍ സ്കൂള്‍ കോടതി അനുവദിച്ചു, ഇനി സര്‍ക്കാര്‍ കനിയണം
ആസിമിന് ഇനി പഠിക്കാം. ജന്‍മനാ ഇരുകൈകളുമില്ലാത്ത, ഒട്ടേറെ ശാരീരിക വൈകല്യങ്ങളുള്ള ആസിമിന്റെ ആവശ്യം കോടതി കേട്ടു. അവന്‍ പഠിച്ചുകൊണ്ടിരുന്ന യുപി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന് ഹൈക്കോടതി വിധിച്ചു. സ്‌കൂള്‍ അപ്ഗ്രഡേഷനുമായി ബന്ധപ്പെട്ട 133ല്‍ 132 എണ്ണവും കോടതി തള്ളിയപ്പോള്‍ ആസിമിന് വേണ്ടി അനുകൂല വിധിയുമുണ്ടായി.

തനിക്ക് പഠിക്കണം എന്ന ആവശ്യമേ ആസിമിന് ഉണ്ടായിരുന്നുള്ളൂ. ആഗ്രഹം പറഞ്ഞ് മുഖ്യമന്ത്രിക്ക് വരെ അവന്‍ കത്തെഴുതി. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ നിരത്തി വിദ്യാഭ്യാസ വകുപ്പ് അവനൊപ്പം നിന്നില്ല. സര്‍ക്കാര്‍ ആസിമിന്റെ ആവശ്യം നിഷ്കരുണം തള്ളിക്കളഞ്ഞു. സ്‌കൂള്‍ വര്‍ഷമാരംഭിച്ചപ്പോഴും തീരുമാനമുണ്ടാവാതെ പഠനം അവസാനിപ്പിക്കേണ്ടി വരുമെന്ന സങ്കടത്തില്‍ ഇരിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിധി ആശ്വാസമായി ആസിമിനെ തേടിയെത്തുന്നത്.

കോഴിക്കോട് ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ ഗവ.മാപ്പിള യുപി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ആസിം. ജന്മനാ രണ്ട് കൈകളുമില്ലാത്ത ആസിം കാലുകൊണ്ടാണ് എഴുതുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം. പക്ഷെ കാലുകളുടെ ഏറ്റക്കുറച്ചില്‍ അവന്റെ നടത്തത്തിനെയുള്‍പ്പെടെ ബാധിക്കുന്നു. കുറുനാക്കിനും, താടിയെല്ലിനും, ചെവിക്കുമുള്‍പ്പെടെ നിരവധി പോരായ്മകള്‍. പ്രാഥമികാവശ്യം നിറവേറ്റാനും ഭക്ഷണം കഴിക്കാനുമുള്‍പ്പെടെ മറ്റൊരാളുടെ സഹായം കൂടയേ തീരൂ. സ്‌കൂളില്‍ നിന്ന് ഇരുന്നൂറ് മീറ്റര്‍ മാത്രം അകലെയുള്ള വീട്ടില്‍ നിന്ന് ഉപ്പ മുഹമ്മദ് ഷഹീദ് എടുത്താണ് ആസിമിനെ സ്‌കൂളില്‍ എത്തിച്ചിരുന്നതും തിരികെ കൊണ്ടുപോയിരുന്നതും. ഭക്ഷണം നല്‍കുന്നതിനായി ഇടവേളകളില്‍ ഉമ്മയോ ഉപ്പയോ മുടങ്ങാതെ സ്‌കൂളില്‍ എത്തുകയും ചെയ്യു.

ആസിം ഒന്നാം ക്ലാസ്സില്‍ ചേരുമ്പോള്‍ വെളിമണ്ണ സ്‌കൂള്‍ എല്‍പി സ്‌കൂള്‍ ആയിരുന്നു. നാലാം ക്ലാസ് കഴിഞ്ഞ് മറ്റ് സ്‌കൂളുകളിലേക്ക് പോവാന്‍ വഴിയില്ലാതെ വിഷമിച്ചിരുന്ന ആസിമിന്റെ സങ്കടം കണ്ടാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സ്‌കൂളിനെ യുപി സ്‌കൂള്‍ ആയി ഉയര്‍ത്തുന്നത്. അങ്ങനെ ആസിം അവിടെ പഠനം തുടര്‍ന്നു. എഴാം ക്ലാസ് കഴിഞ്ഞപ്പോഴും ഇതേ പ്രതിസന്ധി ആസിമിനും കുടുംബത്തിനും മുന്നില്‍ വന്നു. കിലോമീറ്ററുകള്‍ ദൂരെയാണ് ഹൈസ്‌കൂളുള്ളത്. രാവിലെയും വൈകിട്ടും ഓട്ടോറിക്ഷയോ മറ്റ് വാഹനമോ ആസിമിനായി ഏര്‍പ്പാട് ചെയ്യാനുള്ള സാമ്പത്തിക സ്ഥിതി മദ്രസാ അധ്യാപകനായ ഷഹീദിനില്ല. സ്‌കൂളില്‍ എത്തിക്കുന്നതിന് പുറമെ ആസിമിന് ഭക്ഷണം നല്‍കാന്‍ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് ആളെത്തേണ്ടി വരുമെന്നതും ബുദ്ധിമുട്ടായിരുന്നു.

തന്റെ പഠനം നിലച്ചുപോവുമെന്ന് കണ്ടപ്പോള്‍ ' എനിക്ക് പഠിക്കണം. അതിന് ഈ സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണം' എന്ന ആവശ്യവുമായി ആസിം തന്നെ കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണയിരുന്നു. ആസിമിന്റെ ആവശ്യം നാട്ടുകാരുടെ മുഴുവന്‍ ആവശ്യമായി. അവന് വേണ്ടി ഒരു നാട് മുഴുവന്‍ ധര്‍ണയിരുന്നു. പരാതികളും അപേക്ഷകളുമയച്ചു. ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തിയാല്‍ പുരയിടം സൗജന്യമായി വിട്ടുനല്‍കാന്‍ പരിസരവാസികള്‍ തയ്യാറായി. കെട്ടിടം നിര്‍മ്മിക്കുന്നത് വരെ ക്ലാസ് നടത്താനുള്ള സൗകര്യം നല്‍കാമെന്ന് മദ്രസ അധികൃതരും പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന് ഒറ്റക്കും കൂട്ടായുമുള്ള നിവേദനങ്ങള്‍ കൈമാറി. ഓമശേരി പഞ്ചായത്ത് പ്രമേയം പാസ്സാക്കി.

എന്നാല്‍ സര്‍ക്കാര്‍ നിലവില്‍ പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നില്ലെന്ന കാരണം പറഞ്ഞ് ഇവരുടെയെല്ലാം ആവശ്യം വിദ്യാഭ്യാസ വകുപ്പ് തള്ളി. ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തിയാല്‍ അധ്യാപക നിയമനമുള്‍പ്പെടെ നടത്തേണ്ടി വരുന്നതിനാല്‍ മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതായി വരും എന്ന വാദവും വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു. ഇതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിട്ട് പോലും പ്രതീക്ഷ നശിച്ച് നിരാശനായി കഴിയുകയായിരുന്നു ആസിമും അവന്റെ നല്ലതിനായി ആഗ്രഹിക്കുന്നവരും.

ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ സര്‍ക്കാരിന്റെ 'ഉജ്ജ്വലബാല്യം' പുരസ്‌കാരം നേടിയ ആസിം പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥിയാണ്. എന്നാല്‍ ഇത്തരത്തില്‍ കഴിവ് തെളിയിച്ചിട്ട് പോലും പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കിയ നാട്ടില്‍ ആസിമിനായി ഹൈസ്‌കൂള്‍ അനുവദിക്കപ്പെട്ടില്ല. എന്നാല്‍ തിങ്കളാഴ്ചത്തെ ഹൈക്കോടതി വിധി ചെറുതല്ലാത്ത സന്തോഷമാണ് ആസിമിനും കുടുംബത്തിനും സമ്മാനിച്ചത്. ഷഹീദ് പറയുന്നു;
'ആസിം ആകെ സന്തോഷത്തിലാണ്. കോടതി വിധി നടപ്പാകുമോ എന്നറിയില്ല. പക്ഷെ കോടതി മറ്റെല്ലാം ഹര്‍ജികളും തള്ളിയപ്പോള്‍ നമ്മുടേത് മാത്രമാണ് കോടതിയില്‍ നിന്ന് അനുകൂലമായ വിധി നേടിയത്. ഇത് കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്. നാളുകളായി ഈ ആവശ്യം നേടിയെടുക്കാന്‍ പരിശ്രമിക്കുന്ന എല്ലാവരുടേയും വിജയമാണ്.'


ഈ അധ്യയന വര്‍ഷത്തില്‍ തന്നെ എട്ടാംക്ലാസ് ആരംഭിക്കണമെന്നാണ് ഹൈക്കോടതി വിധിയില്‍ പറയുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/offbeat-i-want-highschool-request-by-physically-challenged-boy-to-pinarayivijayan-reports-krdhanya/

കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories