TopTop
Begin typing your search above and press return to search.

ജാതി വിലക്കിന് നേതൃത്വം നല്‍കിയ ഗവ. പ്ലീഡറെ സിപിഎം പുറത്താക്കി

ജാതി വിലക്കിന് നേതൃത്വം നല്‍കിയ ഗവ. പ്ലീഡറെ സിപിഎം പുറത്താക്കി

പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ യാദവ സമുദായ അംഗങ്ങളായ സുകന്യയെയും അരുണിനെയും ഊര് വിലക്കിയ ഗവണ്‍മെന്‍റ് പ്ലീഡറും സിപിഎം എരുമത്തെരുവ് ബ്രാഞ്ച് കമ്മിറ്റി അംഗവും യാദവസേവാ സമിതി സംസ്ഥാന പ്രസിഡണ്ടുമായ അഡ്വക്കറ്റ് മണിയെ സിപിഎം പാര്‍ട്ടി അംഗത്തില്‍ നിന്നു സസ്പെന്‍റ് ചെയ്തു.

വയനാട് മാനന്തവാടി സ്വദേശികളായ അരുണ്‍ പ്രസാദ് (27), സുകന്യ (23) എന്നീ ദമ്പതികളെ പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ കഴിഞ്ഞ നാലര വര്‍ഷമായി കുലകുത്തികളായി പ്രഖ്യാപിച്ചുകൊണ്ട് ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സംഭവം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ഗവണ്‍മെന്‍റ് പ്ലീഡറായ അഡ്വ. മണിയുടെ നേതൃത്വത്തിലായിരുന്നു യുവ ദമ്പതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. സുകന്യയും അരുണും തങ്ങള്‍ നേരിടുന്ന നേരിടുന്ന ജാതി ഭ്രഷ്ടിനെതിരെ പരാതി കൊടുക്കുകയും അത് വാര്‍ത്തയാവുകയും ചെയ്തപ്പോള്‍ മണി അത് നിഷേധിച്ച് രംഗത്ത് വന്നിരുന്നു. ഒരു സ്വകാര്യ ചാനലില്‍ ചര്‍ച്ചയ്ക്കിടെ സുകന്യയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു. മണിക്കെതിരെ പരാതിയുമായി സുകന്യയും അരുണും വനിതാകമ്മീഷനെ സമീപിക്കാനിരിക്കുകയായിരുന്നു.

ഇതിനിടയില്‍ ഡി വൈ എഫ് ഐയും കോണ്‍ഗ്രസും സുകന്യയ്ക്കും കുടുംബത്തിനും പൂര്‍ണ്ണ പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അഡ്വ. മണിയെ സിപിഎം മണിയെ പാര്‍ട്ടി അംഗത്തില്‍ നിന്നു സസ്പെണ്ട് ചെയ്തിരിക്കുന്നത്.

Read More: ജാതി വിലക്കിന്റെ കേരളം; പ്രണയവിവാഹം കഴിച്ച ഇവര്‍ അഞ്ചു വര്‍ഷമായി ‘കുലംകുത്തി’കള്‍

അരുണ്‍ - സുകന്യ ദമ്പതികളെ ഫോണില്‍ വിളിച്ച് സംസാരിച്ച ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ കുടുംബത്തിന് എല്ലാ സംരക്ഷണവും നല്‍കുമെന്ന് അരുണിനോടും സുകന്യയോടും പറഞ്ഞു.

സമുദായ ആചാരം തെറ്റിച്ചുവെന്ന പേരില്‍ ഇവര്‍ക്കെതിരെ ഭ്രഷ്ട് കല്‍പ്പിച്ചതും കുലദ്രോഹികളാണെന്ന ലഘുലേഖ ഇറക്കിയതും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും കേരളസമൂഹത്തിന് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സാമൂഹ്യ നീതിക്ക് വിരുദ്ധമായ ഇത്തരം നടപടികള്‍ പുനഃപരിശോധിക്കാന്‍ സാമുദായിക നേതൃത്വം തയ്യാറാകണമെന്നും ശൈലജ ടീച്ചര്‍ അറിയിച്ചു. ഇരകളുടെ കുടംബത്തിന് സാമൂഹ്യ നീതി വകുപ്പ് സംരക്ഷണം നല്‍കും. സര്‍ക്കാരിന്റേയും, പൊതു സമൂഹത്തിന്റേയും പിന്തുണ ഇവര്‍ക്കുണ്ടാകുമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പ്രണയിച്ച് വിവാഹം കഴിച്ച മകനെ സംരക്ഷിച്ചതിന്റെ പേരില്‍ മാതാപിതാക്കള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ച സംഭവവും പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം പ്രവണതകള്‍ വര്‍ധിച്ച് വരുന്നതിനെതിരെ ജാഗ്രത പാലിക്കാനും അതത് സമയം പ്രശ്നങ്ങളില്‍ ഇടപെടാനും പൊതുസമൂഹത്തിന് സാധിക്കണം. ജനകീയമായി ഇടപെടലിലൂടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയണമെന്നും ഇത്തരം അനീതിക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും കെകെ ശൈലജ ടീച്ചര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി സതീദേവി അരുണ്‍ സുകന്യ ദമ്പതികളെ നേരില്‍ സന്ദര്‍ശിച്ചു കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ആചാരനുഷ്ഠാന പ്രകാരമല്ലാതെ വിവാഹം കഴിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി യുവദമ്പതികളെ സമുദായ വിലക്കേര്‍പ്പെടുത്തിയ നടപടി കേരളം പോലുള്ള സംസ്ഥാനത്ത് അവിശ്വസനീയമാണെന്നും, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റും കേട്ടു പഴകിയ സമുദായ ഭ്രഷ്ട് നമ്മുടെ നാട്ടില്‍ സംഭവിച്ചത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും സതീദേവി പറഞ്ഞു.

ദമ്പതികളെ ഊര് വിലക്കിയ സംഭവം ഞെട്ടലുളവാക്കി എന്നും കഴിഞ്ഞ നാലര വര്‍ഷമായി കുലകുത്തികളായി പ്രഖ്യാപിച്ചുകൊണ്ട് ഊരുവിലക്ക് നടപ്പിലാക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ ഡി ജി പി ലോക്നാഥ് ബഹ്റക്ക് കത്തയച്ചു.

Read More: മാനന്തവാടിയിലെ യാദവ സമുദായ വിലക്ക് തുടര്‍ക്കഥ; പരാതിയുമായി ഒരു കുടുംബം കൂടി


Next Story

Related Stories